Image

മുംബൈയ്ക്ക് 40-ാം രഞ്ജി കിരീടം

Published on 28 January, 2013
മുംബൈയ്ക്ക് 40-ാം രഞ്ജി കിരീടം
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈയ്ക്ക്. ഫൈനലില്‍ സൗരാഷ്ട്രയെ ഇന്നിങ്‌സിനും 125 റണ്‍സിനും തോല്‍പിച്ചു. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ 40-ാം കിരീടമാണ്. സ്‌കോര്‍ സൗരാഷ്ട്ര- 148, 82. മുംബൈ- 355. മൂന്നാം ദിനമായ ഇന്ന് ആറിന് 287 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച മുംബൈ 355 റണ്‍സിന് എല്ലാവരും പുറത്തായി. വസീം ജാഫറാണ് മാന്‍ ഓഫ് ദ് മാച്ച്. 75 വര്‍ഷത്തിനു ശേഷമാണ് സൗരാഷ്ട്ര രഞ്ജി ട്രോഫിയുടെ ഫൈനലില്‍ എത്തിയത്.

207 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയെ വെറും 82 റണ്‍സിന് മുംബൈ ചുരുട്ടിക്കെട്ടി. 14.3 ഓവറില്‍   32 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയും   9 ഓവറില്‍  15 റണ്‍സ് വഴങ്ങി 4   വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ അജിത് അഗാര്‍ക്കറുമായിരുന്നു സൗരാഷട്രയുടെ അന്തകര്‍. ശേഷിച്ച ഒരു വിക്കറ്റ് അഭിഷേക് നായര്‍ക്കാണ്. എട്ടു ബാറ്റ്‌സ്മാന്‍മാരാണ് ഇരട്ടയക്കം കാണാതെ പുറത്തായത്. 

ഇന്നലെ റെക്കോര്‍ഡ് റണ്‍വേട്ട നടത്തിയ വാസിം ജാഫറിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് മുംബൈ വന്‍ ലീഡ് നേടിയത്. രഞ്ജി കരിയറിലെ 32-ാം സെഞ്ചുറി നേടിയ ജാഫര്‍ ഡല്‍ഹിയുടെ അജയ് ശര്‍മയുടെ 31 സെഞ്ചുറിയെന്ന റെക്കോര്‍ഡ് തിരുത്തി. രഞ്ജിയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് ജാഫര്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ജാഫറിന്റെ റെക്കോര്‍ഡ് അമോല്‍ മജുംദാര്‍ അടുത്തിടെ മറികടന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക