Image

റെയില്‍വേ യാത്രാ നിരക്കില്‍ വര്‍ധന

Published on 09 January, 2013
റെയില്‍വേ യാത്രാ നിരക്കില്‍ വര്‍ധന

ന്യൂഡല്‍ഹി: റെയില്‍വേ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. എല്ലാ ക്ലാസുകളിലും ഇരുപത് ശതമാനം വരെ നിരക്ക് വര്‍ധന വരുത്തിയിട്ടുണ്ട്. ജനുവരി 21 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്ക് വര്‍ധന വഴി 12,000 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ അറിയിച്ചു. വിവിധ ക്‌ളാസുകളില്‍ രണ്ടു പൈസ മുതല്‍ പത്തു പൈസ വരെയാണ് കിലോമീറ്ററിന് ഉയര്‍ന്നിരിക്കുന്നത്. രണ്ടാം ക്ലാസ് സബര്‍ബന്‍ യാത്രയ്ക്ക് കിലോമീറ്ററിന് രണ്ടു പൈസയും സ്ലീപ്പര്‍ ക്‌ളാസിന് ആറു പൈസയും എ.സി ത്രി ടയറിനും എസി ഫസ്റ്റ് ക്‌ളാസിനും 10 പൈസയും എസി ടു ടയറിന് 10 പൈസയും ഉയരും.

പത്തുവര്‍ഷത്തിനു ശേഷമാണ് നിരക്ക് വര്‍ധന വരുത്തിയിരിക്കുന്നത്. മിതമായ നിരക്ക് വര്‍ധനവാണ് വരുത്തിയിരിക്കുന്നതെന്ന് ബന്‍സാല്‍ പറഞ്ഞു. കൂടുതല്‍ സൗകര്യപ്രദമായ യാത്രയ്ക്ക് കൂടുതല്‍ തുക നല്‍കാന്‍ യാത്രക്കാര്‍ക്ക് മടിയുണ്ടാവില്ലെന്ന് പറഞ്ഞ ബന്‍സാല്‍ ഫെബ്രുവരിയില്‍ വരുന്ന റെയില്‍ ബജറ്റില്‍ നിരക്ക് വര്‍ധന കൊണ്ടുവരില്ലെന്നും വ്യക്തമാക്കി. 2010-11 വര്‍ഷത്തില്‍ 20,000 കോടിയാണ് റെയില്‍വേയുടെ ബാധ്യത. 2011-12 വര്‍ഷത്തില്‍ ഇത് 25,000 കോടി രൂപയായി ഉയര്‍ന്നു- ബന്‍സാല്‍ വ്യക്തമാക്കി. നവീകരണത്തിന്റെയും സുരക്ഷയുടെയും പേര് പറഞ്ഞാണ് നിരക്ക് വര്‍ധന. ബുള്ളറ്റ് ട്രെയിന്‍ പോലെയുള്ള കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിന് മൂലധനം കണ്ടെത്താനുമാണ് നിരക്ക് വര്‍ധന. ബന്‍സാല്‍ റെയില്‍വേയുടെ ചുമതലയേറ്റ നാള്‍ മുതല്‍ നിരക്ക് വര്‍ധന പരിഗണനയിലായിരുന്നു.

ഈ വര്‍ഷത്തെ റെയില്‍ ബജറ്റില്‍ ചില ക്‌ളാസുകളില്‍ നിരക്കു വര്‍ധനയ്ക്ക് അന്നത്തെ റെയില്‍ മന്ത്രി ദിനേശ് ത്രിവേദി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ത്രിവേദി രാജിവച്ചൊഴിയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക