Image

മനസ്‌ തെളിച്ച വഴികളിലൂടെ (കഥ: റീനി മമ്പലം)

റീനി മമ്പലം (reenimambalam@gmail.com) Published on 14 January, 2013
മനസ്‌ തെളിച്ച വഴികളിലൂടെ (കഥ: റീനി മമ്പലം)
പുറത്തെ സാന്‍ഡ്‌ ബോക്‌സില്‍ കളിച്ചു കൊണ്ടിരുന്ന കെവിനെ നിര്‍ബന്ധിച്ച്‌ അകത്ത്‌ കൊണ്ടുവന്നത്‌ ഇഷ്ടപ്പെടാഞ്ഞതിനാല്‍ അവന്‍ ചിണുങ്ങി. ബാത്ത്‌ റ്റബ്ബിലെ ഇളംചൂടുള്ള വെള്ളത്തില്‍ ഇറങ്ങിയതോടെ അവന്റെ നഷ്ടപ്പെട്ട ഉത്സാഹം വീണ്ടുകിട്ടി. ഇന്ന്‌ അഛന്‍ വരുന്നു. തലേ ആഴ്‌ച വിളിച്ചപ്പോള്‍ വരേണ്ടന്ന്‌ പറയാമായിരുന്നു. ഉള്ളിലടക്കിയിരുന്ന വാശി കടല്‍പോലെ ഇപ്പോഴും ഇരമ്പിയാര്‍ക്കുന്നു.

`കെവിന്‍, ഗ്രാന്‍പ വരുന്നു, വെളിയില്‍ കളിച്ച്‌ പിന്നെയും ഉടുപ്പ്‌ ചെളിയാക്കരുത്‌'. അവന്റെ ചുരുണ്ട മുടി ഒതുക്കിവെച്ച്‌ സോഫയില്‍ ഇരുത്തി.

വെളിയില്‍ കളിച്ചതിന്റെ ക്ഷീണം കൊണ്ടും കുളികഴിഞ്ഞ സുഖം കൊണ്ടും അവന്റെ കണ്ണുകളടഞ്ഞു.
അഛന്റെ വാടക കാര്‍ െ്രെഡവേ കയറിവരുന്നതു കണ്ട്‌ അവള്‍ കതക്‌ തുറന്നു. ഡോര്‍ ബെല്ലടിച്ച്‌ കെവിനെ ഉണര്‍ത്തേണ്ടല്ലോ!

അഛനിറങ്ങി ട്രങ്ക്‌ തുറന്ന്‌ പെട്ടിയെടുക്കുമ്പോള്‍ അവള്‍ അറിയാതെ പാസഞ്ചര്‍ സൈഡിലേക്ക്‌ നോക്കിപ്പോയി. നീണ്ടമുടി പിന്നിയിട്ട്‌ നെറ്റിയില്‍ സിന്ദൂരവുമിട്ട അമ്മ കാറില്‍ നിന്നിറങ്ങുമെന്ന്‌ പ്രതീക്ഷിച്ചാവണം അവളുടെ കണ്ണുകള്‍ കാറിന്റെഡോറില്‍ ഉടക്കിനിന്നത്‌.

അഛന്‍ വളരെ പ്രസന്നനായിരുന്നു, അവളെ അതിശയിപ്പിക്കും വിധം. ജീവിതം അഛനോട്‌ ചേര്‍ന്നുനില്‍ക്കും പോലെ. കുറച്ചു തടിച്ചിട്ടുണ്ട്‌, പുറത്തുനിന്ന്‌ ഭക്ഷിക്കുന്നതുകൊണ്ടാവാം. ക്ഷീണിതനായി ജീവിതം മുരടിച്ചു തുടങ്ങിയ ഒരാളെയാണ്‌ അവള്‍ പ്രതീക്ഷിച്ചിരുന്നത്‌.

`ലക്ഷ്‌മി, നിനക്കു സുഖമല്ലേ, കുട്ടി' എന്ന്‌ ചോദിച്ച്‌ അഛന്‍ അവളെ കെട്ടിപ്പിടിച്ച്‌ നെറുകയില്‍ ചുംബിച്ചു. കഴിഞ്ഞ രണ്ടുമൂന്ന്‌ വര്‍ഷങ്ങളായി അവള്‍ക്കായി കരുതിവെച്ചിരുന്ന സ്‌നേഹമെല്ലാം വരമ്പുകള്‍ തകര്‍ത്ത്‌ അവളിലേക്ക്‌ ഒഴുക്കിവിടുമ്പോലെ. അവള്‍ക്ക്‌ പുറകെ അയാള്‍ അകത്തുകയറി.

അദ്ദേഹം സോഫയില്‍ കിടന്നുറങ്ങുന്ന കെവിനെ നോക്കി.

`പാവം, ഗ്രാന്‍പയെ നോക്കിയിരുന്ന്‌ ഉറങ്ങിപ്പോയി' അയാളുടെ നോട്ടം കെവിനില്‍ തറഞ്ഞു നിന്നു, അവന്റെ ചുരുണ്ടമുടിയും പതിഞ്ഞ മൂക്കും അല്‍പ്പം തടിച്ച ചുണ്ടുകളും ആദ്യമായി കാണുന്ന നോട്ടം.

`സന്ദീപ്‌ എവിടെ' സ്വപ്‌നത്തില്‍ നിന്ന്‌ ഉണര്‍ന്നതുപോലെ അഛന്‍ ചുറ്റും നോക്കി.

ഉച്ചതിരിഞ്ഞ ആ സമയം സന്ദീപ്‌ ഓഫീസില്‍ ആണന്ന്‌ അഛന്‌ അറിയാമെങ്കിലും കൊച്ചു വര്‍ത്തമാനങ്ങള്‍ക്കായി ശ്രമിക്കുകയാണ്‌. കനം കുറഞ്ഞ നിമിഷങ്ങള്‍ അന്തരീക്ഷത്തില്‍ ആടിത്തുടങ്ങിയിരുന്നു.

ഉറങ്ങിയെണീറ്റ്‌ ലക്ഷ്‌മിയുടെ പുറകില്‍ ഒളിച്ചു നിന്ന്‌ തന്നെ നോക്കിയ പേരക്കുട്ടിയെ കണ്ടപ്പോള്‍ അയാള്‍ക്ക്‌ തികച്ചും കുറ്റബോധം തോന്നി. അയാള്‍ പെട്ടി തുറന്ന്‌ കെവിനുവേണ്ടി വാങ്ങിയ കളിപ്പാട്ടങ്ങള്‍ കാട്ടി അവനെ തന്നിലേക്ക്‌ ആകര്‍ഷിപ്പിക്കുവാന്‍ ശ്രമിച്ചു.

അയാള്‍ അവസാനം ലക്ഷ്‌മിയെ കണ്ടത്‌ അവളുടെ അമ്മയുടെ ഫ്യൂണറല്‍ ദിവസ്സമാണ്‌.

അമ്മ മരിച്ച വിവരം ഒരു കുടുംബസുഹൃത്ത്‌ പറഞ്ഞ്‌ ലക്ഷ്‌മിയും സന്ദീപും അറിഞ്ഞിരുന്നു.

`വാശി അരുത്‌ ലക്ഷ്‌മി, നിന്റെ അമ്മയല്ലേ, പോകാന്‍ ഒരുങ്ങിക്കോളു' സന്ദീപ്‌ ആണ്‌ അവളോട്‌ പറഞ്ഞതും യാത്രക്കു വേണ്ട ഒരുക്കങ്ങള്‍ നടത്തിയതും. വാശി മാത്രമായിരുന്നില്ല, അഛനെ നേരിടുന്നതിനുള്ള വിഷമവും ഉണ്ടായിരുന്നു.

`ഞങ്ങള്‍ ഒരു വിളിപ്പാട്‌ അകലെ മാത്രം. എന്തെങ്കിലും ആവശ്യം തോന്നുമ്പോള്‍ വിളിക്കു'.

അവള്‍ ഫോണ്‍ നമ്പര്‍ കൊടുക്കുമ്പോള്‍ അഛന്‍ തലകുമ്പിട്ടിരിക്കയായിരുന്നു. തല ഉയര്‍ത്തി നോക്കുകയോ അവളോട്‌ സംസാരിക്കുയോ ചെയ്‌തില്ല. അമേരിക്കയില്‍ തനിയെയുള്ള വാസം ദുസ്സഹമാണ്‌. ഇവിടത്തെ ഏകാന്തത ആഴക്കടലിന്റെ അടിയിലകപ്പെട്ടന്നതുപോലെയാണ്‌. ശ്വാസം മുട്ടിക്കുന്ന ഏകാന്തത. വെറുതെയൊന്ന്‌ കുശലം പറയാന്‍ കൂടി ആരും കയറി വരില്ല.

ഡിന്നര്‍ കഴിക്കുമ്പോള്‍ ലക്ഷ്‌മിയുടെ കറികളെക്കുറിച്ച്‌ നല്ല വാക്കുകള്‍ പറയുവാന്‍ അഛന്‍ മറന്നില്ല. സന്ദീപിനെ പാത്രങ്ങള്‍ കഴുകുവാന്‍ സമ്മതിക്കാതെ അഛന്‍ തന്നെ അതെല്ലാം ഡിഷ്‌ വാഷറില്‍ എടുത്തുവെച്ചു. അവളുടെ ശ്വാസം നിലക്കുമൊ എന്നു പോലും തോന്നിപ്പിച്ച്‌ കെവിന്‍ ഉറങ്ങുന്നതിന്‌ മുമ്പായി അവന്‌ കഥപുസ്‌തകം വായിച്ചുകൊടുത്തു . വായനക്കിടയില്‍ അവന്റെ ചുരുണ്ട മുടിയിലൂടെ അയാള്‍ വിരലോടിച്ചു.

കെവിന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. സന്ദീപ്‌ ഓഫീസ്‌ സംബന്ധമായ കാര്യങ്ങളുമായി ഓഫീസ്‌ മുറിയിലായിരുന്നു. ടി വി ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

`ലക്ഷ്‌മി, ഞാനും നിന്റെ അമ്മയും നിന്നോട്‌ ചെയ്‌തിട്ടുള്ള എല്ലാപ്രവൃത്തികള്‍ക്കും ഞാന്‍ സോറി പറയുന്നു. നീ ക്ഷമിക്കുമല്ലോ? നിന്നെ കോണ്ടാക്‌റ്റ്‌ ചെയ്യുവാന്‍ പലതവണ ഞാന്‍ തയ്യാറായതാണ്‌. അമ്മ അതിന്‌ സമ്മതിച്ചില്ല. നിന്റെ അമ്മയും വലിയ വാശിക്കാരിയായിരുന്നു. അതുകൊണ്ട്‌ എനിക്ക്‌ നഷ്ടമായത്‌ എന്റെ മകളെയും പേരക്കുട്ടിയെയും ആണ്‌.'

അവളുടെ കണ്ണുകളിലെ നീര്‍ത്തടാകങ്ങള്‍ തുളുമ്പിയൊഴുകി. തെറ്റുകള്‍ അവളുടെ പക്ഷത്തും ഉണ്ടായിരുന്നല്ലോ. ആറ്റുനോറ്റ്‌ വളര്‍ത്തിക്കൊണ്ടുവന്ന മകള്‍ അവരെ ധിക്കരിച്ച്‌ ഒരു കറുത്തവംശജനെ വിവാഹം കഴിക്കുക എന്നത്‌ അവര്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു, പ്രേമത്തിന്‌ കണ്ണില്ലല്ലോ! അമ്മയുടെ സുഹൃത്തിന്റെ മകനും നാട്ടിലെ ഒരു ഡോക്ടറുമായ ഒരാളുടെ ആലോചനയുമായി അവര്‍ കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സമയം, മകളെ കല്ല്യാണം കഴിക്കുന്നതു ഒരു ഡോക്ടറോ എഞ്ചിനീയറോ ആയിരിക്കണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളുവെന്ന്‌ തോന്നിപ്പിക്കും വിധം. ജോര്‍ഡനെ വിവാഹം കഴിക്കുന്ന പ്രശ്‌നമേയില്ലെന്നും അഥവാ വിവാഹം കഴിച്ചാല്‍പിന്നെ `നീ എന്റെ മകളല്ല' എന്നു വരെ അന്ന്‌ അമ്മ പറഞ്ഞു.

അവള്‍ അന്ന്‌ പ്രണയത്തിന്റെ ഉച്ചകോടിയില്‍ നില്‍ക്കുന്ന സമയം. അന്ധമായ പ്രണയം. ചുരുണ്ടമുടിയും പതിഞ്ഞ മൂക്കും അല്‍പം തടിച്ച ചുണ്ടുകളും ഉള്ള ജോര്‍ഡന്‍ അവളുടെ ദിവസങ്ങളുടെ സ്വൈരത കെടുത്തി അവളെ പ്രണയത്തിന്റെ കൊടുമുടിയിലേക്ക്‌ കയറ്റിവിട്ടു. അവര്‍ പ്രണയമഴയില്‍ നനഞ്ഞ്‌ തോരുവാനാവാതെ കുതിരുകയായിരുന്നു.

ആരെയും അറിയിക്കാതെ ജോര്‍ഡനെ രജിസ്റ്റര്‍ മാരിയേജ്‌ ചെയ്‌തത്‌ അമ്മയുടെ കൂട്ടുകാരിയുടെ മകന്‍ വിസിറ്റിങ്ങ്‌ വീസയില്‍ അമേരിക്കക്ക്‌ വരുന്നതിന്‌ തൊട്ടുമുമ്പാണ്‌. അയാള്‍ക്ക്‌ അവളെ വധുവായി നല്‍കുവാന്‍ അവര്‍ ആലോചിച്ചുറപ്പിച്ചിരുന്നു. വിസിറ്റിങ്ങ്‌ വീസക്ക്‌ മുന്‍കൈ എടുത്തത്‌ അവളുടെ അഛനും അമ്മയും. അവരെയും കുറ്റം പറയുവാനാവില്ലല്ലോ. മക്കളുടെ ക്ഷേമവും അവരുടെ ഡോളറിന്റെ സമൃദ്ധിയും ആണല്ലോ ഏതൊരു പേരന്റ്‌സിന്റെയും നേട്ടങ്ങളില്‍ ഒന്ന്‌. യാതൊരു മുന്‍പരിചയും ഇല്ലാത്തൊരാളുമായി ജീവിതകാലം മുഴുവന്‍ ചെലവഴിക്കുന്നതിനെക്കുറിച്ച്‌ ഒരു തമാശയായിപോലും അവള്‍ക്ക്‌ ചിന്തിക്കാനായില്ല. ജോര്‍ഡനെ വിവാഹം കഴിച്ചതോടെ കുടുംബബന്ധങ്ങള്‍ തൂവലിന്റെ കനം വെച്ച്‌ എവിടെയോ പറന്നുപോയി. .

പുസ്‌തകത്താളുകള്‍ മറിയുമ്പോലെ അവളുടെ മുന്നില്‍ കഴിഞ്ഞകാലങ്ങള്‍ തുറന്നു മറിഞ്ഞു.

ജീവിതം ചിറകടിച്ച്‌ പറന്നുയരും മുമ്പെ ഒട്ടും പ്രതീക്ഷിക്കാതെ ജോര്‍ഡന്‍ മരിച്ചു. ഒരു സമ്മറില്‍ സുഹൃത്തുക്കളുടെ വീട്ടില്‍ ഒരു ഔട്ട്‌ ഡോര്‍ പാര്‍ട്ടിക്കു പോയതാണ്‌. ഡൈവിങ്ങ്‌ ബോര്‍ഡില്‍ നിന്ന്‌ വെള്ളത്തിലേക്ക്‌ ചാടുമ്പോള്‍ ബാലന്‍സ്‌ തെറ്റി സ്വിമ്മിങ്ങ്‌ പൂളിന്റെ വക്കത്ത്‌ തല ഇടിച്ച്‌ വീഴുമെന്ന്‌ വിചാരിച്ചില്ല. അന്ന്‌ കെവിന്‌ ഒരു വയസുതന്നെ പ്രായം ഉണ്ടായിരുന്നില്ല.

കറുത്ത വേഷങ്ങളുമായി ഫ്യൂണറല്‍ ഹോമില്‍ അവള്‍ക്ക്‌ ചുറ്റും ഉണ്ടായിരുന്നവരുടെയിടയില്‍ നിന്ന്‌ പരിചിതമായൊരു പുരുഷശബ്ദം കേട്ടു `മോളെ, വീട്ടിലേക്ക്‌ വരു. ഞങ്ങള്‍ ഒക്കെയില്ലേ, ഇവിടെ തനിയെ താമസിക്കേണ്ടല്ലോ'

അന്ന്‌ വാശിയായിരുന്നു, മകളെ പുറന്തള്ളിയ അഛനോടും അമ്മയോടും. അവരുടെ വാക്ക്‌ ധിക്കരിച്ച്‌, അവരെ വേണ്ടന്നു വെച്ച്‌ ഒരിക്കല്‍ ഇറങ്ങിപ്പോയവളല്ലേ? രണ്ടുജോലിയെടുത്തു ജീവിക്കുവാനുള്ള വരുമാനം ഉണ്ടാക്കിയത്‌ അവരെ ആവശ്യമില്ലെന്നു തെളിയിക്കുന്നതിനു വേണ്ടിയായിരുന്നു. ജീവിതം കുണ്ടില്‍ തള്ളയിട്ടവള്‍ക്ക്‌ എഴുന്നേറ്റുനില്‍ക്കുവാന്‍ കഴിയുമെന്ന്‌ ലോകത്തിന്‌ കാണിച്ചുകൊടുക്കുന്ന തന്ത്രപ്പാടിലായിരുന്നു അവള്‍ അടുത്ത കുറെ നാളത്തേക്ക്‌.

ഇതിനിടയില്‍ ആരോ പറഞ്ഞറിഞ്ഞു അനിയന്‍ സുനില്‍ വീട്ടില്‍ വരാറില്ലെന്നും വഴക്കുപിടിച്ച്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോയി സ്വന്തമായി ഒരു അപ്പാര്‍ട്ട്‌മെന്റ്‌ എടുത്തുതാമസമായി എന്നും.

മഞ്ഞുപൊഴിയുന്ന ഒരു സന്ധ്യക്കാണ്‌ ഒരിക്കല്‍ സുനിലിന്റെ ഫോണ്‍ വന്നത്‌.

`ലക്ഷ്‌മി, ഞാന്‍ വീട്ടില്‍ നിന്ന്‌ താമസം മാറ്റി, സ്വന്തമായി അപ്പാര്‍ട്ട്‌മെന്റ്‌ എടുത്തു' അനിയന്റെ ശബ്ദം, കേട്ടപ്പോള്‍ സന്തോഷം തോന്നി. മാറിത്താമസിക്കാനുള്ള അവന്റെ തീരുമാനത്തെക്കുറിച്ച്‌ അഭിമാനവും. അഛനും അമ്മക്കും അവന്‍ കൂടെത്താമസിക്കുന്നതാണ്‌ ഇഷ്ടമെന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു, ആണ്‍കുട്ടിയല്ലേ!

`നല്ലത്‌ തന്നെ സുനില്‍, നിന്നെയൊന്ന്‌ കാണുവാന്‍ ആഗ്രഹമുണ്ട്‌' അവള്‍ക്ക്‌ പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

`ലക്ഷ്‌മി, ഞാന്‍ വിളിച്ചതു...അവന്‍ നിന്നു പരുങ്ങി. എനിക്ക്‌ കുറച്ചു പൈസ വേണമായിരുന്നു. ഈ മാസത്തെ വാടക കൊടുക്കാനില്ലാത്ത ഞാന്‍ എങ്ങിനെ പ്ലെയിന്‍ റ്റിക്കറ്റെടുക്കും? ഒരു അബദ്ധം പറ്റി ലക്ഷ്‌മി, ഒരു വീക്കെന്റില്‍ ഗാംബ്‌ളിങ്ങിന്‌ പോയി. ഒരു ആവേശത്തിന്‍ വിചാരിച്ചതിലധികം പൈസ അങ്ങനെ ചിലവായി. കടമായിട്ടു മതി. ഞാന്‍ ഉടനെ തിരിച്ചു തരാം.'

രണ്ടുജോലിചെയ്‌ത്‌ ഉണ്ടാക്കിയ പൈസയാണ്‌. ഉടന്‍ തന്നെ അവന്‌ ചെക്ക്‌ അയച്ചു. തിരികെ കിട്ടില്ലെന്നു അവള്‍ക്ക്‌ മനസ്സിലാവാന്‍ മാസങ്ങള്‍ കഴിയേണ്ടിവന്നു. പിന്നെ അവനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതുമില്ല.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുനിലിന്റെ ഒരു കളക്‌റ്റ്‌ കോള്‍ കിട്ടി. അവന്‌ ഫോണും പൈസയും ഇല്ലാത്തതിനാലാണ്‌ കളക്‌റ്റ്‌ കോള്‍ വിളിക്കുന്നതെന്ന്‌ അറിയിച്ചു. ഗാംബ്‌ളിങ്ങും കള്ളും ഒരു ഭ്രാന്തും ലഹരിയുമായി മാറിയ അവന്‌ ഗാംബ്‌ളിങ്ങില്‍ സമ്പാദ്യം നഷ്ടപ്പെട്ടു. ജോലിയിലുള്ള അലസതയും ഉത്തരവാദിത്വമില്ലായ്‌മയും നിമിത്തം ജോലിയും നഷ്ടപ്പെട്ടു. വാടക്കുടിശ്ശിക കൂടിവന്നപ്പോള്‍ തെരുവിലായി.

ഇതെല്ലാം ഒരു ദുഃസ്വപ്‌നത്തിലെന്നപോലെ അവള്‍ കേട്ടുനിന്നു. രണ്ടുദിവസത്തിനുശേഷം ഫ്‌ലൈറ്റില്‍ ഇരിക്കുമ്പോള്‍ സുനില്‍ ഏതുനിലയിലായിരിക്കുമെന്ന്‌ അവള്‍ക്ക്‌ യാതൊരു ഊഹവും ഇല്ലായിരുന്നു.

ഹോംലെസ്സ്‌ ഷെല്‍റ്ററില്‍ ഇരിക്കുന്ന പ്രാകൃതരൂപം സുനിലാണന്ന്‌ വിശ്വസിക്കുവാനായില്ല. ഷേവ്‌ ചെയ്യാത്ത മുഖം, നീണ്ടുവളര്‍ന്നമുടി. `നോക്കു ലക്ഷ്‌മി, ഇവിടെ എനിക്ക്‌ ഫ്രീ ഭക്ഷണം, ഫ്രീ കിടക്ക. വാടക കൊടുക്കെണ്ട'. രാജകീയമായ ജീവിതം. അവന്‍ ഉറക്കെ ചിരിച്ചു, ഭ്രാന്തന്മാര്‍ ചിരിക്കും പോലെ.

`ചിലപ്പോള്‍ റോഡില്‍ നിന്ന്‌ തെണ്ടും. ഒന്നും കഴിച്ചിട്ടില്ല എന്ന്‌ ആളുകളോട്‌ പറയും. സഹതാപം തോന്നുന്നവര്‍ ചിലപ്പോള്‍ ഒരു ഡോളര്‍ വരെ തരും. എല്ലാം കൂട്ടിവെച്ച്‌ ഞാന്‍ കള്ളു വാങ്ങി കുടിക്കും.സുഖ ജീവിതം. നിന്നെപ്പോലെ കുട്ടികളും പ്രാരാബ്ദവും ഒന്നും എനിക്കില്ല. I am a free soul. ജീവിക്കയാണെങ്കില്‍ ഇങ്ങനെ വേണം'. അവന്‍ വീണ്ടും ഭ്രാന്തമായി ചിരിച്ചു.

അവള്‍ക്ക്‌ സുനിലിനെ കൊച്ചുന്നാളിലെമാതിരി ചേര്‍ത്തു പിടിക്കണമെന്നു തോന്നി.

`വേണ്ട ലക്ഷ്‌മി, നാറുന്നുണ്ടാകും, കുളിച്ചിട്ട്‌ രണ്ട്‌ ദിവസമായി'.

ലക്ഷ്‌മിക്ക്‌ കരച്ചില്‍ വന്നു.

`നിനക്ക്‌ അച്ഛനെ വിളിച്ച്‌ വീട്ടില്‍ പോയിക്കൂടെ? അച്ഛന്‍ നിന്നെ അന്വേഷിച്ച്‌ വന്നില്ലേ?'

`അച്ഛന്‍ അന്വേഷിച്ചിരുന്നു. പക്ഷെ വേണ്ട ലക്ഷ്‌മി, അവര്‍ക്ക്‌ ഒരു നാണക്കേടായിട്ട്‌ മടങ്ങി ചെല്ലുവാന്‍ വയ്യ. അവര്‍ എന്നോട്‌ എന്താണ്‌ പറയുന്നതെന്തന്ന്‌ അറിയാം. പിന്നെ ഉപദേശിക്കാനും തുടങ്ങും' അവന്‍ തലകുമ്പിട്ടിരുന്നു. ഇവിടെ എന്റെ ജീവിതം നരകമെങ്കിലും എനിക്ക്‌ ഫ്രീഡം ഉണ്ട്‌. അതൊരു വലിയ കാര്യമല്ലേ?'

സുനിലിനെ വീട്ടിലേക്ക്‌ കൊണ്ടുപോകണമെന്നും കൂടെക്കൂട്ടണമെന്നും തോന്നി. സ്വന്തം ദാരിദ്ര്യവും കഷ്ടപ്പാടും ശമ്പളചെക്കില്‍ നിന്ന്‌ ശമ്പളചെക്കിലേക്കുള്ള ജീവിതവും അവളുടെ ചിന്തയെ കുടുക്കി. ദൈനംദിന ജീവിതത്തില്‍ അവന്‍ ശല്ല്യമാവുമെന്നും അവള്‍ ഭയന്നു. യുവത്വത്തിന്റെ നാല്‍ക്കവലയില്‍ എത്തുംവരെ അവരുടെ വഴികള്‍ ഒന്നായിരുന്നു. പിന്നെ അച്ഛനും അമ്മയും തിരഞ്ഞുകൊടുത്ത സുരക്ഷിത വഴികള്‍ അവഗണിച്ചുകൊണ്ട്‌ മനസുതെളിച്ച വഴിയെ നടന്നവര്‍.

സ്വന്തം ദാരിദ്ര്യത്തിന്റെ ഭീഷണിയില്‍ അവനെ അവിടെ ഉപേക്ഷിച്ച്‌ മടങ്ങി.

തരംകിട്ടുമ്പോഴോക്കെ ഷെല്‍ട്ടറിലേക്ക്‌ വിളിച്ച്‌ സുനിലിനോട്‌ സംസാരിച്ചു. ഒരു പ്രഭാതത്തില്‍ സുനില്‍ ഷെല്‍ട്ടര്‍ വിട്ട്‌ തെരുവിലേക്കിറങ്ങും മുമ്പ്‌ അവനോട്‌ സംസാരിക്കണമെന്ന്‌ തോന്നി. `സുനില്‍ എവിടെയെന്ന്‌ അറിയില്ലല്ലോ മാഡം. ഇവിടെ വന്നിട്ട്‌ കുറച്ചു ദിവസങ്ങളായി. സുനില്‍ എപ്പോഴെങ്കിലും തിരിച്ചത്തിയാല്‍ വിവരം അറിയിക്കാം'.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സുനില്‍ താമസിച്ചിരുന്ന സിറ്റിയുടെ ഓണ്‍ലയിന്‍ ന്യൂസുകളില്‍ പരതി നടന്നു. മോഷണക്കുറ്റത്തിന്റെ പേരില്‍ ഒരു അറസ്റ്റ്‌ അല്ലെങ്കില്‍ തിരിച്ചറിയാന്‍ കഴിയാത്ത അനാഥമായൊരു ജഡം. ...


`ലക്ഷ്‌മി, നിനക്ക്‌ സുനിലിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം?'

അഛന്റെ കണ്ണില്‍ ആശയുടെ കറുകനാമ്പുകള്‍ തലയുയര്‍ത്തി.

`ഇല്ല'. അവന്‍ സിറ്റിയിലെ ഏതെങ്കിലും റെയില്‍വേ സ്‌റ്റേഷന്റെ തറയില്‍ മൂടിപ്പുതച്ച്‌ കിടക്കുകയോ
അല്ലെങ്കില്‍ ഭിക്ഷ ചോദിക്കുകയോ അവാം. ദാരിദ്ര്യത്തിന്റെ ഭീക്ഷണിയില്‍ അവനെ നഷ്ടപ്പെട്ട സ്വാര്‍ഥമായ ഏതാനും നിമിഷങ്ങള്‍ അവളോര്‍ത്തു.

`ലക്ഷ്‌മി, നിന്നോടായിരുന്നുവല്ലോ അവന്‌ അടുപ്പം. നീയുമായിട്ടെങ്കിലും ബന്ധം പുലര്‍ത്തുമെന്ന്‌ വിചാരിച്ചു'.

ഇപ്പോള്‍ അവര്‍ക്കിടയില്‍ തിരയടങ്ങിയ സാഗരം. അഛന്‍ മൂകനായി. അവരുടെയിടയില്‍ നിമിഷങ്ങള്‍ തണുത്തുറഞ്ഞു.

ജോര്‍ഡന്റെ മരണശേഷം ഓഫീസില്‍ ജോലിചെയ്യുന്ന സന്ദീപിനെ പരിചയപ്പെട്ടത്‌ ഒരു സാധാരണ സൗഹൃദത്തിലൂടെയാണ്‌. അയാളുടെ സാന്നിധ്യത്തില്‍ ദിവസ്സങ്ങള്‍ തീവണ്ടിവേഗത്തില്‍ കടന്നുപോയി. അകന്നിരിക്കുമ്പോള്‍ അവള്‍ക്ക്‌ അയാളെ കാണണമെന്ന്‌ തോന്നി, കാണുമ്പോള്‍ നെഞ്ചോട്‌ ചേര്‍ത്തുപിടിക്കണമെന്ന്‌ തോന്നി, ചുണ്ടുകളുടെ ചൂട്‌ അറിയണമെന്ന്‌ തോന്നി. ഇനിയുള്ള ജീവിതം ഒന്നിച്ചുകഴിയുവാന്‍ ആഗ്രഹം തോന്നി. അവള്‍ ജോര്‍ഡന്റെ ഓര്‍മ്മകളില്‍ നിന്ന്‌ കുറേശ്ശേ വിടുതല്‍ തേടി. അയാളുടെ സ്‌നേഹത്തിന്റെ കുളിര്‍മ്മ അവളും കെവിനും അനുഭവിച്ചു. അവള്‍ പ്രണയനദിയില്‍ വീണ്ടും നീന്തിത്തുടിച്ചു. പകല്‍ കിനാവുകളില്‍ മുങ്ങിത്താണു. തനിയെ ജീവിച്ച്‌ അവള്‍ക്ക്‌ മതിയായിരുന്നു.

കാലത്ത്‌ മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യുവാന്‍ അച്ഛന്‌ ഡൈനിങ്ങ്‌ റ്റേബിളിനരികെ ?ഔട്ട്‌ലെറ്റ്‌? കാട്ടിക്കൊടുത്തതും ലക്ഷ്‌മി തന്നെ. മുകളില്‍ ബെഡ്‌റൂമില്‍ വെച്ചാല്‍ ഫോണ്‍ അടിക്കുമ്പോള്‍ കേള്‍ക്കില്ല എന്നായിരുന്നു അവളുടെ ചിന്ത.

മൊബൈല്‍ ഫോണ്‍ അടിച്ചപ്പോള്‍ അഛന്‍ കുളിക്കുകയായിരുന്നു. മേശപ്പുറത്തുനിന്ന്‌ കെവിന്റെ കളിപ്പാട്ടം മാറ്റുന്നതിനിടയില്‍ ലക്ഷ്‌മി ഫോണിലേക്ക്‌ എത്തിനോക്കി. ഒരു സ്‌ത്രീയുടെ ചിത്രം സ്‌ക്രീനില്‍ തെളിയുന്നു. പരിചയമുള്ള ആരെങ്കിലും ആവാം എന്നവള്‍ ചിന്തിച്ചു.

`അച്ഛനെ ആരോ വിളിച്ചിരുന്നു'.

കുളി കഴിഞ്ഞിറങ്ങിയ അച്ഛനെ ലക്ഷ്‌മി അറിയിച്ചു.

അഛന്‍ മിസ്‌ഡ്‌ കോള്‍ നോക്കുന്നതും പിന്നീട്‌ ഫോണ്‍ ഊരിയെടുത്ത്‌ പറമ്പിലെ മേപ്പിള്‍ മരത്തണലില്‍ ഇരുന്ന്‌ സംസാരിക്കുന്നതും അവള്‍ ശ്രദ്ധിച്ചു. അഛന്റെ മുഖത്ത്‌ ആനന്ദരേഖകള്‍ തെളിയുന്നു. മുത്തശ്ശന്റെ അടുക്കലേക്ക്‌ പോകുവാന്‍ വാശിപിടിച്ച്‌ കെവിന്‍ കരഞ്ഞു. അവന്‍ ഇറങ്ങിപ്പോയി അഛനെ ശല്യം ചെയ്യാതിരിക്കുവാന്‍ അവള്‍ പുറത്തേക്കുള്ള വാതില്‍ അടച്ച്‌ തഴുതിട്ടു.

പ്രഭാതത്തിലെ തണുത്ത കാറ്റും അഛനും ഒരു മൂളിപ്പാട്ടോടെ അകത്തുവന്നപ്പോള്‍ ഒരു ആനന്ദസാഗരം ചുറ്റും ഒഴുകിപ്പടര്‍ന്നു. അഛന്‍ തമാശകള്‍ പറഞ്ഞു.

ഉച്ചക്ക്‌ ലഞ്ചിനുശേഷം കെവിന്‍ ഉറക്കമായിരുന്നു. എന്തോ പറയുവാന്‍ ശ്രമിക്കുന്നതുപോലെ അഛന്‍ അസ്വസ്ഥനായി.

`ലക്ഷ്‌മി, നിന്നോട്‌ ഒരു കാര്യം പറയണമെന്നുണ്ട്‌. നീ കൂടി അറിഞ്ഞിരിക്കണമല്ലോ!'

കയ്യിലിരുന്ന ന്യൂസ്‌പേപ്പറില്‍ കണ്ണോടിച്ച്‌ വായിക്കുകയാണെന്ന്‌ ഭാവിച്ച്‌ അഛന്‍ പറഞ്ഞു `എനിക്കൊരു ഗേള്‍ ഫ്രെണ്ട്‌ ഉണ്ട്‌'.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജോര്‍ഡന്റെ കാര്യം വീട്ടില്‍ പറഞ്ഞ രംഗം ലക്ഷ്‌മിയുടെ മനസില്‍ തെളിഞ്ഞു വന്നു.

`അവരുടെ പേര്‍ ജെസ്സിക്ക. എന്റെ കൂടെ ജോലി ചെയ്യുന്ന അവരെ നിന്റെ അമ്മ മരിക്കുന്നതിനുമുമ്പ്‌ അറിയാമായിരുന്നു. നിന്റെ അമ്മയുടെ മരണശേഷം ഞങ്ങള്‍ അടുത്തു. അവര്‍ ഒരു ഇന്റെലെക്‌ച്വല്‍ സ്‌ത്രീയാണ്‌. ഞങ്ങള്‍ക്കിടയില്‍ സംസാരിക്കുവാന്‍ ധാരാളം വിഷയങ്ങള്‍ ഉണ്ട്‌. ഞാന്‍ അവരെ ഇഷ്ടപ്പെടുന്നു, അവര്‍ എന്നെയും. ഇനിയുള്ള ജീവിതം ഒന്നിച്ചു ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു.' തന്റെ മുന്നിലിരിക്കുന്നത്‌ പതിനാറുവയസ്സുള്ള ഒരു ചെക്കനാണോ എന്ന്‌ ലക്ഷ്‌മിക്ക്‌ തോന്നി.

മിക്കവാറും സമയം പൂജാമുറിയില്‍ ദൈവങ്ങളുമായി സമയം ചെലവഴിച്ച അമ്മയെ അവള്‍ ഓര്‍ത്തു. കുട്ടികള്‍ തിരഞ്ഞെടുത്ത വഴികള്‍ അമ്മയെ പൂജാമുറിയിലെ മറ്റൊരു കല്‍പ്രതിമയാക്കി മാറ്റിക്കാണും .

`എന്റെ ഫോണില്‍ ജെസ്സിക്കയുടെ ഫോട്ടൊ ഉണ്ട്‌'.

അഛന്‍ ധൃതിയില്‍ മൊബൈല്‍ ഫോണില്‍ തിരഞ്ഞു.

സ്‌ക്രീനില്‍ ഒരു ചിത്രം തെളിഞ്ഞു. ഒറ്റ നോട്ടത്തില്‍ ജോര്‍ഡന്റെ അമ്മയെ ഓര്‍പ്പിക്കുന്ന ഒരു സ്‌ത്രീയുടെ ചിത്രം. ഇരുണ്ട നിറവും ചുരുണ്ടമുടിയും അല്‌പ്പം പതിഞ്ഞ മൂക്കുമായി.....

(ദേശാഭിമാനി വാരികയോട്‌ കടപ്പാട്‌)
മനസ്‌ തെളിച്ച വഴികളിലൂടെ (കഥ: റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക