Image

ലാളിത്യത്തിന്റെ ഇടയന്, നിര്‍വ്യാജ സ്‌നേഹം നിറഞ്ഞ അന്ത്യാജ്ഞലി

ജോര്‍ജ് തുമ്പയില്‍ Published on 09 January, 2013
ലാളിത്യത്തിന്റെ ഇടയന്, നിര്‍വ്യാജ സ്‌നേഹം നിറഞ്ഞ അന്ത്യാജ്ഞലി
ഫിലഡല്‍ഫിയാ : ലാളിത്യത്തിന്റെ ആള്‍രൂപവും നിഷ്‌കളങ്കതയുടെ പ്രതിരൂപവുമായ ഇടയശ്രേഷ്ഠന്റെ മുപ്പതാം അടിയന്തിരം നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.
വിശ്വസിച്ചതില്‍ വിട്ടുവീഴ്ചയില്ലാതെയും, വിശ്വസിക്കാത്തതിനോട് വിരോധം പുലര്‍ത്താതെയും, ബന്ധങ്ങളെ മാനിച്ചും അവ ബന്ധനങ്ങളാവാതെ സൂക്ഷിച്ചും ഡോ.സി.ബാബു പോള്‍ വിശേഷിപ്പിച്ച ആചാര്യശ്രേഷ്ഠന് അമേരിക്കയിലെ മലയാളി സമൂഹം മനസില്‍ തട്ടിയ അന്ത്യാജ്ഞലിയാണ് ഫിലഡല്‍ഫിയയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നല്‍കിയത്. ജനുവരി 5 ശനിയാഴ്ച രാവിലെ മുതല്‍ തന്നെ വാഷിംഗ്ടണ്‍ മുതല്‍ ബോസ്റ്റണ്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് തങ്ങളുടെ ആത്മീയ പിതാവിന്റെ മുപ്പതാം അടിയന്തിര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം എത്തിയിരുന്നു. 9മണിക്ക് തുടങ്ങിയ പ്രഭാത നമസ്‌കാരത്തിന് ശേഷം നടന്ന വി.കുര്‍ബ്ബാനയില്‍ മെത്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് പ്രധാന കാര്‍മ്മികനായിരുന്നു. ഭദ്രാസനത്തിലെ ഒട്ടു മിക്ക വൈദികരും സഹകാര്‍മ്മികരായി ശുശ്രൂഷകളില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന അനുസ്മരണാ യോഗത്തിന് മുന്നോടിയായി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ജീവിത രേഖകളിലേക്ക് വെളിച്ചം വീശുന്ന കവിത പാരായണം ചെയ്തു.
യോഗത്തില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരുന്നു. അമേരിക്കന്‍ ഭദ്രാസനങ്ങളെ വിശുദ്ധിയുടെയും, സ്‌നേഹത്തിന്റെയും, താഴ്മയുടെയും പാഠങ്ങള്‍ പഠിപ്പിച്ച തന്റെ ആത്മീയ പിതാവിനോടൊപ്പം കഴിയുവാന്‍ കഴിഞ്ഞ ധന്യമുഹൂര്‍ത്തങ്ങളെ സ്മരിച്ച മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താസാധാരണഗതിയില്‍ വികാരവിക്ഷോഭങ്ങള്‍ക്ക് അടിമപ്പെടാത്ത ആളാണ് താനെന്ന് പറഞ്ഞു. പക്ഷെ ഇപ്പോള്‍ വികാരാധീനനാവുകയാണ്. എന്റെ പിതാവിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ മാര്‍ ബര്‍ണബാസ് തിരുമേനിയൊടൊപ്പം ഉണ്ടും ഉറങ്ങിയും അടുത്തിടപഴകി ജീവിക്കുവാന്‍ സാധിച്ചു. ആരെയും വ്രണപ്പെടുത്താതെ ആശാവഹമായ, ആശ്വാസദായകമായ ഒരു തലത്തില്‍ എത്തുവാന്‍ തങ്ങള്‍ക്ക് സാധിച്ചു. നേരെ വാ, നേരെ പോ എന്ന പ്രകൃതക്കാരായിരുന്നു തിരുമേനി. കാര്യബോധത്തിന്റെയും വിചാരശീലത്തിന്റെയും ഉത്തമഉദാഹരണവും ആയിരുന്നു. ഭദ്രാസനത്തിലെ ഇടകകളുടെയും ഇടവകജനങ്ങളുടെയും ആത്മീയാഭിവൃദ്ധി ജീവിതവ്രതമായി കണ്ടു. മറ്റുള്ളവര്‍ എന്തു പറയും എന്ത് വിചാരിക്കും എന്നതൊരു പ്രശ്‌നമേയല്ലായിരുന്നു. ക്രിസ്തുവിന്റെ പ്രതിപുരുഷനായിരിക്കുക എന്നതായിരുന്നു എപ്പോഴത്തെയും ചിന്ത. ചില കാര്യങ്ങളില്‍ ഞങ്ങള്‍ വ്യത്യസ്തധ്രുവങ്ങളിലും ആയിരുന്നു. മെത്രാപ്പോലീത്താമാരുടെ ഇടയില്‍ ഏറ്റം കുറിയ ആള്‍ മാര്‍ ബര്‍ണബാസ് തിരുമേനിയും, വലുത് ഞാനുമായിരുന്നു, കൂട്ടചിരിക്ക് തിരികൊളുത്തി മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ പറഞ്ഞു, മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ആത്മീയ പൈതൃകം ഭദ്രാസനം തുടരണം എന്ന ആഹ്വാനത്തോടെയാണ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ തന്റെ അദ്ധ്യക്ഷപ്രസംഗം ഉപസംഹരിച്ചത്.
തുടര്‍ന്ന് അര്‍മ്മീനിയന്‍ അപ്പോസ്‌തോലിക് ചര്‍ച്ച് ഓഫ് യുഎസ്എ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ഓഷാഗാന്‍ ചെളോയോന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാര്‍ ബര്‍ണബാസ് തിരുമേനിയുടെ പാവനസ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഭൗതീകമായി മാത്രം ചിന്തിക്കുന്നവര്‍ ഈ നിയോഗത്തെ അന്ത്യമായി കാണുന്നു. പക്ഷെ യാഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഇത് തുടക്കം മാത്രമാണ്. ഇന്നിവിടെ വായിച്ച്‌കേട്ട വി.യോഹന്നാന്റെ സുവിശേഷത്തിലും അത് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഒരുങ്ങിയിരിക്കുക, ദൈവം എപ്പോള്‍ വരുമെന്നറിയില്ല. ഓശാനാ പെരുന്നാളിന്റെ ഈ നാളുകളില്‍ ബര്‍ണബാസ് തിരുമേനിയുടെ വേര്‍പാടിന്റെ ദുഃഖം നാമറിയുന്നു. പക്ഷെ നമുക്ക് സമാശ്വസിക്കാം കാരണം, ഒരിയ്ക്കല്‍ നാമോരോരുത്തരും ഈ ലൗകീകജീവിതത്തില്‍ നിന്ന് വേര്‍പ്പെട്ട് മാര്‍ ബര്‍ണബാസ് തിരുമേനിയൊടൊപ്പം ചേരേണ്ടവരാണ്.
മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ/ യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഗീവറുഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പാ, മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ദൈവത്തിന് നന്ദികളേകി കൊണ്ടാണ് തന്റെ സ്മരണകള്‍ അയവിറക്കിയത്. ലാളിത്യത്തിന്റെ സ്വരൂപമായിരുന്നു തിരുമേനി. എന്തിലും സംതൃപ്തി കണ്ടെത്തിയ മഹാനുഭാവന്‍. ഉള്ളത് ധാരാളം. മതി, വേണ്ട എന്ന രണ്ട് വാക്കുകള്‍ ജീവിത സായന്തമാക്കിയ സാത്വികന്‍. പ്രത്യേകമായി മൂന്ന് കാര്യങ്ങളില്‍ തിരുമേനി ശ്രദ്ധചെലുത്തി. പ്രാര്‍ത്ഥനാ പുസ്തകങ്ങളും, ആരാധനാക്രമങ്ങളും തര്‍ജ്ജമ ചെയ്ത് എല്ലാവരിലും എത്തിക്കുന്നതില്‍, പുതുതലമുറയെ ആത്മീയതയിലേക്ക് നയിക്കുന്നതില്‍, സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കുന്നതില്‍.
സീറോ മലങ്കര കാത്തലിക്ക് എക്‌സര്‍ക്കേറ്റ് ഓഫ് യുഎസ്എ അധിപന്‍ മോസ്റ്റ് റവ. ഡോ.തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, മാര്‍ ബര്‍ണബാസ് തിരുമേനിയുടെ വിലപ്പെട്ട ശുശ്രുഷക്ക് ദൈവത്തിന് നന്ദി കരേറ്റികൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. ഞങ്ങളുടെ ആദ്യ കണ്ടുമുട്ടല്‍ വളരെ ശ്രേഷ്ഠമായിരുന്നു. അതിന്‌ശേഷം അഭിവന്ദ്യ തിരുമേനിയെപ്പറ്റഇ കൂടുതല്‍ അിറയുവാനിടയായി. തിരുമേനി വ്യത്യസ്ഥനായ ഒരു പിതാവായിരുന്നു. ഉപഭോക്ത സംസ്‌കാരം നടമാടുന്നയുഗത്തിലും താപസശ്രേഷ്ഠനായി അദ്ദേഹം ജീവിച്ചു. ഭൗതികത മറികടന്നും ജീവിക്കാനാവുമെന്ന് സ്വജീവിതത്താല്‍ അദ്ദേഹം പഠിപ്പിച്ചു. ക്രൈസ്തവ ജീവിതത്തിന്റെ ഉത്തമ ഉദാഹരണമാണ് മാര്‍ ബര്‍ണബാസ്. കാലഘട്ടത്തിനനുസരിച്ച്, ജീവിക്കുന്ന ചുറ്റുപാടുകള്‍ക്ക് അനുസൃതമായി കാര്യങ്ങളെ എങ്ങിനെ രൂപാന്തരപ്പെടുത്താം എന്നും അദ്ദേഹം പഠിപ്പിച്ചു.

തുടര്‍ന്ന് ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ സന്ദേശങ്ങള്‍ വായിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ, ഫിലഡല്‍ഫിയ മേയര്‍ മൈക്കിള്‍ നാഡര്‍, ന്യൂയോര്‍ക്ക് സിറ്റഇ മേയര്‍ മൈക്കിള്‍ ബ്‌ളൂബര്‍ഗ്, ഫിലഡല്‍ഫിയ ടോം കോര്‍ബറ്റ്, യുഎസ് കോണ്‍ഗ്രസ്മാന്‍ ചാള്‍സ് സുഗര്‍ട്ടി എന്നിവരുടെ സന്ദേശങ്ങളാണ് വായിച്ചത്.
സൗത്ത് വെസ്റ്റ് അമേരിക്കന്‍ മെത്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ സന്ദേശം വായിച്ച ഭദ്രാസന സെക്രട്ടറി ഫാ.ജോയി പൈങ്ങോലില്‍ അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തു.
പിന്നീട് ഭദ്രാസനത്തിലെ വിവിധ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പ്രതിനിധീകരിച്ച് താഴെപ്പറയുന്നവരും തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു: ഫാ.ഫിലിപ്പ് സി.ഏബ്രഹാം (ക്‌ളേര്‍ജി ഫെല്ലോഷിപ്പ്), ഫാ.സിബിവര്‍ഗീസ് (മാര്‍ ബര്‍ണബാസിന്റെ പേഴ്‌സണല്‍ സെക്രട്ടിമാര്‍), കോരസണ്‍ വറുഗീസ്(സഭാ മാനേജിംഗ് കമ്മറ്റി), ഡോ.സാഖ് സഖറിയ(ഭദ്രാസന കൗണ്‍സില്‍), ബെന്നി വറുഗീസ്( സണ്‍ഡേ സ്‌ക്കൂള്‍), ജെസി മാത്യൂ(മാര്‍ത്തമറിയം വനിതാ സമാജം), ഡീക്കന്‍ ഡെന്നീസ് മത്തായി(എം.ജി.ഓ.സി.എസ്.എം), ഫാ.സുജിത് തോമസ് (ഫോക്കസ്/ ഫാമിലി കോണ്‍ഫറന്‍സ്).
മുപ്പതാം അടിയന്തിരം പ്രമാണിച്ച് ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച അനുസ്മരണആ ബുക്കിന്റെ (
ദ സെയ്ന്റിലി മാന്‍ )പ്രകാശനകര്‍മ്മമാണ് പിന്നീട് നടന്നത്. മാര്‍ ബര്‍ണബാസ് തിരുമേനിയെക്കുറിച്ച് അടുത്തറിവുള്ളവരുടെ അനുസ്മരണങ്ങളും കുറിപ്പുകളും ഫോട്ടോകളും പത്രറിപ്പോര്‍ട്ടുകളും അടങ്ങിയ 100 പേജുകളുള്ള ബുക്കിന്റെ ആദ്യപ്രതി സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ റൈറ്റ് റവ.ഡോ.ഗീവറുഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പക്ക് നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ഫാ. ഷേബാലിയാണ് എഡിറ്റര്‍.
മാര്‍ ബര്‍ണബാസ് തിരുമേനിയുടെ പാവനസ്മരണ നിലനിര്‍ത്തുന്നതിനായി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന കൗണ്‍സിലിംഗ് സെന്ററിന് വേണ്ടിയുള്ള എന്‍ഡോവ്‌മെന്റിന്റെ ഉദ്ഘാടനവും തദവസരത്തില്‍ തന്നെ നടന്നു.
ഭദ്രാസന സെക്രട്ടറി ഫാ.എം.കെ. കുറിയാക്കോസ് സ്വാഗതവും ഭദ്രാസന കൗണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തോടുകൂടിയാണ് അനുസ്മരണായോഗം സമാപിച്ചത്.
സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ജനങ്ങള്‍ എല്ലാവര്‍ക്കും ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. നെയ്യപ്പം നേര്‍ച്ചയും ഉണ്ടായിരുന്നു.
ദൈവത്തിന്റെ കൃപ എന്ന തന്റെ ആത്മകഥയില്‍ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ബാല്യകാല വര്‍ണ്ണനയില്‍ അങ്ങേലോകത്ത് ചെല്ലുമ്പോള്‍ , കണ്ണിന് കാഴ്ചയും, ചെവിക്ക് കേള്‍വിയും ഉണ്ടാകുമെന്ന് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ സൂചിപ്പിക്കുന്നുണ്ട്. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പ്രകാരത്തില്‍ തിരുമേനിയോടുള്ള സ്‌നേഹാദരങ്ങള്‍ വാക്കുകളായി പ്രവഹിച്ചതും, അള്‍ത്താരയില്‍ ഭക്തിവിശ്വാസ പൂര്‍ണ്ണമായ ആരാധനാസ്തുതി സ്‌തോത്രങ്ങള്‍ ഉയര്‍ന്നതും, കണ്ണിമയ്ക്കാതെ കാത് വട്ടം പിടിച്ച്, കണ്ടും കേട്ടും വന്ദ്യപിതാവ് മാര്‍ബര്‍ണബാസ് മെത്രാപ്പോലീത്താ ദൈവത്തെ മഹത്വപ്പെടുത്തുന്നുണ്ടാവാം-തീര്‍ച്ച.

ലാളിത്യത്തിന്റെ ഇടയന്, നിര്‍വ്യാജ സ്‌നേഹം നിറഞ്ഞ അന്ത്യാജ്ഞലിലാളിത്യത്തിന്റെ ഇടയന്, നിര്‍വ്യാജ സ്‌നേഹം നിറഞ്ഞ അന്ത്യാജ്ഞലിലാളിത്യത്തിന്റെ ഇടയന്, നിര്‍വ്യാജ സ്‌നേഹം നിറഞ്ഞ അന്ത്യാജ്ഞലിലാളിത്യത്തിന്റെ ഇടയന്, നിര്‍വ്യാജ സ്‌നേഹം നിറഞ്ഞ അന്ത്യാജ്ഞലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക