Image

ലക്ഷ്യബോധത്തിന്റെ വിത്ത്- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 25 January, 2013
 ലക്ഷ്യബോധത്തിന്റെ വിത്ത്- മീട്ടു റഹ്മത്ത് കലാം
പുതിയൊരു കലണ്ടര്‍ കിട്ടുമ്പോള്‍ വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും കണ്ണോടുക ചുവന്ന് തുടുത്ത അക്കങ്ങളിലേയ്ക്കാണ് . അത്തരത്തില്‍ ഇംഗ്ലീഷ് കലണ്ടറിലെ ആദ്യ മാസമായ ജനുവരിയില്‍ 26 എന്ന തീയതിയ്ക്ക് സ്‌ക്കൂള്‍ തലം മുതല്‍ക്കേ ഇന്ത്യക്കാരുടെ മനസ്സില്‍ പ്രത്യേകമായ ഒരു സ്ഥാനം കല്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ചുവന്ന നിറത്തില്‍ അന്തര്‍ലീനമായുള്ള ത്യാഗത്തിന്റെയും വേദനയുടെയും സ്വപ്നങ്ങളുടെയും നനവ് നമ്മള്‍ പലപ്പോഴും തിരിച്ചറിയുന്നില്ല. ഞായറാഴ്ചയാണ് റിപ്പബ്ലിക്ദിനം വരുന്നതെങ്കില്‍ ഒരു ദിവസം കഴിഞ്ഞ് ഇന്ത്യ റിപ്പബ്ലിക്കായാല്‍ മതിയായിരുന്നു എന്ന് പറയുമ്പോള്‍ വെളിവാകുന്നത് ആ ദിവസത്തെക്കുറിച്ചുള്ള അവരുടെ അജ്ഞതയാണ്. റിപ്പബ്ലിക് ദിനം എന്തിനാണ് ആഘോഷിക്കുന്നത് എന്ന ചോദ്യത്തിന് നമ്മുടെ രാജ്യം ജനകീയ മതേതര പരമാധികാര രാഷ്ട്രമായി തീര്‍ന്നതിന്റെ സ്മരണ പുതുക്കലാണെന്ന് പറയാന്‍ കഴിഞ്ഞില്ലെങ്കിലും 1950 ജനുവരി 26നാണ് ഭാരതത്തിന്റെ ഭരണഘടന രൂപീകരിച്ചതെന്ന അറിവ് ഉണ്ടായിരിക്കണം. പരേഡ് ഗ്രൗണ്ടില്‍ ത്രിവര്‍ണ്ണ പതാക ഉയരുമ്പോഴും ദേശീയ ഗാനം പാടുമ്പോഴും വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ അരങ്ങേറുമ്പോഴും മനസ്സിനെ തൊട്ടുണര്‍ത്തിയിരുന്ന ദേശസ്‌നേഹം എന്ന വികാരം ഇന്ന് വേള്‍ഡ് കപ്പിനും ലോകസുന്ദരീപട്ടത്തിനും ഓസ്‌കാര്‍ അവാര്‍ഡിനുമൊക്കെ ഇന്ത്യ അവസാന റൗണ്ടില്‍ എത്തുമ്പോള്‍ മാത്രം ഉടലെടുക്കുന്ന ഒന്നായി മാറി. സങ്കുചിതമായ പ്രാദേശികത്വവും ഭാഷാഭ്രാന്തും ജാതിമതവര്‍ഗ്ഗരാഷ്ട്രീയ ചിന്തകളും നാനത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാന തത്വത്തില്‍ വിള്ളല്‍ സൃഷ്ടിച്ചു.

ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ ശ്വാസം മുട്ടിക്കഴിയുമ്പോള്‍ സ്വന്തം അധികാരത്തിന്റെ പ്രാണവായു ശ്വസിക്കാന്‍ ഒളിഞ്ഞും മറഞ്ഞും തൂലികകള്‍ ചലിപ്പിച്ചവര്‍ ഉണ്ടായിരുന്ന ഭാരതത്തില്‍ ഇന്ന് ആശയസ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അക്ഷരങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അനീതിയ്‌ക്കെതിരെ ശബ്ദമില്ലാതെ പോകുന്നതെത്ര ഖേദകരം.

തെളിഞ്ഞ ബുദ്ധിയും വിളഞ്ഞ പ്രതിഭയും വേണ്ടതുപോലെ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ ശാസ്ത്രജ്ഞര്‍ വിദേശങ്ങളിലെ ഗവേഷണകേന്ദ്രങ്ങളില്‍ സമര്‍ത്ഥരായി ജോലി അനുഷ്ഠിക്കുമ്പോള്‍ “അധ്വാനിക്കുക, സ്വയം വളരുക, രാഷ്ട്രത്തെ വളര്‍ത്തുക” എന്നത് പലരും മറക്കുന്നു. ജനപ്പെരുപ്പം, നിരക്ഷരത, ദാരിദ്ര്യം, തൊഴിലില്ലായ്മ, പാര്‍പ്പിടമില്ലായ്മ, രോഗം, ലക്ഷ്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവം, അഴിമതി ഇതൊക്കെ മറ്റു വികസ്വരരാജ്യങ്ങളുടേതുപോലെ ഇന്ത്യയുടെയും വികസിതരാജ്യമായി മാറാനുള്ള സ്വപ്നത്തിലേയ്ക്കുള്ള ദൂരം കൂട്ടുന്നു.

നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ വരുന്ന ദുഷ്ടശക്തികളെ നേരിടാന്‍ സത്യാഗ്രഹവും അഹംസാമന്ത്രവും ഉപദേശിച്ച് തരുമ്പോള്‍ അത് സ്വന്തം രാജ്യത്തുള്ളവര്‍ക്കെതിരെ ഉപയോഗിക്കേണ്ട ഗതികേടുണ്ടാകുമെന്ന് മഹാത്മാക്കള്‍ അറിഞ്ഞു കാണില്ല. അണ്ണാ ഹസാരെ മുന്നോട്ട് വച്ചിരിക്കുന്ന ജനലോക്പാല്‍ ബില്‍ എന്ന ആവശ്യം വിരല്‍ചൂണ്ടുന്നത് നിറം കൊണ്ടും രക്തം കൊണ്ടും ഭാരതീയനായിട്ടും രാജ്യത്തിനുള്ളിലിരുന്ന് രാജ്യത്തെ ദ്രോഹിക്കുന്ന, വളര്‍ച്ചയെ മുരടിപ്പിക്കുന്ന വൈറസുകളുടെ നേര്‍ക്കാണ്. നേട്ടങ്ങളുടെ കണക്കെടുപ്പ് നടത്തി ഈ 62 വര്‍ഷക്കാലംകൊണ്ട് എന്തൊക്കെയോ നേടിയെന്ന് സമാധാനിക്കുന്നതിനു പകരം കോട്ടങ്ങളുടെ ആത്മപരിശോധന നടത്തിയാല്‍ ഇന്ത്യ തന്റെ ശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന സത്യം മനസ്സിലാകും. നമുക്ക് ശേഷം റിപ്പബ്ലിക്കായ സിംഗപ്പൂരും ദുരന്തങ്ങള്‍ക്കുമേല്‍ ദുരന്തം ഏറ്റുവാങ്ങുമ്പോഴും പതറആതെ വളരുന്ന ജപ്പാനും ഉള്ള എന്താണ് നമുക്കില്ലാത്തത്? മറ്റൊരു രാജ്യത്തിന്റെ അധീനതയില്‍ കഴിയുമ്പോള്‍ സ്വാതന്ത്ര്യം സ്വപ്നം കണ്ട് ബന്ധനത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ ഭാരതത്തിന്റെ മക്കള്‍ക്ക് കഴിയാത്തതൊന്നുമില്ലെന്ന് ചരിത്രത്തിന്റെ സാക്ഷ്യം.

ഭഗത് സിങ്ങ് ആദ്യമായി 'ഇങ്ക്വിലാബ് സിന്ദാബാദ്' വിളിച്ചപ്പോള്‍ ഉണ്ടായിരുന്ന രക്തത്തിളപ്പാണ് രാജ്യസ്‌നേഹം. പാര്‍ട്ടികള്‍ക്കുവേണ്ടിയും കക്ഷിരാഷ്ട്രീയത്തിനും മുദ്രാവാക്യം വിളിക്കുമ്പോഴത് വികാരമില്ലാത്ത കേവലം പ്രകടനം മാത്രമാണ്. രാഷ്ട്രത്തിനു വേണ്ടി ജീവനര്‍പ്പിച്ച ലക്ഷക്കണക്കിനാളുകള്‍ക്കിടയില്‍ സാമൂഹ്യപാഠത്തിലും മറ്റും പഠിച്ചും വായിച്ചുമറിഞ്ഞ ചുരുക്കം ചിലരേ നമ്മുടെ ഓര്‍മ്മയിലുള്ളൂ. അവരുടെ പേരും ജനനതീയതിയും ഓര്‍ത്തു വെയ്ക്കുന്നതിലല്ല കാര്യം. അവരൊഴുക്കിയ രക്തത്തിന്റെയും സഹിച്ച യാതനകളുടെയും വിലയാണ് നാമിന്നാസ്വദിക്കുന്ന സ്വാതന്ത്ര്യമെന്ന തിരിച്ചറിവുണ്ടാകണം. രൂപയില്‍ കാണുന്ന മൊട്ടത്തലയുള്ള കണ്ണടധാരിയായി അല്ല വരും തലമുറ ഗാന്ധിജിയെ ഓര്‍ക്കേണ്ടത്. ഇന്നത്തെ തലമുറയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലേ അത് പകര്‍ന്നുകൊടുക്കാനാകൂ. രാജ്യത്തെ വികസനത്തിന്റെ നെറുകയിലെത്തിക്കാനുള്ള ലക്ഷ്യബോധത്തിന്റെ വിത്താണ് ഓരോ റിപ്പബ്ലിക്ക് ദിനവും.

 ലക്ഷ്യബോധത്തിന്റെ വിത്ത്- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക