Image

സഹതപിക്കുന്നു സഹജരേ...(ബിനോയി സെബാസ്റ്റ്യന്‍)

Published on 16 January, 2013
സഹതപിക്കുന്നു സഹജരേ...(ബിനോയി സെബാസ്റ്റ്യന്‍)
കാലത്തിനു മാന്ത്രീക ക്ഷമതയുള്ള ഒരു ചൂണ്ടാണി വിരലുണ്ടെങ്കില്‍ ആര്‍ക്കൊക്കെ നേരെ ആയിരിക്കും അതു ചൂണ്ടപ്പെടുന്നത്‌? ഏഴു കടലും കടന്ന്‌ അഢ്യസംസ്‌ക്കാരത്തിന്റെ മാമൂലുകള്‍ വിസ്‌മരിച്ച്‌ അരണി കടഞ്ഞെടുത്ത ജീവിത നന്മകളും വെറുത്ത്‌ വിദേശ ജനഗണമനയുടെ ഒരനുഗ്രഹത്തിനായി വിദേശ ജൗളിയുമണിഞ്ഞു നില്‍ക്കുന്ന പ്രവാസി നേതാക്കള്‍ക്കു നേരെ വരെ അതു ചൂണ്ടപ്പെടാം! ഇന്‍ഡ്യന്‍ ചൂണ്ടാണി വിരല്‍പ്പാടുകളില്‍ നിന്നു കറങ്ങുന്ന വിദേശവാസി നായകരുടെ ഭോഷത്വങ്ങളും ദര്‍ശന രാഹിത്യങ്ങളും വ്യാകുലതകളും പ്രതിപാദ്യ വിഷയങ്ങളാകേണ്ടതല്ലേ?

ഡോ. മന്‍മേഹന്‍സിംഗ്‌ പ്രധാനമന്ത്രിയും വിപ്‌ളവ ഭൂമിയായ വയലാറിലെ രവി പ്രവാസി മന്ത്രിയുമായ ഒരു സര്‍ക്കാര്‍ ഭാരതത്തിലുണ്ടെന്ന കാര്യം അറിയാവുന്നവരാണ്‌ അമേരിക്കയിലെ പ്രവാസി മലയാളികള്‍. പ്രവാസികളെങ്കിലും ഇന്‍ഡ്യന്‍ പ്രവാസി മന്ത്രിയുടെ കാര്യമായ ഇടപെടലില്ലെങ്കിലും അല്ലലില്ലാതെ കഴിഞ്ഞു പോരുന്നവരുമാണ്‌ ഒബാമയുടെ നാട്ടിലെ മലയാളികള്‍. പ്രവാസി മന്ത്രിയെക്കൊണ്ടു വലിയ ആപത്തൊന്നും ഇവര്‍ക്കില്ലതാനും. അങ്ങനെ ആപത്‌ശങ്കയില്ലാതെ കഴിഞ്ഞു പോരുന്ന നാളുകളിലൊന്നില്‍ ഭാരതസര്‍ക്കാര്‍ കൊച്ചിയില്‍ പ്രവാസി ഭാരതീയരുടെ ആഗോളയോഗം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി നേതൃത്വങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊച്ചി സംഗമത്തിനെത്തി.

ഫോമാ, ഫോക്കാന, പാവം ഇന്‍ഡ്യ പ്രസ്‌ക്ലബ്‌ തുടങ്ങിയ ചെറുകിട വന്‍കിട സംഘടനകളുടെ നേതാക്കളും ആഗോള മലയാളികളെ പ്രിതിനിധീകരിക്കുന്നു എന്ന നിലയില്‍ പങ്കുകൊണ്ടു. ഇവരൊക്കെ എങ്ങിനെ മലയാളികളുടെ പ്രതിനിധികളായി എന്ന കാര്യം പിന്നാലെ പാര്‍ക്കലാം. കാസര്‍കോടു മുതല്‍ കന്യാകുമാരി വരെയുള്ള മലയാളികള്‍ക്കായി അല്ലെങ്കില്‍ അമേരിക്കന്‍ മലയാളികളുടെ പ്രതിനിധികളായി പങ്കെടുത്ത ഈ നേതാക്കളുടെ ശേഖരത്തില്‍ കേരളത്തിന്റെ അടിസ്ഥാന വികസനം ലക്ഷമിട്ട എന്തെല്ലാം പ്രോജക്‌റ്റുകളുണ്ടായിരുന്നു? കേരള സര്‍ക്കാരുമായും ബന്ധപ്പെട്ടവരുമായി ഇവര്‍ ആ പദ്ധതികള്‍ ചര്‍ച്ച ചെയ്‌തിരുന്നോ? ഗുണമില്ലാത്തവനേ...നിന്നോടാരു ഗുണം ചെയ്യും..?

അമേരിക്കയിലെ ആമാശയ സമ്പന്നരും ആശയ ദരിദ്രരുമായ സ്വയവകാശ ഭീമന്മാരായ മലയാളി സംഘടനകളെ അഹേളിക്കുവാനല്ല ഇതെഴുതുന്നത്‌. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന മാദ്ധ്യമമേളയില്‍ അമേരിക്കയിലെ പ്രമൂഖ മാദ്ധ്യമ പ്രവര്‍ത്തകരെയൊന്നും തന്നെ വേദിയില്‍ നിന്നുമെടുത്ത ചിത്രങ്ങളില്‍ കണ്ടില്ല. അക്ഷരങ്ങള്‍ തിരിച്ചറിയുന്ന മാദ്ധ്യമപ്രവര്‍ത്തകരെ വേദിയില്‍ കാണാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്‌. വെളിച്ചം ദുഖമാണുണ്ണി! അതുകൊണ്ടു തമസുകളെ സ്‌നേഹിക്കുവാന്‍ പരിശീലിക്കാം. പാവം അമേരിക്കന്‍ മലയാളികള്‍!

ഇന്‍ഡ്യന്‍ ഭരണനേതൃത്വം അമേരിക്കയില എല്ലാ രംഗങ്ങളിലേയും ഒരു ചെറിയ ചലനം പോലും ശ്രദ്ധിക്കുന്ന രാജ്യമാണ്‌. ലക്ഷക്കണക്കിനുള്ള മലയാളികളും ഈ ഗണത്തില്‍ പെടും. കേരള സംസ്‌ക്കാരത്തിന്റെയും മതവിഭാഗങ്ങളുടെയും കാര്യഗൗരവമില്ലാത്ത കണക്കുകളുമായി നടക്കുന്ന കുറച്ചു അവനവനേതാക്കള്‍ അമേരിക്കയിലെ മലയാളികളെ നയിക്കുവാന്‍ പ്രാപ്‌തരല്ലെന്ന ഗണിതം ഒരു പക്ഷെ ഇന്‍ഡ്യന്‍ പ്രവാസി മന്ത്രാലയത്തിനു മനസിലായിട്ടുണ്ടണ്ടാകണം. അതുകൊണ്ടു മാത്രമായിരിക്കണം കോട്ടും സുട്ടുമിട്ട്‌ ഡല്‍ഹിയുടെ ഭരണാന്തപ്പുരത്തിലെത്തിയ മലയാളി നേതാക്കളെ ആരും ഗൗനിക്കാതിരുന്നത്‌. ഗൗനിച്ചിരുന്നു. പണ്ട്‌. ഫൊക്കാന, ഫോമാ എന്നൊക്കെയുള്ള വേര്‍പരിയലുകള്‍ ഉണ്ടണ്ടാകുന്നതിനു മുമ്പ്‌. ഇതൊക്കെ മനസിലാകുന്ന ഒരു നേതൃനിര ഇന്നു നമുക്കില്ല. അതാണ്‌ പലതിന്റെയും നഷ്ട കാരണം. കൈയ്യിലെ കാശും മുടക്കി കൊച്ചി ചൂടിലൂടെ അംഗീകാരത്തിനും ആദരവിനുമായി അലഞ്ഞ അമേരിക്കന്‍ മലയാളി നേതൃജവാന്മാരെ ഒര്‍ത്ത്‌ ഞാന്‍ സഹതപിക്കുന്നു. വേദനിക്കുന്നു. ഒപ്പം ഇവരെയോര്‍ത്ത്‌ അമേരിക്കയിലെ സാധാരണക്കാരായ മലയാളികള്‍ ലജ്‌ജിക്കുന്നു.

ഇനി കേരള ചത്രത്തിലേക്കു വരുക! കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടത്തിയ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ഒരു വാക്ക്‌ ഉരിയാടുവാന്‍ പോലും മേല്‍ പറഞ്ഞ മലയാളി നേതാക്കള്‍ക്കു അവസരം കിട്ടിയി
ല്ല . ഇപ്പം കേരളം ശരിയാക്കിയെടുക്കും എന്ന പ്രതിജ്‌ഞയുമായി സമ്മേളത്തിലേക്കു പോയ ഫൊക്കാന, ഫോമ, വേള്‍ഡ്‌ മലയാളി നേതാക്കള്‍ അവസരം കിട്ടാതെ വ്യാകുലപ്പെട്ടും കണ്ണീര്‍വാര്‍ത്തും സമ്മേളനത്തില്‍ പങ്കെടുത്തു പിരിഞ്ഞു. ഇവരോടൊക്കെ ഒന്നേ പറയുവാനുള്ളു. സ്വയം തിരിച്ചറിയുക! ഒരു പിടി മണ്ണിനോളംപോലും വളരുവാന്‍ നിങ്ങളൊക്കെ ഇനിയും ഒരുപാടു വളരേണ്ടിയിരിക്കുന്നു.

ഇനി മുമ്പു നടന്ന ഡല്‍ഹിയിലെ പ്രവാസി സംഗമത്തിലേക്കു മടങ്ങാം. പണ്ട്‌ ഒരു പ്രവാസി മലയാളിക്കു ഭാരതസര്‍ക്കാരിന്റെ പ്രവാസിപുരസ്‌ക്കാരം ലഭിച്ചു. ആ ചിക്കാഗോ മലയാളിയെ ഞാന്‍ മറന്നിട്ടില്ല. ഇന്‍ഡ്യയില്‍ നടന്ന പ്രവാസി സമ്മേളനത്തില്‍ വച്ചാണ്‌ അദേഹത്തിനെ ഭാരതസര്‍ക്കാര്‍ പുരസ്‌ക്കാരം നല്‍കിയാദരിച്ചത്‌. അന്നു ഫൊക്കാന വിഭജിക്കപ്പെട്ടിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ പ്രവാസിസംഘടനയായിരുന്നു ഫൊക്കാന. ജനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. സര്‍ക്കാരുകള്‍ പരിഗണിച്ചിരുന്നു. സ്ഥാനമോഹികളും ദുര്‍മൂര്‍ത്തികളും രാക്ഷസഗര്‍വ്വുകളുമായി പറന്നിറങ്ങി. പിന്നെ ഫൊക്കാന നാമാവേശമായി. ഇതു യഥാര്‍ത്‌ഥത്തില്‍ മലയാളികളുടെ പരാജയമാണ്‌. അതിലുമുപരി ആധുനീക അമേരിക്കന്‍ മലയാളിത്വത്തിന്റെ വന്‍പരാജയമാണ്‌. പ്രിയ നേതാക്കളേ.. ഇനിയും ചിന്തിക്കണം. നിങ്ങളൊക്കെ എങ്ങിനെ ഇങ്ങിനത്തെ നേതാക്കളായെന്ന്‌.

ഒരാക്ഷേപം കുറിച്ചുകൊണ്ട്‌ നിറുത്തട്ടെ. ഭാരത-കേരളസര്‍ക്കാരുകള്‍ കുറച്ചുകൂടി പരിഗണന നല്‍കണം വേദനിക്കുന്ന ഹൃദയവുമായി ഇന്‍ഡ്യയിലെത്തുന്ന അമേരിക്കയിലെ കീര്‍ത്തിദാഹികളായ നേതാക്കളെ ഓമനിക്കുന്ന കാര്യത്തില്‍. ഒന്നുമില്ലെങ്കിലും ഇന്‍ഡ്യന്‍ നേതാക്കള്‍ അമേരിക്കയിലെത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്നു ചിത്രങ്ങളെടുത്തു പത്രമാസികകള്‍ക്കു നല്‍കി പ്രതിഛായ പരിപാലിക്കുന്നവരാണിവര്‍. അവരെ ഇനിയും അപമാനിക്കരുതേ! ഒപ്പം ഇവരുടെ കണ്ണീരകറ്റുവാന്‍ കേരള സര്‍ക്കാര്‍ ഒരു പ്രവാസികണ്ണീര്‍ നിവാരണവകുപ്പ്‌ ആരംഭിക്കണമെന്നും അഭിപ്രായമുണ്ട്‌. പ്രവാസി നേതാക്കളെ സ്‌നേഹിക്കുന്ന നമുക്കോരുത്തര്‍ക്കും ഏറ്റുചെല്ലാം. പ്രവാസി നേതാക്കള്‍ സിന്ദാബാദ്‌. പ്രവാസി നേതാക്കള്‍ക്കു വേണ്ടിയുള്ള കണ്ണീര്‍ നിവാരണവകുപ്പു സിന്ദാബാദ്‌.

ഒരപേക്ഷകൂടി! മേലിലെങ്കിലും അമേരിക്കന്‍ മലയാളികളുടെ രക്ഷകരായി വിദൂഷവേഷവുമണിഞ്ഞു നിങ്ങള്‍ കേരളത്തിലെ രാഷ്‌ട്രീയ വിദൂഷകന്മാരുടെ മുന്നില്‍ പഞ്ചപുശ്‌ചമടക്കി ഓഛാനിച്ചു കുനിഞ്ഞു നില്‍ക്കുരുതേ! നിങ്ങള്‍ക്കു മാനമില്ലെങ്കിലും ഞങ്ങള്‍ സാദാ മലയാളികള്‍ക്കു നാണക്കേടാണത്‌! ഞങ്ങള്‍ അദ്ധ്വാനിച്ചു ജീവിക്കുന്നവരാണ്‌! മറക്കരുത്‌ ഈ വിദേശ മന്ത്രം!
സഹതപിക്കുന്നു സഹജരേ...(ബിനോയി സെബാസ്റ്റ്യന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക