Image

സംസ്ഥാനത്ത്‌ വിവാദങ്ങളുടെ `വിക്കി' ഓണം

ജി.കെ. Published on 08 September, 2011
സംസ്ഥാനത്ത്‌ വിവാദങ്ങളുടെ `വിക്കി' ഓണം
ശ്ശോ! ഈ അമേരിക്കക്കാരെക്കൊണ്‌ടു തോറ്റു. സാമ്രാജ്യത്വ വിരുദ്ധന്‍മാരായ ഇടതു നേതാക്കള്‍ യുഎസ്‌ നിക്ഷേപത്തിന്‌ പച്ചക്കൊടി കാട്ടിയതും മുനീര്‍ സാഹിബ്‌ കുഞ്ഞാപ്പയ്‌ക്കെതിരെ രഹസ്യം പറഞ്ഞതു ഹസന്‍ വക്താവ്‌ കുഞ്ഞൂഞ്ഞിനെതിരെ പിറുപിറുത്തതുമെല്ലാം വാഷിംഗ്‌ടണിലേക്ക്‌ കേബിള്‍ സന്ദേശമയക്കേണ്‌ട വല്ല കാര്യവുമുണ്‌ടോ. ഇനി ഒരു ആവേശത്തിന്റെ പുറത്ത്‌ അയച്ചാല്‍ തന്നെ അര്‍ഹിക്കുന്ന അവഗണനയോടെ അതൊക്കെ തള്ളിക്കളയാവുന്നതല്ലേയുള്ളൂ.

അല്ലാതെ ജൂലിയന്‍ അസാഞ്ചെ എന്ന മാധ്യമ സിന്‍ഡിക്കേറ്റുകാരന്‌ ചോര്‍ത്താന്‍ സൗകര്യമൊരുക്കിക്കൊടുക്കേണ്‌ട ആവശ്യമുണ്‌ടോ. കേരളത്തിലെ സാധാ പത്രക്കാര്‍ പുറത്തുവിടുന്ന വല്ല ഗ്രൂപ്പ്‌ വഴക്കുമാണോ ഈ അസാഞ്ചെ ഭീകരന്‍ ചോര്‍ത്തിയെടുത്ത്‌ പുറത്തുവിട്ടിരിക്കുന്നത്‌. സാക്ഷാല്‍ ബറാക്‌ ഒബാമയുടെ കിടപ്പറ രഹസ്യങ്ങള്‍ വരെ ചോര്‍ത്താന്‍ കഴിവുള്ള അസാഞ്ചെയോട്‌ തനിക്ക്‌ ഈ പാര്‍ട്ടിയെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ലെന്ന്‌ പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ പറ്റുമോ.

ബീഡി വലിക്കാനോ, കോട്ടുവായ വിടാനോ, കൂര്‍ക്കം വലിക്കാനോ പോലും വായ തുറന്നാല്‍, നാല്‌ `അമേരിക്കന്‍ വിരുദ്ധം' പറയാതെ വായ അടയ്‌ക്കാത്തവരാണ്‌ അമേരിക്കന്‍ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയെന്നും നിക്ഷേപം ആകര്‍ഷിച്ചുവെന്നൊക്കെ വിക്കിലീക്‌സിലൂടെ അസാഞ്ചെ വിളിച്ചുപറഞ്ഞിരിക്കുന്നത്‌. ഇനി എങ്ങനെ അമേരിക്കന്‍ മോഡല്‍, അറബിക്കടലില്‍' എന്നു തൊണ്‌ട കീറി മുദ്രാവാക്യം വിളിക്കും. എന്തായാലും വിളിച്ചു പറഞ്ഞു. എന്നാല്‍ പിന്നെ ചെന്നിത്തലയ്‌ക്കും ഉമ്മന്‍ ചാണ്‌ടിയിക്കുമിടയിലുള്ള ശീതസമരത്തെക്കുറിച്ചോ വി.ഡി.സതീശന്റെ മന്ത്രിസ്ഥാനം വെട്ടിയതിനെക്കുറിച്ചോ വല്ലതും കൂടി ഇതിന്റെ കൂടെ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ഒന്നു പിടിച്ചു നില്‍ക്കാമായിരുന്നു.

ഇതിനിടെ അസാഞ്ചെയെുടെ വെളിപ്പെടുത്തല്‍ ഓണത്തിനിടയ്‌ക്ക്‌ വി.എസ്‌ സഖാവ്‌ പുട്ടു കച്ചവടവുമായി ഇറങ്ങുകയും ചെയ്‌തു. വിക്കിലീക്‌സ്‌ അല്ല സാധാ പഞ്ചായത്ത്‌ മെംബര്‍ പറഞ്ഞാലും അതില്‍ എതിര്‍പക്ഷത്തെ അടിച്ചിരുത്താന്‍ വല്ല പഴുതും ഉണ്‌ടോ എന്ന്‌ ചികഞ്ഞുനോക്കുന്ന അസ്‌കിത സഖാവിന്‌ പണ്‌ടേ ഉള്ളതാണെങ്കിലും മുഖ്യമന്ത്രിയില്‍ നിന്ന്‌ വീണ്‌ടും പ്രതിപക്ഷ നേതാവായശേഷം അതല്‍പ്പം കൂടുതലാണ്‌. അതുകൊണ്‌ടാണ്‌ അമേരിക്കക്കാരോടല്ല അവരുടെ നയങ്ങളോടാണ്‌ എതിര്‍പ്പെന്ന്‌ പത്രസമ്മേളനം വിളിച്ച്‌ വിശദീകരിച്ച പാര്‍ട്ടി സെക്രട്ടറിയെ തിരുത്തിക്കൊണ്‌ട്‌ വിദേശനിക്ഷേപത്തെയും സാമ്രാജ്യത്വത്തെയും പാര്‍ട്ടി ഒന്നായിട്ടുതന്നെയാണ്‌ കാണുന്നത്‌ എന്നൊക്കെ വിളിച്ചുപറഞ്ഞത്‌. എന്നാല്‍ ജനറല്‍ സെക്രട്ടറി കാരാട്ട്‌ സഖാവ്‌ തന്നെ നേരട്ടെത്തി വിഎസിന്റെ നാവിന്‌ അമേരിക്കന്‍ പൂട്ടിട്ടതുകൊണ്‌ടുമാത്രം വലിയ പരിക്കുകളില്ലാതെ പാട്ടിയും സെക്രട്ടറിയും രക്ഷപ്പെട്ടു.

പോളണ്‌ടിനെക്കുറിച്ച്‌ ഒരക്ഷരം മിണ്‌ടരുതെന്ന ശ്രീനിവാസന്‍ ഡയലോഗ്‌ പോലെ അമേരിക്കയെക്കുറിച്ച്‌ ഇനി ഒരക്ഷരം മിണ്‌ടരുതെന്നാണ്‌ ജനറല്‍ സെക്രട്ടറി വിഎസ്‌ സഖാവിന്‌ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ഇനി പ്രതികരിക്കതിരാക്കാന്‍ കഴിയില്ലാ എന്നാണെങ്കില്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ഡെസ്‌മെണ്‌ട്‌ നെറ്റോയെ നാലു ചീത്തവിളിച്ച്‌ പാര്‍ട്ടി സമ്മേളനം കഴിയുന്നതുവരെ മിണ്‌ടാതിരുന്നോണം എന്നാണ്‌ പാര്‍ട്ടിയുടെ നാക്കു വിലക്ക്‌. മകനെതിരെ നടക്കുന്ന അന്വേഷണത്തില്‍ നിന്ന്‌ എങ്ങനെയെങ്കിലും ശ്രദ്ധതിരിക്കാമെന്നുവെച്ചാല്‍ ഇക്കൂട്ടര്‍ സമ്മതിക്കില്ലെന്നുവെച്ചാല്‍ എന്താ ചെയ്‌ക.

ജൂലിയന്‍ അസാഞ്ചെയുടെ വിക്കിലീക്‌സ്‌ വിഷമത്തിലാക്കിയ മറ്റൊരു നേതാവാണ്‌ നമ്മുടെ മുനീര്‍ സാഹിബ്‌. പിതാവിന്റെ മഹത്തായ പാരമ്പര്യത്തിന്റെ തണലില്‍ ഇത്തവണയും മത്സരിക്കാനും മന്ത്രിയാവാനും കഴിഞ്ഞെങ്കിലും പി.കെ.കുഞ്ഞാലിക്കുട്ടിയെന്നു കേട്ടാല്‍ ഇപ്പോഴും അത്തം ചതുര്‍ഥി പോലെയാണ്‌. അതുകൊണ്‌ടാണ്‌ കുഞ്ഞാപ്പയുടെ എന്‍ഡിഎഫ്‌ ബന്ധവും വേറെ ഒരുപാട്‌ കുന്നായ്‌മകളും അമേരിക്കക്കാരുടെ ചെവിയില്‍ പറഞ്ഞത്‌. താന്‍ ചെയര്‍മാനായിരിക്കുന്ന ചാനലില്‍ കുഞ്ഞാപ്പയ്‌ക്കെതിരെ വരുന്ന കാര്യങ്ങള്‍ തന്റെ അറിവോടെയല്ലെന്ന്‌ പറഞ്ഞ്‌ അയ്യോ പാവം എന്ന മട്ടിലിരിക്കുമ്പോഴായിരുന്നു ഇത്‌.

അമേരിക്കക്കാരാണെങ്കിലെന്താ ഉള്ളിലുള്ളതുമുഴുവന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്ന്‌ വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസമായിരുന്നു അന്ന്‌. എന്നാല്‍ ഇത്‌ കേബിളായി തന്നെ വരിഞ്ഞു ചുറ്റുമെന്ന്‌ അന്ന്‌ സ്വപ്‌നേനി വിചാരിച്ചില്ല. അതുകൊണ്‌ടാണ്‌ പാണക്കാട്ടോ കോഴിക്കോട്ടോ ലീഗ്‌ ഹൗസില്‍ യോഗം ചേരുമ്പോള്‍ ഇതൊന്നും പറയാതിരുന്നത്‌. അല്ലെങ്കിലും ആരോട്‌ പറയാനാണ്‌. അവിടെയായാലും എല്ലാം കുഞ്ഞാപ്പയോട്‌ തന്നെയല്ലെ പറയേണ്‌ടത്‌.

എന്നാല്‍ ഇതുകേട്ട കുഞ്ഞാപ്പയും വെറുതെയിരുന്നില്ല. പോപ്പുലര്‍ ഫ്രണ്‌ടുകാരെക്കൊണ്‌ട്‌ പത്രസമ്മേളനം നടത്തി മുനീര്‍ പലപ്പോഴും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണെ്‌ടന്നും തലയില്‍ മുണ്‌ടിടാതെയാണു ചര്‍ച്ചയ്‌ക്കു വന്നതെന്നും ദയനീയത കണ്‌ടു സഹായിച്ചു എന്നുമൊക്കെ പച്ചയായി അങ്ങ്‌ വിളിച്ചു പറയിപ്പിച്ചു. വഴിയിലെങ്ങാനും വല്ല എന്‍ഡിഎഫുകാരനെയും കണ്‌ടാല്‍ പൊന്നാനിപ്പുഴയില്‍ ഏഴുതവണ കുളിക്കണമെന്നു പറയുന്ന മുനീര്‍ ഇനി അണികളോട്‌ എന്തു പറയുമെന്നാണ്‌ കുഞ്ഞാപ്പ ഇപ്പോള്‍ ചോദിക്കുന്നത്‌.

സിപിഎമ്മുകാരെയും ലീഗുകാരെയുംവരെ അമേരിക്ക ഗൗരവമായി പരിഗണിച്ചപ്പോള്‍ തങ്ങളെ മാത്രം അവഗണിച്ചുവെന്ന്‌ പരാതി പറയാന്‍ കോണ്‍ഗ്രസിനൊരു സ്‌കോപ്പുണ്‌ടായിരുന്നു. ഹസന്‍ വക്താവായിട്ട്‌ അതു മുടക്കി. അതുകൊണ്‌ടാണ്‌ കുഞ്ഞൂഞ്ഞ്‌ വെറും ക്രിസ്‌ത്യന്‍ മുഖ്യമന്ത്രിയാണെന്നും കുഞ്ഞാലിക്കുട്ടി അടങ്ങുന്ന മുസ്ലിം ലീഗിന്റെ പിന്തുണയോടെ ഭരിക്കുന്നതു കൊണ്‌ടു പാര്‍ട്ടിക്കു ദോഷമാകുമെന്നൊക്കെ വലിയ വായില്‍ അമേരിക്കക്കാരോട്‌ വിളിച്ചു പറഞ്ഞത്‌. അന്ന്‌ അങ്ങനെ പറയാന്‍ തോന്നിയത്‌ ഭാഗ്യം. അല്ലായിരുന്നെങ്കില്‍ വിക്കിലീക്‌സിലൂടെ സിപിഎമ്മിനെയും ലീഗിനെയുംകുറിച്ചെല്ലാം ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ആകെ നാണംകെടുമായിരുന്നു.

വലിയൊരു നാണക്കേടില്‍ നിന്ന്‌ പാര്‍ട്ടിയെ രക്ഷിച്ചതിന്‌ അടുത്ത തെരഞ്ഞടുപ്പ്‌ വരുമ്പോഴെങ്കിലും ഒരു സീറ്റ്‌ നല്‍കി കുഞ്ഞൂഞ്ഞ്‌ ഉപകാരസ്‌മരണ കാട്ടിയാല്‍ മതിയായിരുന്നു. എന്തായാലും ഇതുവരെയുള്ള ലീക്കുകള്‍കൊണ്‌ട്‌ സംസ്ഥാന രാഷ്‌ട്രിയത്തില്‍ ചില്ലറ പൊട്ടലും ചീറ്റലുമേ ഉണ്‌ടായിട്ടുള്ളൂവെങ്കിലും വരാനിരിക്കുന്ന ലീക്കുകള്‍ എവിടെയൊക്കെയാണ്‌ അടയ്‌ക്കാനാവാത്ത വിടവുകള്‍ ഉണ്‌ടാക്കുകയെന്ന്‌ കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക