Image

റിസര്‍വ് ബാങ്ക് വായ്പാനയം ചൊവ്വാഴ്ച; പലിശനിരക്കില്‍ കുറവ് വരുത്തിയേക്കും

Published on 28 January, 2013
റിസര്‍വ് ബാങ്ക് വായ്പാനയം ചൊവ്വാഴ്ച; പലിശനിരക്കില്‍ കുറവ് വരുത്തിയേക്കും
മുംബൈ: റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച പുറത്തുവിടുന്ന പണവായ്പാ നയ അവലോകനത്തില്‍ റിപോ നിരക്ക് (ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്ക്) കുറക്കാന്‍ സാധ്യത. ഒമ്പതു മാസത്തിനിടെ ആദ്യമായിട്ടാണ് റിപോ നിരക്ക് കുറക്കാനുള്ള നീക്കമുണ്ടാകുന്നത്.  റിപോ നിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.  

കഴിഞ്ഞ  വര്‍ഷം ഏറിയ ഭാഗവും സാമ്പത്തിക പ്രതിസന്ധി നേരിട്ട സര്‍ക്കാര്‍ ഒടുവില്‍ പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതാണ് റിസര്‍വ് ബാങ്കിന് ആത്മവിശ്വാസം നല്‍കുന്നത്.

മൂന്നുനാല് മാസങ്ങള്‍ക്കുമുമ്പ് നല്‍കിയ വാഗ്ദാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും സാമ്പത്തിക കമ്മി കുറക്കുന്നതിനുള്ള നടപടികളുണ്ടാകുന്നുണ്ടെന്നും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് ഗവേഷണ വിഭാഗം തലവന്‍ സമിരന്‍ ചക്രബര്‍ത്തി പറഞ്ഞു. ഒരു പരിധി വരെ ഇത് റിസര്‍വ് ബാങ്കിന് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.  പണപ്പെരുപ്പം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.

എങ്കിലും, പണപ്പെരുപ്പത്തെ റിസര്‍വ് ബാങ്ക് ഇപ്പോഴും ആശങ്കയോടെതന്നെയാണ് കാണുന്നത്. പണപ്പെരുപ്പം ഉയര്‍ന്നുതന്നെയാണെന്നാണ് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു പറഞ്ഞത്. ഇത്, പലിശനിരക്കില്‍ 50 അടിസ്ഥാന പോയന്റെങ്കിലും കുറവു വരുത്തിയേക്കുമെന്ന വിപണിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരുന്നു.

റിസര്‍വ് ബാങ്ക് വായ്പാനയം ചൊവ്വാഴ്ച; പലിശനിരക്കില്‍ കുറവ് വരുത്തിയേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക