Image

ലിങ്കണും ലൈഫ് ഓഫ് പൈയും ഓസ്‌കാര്‍ നോമിനേഷനുകളില്‍ മുന്നില്‍

Published on 11 January, 2013
ലിങ്കണും ലൈഫ് ഓഫ് പൈയും ഓസ്‌കാര്‍ നോമിനേഷനുകളില്‍ മുന്നില്‍
എണ്‍പത്തി അഞ്ചാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അന്തിമ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു. ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈയും സ്പീല്‍ബെര്‍ഗിന്റെ ലിങ്കണുമാണ് നോമിനേഷനുകളില്‍ മുന്നില്‍. മികച്ച സംവിധായകന്‍,മികച്ച ചിത്രം, നടന്‍ എന്നിവ ഉള്‍പ്പടെ 12 നോമിനേഷനുകളാണ് ലിങ്കണ് ലഭിച്ചിരിക്കുന്നത്. ലൈഫ് ഓഫ് പൈയ്ക്ക് 11 നോമിനേഷനുകള്‍ ലഭിച്ചു. ലൈഫ് ഓഫ് പൈയിലെ ഗാനത്തിന് ഇന്ത്യക്കാരിയായ കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീക്കും നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. 
 
ലോസ് ആഞ്ചലസിലെ ബെവേര്‍ലി ഹില്‍സിലെ ഗോല്‍ഡ്വിന്‍ തിയേറ്ററില്‍ ഹോളിവുഡ് അഭിനേതാക്കളായ സേത് മാക്ഫല്‍റിനും എമ്മ സ്‌റ്റോണും ചേര്‍ന്നാണ് നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചത്. അതേ സമയം മത്സരത്തിനുണ്ടായിരുന്ന ഇന്ത്യന്‍ ചിത്രങ്ങളെല്ലാം പുറത്തായി.
 
ലിങ്കണ്‍ എന്ന ചിത്രത്തില്‍ എബ്രഹാം ലിങ്കണെ അനശ്വരമാക്കിയ ഡാനിയെല്‍ ഡെ ലൂവിസ് , ഫ്‌ലൈറ്റിലെ അഭിനയത്തിനു ഡെന്‍സല്‍ വാഷിങ്ടന്‍ , ലെസ് മിസറബിള്‍സ് എന്ന ചിത്രത്തിലെ നായകന്‍ ഹ്യൂജ് ജാക്ക്മാന്‍, സില്‍വര്‍ ലൈനിംഗ്‌സ് പ്ലേബുക്ക് എന്ന സിനിമയിലെ നായകന്‍ ബ്രാഡ്‌ലി കൂപ്പര്‍, മാസ്റ്ററിലെ നായകന്‍ ജൊവാക്വിന്‍ ഫീനിക്‌സ് എന്നിവര്‍ക്കാണ് മികച്ച നടനുള്ള നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്.
 
 
ബെന്‍ സെയാറ്റ്‌ലിന്റെ 'ബീസ്റ്റ്‌സ് ഓഫ് ദി സതേണ്‍ വൈല്‍ഡി'ലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് 9 വയസ്സുകാരി ക്യുവെന്‍ഷെയ്ന്‍ വാലിസ് മികച്ച നടിയ്ക്കുള്ള നോമിനേഷന്‍ നേടി. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു കുട്ടി മികച്ച നടിയ്ക്കുള്ള നോമിനേഷന് അര്‍ഹയാകുന്നത്.
 
പോണ്ടിച്ചേരിയിലെ പൈ പട്ടേല്‍ എന്ന ബാലന്റെ ജീവിതമാണ് 'ലൈഫ് ഓഫ് പൈ' എന്ന നോവലിന്റെ ആധാരം, കുടുംബത്തോടൊപ്പം കാനഡയിലേക്ക് പോകവേ, സമുദ്രയാത്രയ്ക്കിടെ കപ്പല്‍ തകര്‍ന്ന് ഒറ്റപ്പെട്ടു പോകുന്ന പൈ, ഒരു ലൈഫ്‌ബോട്ടില്‍ സീബ്ര, ബംഗാള്‍ കടുവ, ഒറാങ്ഉട്ടാന്‍, കഴുതപ്പുലി എന്നീ ജീവികള്‍ക്കൊപ്പം കഴിയേണ്ടിവരുന്നു. തുടര്‍ന്ന് പൈ നടത്തുന്ന 227 ദിവസത്തെ സാഹസിക യാത്രയാണ് ലൈഫ് ഓഫ് പൈയുടെ പ്രമേയം.
 
അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ കഥ പറയുന്ന ചിത്രമാണ് ലിങ്കണ്‍. അടിമത്തം അവസാനിപ്പിക്കാന്‍ വേണ്ടി ലിങ്കണ്‍ നടത്തിയ പോരാട്ടങ്ങളാണ് പ്രധാനമായും ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഫെബ്രുവരി 24നാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. 
 
 
പ്രധാന ഓസ്‌കര്‍ നോമിനേഷനുകള്‍.
 
മികച്ച സംവിധാനം: ആങ് ലീ, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ഡേവിഡ് ഒ റസ്സല്‍, ബെന്‍ സെയിറ്റിലിന്‍, മൈക്കല്‍ ഹാനകെ,
 
മികച്ച ചിത്രം: ലൈഫ് ഓഫ് പൈ, ആമോര്‍, ആര്‍ഗൊ, ലിങ്കന്‍, ലെസ് മിസറബിള്‍സ്, ബീറ്റ്‌സ് ഓഫ് ദി സതേണ്‍ വൈല്‍ഡ്, സില്‍വര്‍ ലൈനിംഗ്‌സ് പ്ലേ ബുക്ക്, ജാങ്കോ അണ്‍ചെയിന്‍ഡ്, സീറോ ഡാര്‍ക്ക് തേര്‍ട്ടി
 
മികച്ച നടന്‍ : ജൊവാക്വിം ഫിനിക്‌സ്, ഹ്യൂഗ് ജാക്മാന്‍, ഡാനിയല്‍ ഡെ ലൂയിസ്, ഡെന്‍സല്‍ വാഷിംഗ്ടണ്‍, ബ്രാഡ്‌ലി കൂപ്പര്‍, 
 
മികച്ച നടി: ഇമ്മാനുവേല്‍ റിവ, ക്യുവാന്‍ഷൈന്‍ വാലിസ്, ജെസീക്ക ചാസ്റ്റണ്‍, ജെന്നിഫര്‍ ലോറന്‍സ്, നവോമി വാട്‌സ്, ഇമ്മാനുവേല്‍ റിവ

ലിങ്കണും ലൈഫ് ഓഫ് പൈയും ഓസ്‌കാര്‍ നോമിനേഷനുകളില്‍ മുന്നില്‍ലിങ്കണും ലൈഫ് ഓഫ് പൈയും ഓസ്‌കാര്‍ നോമിനേഷനുകളില്‍ മുന്നില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക