Image

ഇടതുപക്ഷത്തിന്‍െറ സമരശേഷി

Madhyamam editorial Published on 21 January, 2013
ഇടതുപക്ഷത്തിന്‍െറ സമരശേഷി
പാര്‍ലമെന്‍ററി പ്രവര്‍ത്തനങ്ങളേക്കാള്‍ ജനകീയ സമര, പ്രക്ഷോഭങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് പൊതുവെ ഇടതുപക്ഷത്തിന്‍െറ പ്രവര്‍ത്തന രീതി. ഭരണകൂടം അനുവദിച്ചു നല്‍കുന്ന ശീതീകരിച്ച ഹാളുകളില്‍നിന്നല്ല, തെരുവിലെ വെയിലില്‍നിന്നാണ് വിപ്ളവം പിറവിയെടുക്കുക എന്ന വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലുള്ളതാണ് ഈ നിലപാട്. അതിനാല്‍ തന്നെ, നിരന്തരമായ ജനകീയ സമരങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനത്തിന്‍െറ അവിഭാജ്യ ഘടകമാണ്. ജനകീയ പ്രശ്നങ്ങളുടെ പരിഹാരം, പാര്‍ട്ടി സംഘടനയുടെ സജീവത, പുതിയ വ്യക്തികളും ജനസമൂഹങ്ങളുമായുള്ള ബന്ധരൂപവത്കരണം തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങള്‍ ജനകീയ സമരങ്ങളുടെ സംഘാടനത്തിലൂടെ ഇടതു പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നുണ്ട്. പാര്‍ലമെന്‍ററി സമിതികളില്‍ മതിയായ പ്രാതിനിധ്യമില്ലാത്തപ്പോഴും തെരുവില്‍ ഇടതുപക്ഷം എപ്പോഴും സജീവമാകുന്നത് ഈ പ്രവര്‍ത്തന ശൈലി കാരണമാണ്. മറ്റൊരര്‍ഥത്തില്‍ ഇടതുപക്ഷത്തിന്‍െറ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് ജനകീയ സമരം. പാര്‍ലമെന്‍ററി ശക്തിയില്ലാത്ത സ്ഥലങ്ങളില്‍പോലും ജനകീയ സമരത്തിന്‍െറ ഊക്കില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സി.പി.എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍, പാര്‍ട്ടി ദുര്‍ബലമായ രാജസ്ഥാനിലും കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലുമെല്ലാം  വീറുറ്റ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആവനാഴിയിലെ കിടയറ്റ ആയുധമാണ് സമരം എന്നര്‍ഥം.
എന്നാല്‍, ഈ ആയുധവും തുരുമ്പെടുത്തു തുടങ്ങിയോ എന്ന ശങ്ക ഇപ്പോള്‍ പങ്കുവെക്കുന്നതില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പാര്‍ട്ടി മുന്‍കൈ എടുക്കുന്നതോ പിന്തുണക്കുന്നതോ ആയ സമരങ്ങള്‍ക്ക് പഴയ പ്രഹരശേഷി നഷ്ടപ്പെട്ടതിന്‍െറ ഒടുവിലത്തെ  ഉദാഹരണങ്ങളായിരുന്നു കേരളത്തില്‍ നടന്ന ഭൂസമരവും ജീവനക്കാരുടെ പണിമുടക്കും. രണ്ടും ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. സമരത്തിന്‍െറ ലക്ഷ്യങ്ങള്‍ നേടിയതിനുശേഷമാണ് അത് അവസാനിപ്പിച്ചതെന്ന് ഏറ്റവും വലിയ ഇടതുഭക്തന്‍ പോലും വാദിക്കാനിടയില്ല. ഭൂരഹിതര്‍ക്ക് മൂന്ന് സെന്‍റ് ഭൂമി നല്‍കുന്ന ‘ഭൂരഹിത കേരളം’ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടിയെന്നതാണ് ഭൂസമരത്തിന്‍െറ ഏക നേട്ടം! മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീയതി നീട്ടാമെന്ന് സമ്മതിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. സി.പി.എം പോലുള്ള ഒരു പ്രസ്ഥാനം വമ്പിച്ച മുന്നൊരുക്കങ്ങളോടെ നടത്തിയ, സംസ്ഥാന തലത്തിലുള്ള വന്‍ പ്രക്ഷോഭം, അപേക്ഷാ തീയതി നീട്ടല്‍ എച്ചില്‍ കഷണത്തില്‍ അവസാനിക്കുന്നത് പാര്‍ട്ടിക്ക് നാണക്കേട് തന്നെയാണ്. മൂന്ന് സെന്‍റ് ഭൂമിയെന്നതാവട്ടെ, കേരളത്തിലെ ഭൂരഹിത പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ നേരത്തെ തള്ളിക്കളഞ്ഞ ആശയമാണ് താനും. മുമ്പ് ഈ കോളത്തില്‍ സൂചിപ്പിച്ചതുപോലെ, ഭൂസമരം അതിന്‍െറ ലക്ഷ്യത്തില്‍ തന്നെ പിഴവുകളുള്ളതായിരുന്നു. കേരളത്തിലെ ഭൂപ്രശ്നത്തെ അടിസ്ഥാനപരമായി സമീപിക്കുന്നതില്‍, മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പോലെ, സി.പി.എമ്മും അനുഭവിക്കുന്ന ദൗര്‍ബല്യങ്ങള്‍ ഭൂസമരത്തിലുണ്ടായിരുന്നു. അതായത്, സ്വതേ ദുര്‍ബലമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം, പ്രസ്തുത ദുര്‍ബലമായ ആവശ്യങ്ങള്‍ പോലും നേടിയെടുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം പരാജയപ്പെട്ടു.
പണിമുടക്കാണ് ഇടതുപക്ഷത്തിന്‍െറ മറ്റൊരു തുറുപ്പുശീട്ട്. സര്‍വീസ് മേഖലയില്‍ ഇടതു ഗ്രൂപ്പുകള്‍ക്കുള്ള ശക്തമായ മേല്‍ക്കൈ സര്‍വീസ് സമരങ്ങളെ എളുപ്പം വിജയിപ്പിക്കാന്‍ അവരെ സഹായിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഒരു അര്‍ധ രാത്രി ചര്‍ച്ചാ പ്രഹസനത്തിനൊടുവില്‍ കൊട്ടിഘോഷിച്ച ആ സമരം അവസാനിക്കുന്നതാണ് കണ്ടത്. ഭൂസമരത്തെപ്പോലെ നൈതികമായ വലിയ ന്യായങ്ങള്‍ പണിമുടക്ക് സമരത്തിനില്ലെങ്കിലും സംഘടിത ശക്തികൊണ്ട് കാര്യം നേടാമെന്ന് അവര്‍ കരുതിക്കാണും. എന്നാല്‍, പ്രസ്തുത സമരവും ആവിയായി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു. ജനങ്ങളുടെ കണ്ണില്‍ ഏറ്റവും വെറുക്കപ്പെട്ട വര്‍ഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നത് തെളിഞ്ഞ ഒരു സത്യമാണ്. ആനുകൂല്യങ്ങളെക്കുറിച്ച് മാത്രം ആര്‍ത്തിയോടെ സംസാരിക്കുന്ന അവര്‍, തങ്ങള്‍ സേവനം നല്‍കാന്‍ ബാധ്യസ്ഥരായ ജനങ്ങളോട് കാണിക്കുന്ന തികഞ്ഞ അവജ്ഞാ മനോഭാവമാണ് അവരെ ജനങ്ങളുടെ ശത്രുക്കളാക്കി മാറ്റിയത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള  ഇടതുപക്ഷത്തിന് ഈ അവസ്ഥയില്‍ കാര്യമായ പങ്കുണ്ട്. ധാര്‍മികമായ കരുത്തുള്ള ഒരു തൊഴില്‍ വിഭാഗമായി അവരെ വളര്‍ത്തുന്നതില്‍ ഇടതുപക്ഷം തികഞ്ഞ പരാജയമായിരുന്നു. ജീവനക്കാരുടെ സമരം, ജനങ്ങളില്‍ അമര്‍ഷം മാത്രം ഉല്‍പാദിപ്പിച്ച് എളുപ്പം പരാജയപ്പെടുന്നതില്‍ ഇതൊരു കാരണമാണ്.
ഏറെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ രണ്ട് സമരങ്ങള്‍ പരാജയപ്പെട്ടത് ഇടതു നേതാക്കള്‍ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, അതേസമയം, ശ്രദ്ധേയമായ മറ്റൊരു കാര്യം, സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളില്‍ പരമ്പരാഗതമായ കക്ഷി രാഷ്ട്രീയ വേലികള്‍ക്കപ്പുറത്ത് നിരവധി ജനകീയ സമരങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നുണ്ട് എന്നതാണ്. ദേശീയപാത വികസനം, ഗെയ്ല്‍ പൈപ്ലൈന്‍, അതിവേഗ റെയില്‍വേ ഇടനാഴി, വിവിധ പ്രദേശങ്ങളില്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ക്കെതിരായ സമരങ്ങള്‍, വികസനത്തിന്‍െറ  ഇരകള്‍ ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങള്‍ എന്നിവയാല്‍ മുഖരിതമാണ് കേരളം. ഒപ്പം, ഭരണകൂടത്തിന്‍െറ ഇരട്ടനീതിക്ക് വിധേയമാവുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ ഉയര്‍ത്തുന്ന സമരങ്ങളും. ഈ സമരങ്ങള്‍ രൂപപ്പെടുത്തുന്നതിലും വിജയിപ്പിക്കുന്നതിലും ഇടതുപക്ഷത്തിന് കാര്യമായ പങ്കില്ല എന്നതും ഈ പശ്ചാത്തലത്തില്‍ വായിക്കപ്പെടണം. നവസാമൂഹിക പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ രൂപപ്പെടുന്ന ഇത്തരം സമരങ്ങള്‍, ചിലപ്പോഴെങ്കിലും വിജയിക്കുമെന്ന ഘട്ടം വരുമ്പോള്‍ അതിനോടൊപ്പം ചാരിനില്‍ക്കുകയാണ് ചിലയിടങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനം. ചിലയിടങ്ങളിലാവട്ടെ, സമരവിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്നു അവര്‍. പാര്‍ലമെന്‍ററി രംഗത്തുണ്ടായ നിരന്തരമായ തിരിച്ചടികള്‍ക്ക് പുറമെ, ജനകീയ സമരരംഗത്തും ഇടതുപക്ഷം പരാജയപ്പെടുന്നത് വലിയൊരു സൂചകമാണ്. ഇടതുപക്ഷത്തിന് അതിന്‍െറ ഏറ്റവും പ്രധാനപ്പെട്ട യുദ്ധമുന്നണി നഷ്ടപ്പെട്ടുവെന്ന് വന്നാല്‍ അതിന് പിന്നെ നിലനില്‍പുണ്ടാവില്ല. പരാജയപ്പെട്ട രണ്ട് സമരങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ കാര്യവിചാരം നടത്തുമെന്ന് പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക