Image

പ്രവാസി ക്ഷേമം പ്രതീക്ഷിച്ചു; കിട്ടിയത്‌ മൗനം മാത്രം!

Published on 09 January, 2013
പ്രവാസി ക്ഷേമം പ്രതീക്ഷിച്ചു; കിട്ടിയത്‌ മൗനം മാത്രം!
കൊച്ചി: പ്രവാസി ഭാരതീയ ദിവസ്‌ ഉദ്‌ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന്‌ പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച പ്രവാസികള്‍ക്ക്‌ കിട്ടിയത്‌ ഡോ. മന്‍മോഹന്‍സിങ്ങിന്‍െറ മൗനം മാത്രം!

പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ല. പ്രവാസികളുടെ ഏതാനും ആവശ്യങ്ങള്‍ ആമുഖ പ്രഭാഷണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചെങ്കിലും പ്രധാനമന്ത്രി ഇതിനോട്‌ പ്രതികരിച്ചില്ല.

പ്രവാസികളുടെ യാത്രാദുരിതത്തിന്‌ പരിഹാരമെന്ന നിലയില്‍ എയര്‍ കേരള എന്ന പേരില്‍ കമ്പനി രൂപവത്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന്‌ മുഖ്യമന്ത്രി പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എംബസികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച്‌ പ്രവര്‍ത്തനം വിപുലമാക്കുക, നികുതി ഇളവോടെ കൊണ്ടുവരാവുന്ന സര്‍ണാഭരണത്തിന്‍െറ പരിധി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു. ഗള്‍ഫ്‌ ജയിലുകളില്‍ കഴിയുന്നവരുടെ മോചനം, നിയമ സഹായം ലഭ്യമാക്കല്‍, വിദേശത്ത്‌ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ നിയമ ഭേദഗതി, എംബസികളില്‍ മലയാളം അറിയുന്ന സീനിയര്‍ ഉദ്യോഗസ്ഥന്‍െറ സാന്നിധ്യം ഉറപ്പാക്കണമെന്നും ഉദ്‌ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട്‌ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം മൗനമായിരുന്നു മറുപടി.

പ്രധാനമന്ത്രിയുടെ നിലപാടില്‍ ചില പ്രവാസി സംഘടനകള്‍ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു.

എന്നാല്‍ വില കൂട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി തന്റെ മികവ്‌ തെളിയിച്ചു. തിങ്കളാഴ്‌ച കൊച്ചിയിലെത്തിയ പ്രധാനമന്ത്രി കൊച്ചിന്‍ റിഫൈനറിയുടെ പുതിയ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രഖ്യാപിച്ചത്‌ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ്‌. ഏറെ പ്രതീക്ഷകളോടെയാണ്‌ സര്‍ക്കാര്‍ പ്രധാനമന്ത്രിയെ കേരളത്തിലേക്ക്‌ ക്ഷണിച്ചത്‌.
പ്രവാസി ക്ഷേമം പ്രതീക്ഷിച്ചു; കിട്ടിയത്‌ മൗനം മാത്രം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക