Image

പ്രവാസികള്‍ പലവിധമുലകില്‍ സുലഭം: ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 09 January, 2013
പ്രവാസികള്‍ പലവിധമുലകില്‍ സുലഭം: ഡി. ബാബുപോള്‍
കേരളീയരുടെ പ്രവാസജീവിതത്തിന് ഔരാഹന്മാരുടെയും തമിഴരുടെയും പ്രവാസജീവിത ചരിത്രത്തില്‍നിന്ന് വിഭിന്നമായ ഒരു ചരിത്രമുണ്ട്. ബിഹാറില്‍നിന്നും മറ്റും ആഫ്രിക്കയിലേക്കും ഫിജിയിലേക്കും പശ്ചിമാര്‍ധ ഗോളത്തിലേക്കും പോയവര്‍ അടിമകളായിരുന്നില്ലെങ്കിലും അടിമപ്പണിക്ക് പോകാന്‍ ഇടയായവരാണ്. ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും പോയ തമിഴന്മാരും അവിദ്യാലംകൃതരായ അവിദഗ്ധ തൊഴിലാളികള്‍ ആയിരുന്നു. മലയാളികളാകട്ടെ തോട്ടങ്ങളില്‍ കങ്കാണികളും കണ്ടക്ടര്‍മാരും ഓഫിസുകളില്‍ ഗുമസ്തന്മാരും ആയിട്ടാണ് കുടിയേറിയതും. ബര്‍മ, മലയ, സിലോണ്‍ എന്നിവിടങ്ങളായിരുന്നു നമ്മുടെ ആളുകള്‍ ചെന്നെത്തിയ ഇടങ്ങള്‍.
അന്നത്തെ യാത്രാസൗകര്യങ്ങളും വാര്‍ത്താവിനിമയോപാധികളും നിര്‍മിച്ച പരിമിതികള്‍ പറിച്ചുനടപ്പെട്ടവരുടെ സംസ്കാരത്തിന് ഇന്നില്ലാത്ത ഒരു തനിമ നല്‍കി. മിക്കവര്‍ക്കും പ്രാദേശിക ബന്ധങ്ങള്‍ ഉണ്ടായി. അങ്ങനെ ജനിച്ച രണ്ടാം തലമുറക്ക് കേരളം ഏഴാം കടലിനക്കരെ ഏഴിലംപാല പൂത്ത രാവുകളില്‍ ലാസ്യനൃത്തം ആടിയ സുന്ദരികളായ യക്ഷികളുടെ മണമുള്ള ഭൂമി മാത്രമായിരുന്നു. ആഫ്രിക്കയിലോ ഗയാനയിലോ പോയവരുടെ ഗതികേട് മലയാളികള്‍ക്ക് ഉണ്ടായില്ല. എങ്കിലും പറിച്ചു നടപ്പെട്ടവര്‍ ദീര്‍ഘനിശ്വാസത്തോടെ അനുഭവിച്ച ഗൃഹാതുരത്വം  അടുത്ത തലമുറയെ അലോസരപ്പെടുത്തിയില്ല. അവരുടേതും ഗൃഹാതുരത്വം തന്നെയായിരുന്നു; എന്നാല്‍, കേട്ടറിഞ്ഞ ഐതിഹ്യമാലകളും കാല്‍പനികത നിറംചേര്‍ത്ത വാങ്മയങ്ങളും സൃഷ്ടിച്ചതും അനുഭവിക്കാത്തതിനെ അടുത്തറിയാന്‍ കഴിയാതെ പോയ വേദനയില്‍നിന്ന് ഉരുവായതും ആയിരുന്നു ആ ഗൃഹാതുരത്വം. അത് വര്‍ത്തമാനസംഘര്‍ഷങ്ങളെ അതിജീവിക്കുന്ന വികാരമല്ല.
അതോടൊപ്പം വന്നു രണ്ടാം ലോകമഹായുദ്ധം. ബര്‍മയിലും മലേഷ്യയിലും ജപ്പാന്‍ ജയിച്ചുകയറി. യുദ്ധം അവസാനിച്ചുവെങ്കിലും ശിഥിലമായ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുന:സ്ഥാപിക്കപ്പെടാന്‍ ഏറെ വൈകി. പണ്ട് തന്നെ ദുര്‍ബലയായിരുന്ന വികലാംഗ ഗര്‍ഭക്ളേശങ്ങളില്‍ ഉഴറി.
ഭാരതത്തിന്‍െറ സ്വാതന്ത്ര്യപ്രാപ്തിയോടെ ആരംഭിച്ച ബ്രിട്ടീഷാധിപത്യാന്ത്യം പൗരത്വ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മലേഷ്യയില്‍ അത്രയങ്ങ് ഗുരുതരമായില്ലെങ്കിലും സിലോണില്‍ അത് പ്രമുഖ വിഷയമായി.
അറുപതു വര്‍ഷം മുമ്പ് പ്രവാസിമലയാളിയുടെ  അവസ്ഥ ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു. മദിരാശിയിലും മുംബൈയിലും പേര്‍ഷ്യയിലെ എണ്ണപ്പാടങ്ങളിലും ജീവിതം ഹോമിച്ചവര്‍ ഒരിക്കലും ഒരു പ്രവാസി സംസ്കാരം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് അടിപ്പെട്ടുവെന്ന് തോന്നുന്നില്ല. കണ്ണൂരില്‍ ജോലികിട്ടിയ ഒരു നെയ്യാറ്റിന്‍കരക്കാരന് 1956നുമുമ്പ് തോന്നിയതിലേറെയൊന്നും ക്ളേശം അവര്‍ക്കും തോന്നിയിട്ടുണ്ടാവുകയില്ല. വിരഹവും ക്ളേശങ്ങളുമൊക്കെ ഉണ്ട്, എങ്കിലും നാളെ ഞാന്‍ മടങ്ങും എന്ന ചിന്ത അവരെ ധൈര്യപ്പെടുത്തി.
അമേരിക്കയിലേക്കുള്ള കുടിയേറ്റമാണ് പ്രവാസിമനസ്സിന്‍െറ സ്വഭാവത്തില്‍ ഒരു രാസപരിണാമത്തിന് വഴിവെച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനുമുമ്പ് അമേരിക്കയിലെത്തി അപ്രത്യക്ഷരായ കളരിപ്പയറ്റുകാരെ മറക്കാം. നാല്‍പതുകളുടെ അന്ത്യത്തില്‍ ചെന്നെത്തിയ അതിരംപുഴക്കാരന്‍ സെബാസ്റ്റ്യനെയും കോട്ടയം സ്വദേശി സൈമണ്‍ കോറെപ്പിസ് കോപ്പയേയും മറക്കാം. ലിന്‍ഡന്‍ ജോണ്‍സണ്‍ കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിച്ചതിനെയാണ് ഒരു നീര്‍മറിയായി കാണേണ്ടത്. അതായത് അമേരിക്കയിലെ മലയാളി പ്രവാസത്തിന്‍െറ കഴിഞ്ഞ നാല് പതിറ്റാണ്ടുകളാണ് ഇന്നത്തെ അമേരിക്കന്‍ മലയാളിയെ നിര്‍വചിക്കുന്നത്.
ആദ്യഘട്ടത്തില്‍ കുടിയേറിയവരും അവരുടെ മക്കളും പേരക്കുട്ടികളും ഇക്കൂട്ടത്തില്‍ ഒരു പ്രത്യേക വിഭാഗമാണ്. മലേഷ്യയിലും സിങ്കപ്പൂരിലും ഇതേ പ്രതിഭാസം കാണുന്നു എന്നതും ആനുഷംഗികമായെങ്കിലും ഇവിടെ പ്രസ്താവിക്കേണ്ടതുണ്ട്. അവിടെ രണ്ടാം ലോക മഹായുദ്ധത്തിനുമുമ്പ് ചെന്നെത്തിയവരും  ലീക്വാന്‍യു യുഗത്തിന് ശേഷം കുടിയേറിയവരും പ്രവാസിമലയാളികളാണെങ്കിലും അവര്‍ തമ്മില്‍ ഭേദമുണ്ട്. കത്തോലിക്കരും പെന്തകോസ്തുകാരും  ക്രിസ്ത്യാനികളാണെങ്കിലും അവര്‍ തമ്മില്‍ വൈജാത്യം ഉള്ളതുപോലെ തന്നെ. അമേരിക്കയില്‍ അറുപതുകളുടെ അന്ത്യത്തിലും എഴുപതുകളുടെ ആദ്യപാതിയിലും കുടിയേറിയവര്‍ ആണ്ടോടാണ്ട് നാട്ടില്‍ വരുന്നത് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുന്നു. മക്കളും അവരുടെ മക്കളും അമേരിക്കയില്‍ അലിഞ്ഞുചേര്‍ന്നതാണ്, സ്വന്തം വാര്‍ധക്യം പോലെ തന്നെ ഇതിന് കാരണം.
മുപ്പത് വര്‍ഷങ്ങള്‍ക്കപ്പുറം തന്നെ മലേഷ്യന്‍ മലയാളികള്‍ പെനാങ്ങുകാരും ജൊഹൊര്‍കാരും കെഎല്ലുകാരും ആയി സ്വയം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. എന്നാല്‍, അമേരിക്കയില്‍ ഞാന്‍ ഈ ഭാവം ആദ്യമായി തിരിച്ചറിഞ്ഞത് കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയിലാണ്. അതുവരെ മല്ലപ്പള്ളിക്കാരും കൊയിലാണ്ടിക്കാരും ഉണ്ടായിരുന്ന സമൂഹത്തില്‍ ഇപ്പോള്‍ ടെക്സാസുകാരും സിയാറ്റിലുകാരുമായി സ്വയം അടയാളപ്പെടുത്തുന്നവരുടെ എണ്ണം ഏറിവരുന്നു.
അത് അസ്വാഭാവികമോ അനഭിലഷണീയമോ അല്ല. എന്നാല്‍, അത് സവിശേഷശ്രദ്ധ പതിയേണ്ട ഇടമാണ് താനും. ഭാരതവും കേരളവും എല്ലാം ഏഴാം കടലിനക്കരെയുള്ള പൂര്‍വജന്മ ബന്ധങ്ങളുടെ മങ്ങിയ ഓര്‍മകളായി മാറുമ്പോള്‍ പുതിയതായി അമേരിക്കയില്‍ കുടിയേറുന്നവര്‍ക്ക് ഉണ്ടാകാവുന്ന ചിന്താക്കുഴപ്പങ്ങളാണ് എന്നെ വേവലാതിപ്പെടുത്തുന്നത്. അവര്‍ എല്ലാം മറന്ന് ആ വെള്ളപ്പൊക്കത്തിലേക്ക് എടുത്തുചാടുന്നതും കരക്കിരുന്ന നദി കാണുന്നവരുടെ അന്യതാഭാവം ഉള്‍ക്കൊണ്ട് ഉള്‍വലിയുന്നതും ഒരുപോലെ അപകടകരമാണ്. ഒന്നാംതലമുറ കടന്നുവന്ന വഴികളിലൂടെ പതുക്കെപ്പതുക്കെ നടന്നുവരാന്‍ സമയംകിട്ടാത്ത ഹതഭാഗ്യരാണ് ഇക്കൂട്ടര്‍. അവര്‍ക്ക് ഒരു തവളച്ചാട്ടം -ലീപ്ഫ്രോഗിങ് -അനുപേക്ഷണീയമാണ്. എന്നാല്‍, അത് ഇല്ലത്തുനിന്ന് പുറപ്പെടാനും അമ്മാത്ത് അന്തിയുറങ്ങാനും സഹായിക്കുന്ന തരത്തിലാവണം. അതിന് സഹായഹസ്തം ഉണ്ടാകേണ്ടത് കുങ്കിയാനകളില്‍നിന്നാണ്.
അമേരിക്കയിലെ പ്രവാസികളെക്കുറിച്ച് ഇപ്പറഞ്ഞതൊക്കെ പൗരത്വം അനുവദിക്കുന്ന ഇതര രാജ്യങ്ങളില്‍ കുടിയേറിയവര്‍ക്കും ബാധകമാണ്. ഇംഗ്ളണ്ടിലും മലേഷ്യയിലും അനുഭവം പുതിയതല്ല. മറ്റിടങ്ങളില്‍ സംഖ്യഗണ്യവുമല്ല. അതുകൊണ്ട് അമേരിക്കന്‍ മാതൃക ചര്‍ച്ചക്കെടുത്തു എന്നുമാത്രം.
പ്രവാസി എന്നു പറയുമ്പോള്‍ ഗള്‍ഫിലും മറ്റും ജോലിചെയ്യുന്നവരെയും നാം ഓര്‍ക്കും. എന്നാല്‍, അവരൊക്കെ മടങ്ങിവരാനുള്ളവരാണ്. അവരുടെ പ്രശ്നങ്ങള്‍ പൗരത്വം നേടി പ്രവാസ ജീവിതത്തിന് വിശേഷണം ചേര്‍ക്കുന്നവരുടേതില്‍നിന്ന് ജനിതകമായി വ്യത്യസ്തവുമാണ്. ദൈനംദിന ജീവിതത്തിന്‍െറ പ്രശ്നങ്ങളാണ് അവരെ ബാധിക്കുന്നത്: യാത്ര, താമസസൗകര്യം, ശമ്പളം, വിസാനിയമങ്ങള്‍, അര്‍ബാബുമാരുടെ സമീപനം, എംബസികളിലെ അനാസ്ഥ, വോട്ടവകാശത്തിന്‍െറ വിനിയോഗം. പരിഹരിക്കപ്പെടുവോളം ദീര്‍ഘകാല സാംസ്കാരികാനുരൂപണ പ്രശ്നങ്ങളെക്കാള്‍ പ്രധാനമായി അതൊക്കെ അനുഭവപ്പെടും  ബന്ധപ്പെട്ടവര്‍ക്ക്. അതുകൊണ്ട് സര്‍ക്കാറും പ്രവാസികാര്യ മന്ത്രാലയവും കൂടുതല്‍ ശ്രദ്ധക്കേണ്ടത് അവരുടെ കാര്യത്തിലാണ്. ലക്ഷ്മി മിത്തലിന്‍െറയോ ഛത്വാളിന്‍െറയോ ബൊയിങ് കമ്പനിയില്‍ വകുപ്പധ്യക്ഷനായ കറിയാച്ചന്‍െറയോ ഡോക്ടര്‍ എം.വി.പിള്ളയുടെയോ യൂസഫലി -മഹമ്മദലി -വഹാബ് -സി.കെ. മേനോന്‍ തുടങ്ങിയവരുടെയോ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നേരെചൊവ്വെ നടത്തുന്നതിലാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടേണ്ടത് എന്നര്‍ഥം.
http://www.madhyamam.com/news/207877/130109
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക