Image

ആയുധ കരാര്‍ അഴിമതി: സിബിഐയും വിജിലന്‍സും അന്വേഷിക്കണമെന്ന് വി.എസ്

Published on 29 January, 2013
ആയുധ കരാര്‍ അഴിമതി: സിബിഐയും വിജിലന്‍സും അന്വേഷിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: ആയുധ കരാര്‍ ഇടപാടില്‍ നടന്ന ക്രമക്കേടിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട അഴിമതിയായതിനാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനത്തെ ഇടപാടിന് ഉപയോഗിച്ചതിനാല്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവും നടത്തണമെന്ന് വി.എസ് ആവശ്യപ്പെട്ടു. കരാറില്‍ ഇടനിലക്കാരി സുബി മാലയെയും സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായിരുന്ന ഷാനവാസിനെയും തമ്മില്‍ ബന്ധപ്പെടുത്തിയത് വ്യവസായ വകുപ്പിലെ ഉന്നതനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഉന്നത രാഷ്ട്രീയ നേതാവ് ആരാണെന്ന് പുറത്തുവരേണ്ടതുണ്ടെന്നും വി.എസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോഴെല്ലം ഷാനവാസ് സ്ഥാപനത്തിന്റെ എം.ഡിയാകുന്ന പതിവാണ് കാണുന്നത്. ഷാനവാസിനെ എം.ഡിയാക്കുന്ന മന്ത്രിയും ഷാനവാസ് വഴി ലഭിക്കുന്ന കോഴയുടെ പങ്കും പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണം. ഇടപാട് പുറത്തുകൊണ്ടുവന്ന സിബിഐ തന്നെ ഇതും പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കോടതിയില്‍ നിന്നും തനിക്ക് രേഖകള്‍ ലഭിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണ്. റൗഫുമായി തനിക്ക് ഒരു ബന്ധവുമില്ല. കേസ് നടത്താന്‍ തനിക്ക് റൗഫിന്റെ സഹായവും ആവശ്യമില്ല. കുഞ്ഞലിക്കുട്ടിയുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് റൗഫിനെതിരായ കേസിനു പിന്നാലെ സര്‍ക്കാര്‍ നടക്കുന്നത്.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഉന്നയിക്കുന്ന വിഷയങ്ങള്‍ തള്ളിക്കളയാന്‍ ചെന്നിത്തല തയ്യാറായിട്ടില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക