Image

ഇന്ത്യ അതീവ ജാഗ്രതയിലേക്ക്‌...

Published on 17 January, 2013
ഇന്ത്യ അതീവ ജാഗ്രതയിലേക്ക്‌...
ഒരാഴ്‌ചക്കാലമായി അതിര്‍ത്തിയില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ചെറിയ അയവു വന്നിട്ടുണ്ടെങ്കിലും പുതിയ സംഭവ വികാസങ്ങള്‍ ഏറെ ഗുരുതരം തന്നെ. ഇന്ത്യാ പാക്‌ അതിര്‍ത്തിയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലേക്ക്‌ കടന്നുവെന്നാണ്‌ പുതിയ സാഹചര്യങ്ങളില്‍ നിന്നും മനസിലാക്കേണ്ടത്‌. എന്നാല്‍ പ്രശ്‌നം ഗുരുതരമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി തന്ത്രാധിഷ്‌ഠിതമായ നിലപാടാണ്‌ ഇന്ത്യ കൈക്കൊള്ളുന്നത്‌. എന്നാലും ചില ആശങ്കകള്‍ ശക്തമായി ബാക്കി നില്‍ക്കുന്നുമുണ്ട്‌.

അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്‌ക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചക്ക്‌ തയാറാണെന്ന്‌ പാക്‌ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി ഖര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ സൈനീകന്റെ തലവെട്ടിമാറ്റിയവര്‍ക്കെതിരെ നടപടി വേണം എന്ന ആവശ്യമടക്കമുള്ള കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിനില്ലെന്നും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ തിരക്കുപിടിച്ച്‌ വിദേശകാര്യമന്ത്രാലയ തലത്തിലുള്ള ചര്‍ച്ചകള്‍ക്ക്‌ ഇന്ത്യ തയാറല്ല എന്നുമാണ്‌ പുതിയ വിവരങ്ങള്‍. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ തന്നെയാണ്‌ ഇന്ത്യയുടെ നിലപാട്‌ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്‌. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത്‌ നിന്നും പ്രകോപനപരമായ കാര്യങ്ങള്‍ നിരവധിയായി ഉണ്ടാകുന്നുവെന്നും അതിനു പിന്നില്‍ രഹസ്യ അജണ്ടകള്‍ ഉണ്ടാകാമെന്നുമുള്ള വിലയിരുത്തലുള്ളതുകൊണ്ടാണ്‌ ഇന്ത്യ വിട്ടുവീഴ്‌ചയില്ലാത്ത നിലാപാട്‌ സ്വീകരിച്ചതെന്ന്‌ മനസിലാക്കണം. എന്നാല്‍ സൈനീക തല അനുരഞ്‌ജന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന്‌ സന്നദ്ധമായ നിലപാട്‌ തന്നെയാണ്‌ ഇന്ത്യ സ്വീകരിച്ചിട്ടുള്ളതും. പാകിസ്ഥാനും നിലവില്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിലേക്ക്‌ എത്തിച്ചേര്‍ന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. കഴിഞ്ഞ ബുധനാഴ്‌ച നടന്ന ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്‌ടര്‍ ജനറല്‍മാരുടെ ടെലിഫോണ്‍ ചര്‍ച്ചക്ക്‌ ശേഷമാണ്‌ വെടിനിര്‍ത്തലിലേക്ക്‌ പാകിസ്ഥാന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്‌.

എന്നാല്‍ പാക്‌ അതിര്‍ത്തിയിലെ കാര്യങ്ങളില്‍ അന്തിമ വാക്ക്‌ പാക്‌ സൈന്യത്തിന്റേത്‌ തന്നെയാണ്‌ എന്നതാണ്‌ പാകിസ്ഥാന്റെ ചരിത്രം വ്യക്തമാക്കുന്നത്‌. അതുകൊണ്ട്‌ തന്നെ അനുരഞ്‌ജനചര്‍ച്ചകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന്‌ വരുംദിവസങ്ങളിലേ വ്യക്തമാകു.

കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ഇരുരാജ്യങ്ങളും തമ്മില്‍ നടത്തി വരുന്ന ഉഭയകക്ഷി നയതന്ത്ര ബന്ധത്തെ സാരമായി ബാധിക്കുന്ന ചില പുതിയ വെളിപ്പെടുത്തലുകളും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നതാണ്‌ ഇപ്പോഴത്തെ സ്ഥിതിഗതികളെ കൂടുതല്‍ ഗുരുതരമായി കാണേണ്ടതായി വരുന്നത്‌. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയ നടന്ന രണ്ടു അക്രമങ്ങളിലായി ആറ്‌ ഇന്ത്യന്‍ സൈനീകരെ പാകിസ്ഥാന്‍ വധിക്കുകയും അവരുടെയെല്ലാം തലവെട്ടിമാറ്റുകയും ചെയ്‌തുവെന്ന്‌ ഇന്ത്യന്‍ കരസേന മേധാവി വിക്രം സിങ്‌ പത്രസമ്മേളനത്തില്‍ തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പാക്‌സൈന്യം ഇന്ത്യന്‍ സൈനീകന്റെ തലവെട്ടിമാറ്റിയത്‌ രൂക്ഷമായ പ്രതിസന്ധിയിലേക്ക്‌ കാര്യങ്ങളെ എത്തിച്ചതിന്‌ തൊട്ടു പിന്നാലെ തന്നെയാണ്‌ കരസേനാ മേധാവി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്‌. പാകിസ്ഥാനില്‍ നിന്നുമുണ്ടാകുന്ന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ എല്ലാപരിധികളും ലംഘിക്കുന്നു എന്നു തന്നെയാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. മാത്രമല്ല ഇന്ത്യക്കെതിരെ നടക്കുന്ന അക്രമണങ്ങളില്‍ തീവ്രവാദ സംഘടനയായ ലഷ്‌കറിന്‌ പങ്കുണ്ടെന്നതിന്‌ വ്യക്തമായ തെളിവുകളും ഇന്ത്യ കഴിഞ്ഞ ദിവസത്തെ ഫ്‌ളാഗ്‌ മീറ്റിംങില്‍ മുമ്പോട്ടു വെച്ചിരുന്നു. ഇതുകൊണ്ടു തന്നെ അതിര്‍ത്തിയിലെ സംഭവങ്ങളെ യുദ്ധസമാനമായ സാഹചര്യമായി തന്ന ഉന്നത സൈനീക നേതൃത്വം വിലിയിരുത്തുന്നുണ്ട്‌ എന്ന്‌ വ്യക്തമാണ്‌. അതിര്‍ത്തിയിലെ കമാന്‍ഡര്‍മാരോട്‌ ഏത്‌ സമയത്തും സജ്ജരായി ഇരിക്കുവാനുള്ള നിര്‍ദ്ദേശം ഇത്‌ വ്യക്തമാക്കുന്നുണ്ട്‌.

ഇപ്പോഴത്തെ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അന്താരാഷ്‌ട്ര സമൂഹത്തിന്‌ മുമ്പില്‍ മേല്‍ക്കൈ നേടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ പാക്‌ വിദേശ കാര്യമന്ത്രി ഹിനാ റബ്ബാനിയുടെ വാക്കുകളില്‍ നിന്ന്‌ വ്യക്തമാണ്‌. ഇന്ത്യയില്‍ നിന്നും യുദ്ധഭീഷണിയാണ്‌ ഉണ്ടാവുന്നതെന്നും ഇന്ത്യയിലെ നേതാക്കള്‍ യുദ്ധക്കൊതിയാണെന്നുമുള്ള ഹിനാ റബ്ബാനിയുടെ വാക്കുകളില്‍ ഇപ്പോഴുള്ള സ്ഥിതിഗതികളെ അന്താരാഷ്‌ട്ര സമൂഹത്തിന്‌ മുമ്പില്‍ എങ്ങനെയാണ്‌ ചിത്രീകരിക്കാന്‍ പാക്‌നേതൃത്വം ആഗ്രഹിക്കുന്നതെന്ന്‌ വ്യക്തം. പ്രശ്‌നത്തില്‍ ഏത്‌ യു.എന്‍ അന്വേഷണത്തെയും പാകിസ്ഥാന്‍ ആദ്യ ഘട്ടത്തില്‍ തുറന്ന്‌ സ്വാഗതം ചെയ്‌തതും അതുകൊണ്ടു തന്നെ. ഇപ്പോള്‍ അവര്‍ തന്നെ അതില്‍ നിന്നും പിന്നോട്ടു പോയിരിക്കുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ പാക്‌സൈന്യത്തിന്റെ ഇടപെടല്‍ വ്യക്തമായി ബോധ്യപ്പെട്ടതുകൊണ്ടാണ്‌ ഇപ്പോള്‍ പാക്‌ ഭരണകൂടം യു.എന്‍ അന്വേഷണത്തില്‍ നിന്നും പിന്നോട്ടു പോയിരിക്കുന്നതെന്ന്‌ മനസിലാക്കണം.

1999ല്‍ കാര്‍ഗില്‍ യുദ്ധകാലത്തും പാകിസ്ഥാന്റെ പ്രധാന തന്ത്രം കാശ്‌മീര്‍ പ്രശ്‌നം ആഗോളശ്രദ്ധയിലേക്ക്‌ കൊണ്ടു വരുക എന്നതായിരുന്നു. കാര്‍ഗീല്‍ യുദ്ധം കാശ്‌മീര്‍ പ്രശ്‌നത്തെ ആഗോള ശ്രദ്ധയിലേക്ക്‌ കൊണ്ടു വന്നുവെങ്കിലും അന്താരാഷ്‌ട്ര സമൂഹം പാകിസ്ഥാന്‌ എതിരാവുകയും ഇന്ത്യക്ക്‌ അനുകൂലമായ നിലപാടെടുക്കുകയുമാണ്‌ അന്ന്‌ ചെയ്‌തത്‌. പ്രത്യേകിച്ചും അമേരിക്കയുടെ നിലപാട്‌ ഇന്ത്യക്കൊപ്പമായിരുന്നു. അന്ന്‌ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ നിയന്ത്രണ രേഖ കടന്ന്‌ അക്രമണം നടത്തിയതിന്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനോട്‌ കടുത്ത ഭാഷയില്‍ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരായി പാകിസ്ഥാന്‍ ധരിപ്പിച്ച ന്യായങ്ങളൊന്നും അന്ന്‌ അമേരിക്ക മുഖവിലക്കെടുത്തിരുന്നില്ല. മാത്രമല്ല നുഴഞ്ഞു കയറ്റക്കാരെ നിയന്ത്രണ രേഖ കടന്നതില്‍ നിന്നും പിന്‍വലിക്കാന്‍ പാകിസ്ഥാന്‌ മേല്‍ അമേരിക്കന്‍ സമര്‍ദ്ദമുണ്ടാകുകയും ചെയ്‌തു. അതേ സമയം ഒരിക്കല്‍ പോലും നിയന്ത്രണ രേഖ ലംഘിക്കാതിരിക്കാനും, സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക്‌ കടക്കാതിരിക്കാനും ഇന്ത്യ കാണിച്ച ജാഗ്രതയെ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു ബില്‍ക്ലിന്റണ്‍. മറ്റു ജി-8 രാജ്യങ്ങളുടെ നിലപാടും ഇന്ത്യക്ക്‌ അനുകൂലമായിരുന്നു. ചൈന പാകിസ്ഥാന്റെ സഖ്യകക്ഷിയായിരുന്നെങ്കിലും സൈനീകരെ പിന്‍വലിക്കാന്‍ അവരോട്‌ ആവിശ്യപ്പെട്ടു. അങ്ങനെ കാര്‍ഗില്‍ യുദ്ധത്തില്‍ അന്താരാഷ്‌ട്ര സമീപനം ഇന്ത്യക്ക്‌ അനുകുലമായിരുന്നു. യുറോപ്യന്‍ യൂണിയനും പാകിസ്ഥാന്റെ നിയന്ത്രണ രേഖയുടെ ലംഘനത്തെ നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്താരാഷ്‌ട്ര സമീപനം തങ്ങള്‍ക്ക്‌ അനുകൂലമാക്കാന്‍ കഴിവതും പരിശ്രമിക്കുന്ന നീക്കങ്ങളാണ്‌ പാകിസ്ഥാന്റെ നയതന്ത്ര തലത്തില്‍ കാണുന്നത്‌. ഇന്ത്യയില്‍ നിന്നും യുദ്ധവെറിയുണ്ടാകുന്നു എന്ന തരത്തിലുള്ള പാക്‌ വിദേശ കാര്യമന്ത്രിയുടെ പ്രസ്‌താവനകളെ പരിശോധിക്കുമ്പോള്‍ ഇത്‌ വ്യക്തമാകും.

കാര്‍ഗില്‍ യുദ്ധത്തിന്റെ അനന്തരഫലമായി ഇന്ത്യ ഒട്ടാകെ ദേശിയതയെ മുറകെപിടിച്ചുവെങ്കില്‍ പാകിസ്ഥാനില്‍ അത്‌ സൈനീക അട്ടിമറിക്കാണ്‌ കളമൊരുക്കി കൊടുത്തത്‌ എന്നതും ശ്രദ്ധേയമാണ്‌. 1999 ഒക്‌ടോബര്‍ 12നാണ്‌ അന്നത്തെ പാകിസ്ഥാന്‍ സൈനീക മേധാവി പര്‍വേസ്‌ മുഷറഫ്‌ പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തത്‌.

പാകിസ്ഥാനിലെ നിലവിലുള്ള സ്ഥിതിഗതികള്‍ വിശകലനം ചെയ്‌താല്‍ തീര്‍ത്തും നിരാശാജനകമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ പാകിസ്ഥാനിലേത്‌. നിരവധിയായ പ്രശ്‌നങ്ങള്‍ പാകിസ്ഥാനെ പിടികൂടിയിരിക്കുകയാണ്‌. അതില്‍ പ്രധാനമാണ്‌ ഭരണം പിടിച്ചെടുക്കാന്‍ സൈന്യത്തിന്‌ താത്‌പര്യമുണ്ട്‌ എന്ന വിധത്തിലുള്ള നിരീക്ഷണങ്ങള്‍. സര്‍ക്കാര്‍ രാജിവെക്കണമെന്നും സൈന്യത്തിന്റെയും കോടതിയുടെയും നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ സ്ഥാപിക്കണമെന്നും ആവിശ്യപ്പെട്ട്‌ മതപണ്‌ഡിതന്‍ മുഹമ്മദ്‌ താഹിറൂല്‍ ഖദ്‌രി നടത്തുന്ന സമരങ്ങള്‍ക്ക്‌ പിന്നില്‍ സൈന്യത്തിന്റെ അജണ്ടയാണെന്ന്‌ ഇപ്പോള്‍ സജീവമായി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഖദ്‌രിയുടെ സമരത്തിന്‌ ജനസമ്മതി ഏറി വരുന്നതിനെ ഏറെ ആകാംക്ഷയോടെയാണ്‌ പാക്‌ ഭരണകൂടം നോക്കി കാണുന്നത്‌. പാക്‌സൈനീക നേതൃത്വത്തെ പിന്തുണയ്‌ക്കുന്ന നിലപാടാണ്‌ ഖദ്‌രിയുടേത്‌. ഇതോടൊപ്പം തന്നെ പ്രധാനമാണ്‌ അഫ്‌ഗാന്‍ മേഖലയില്‍ താലിബാനുമായുള്ള തുറന്ന ചര്‍ച്ചക്ക്‌ പാകിസ്ഥാന്‍ സൈനീക മേധാവി പര്‍വേസ്‌ കയാനിയുടെ നേതൃത്വത്തിലുള്ള ഇടപെടല്‍. ഇവിടെ പാക്‌ ഭരണകൂടത്തെക്കാള്‍ മുന്‍പന്തിയില്‍ ചര്‍ച്ചകള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ സൈനീക മേധാവി പര്‍വേസ്‌ കയാനിയാണ്‌. നയതന്ത്ര തലത്തില്‍ പാക്‌ പട്ടാള നേതൃത്വത്തിന്‌ വര്‍ദ്ധിച്ചു വരുന്ന സ്വാധീനം തന്നെയാണ്‌ ഈ നീക്കങ്ങളൊക്കെ സൂചിപ്പിക്കുന്നത്‌.

പാക്‌ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫിനെ അറസ്റ്റ്‌ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവും ഇവിടെ ഏറെ ശ്രദ്ധേയമാണ്‌. മത പണ്‌ഡിതന്‍ മുഹമ്മദ്‌ താഹിറൂല്‍ ഖദ്‌രിയുടെ ഏറിയ പ്രശംസ ഇപ്പോള്‍ പാക്‌ സുപ്രീംകോടതിയും നേടിയെടുക്കുന്നുണ്ട്‌. പാക്‌ പ്രധാനമന്ത്രിയെ തന്നെ അറസ്റ്റ്‌ ചെയ്യണമെന്ന നിര്‍ദ്ദേശം ഭരണകൂടവും സുപ്രീം കോടതിയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്കാണ്‌ ചെന്നെത്തുക എന്ന്‌ വിലയിരുത്തപ്പെടുന്നു. അടുത്ത മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പിന്‌ മുമ്പു തന്നെ സൈന്യം ഭരണം ഏറ്റെടുത്തേക്കുമോ എന്ന ആശങ്ക ശക്തിപ്രാപിക്കുന്നത്‌ ഇവിടെയാണ്‌. അതിനുള്ള രാഷ്‌ട്രീയ നീക്കങ്ങളുടെ ഒരുമറയായിട്ടാണോ അതിര്‍ത്തിയെ വര്‍ദ്ധിക്കുന്ന സംഘര്‍ഷങ്ങളെന്നതും തള്ളിക്കളയാന്‍ കഴിയില്ല. കാരണം കാര്‍ഗില്‍ യുദ്ധത്തിന്റെ ചരിത്രം പറയുന്നത്‌ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ പാക്‌ ഭരണകൂടത്തേക്കാള്‍ താത്‌പര്യങ്ങളുള്ളത്‌ പാക്‌ സൈന്യത്തിനാണ്‌ എന്നതാണ്‌.

എന്തായാലും ഇന്ത്യ സ്വീകരിച്ചിരിക്കുന്ന തന്ത്രാധിഷ്‌ഠിത നിലപാടുകള്‍ ഗുരുതരമായ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്നും തടയും എന്നു തന്നെ പ്രതീക്ഷിക്കാം. ഇരുരാജ്യങ്ങളും ആണവ ശക്തികളാണ്‌ എന്നത്‌ ഒരു കാരണവശാലും ഒരു യുദ്ധത്തിലേക്ക്‌ സ്ഥിതിഗതികള്‍ ചെന്നെത്താതിരിക്കേണ്ടതിന്റെ ആവിശ്യകത കൂടുതല്‍ മുന്നോട്ടുവെക്കുന്നുണ്ട്‌. അതുകൊണ്ടു തന്നെ ഇന്ത്യ - പാക്‌ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ ലഘൂകരിക്കപ്പെടാന്‍ അന്താരാഷ്‌ട്ര സമൂഹവും ശ്രദ്ധവെക്കുമെന്ന്‌ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക