Image

സ്വര്‍ഗ്ഗഗേഹം

ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ Published on 05 September, 2011
സ്വര്‍ഗ്ഗഗേഹം
നിലാവില്‍ ഇത്തിരിനേരം

സ്വര്‍ഗ്ഗഗേഹം

നഗരാതിര്‍ത്തിയി
ല്‍ ‍…,
തേക്കുമരങ്ങള്‍ പൂത്തുനില്‍ക്കുന്ന
മലയുടെ അടിവാരത്തില്‍
ഒരു നുറുങ്ങു ഭൂമി വാങ്ങാം.
അവിടെ.
ഒരു മണ്‍കുടില്‍ തീര്‍ക്കാം,
കിളിവാതിലുകളുള്ള,
ഒരു കൊച്ചു മണ്‍കുടില്‍ .
അതില്‍ ,
മണ്‍ചരാതുകള്‍ തെളിയിക്കാം.
അതിന്റെ വെളിച്ചത്തില്‍ ഞാന്‍ .
കഥയും കവിതയും എഴുതാം.

കൊട്ടാരസദൃശങ്ങളായ
മണി മാളികള്‍ .
മട്ടുപ്പാവിലെ ചിത്രപ്പണികള്‍ തീര്‍ത്ത
ആട്ടുകട്ടിലുകളില്‍ .
ഉറക്കം വരാതെ
വിനാഴികള്‍ എണ്ണിത്തീര്‍ക്കുന്നവര്‍ ,
അവരുടെ മനസ്സില്‍
നീറിപ്പുകയുന്ന കനലുകള്‍ ,
നഷ്ടപ്പെട്ട കനവുകള്‍ ,
സ്‌നേഹത്തിനു പകരം കിട്ടാത്തതിനാല്‍
വിങ്ങുന്ന ഹൃദയത്തിന്റെ
നൊമ്പരങ്ങള്‍ , എല്ലാം…എല്ലാം…
ഞാന്‍ കഥയാക്കട്ടെ.

ഈ മണ്‍കുടിലിലെ സ്വസ്ഥത,
സ്‌നേഹമറിയുന്നതിലെ ആനന്ദം.
വിയര്‍പ്പോടെയുള്ള ഭക്ഷണം.
അതിന്റെ രുചി, ആസ്വാദ്യത
ഇവിടെ കിട്ടുന്ന സുഖനിദ്ര,
ഈ വേനലും വേനല്‍മഴയും
പൂവും പൂത്തുമ്പിയും
രാവും രാപ്പാടിയും
ജീവിതത്തിന്റെ ഭാഗമാകുന്നത്;
എല്ലാം…എല്ലാം…
ഞാന്‍ കവിതയാക്കട്ടെ.

എന്റെ വിളക്കിലെ
എണ്ണ തീരുമ്പോള്‍
ഒരിക്കലും എണ്ണവറ്റാത്ത
നിന്റെ വിളക്കിന്റെ പ്രകാശം ,
എന്റെ കൊച്ചുവീടിന്റെ
കിളിവാതിലിലൂടെ
കടന്നു വരുന്നതും.
നിന്നെ കാണണമെന്നു തോന്നുമ്പോള്‍
നീ ദര്‍ശനം തരുന്നതും,
ആ അനുഭൂതിയില്‍
എന്റെ ദിവസങ്ങള്‍
മധുരമാകുന്നതും,
ഞാന്‍ എഴുതിക്കൊണ്ടേയിരിക്കട്ടെ.
സ്വര്‍ഗ്ഗഗേഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക