Image

ആയുര്‍വേദത്തെപ്പറ്റി: ഡി. ബാബുപോള്‍

Published on 23 January, 2013
ആയുര്‍വേദത്തെപ്പറ്റി: ഡി. ബാബുപോള്‍
സ്വാതിതിരുനാള്‍ എന്ന യുഗപ്രതിഭ അലോപ്പതി ആശുപത്രി തുടങ്ങുന്നതുവരെ നമുക്ക് ദേശീയമായ ചികിത്സാസംവിധാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് എടുത്തുപറയേണ്ടതില്ല. ഒന്നരശതകങ്ങള്‍ക്കിപ്പുറമാകട്ടെ വിരുന്നുകാരന്‍ സംബന്ധക്കാരനാവുന്ന അവസ്ഥയാണ് കാണുന്നത്. ഇത് വിരുന്നുകാരന്‍െറ കുറ്റമല്ല. വിരുന്നുകാരന് കിടപ്പറവാതില്‍ തുറന്നുകൊടുത്ത അകത്തുള്ളോരുടെയും മാനത്തുനോക്കി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ തൂണും ചാരിനിന്ന ഭര്‍ത്താവിന്‍െറയും കുഴപ്പമാണ്.
ഓര്‍മകള്‍ തിരയുമ്പോള്‍ ഞാന്‍ കുന്നത്തുനാടന്‍ ബാല്യത്തിലെ വൈദ്യന്മാരെ കാണുന്നുണ്ട്. ശിശുസഹജമായ രോഗങ്ങള്‍ക്ക് വേലന്മാരായിരുന്നു ശരണം. അവര്‍ പരമ്പരാഗതമായ വൈദ്യവിദ്യാഭ്യാസം നേടിയവരായിരുന്നു. ഇന്നത്തേതിനേക്കാള്‍ എത്രയോ വ്യാപകമായിരുന്നു കരപ്പനും നിലങ്കാരിച്ചുമയും മഞ്ഞപ്പിത്തവും അഞ്ചാംപനിയും എല്ലാം അക്കാലത്ത്. ആ നാളുകളില്‍ ഒരു സമൂഹത്തിന്‍െറ ആരോഗ്യസംരക്ഷണത്തിന് കാവല്‍ക്കാരായത് ഈ വേലന്മാരും കണിയാന്മാരുമായിരുന്നു. സമാന്തരമായി രണ്ട് തലത്തില്‍ വൈദ്യസഹായം പ്രാപ്തമാക്കിയിരുന്നവര്‍ വേറെയും ഉണ്ടായിരുന്നു. അതില്‍ ഒരു കൂട്ടരെ നാം വൈദ്യന്മാര്‍ എന്നുവിളിച്ചു. മറ്റവരാകട്ടെ ‘തമ്പുരാക്കന്മാര്‍’ ആയിരുന്നു. ഒരുതരത്തില്‍ നോക്കിയാല്‍ അതൊരു റഫറല്‍ സംവിധാനം തന്നെയായിരുന്നു. തൊട്ടയലത്തുള്ളവരല്ലാതെ അല്ലറചില്ലറ രോഗങ്ങളുമായി ആരും അഷ്ടവൈദ്യന്മാരെ സമീപിച്ചിരുന്നില്ലല്ലോ. രാമന്‍വേലന്‍െറയും മത്തായിവൈദ്യരുടെയും കൈക്ക് നിന്നില്ലെങ്കില്‍ മാത്രം ഒല്ലൂര്‍ക്ക് പോവുക. അതായിരുന്നു രീതി.
പിന്നെ എവിടെയാണ് തെറ്റിയത്? പാര്‍വത്യകാരന്മാരുടെ വില ഇടിഞ്ഞത് അവര്‍ വില്ലേജ് ഓഫിസര്‍മാരായി ഓരോ കാലില്‍ ഓരോ കുപ്പായം ഇടുന്നതില്‍ മേനി കണ്ടപ്പോഴാണ്. അതുപോലെതന്നെ വൈദ്യന്മാര്‍ ഡോക്ടര്‍മാരാകാന്‍ വെമ്പല്‍കൊണ്ടപ്പോള്‍ ആയുര്‍വേദവും അവഗണിക്കപ്പെടുകയായിരുന്നു. ഒരുഭാഗത്ത് നാം അറിയാതെ ഒരുതരം അപകര്‍ഷബോധം നമ്മെ കീഴടക്കി. മറുഭാഗത്ത് ആധുനിക സമ്പ്രദായത്തിലുള്ള ഗവേഷണവും വൈദ്യവിദ്യാഭ്യാസവും വിജ്ഞാനപ്രസരണ സംവിധാനങ്ങളും നാം നിരസിച്ചു. ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാത്ത കാലം ആയുര്‍വേദത്തിനുവേണ്ടി മാത്രം കാത്തുനില്‍ക്കുമോ?
ധന്വന്തരി മഹര്‍ഷി സുശ്രുതന് ഉപദേശിച്ചുകൊടുത്ത ശാസ്ത്രമാണ് ആയുര്‍വേദം എന്ന് പറയുന്നതില്‍ തെറ്റില്ല. ശാരീരികം, മാനസികം, ആഗന്തുകം, സഹജം എന്ന വിഭജനത്തില്‍ വന്നതും വരാനുള്ളതുമായ സകല വ്യാധികളും പെടും എന്ന ചിന്തയിലും തെറ്റില്ല. ക്രോധത്തെ മാനസികവ്യാധിയായും വിശപ്പിനെ സഹജവ്യാധിയായും തിരിച്ചറിഞ്ഞ പ്രതിഭക്കുമുന്നില്‍ ആരാണ് ദണ്ഡനമസ്കാരം ചെയ്യാത്തത്! പിന്നെ എന്താണ് സംഭവിച്ചത്?
വ്യവസായവിപ്ളവം ജീവിതത്തിന്‍െറ ഗതിവേഗം വര്‍ധിപ്പിച്ചു. ആ വര്‍ധനയാകട്ടെ ജ്യാമിതികമായി പിന്‍വന്ന ദശകങ്ങളില്‍. അപ്പോള്‍ ചികിത്സാസമ്പ്രദായങ്ങളില്‍ കാലാനുസൃതമായ ഭേദഗതി ആവശ്യമായി വന്നു. ആ ആവശ്യത്തോടുള്ള പ്രതികരണഭേദമാണ് ആയുര്‍വേദത്തെയും ആധുനിക വൈദ്യത്തെയും വേര്‍തിരിച്ചത്. പാരസെറ്റമോളുകളും അനാല്‍ജെസിക്കുകളും അരങ്ങുവാഴാന്‍ തുടങ്ങിയതിന് എത്രയോ മുമ്പുതന്നെ സൈദ്ധാന്തികമായ വീക്ഷണഭേദം വേര്‍പാടിന്‍െറ നടുച്ചുവര്‍ തീര്‍ക്കാന്‍ തുടങ്ങിയിരുന്നു എന്ന സത്യം വിസ്മരിക്കാവതല്ല.
ആയുര്‍വേദത്തില്‍ അറിവ് തലമുറ തോറും കുറഞ്ഞുവന്നത് നാം ശ്രദ്ധിച്ചില്ല. മനസ്സില്‍ സംഗ്രഹിച്ചിരുന്നത് പറഞ്ഞുകൊടുക്കും മുമ്പേ കാലഗതിയടഞ്ഞ കാരണവന്മാര്‍ തങ്ങളുടെ പട്ടടകളില്‍ എരിഞ്ഞടങ്ങുന്ന പൂര്‍വികജ്ഞാനം നഷ്ടപ്പെടുന്ന കഥ അറിഞ്ഞില്ല. മറിച്ച് ആധുനികശാസ്ത്രജ്ഞന്മാരാകട്ടെ, കിട്ടിയ അറിവ് മാത്രം അല്ല ഉള്‍വിളി കണക്കെ തോന്നിയ ഗവേഷണാര്‍ഹമായ ചിന്തകളും കുറിച്ചിട്ടു. അവര്‍ മരിച്ചപ്പോഴും അക്ഷരങ്ങള്‍ ബാക്കിയായി. അനന്തരവന്മാര്‍ പൈതൃകം ഏറ്റെടുത്ത് ഗവേഷണം തുടര്‍ന്നു. അലോപ്പതി ഒരടി മുന്നോട്ട്, ആയുര്‍വേദം ഒരടി പിന്നോട്ട്, വ്യത്യാസം രണ്ടടി!
സമാന്തരമായി മറ്റൊന്നുകൂടെ സംഭവിച്ചു. ഒപ്പംനിന്നവര്‍ തമ്മിലുള്ള ആഢ്യമായ ആയുര്‍വേദ വിജ്ഞാനത്തിന് ആധുനികയുഗത്തിലുണ്ടായ അപചയത്തെ അപക്വമായ പ്രതികരണത്തിലൂടെ അപഹാസ്യമാക്കാന്‍ നാം തന്നെ വഴി വെട്ടി. ക്രോസിന്‍ പൊടിച്ചുപൊടിച്ച് ചൂര്‍ണമാക്കി എന്ന് ആലങ്കാരികമായി പറയാം. ഒറ്റമൂലികള്‍ ഫലപ്രദമാണ്. എന്നാല്‍, ആ സത്യത്തിന്‍െറ മറവില്‍ ഒട്ടനേകം ‘വൈറസു’കള്‍ ആയുര്‍വേദത്തെ വ്യഭിചരിച്ചു. ജര്‍മന്‍ മദാമ്മമാരെ ആറു മാസം കൊണ്ട് തിരുമ്മുവിദഗ്ധരാക്കി തിരിച്ചയച്ചുകൊണ്ട് നാം ഈ വ്യഭിചാരപ്രക്രിയക്ക് ആഗോളമാനം നല്‍കി.
ഇതുവരെ കുറിച്ച ഓരോ ഖണ്ഡികയും ഓരോ പ്രബന്ധമായി വികസിപ്പിക്കാന്‍ പോന്നതാണ്. വേറെയും ഉണ്ടാവാം പ്രസക്തവസ്തുതകള്‍. എന്നാല്‍, ക്വോ വാദിസ് എന്നതാണ് ചോദിക്കാനുള്ളത്. ഇനി എങ്ങോട്ട്? എങ്ങനെ?
ഒന്നാമത്, ആയുര്‍വേദ വിദ്യാഭ്യാസത്തെ ആധുനികമാനദണ്ഡങ്ങള്‍കൊണ്ട് നിര്‍വചിക്കണം. പരമ്പരാഗതമായി അറിവ് തേടുന്നവരെ അംഗീകരിക്കേണ്ട ഒരു ഇടവേള അനുപേക്ഷണീയമായിരുന്നു എന്ന് സമ്മതിച്ചാലും അത് ഗതകാല സത്യമാണ് എന്ന് കട്ടായമായി നിശ്ചയിക്കാതെ മുന്നോട്ടുപോവുക വയ്യ. ഡോക്ടര്‍ കെ.എന്‍. പൈ, ഡോക്ടര്‍ സി.കെ. രാമചന്ദ്രന്‍, ഡോക്ടര്‍ വല്യത്താന്‍ എന്നിവരൊക്കെ കേമന്മാര്‍ തന്നെ. എന്നുവെച്ച്, അവരുടെ ശിഷ്യന്മാരും അന്തേവാസികളും ചികിത്സ തുടങ്ങിയാലോ? അതായത് കര്‍ശനമായ ആധുനീകരണത്തിന് ആയുര്‍വേദ രീതിശാസ്ത്രങ്ങളെ വിധേയമാക്കണം. രണ്ട് നൂറ്റാണ്ടുകളുടെ സമയനഷ്ടം നമുക്ക് നികത്താന്‍ ബാക്കിയാണ് എന്ന സംഗതി മറക്കരുത്. പാശ്ചാത്യ രീതിശാസ്ത്രങ്ങളിലൂടെ പഴയ അറിവിനെ അംഗീകാരയോഗ്യമാക്കാന്‍ കഴിയണം. ഡോ. വല്യത്താന്‍ തെളിയിക്കുന്ന വഴിയേ നടക്കാന്‍ ആയുര്‍വേദ ഗവേഷകരുടെ ഒരു തലമുറ മുന്നോട്ടുവരണം.
രണ്ടാമത്, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ തുക ബജറ്റില്‍ വകയിരുത്താതെ ഇക്കാര്യം നടക്കുകയില്ല എന്ന് നാം തിരിച്ചറിയണം. ആരോഗ്യരംഗത്തെ മൊത്തം ചെലവിന്‍െറ തീരെ ചെറിയഅംശം മാത്രമാണ് ഇന്ന് ആയുര്‍വേദ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആധുനികീകരണത്തിനും നീക്കിവെച്ചിട്ടുള്ളത്. സത്യത്തില്‍ മറിച്ചാണ് വേണ്ടത്. എന്തുകൊണ്ടെന്നാല്‍ രണ്ട് നൂറ്റാണ്ടുകളുടെ പോരായ്മ മറികടക്കാന്‍ നമുക്കുവേണ്ടത് ഒരു തവളച്ചാട്ടമാണ്.
മൂന്നാമത്, എന്‍െറ തലമുറ ജില്ലാ കലക്ടര്‍മാരായിരുന്ന എഴുപതുകളിലാണ് ആശുപത്രി ഇല്ലാത്ത പഞ്ചായത്തുകള്‍ ഒഴിവാക്കാന്‍ നടപടിയെടുത്തത്. നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഏറെ മുന്നോട്ടുപോയിട്ടുണ്ട് നാം. എങ്കിലും എല്ലാ പഞ്ചായത്തിലും ആയുര്‍വേദാശുപത്രി എന്ന ലക്ഷ്യം ഇന്നും അന്യമാണ്. പത്തുമുന്നൂറ് പഞ്ചായത്തുകള്‍ ഉണ്ടത്രെ ആയുര്‍വേദ ചികിത്സാസൗകര്യങ്ങള്‍ ഇല്ലാത്തവയായി. അത് മാറണം. ഇത് നമ്മുടെ സ്വന്തം അറിവാണ്. ഇതുകൂടാതെ, ഒരിടവും നമ്മുടെ ആരോഗ്യഭരണസംവിധാനത്തില്‍ ഉണ്ടായിക്കൂടാ.
നാലാമത്, പൊതുജനാരോഗ്യസംവിധാനത്തില്‍ ആയുര്‍വേദത്തിന് അനുവദിക്കേണ്ട പങ്ക് പരിശോധിക്കപ്പെടണം. നിലവിലുള്ള പബ്ളിക് ഹെല്‍ത്ത് ആക്ട് ആയുര്‍വേദത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ഈ അവസ്ഥ മാറാന്‍ വൈകി. അടുത്തകാലത്തുണ്ടായ ‘ഷവര്‍മ പ്രതിസന്ധി’ പോലെയുള്ള സാഹചര്യങ്ങളില്‍ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ക്ക് സജീവമായി ഇടപെടാന്‍ നിയമപരിരക്ഷ വേണം.
അഞ്ചാമത്, ശസ്ത്രക്രിയാപഠനം ആയുര്‍വേദവിദ്യാര്‍ഥികള്‍ക്ക് ഇന്നും ബാലികേറാമലയാണ് എന്ന സ്ഥിതി മാറണം. വഴിമാറിച്ചിന്തിക്കാന്‍ പോന്ന പ്രതിഭകള്‍ ഉണ്ടെങ്കില്‍ ആയുര്‍വേദ കോളജില്‍ ശല്യം തുടങ്ങാന്‍ എന്താണ് തടസ്സം? സായിപ്പ് ഇടക്കാലത്ത് നേടിയ ശല്യചികിത്സാപ്രാമുഖ്യം യഥായോഗ്യം നമുക്ക് ആയുര്‍വേദവിജ്ഞാനീയത്തില്‍ സന്നിവേശിപ്പിക്കരുതോ? സര്‍ഗോന്മുഖമായ ചിന്തക്കുപകരം അയിത്തത്തിന്‍െറ അയലാചാരങ്ങള്‍ നമ്മെ നയിച്ചുകൂടാ.
ഇങ്ങനെ പറയാന്‍ ഏറെയുണ്ട്. നമ്മുടെ അഭിമാനമാണ് ആയുര്‍വേദം. അത് നമ്മുടെ പാപഭാരമാണ് എന്ന മട്ടില്‍ നാം പ്രതികരിക്കരുത്. അവിദ്യാലംകൃതനായാലും അപ്പന്‍ തന്ത തന്നെയാണ്. അപ്പോള്‍ സവിദ്യാലംകൃതനായ പിതാവിനെ ബാഹ്യമായ വേഷഭൂഷാദികളുടെ പോരായ്മകള്‍ മാത്രം ചൂണ്ടിക്കാട്ടി മാറ്റിനിര്‍ത്തുന്നത് എത്രയോ നിര്‍ഭാഗ്യകരമാണ് എന്ന് പറയേണ്ടതുണ്ടോ?
http://www.madhyamam.com/news/210012/130123
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക