Image

പ്രേഷിത ആഭിമുഖ്യങ്ങളെ വളര്‍ത്തുക: മാര്‍ ജോര്‍ജ്‌ ആഞ്ചേരി

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2011
പ്രേഷിത ആഭിമുഖ്യങ്ങളെ വളര്‍ത്തുക: മാര്‍ ജോര്‍ജ്‌ ആഞ്ചേരി
കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭ പ്രേഷിതവര്‍ഷമായി ഈ വര്‍ഷം കൊണ്ടാടുമ്പോള്‍ സഭയിലെ പ്രേഷിതാഭിമുഖ്യങ്ങളെ ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ ശ്രദ്ധിക്കണമെന്ന്‌ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ കൂടിയ രൂപതാ വൈദിക സമ്മേളനത്തില്‍ ശ്രേഷ്‌ഠമെത്രാപ്പോലീത്താ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.

ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുക എന്ന ശൈലിക്കുമപ്പുറം ശുശ്രൂഷയുടെ മാര്‍ഗ്ഗത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിക്കുക എന്ന ശൈലിക്ക്‌ പ്രാധാന്യം നല്‍കുവാന്‍ നാം ശ്രദ്ധിക്കണമെന്നും ഒരു പുരോഹിതനെന്ന നിലയില്‍ എത്തിപ്പെടാവുന്നിടത്തെല്ലാം എത്തുക; ചെയ്യാവുന്ന ശുശ്രൂഷകളെല്ലാം ചെയ്യുക എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധയെന്നും മാര്‍ ആലഞ്ചേരി വൈദികരെ ഉദ്‌ബോധിപ്പിച്ചു.

പ്രേഷിതവര്‍ഷാചരണം കേവലം കുറച്ച്‌ സാമ്പത്തിക സഹായം ചില മിഷന്‍ കേന്ദ്രങ്ങളിലെത്തിച്ച്‌, അവസാനിപ്പിക്കുന്ന ഒന്നായിരിക്കരുത്‌; മറിച്ച്‌, മിഷന്‍ ചൈതന്യത്തോടെ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും സകല ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യം യാഥാര്‍ത്യമാക്കുവാന്‍ നമുക്ക്‌ കഴിയണം. ശിഷ്യത്വത്തിന്റെ പൂര്‍ണ്ണത ഇപ്രകാരമുള്ള ശൈലിയിലാണ്‌ യാഥാര്‍ത്ഥ്യമാകുന്നത്‌. കൂടുതല്‍ സഭാമക്കളെ നേടുവാനുള്ള വ്യഗ്രതയുള്ളവരായിരിക്കണം ഓരോ പുരോഹിതനും. അഭിവന്ദ്യ പിതാവ്‌ സൂചിപ്പിച്ചു.

രാവിലെ 10.30ന്‌ ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ ശ്രേഷ്‌ഠമെത്രാപ്പോലീത്തായ്‌ക്ക്‌ സ്വാഗതം നേര്‍ന്ന്‌ പ്രസംഗിച്ചു. തദവസരത്തില്‍ കാഞ്ഞിരപ്പള്ളിയിലെ ബഹു.വൈദികര്‍ സാര്‍വ്വത്രിക സഭയില്‍, വിവിധ സ്ഥലത്ത്‌ നല്‍കുന്ന സേവനങ്ങളെ അനുസ്‌മരിച്ചു. ഫാ.ഡെന്നി നെടുംപതാലില്‍ ആശംസകള്‍ നേര്‍ന്നു.

ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
പി.ആര്‍.ഒ.
പ്രേഷിത ആഭിമുഖ്യങ്ങളെ വളര്‍ത്തുക: മാര്‍ ജോര്‍ജ്‌ ആഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക