Image

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ ഉരുപ്പടികളില്‍ തിരിമറി നടത്തി 15 ലക്ഷത്തിന്റെ തട്ടിപ്പ്

Published on 28 January, 2013
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ ഉരുപ്പടികളില്‍ തിരിമറി നടത്തി 15 ലക്ഷത്തിന്റെ തട്ടിപ്പ്
ഏലൂര്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ സ്വര്‍ണ ഉരുപ്പടികളില്‍ തിരിമറി നടത്തി 15 ലക്ഷത്തോളം രൂപ തട്ടിച്ചു. മഞ്ഞുമ്മല്‍ കോളനി സ്‌റ്റോറിന് സമീപമുള്ള വിഇഒ വിപിഎല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിലെ മാനേജര്‍ ഇന്‍ ചാര്‍ജ് ആന്റണി ജോസഫാ (31) ണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ സ്ഥാപന അധികാരികള്‍ നല്‍കിയ പരാതിയില്‍ ഏലൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ഈ സ്ഥാപനത്തില്‍ സ്വര്‍ണ പണയമിടപാടുണ്ടായിരുന്നു. ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കുന്ന കണക്കിലാണ് തട്ടിപ്പ്. സ്വര്‍ണം പണയംവെച്ചത് തിരിച്ചെടുക്കുമ്പോള്‍ കിട്ടുന്ന പണം സ്ഥാപനത്തിന്റെ കണക്കില്‍ കാണിക്കാതെയും തിരിച്ച് കൊടുക്കുന്ന സ്വര്‍ണ ഉരുപ്പടികള്‍ക്ക് പകരം മുക്കുപണ്ടം സ്ഥാപനത്തില്‍ സൂക്ഷിച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇങ്ങനെ 579 ഗ്രാം സ്വര്‍ണ ഇടപാടിലാണ് തട്ടിപ്പ്. ഉദ്ദേശം 15 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് സ്ഥാപനം ഉടമകളുടെ കണക്ക്.

സ്ഥാപനത്തില്‍ രണ്ടുമാസം കൂടുമ്പോള്‍ തോപ്പുംപടിയിലെ ഹെഡ് ഓഫീസില്‍ നിന്നുള്ള സംഘം പരിശോധന നടത്താറുണ്ട്. നാലുദിവസം മുമ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പരിശോധനാ ദിവസം മുതല്‍ തട്ടിപ്പ് നടത്തിയ ജീവനക്കാരന്‍ സ്ഥാപനത്തില്‍ വരുന്നില്ല. ഇയാളും കുടുംബവും പള്ളുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇയാളും കുടുംബവും ഇവിടെ നിന്ന് മാറിപ്പോയതായും അറിഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിയാലേ തട്ടിപ്പ് എത്രയെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയൂ എന്ന് ഏലൂര്‍ പോലീസ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക