Image

കഥാസാഗരത്തിലെ കവിതകള്‍ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 14 January, 2013
കഥാസാഗരത്തിലെ കവിതകള്‍ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
കഥയില്ലാക്കവിതയും
കവിതയില്ലാക്കഥയും
രചനാചാലകതന്ത്രത്തില്‍
ചാലകമ്പോളത്തിലെ
ചലിക്കാത്ത വില്‌പനച്ചരക്ക്‌.

കഥയാനയുടെ
ഇരുപത്തിരണ്ടാംമാസ
ഗര്‍ഭച്ഛിദ്രമോ?
കാവ്യസുന്ദരിയുടെ
പത്താംമാസ
പുനര്‍ജന്മമോ?
ഏറെ കഷ്‌ടം ഏതിനെന്ന്‌
ഗൃഹാതുര ഗര്‍ഭപീഡയും
പ്രാസപ്രസവവേദനയും
ശതമാനമാപിനിയില്‍
അക്കക്കുറിയാക്കി
കളരിപ്പയറ്റിന്‍ മെയ്‌വഴക്കം.

കഥയറിയാതാട്ടനാട്യത്തില്‍
ആട്ടക്കഥ ഗദ്യമാക്കുന്നതോ?
കവിത നുണയാക്കപടഗാത്ര-
സ്സുതാര്യ വസ്‌ത്രനിഴല്‍
പദസമൂഹ പദ്യമാക്കുന്നതോ?

ഏറെ കഷ്‌ടം ഏതിനെന്ന്‌
കഷ്‌ടിയായ്‌ ഗണിക്കാന്‍
കുരുടിച്ച കവിടിനിരയില്‍
ദുഷ്‌മന്ത്രദണ്ഡുമുന ചുഴറ്റി
ആദിമകാവ്യനഭസ്സില്‍
നക്ഷത്രമെണ്ണി പകയകറ്റി
പുറപ്പാടിന്‍ ചേങ്ങലക്കെട്ടുകള്‍
ചെണ്ടമദ്ദള കലാശക്കൊട്ടിന്‍
ചുട്ടികുത്തില്‍ മയങ്ങിടാതെ
നാല്‍വരിക്കവിതയിലൊളിക്കും
ബ്രഹ്മാണ്ഡ സത്യസൂക്തം
ഉദ്ധരണിയില്‍ ജഗദുദ്ധാരണം
സാദ്ധ്യമാം പ്രസംഗവേദിയില്‍
അലയടിക്കുമന്തിമശക്തി.

കഥയില്ലാക്കവിതയും
കവിതയില്ലാക്കഥയും
രചനാചാലകതന്ത്രത്തില്‍
ചാലകമ്പോളത്തിലെ
ചലിക്കാത്ത വില്‌പനച്ചരക്ക്‌!

കഥാസാഗരത്തിലെ കവിതകള്‍ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക