Image

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ. സജിനയ്ക്ക്

അനില്‍ പെണ്ണുക്കര Published on 14 January, 2013
ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ. സജിനയ്ക്ക്
തിരുവനന്തപുരം : മലയാളത്തിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിന് ഫൊക്കാന കേരള സര്‍വ്വകലാശാലയുമായി ചേര്‍ന്നു നല്‍കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന് ഡോ.സജിന അര്‍ഹയായി. 50000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പുരസ്‌കാരത്തിന് അര്‍ഹമാകുന്ന പ്രബന്ധം കേരള സര്‍വ്വകലാശാല പ്രസിദ്ധീകരിക്കും. അവാര്‍ഡിനും പ്രസിദ്ധീകരണത്തിനുമുള്ള തുക ഫൊക്കാനാ നല്‍കും.

ഭാഗവതം ഇരുപത്തിനാലു വൃത്തം -സംശോധിത സംസ്‌കരണവും, പഠനവും എന്ന പ്രബന്ധമാണ് അവാര്‍ഡിന് അര്‍ഹമായത്. കേരള സര്‍വ്വകലാശാല ഓറിയന്റെല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് മനുസ്‌ക്രിപ്റ്റ് ലൈബ്രറ്റി മേധാവി ഡോ.കെ.ജി.ശ്രീലേഖയാണഅ ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്. കേരളാ സര്‍വ്വകലാശാലയില്‍ നിന്നുമാണ് പി.എച്ച്.ഡി. ലഭിച്ചത്.

വിഷയത്തിന്റെ പ്രസക്തിയും പ്രാധാന്യവും, രീതി ശാസ്ത്രത്തിന്റെ ഭദ്രത, കണ്ടെത്തലുകളുടെ മൗലികത, ഭാഷയുടെ ശാസ്ത്രീയത, ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 15 മലയാളം പി.എച്ച്.ഡി. തീസീസുകളില്‍ നിന്നാണ് ഡോ.സജിനയുടെ പ്രബന്ധം തിരഞ്ഞെടുത്തത്.

പ്രാചീനകൃതികളുടെ പാഠസംസ്‌കരണത്തില്‍ ഗവേഷണ താല്‍പര്യം വേണ്ടത്ര സൂക്ഷ്മത കാട്ടിയിരിക്കുന്നു. ഗ്രന്ഥനാമം, കര്‍ത്താവ് മുതലായകാര്യത്തില്‍ നിലവിലിരിക്കുന്ന അവ്യക്തതകള്‍ പരിഹരിക്കാന്‍ സമര്‍ത്ഥമായി ശ്രമിച്ചിരിക്കുന്നു എന്ന് വിധിനിര്‍ണ്ണയം നടത്തിയ മുന്‍ മലയാളം വകുപ്പദ്ധ്യക്ഷന്‍ ഡോ.ഡി.ബെഞ്ചമിന്‍, കവി ഡോ.ദേശമംഗലം രാമകൃഷ്ണന്‍, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സമിതി ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് 2007 ല്‍ കേരള സര്‍വകലാശാല നടത്തിയ സുവര്‍ണ്ണകേരളം പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഇത്.

വര്‍ക്കല ചെറുന്നിയൂര്‍ നിലാജ്ഞനത്തില്‍ എന്‍.ഗോപാലകൃഷ്ണന്‍ നായരുടെയും ജയശ്രീയുടെയും മകളായ ഡോ.സജിന ഇപ്പോള്‍ ചിറയിന്‍കീഴ് പ്രേംനസീര്‍ മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ അദ്ധ്യാപികയാണ്. ഭര്‍ത്താവ് പി.ശശികുമാര്‍ ആറ്റിങ്ങല്‍ ന്യൂ ഇന്‍ഡ്യ അഷ്വറന്‍സ് കമ്പനിയില്‍ ജോലിചെയ്യുന്നു.
ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ. സജിനയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക