Image

കരുണാകരന്റെ പ്രതിമ അനാച്ഛാദനം വിവാദത്തിലേക്ക്; മുരളീധരനും പദ്മയും വിട്ടുനിന്നു

Published on 08 January, 2013
കരുണാകരന്റെ പ്രതിമ അനാച്ഛാദനം വിവാദത്തിലേക്ക്; മുരളീധരനും പദ്മയും വിട്ടുനിന്നു

തൃശൂര്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ പ്രതിമ അനാച്ഛാദനം വിവാദത്തിലേക്ക്. രാവിലെ 8.30 ഓടെ തൃശൂര്‍ ടൗണ്‍ ഹാളിനു മുന്നില്‍ നടന്ന ചടങ്ങില്‍ നിന്ന് മക്കളായ കെ.മുരളീധരന്‍ എംഎല്‍എയും പദ്മജാ വേണുഗോപാലും വിട്ടുനിന്നു. ചടങ്ങ് തിരക്കിട്ട് നടത്തിയെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. ചടങ്ങിനെകുറിച്ച് തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്ന് പദ്മജാ വേണുഗോപല്‍ പറഞ്ഞു. ചടങ്ങിനെ കുറിച്ച് ഇന്നലെയാണ് കലക്ടര്‍ തന്നെ അറിയിച്ചതെന്നാണ് മുരളീധരന്റെ പ്രതികരണം. രാഷ്‌ട്രപതി സംസ്ഥാനത്തുണ്ടായിരിക്കേ ഇത്ര തിരക്കിട്ട് പരിപാടി നടത്തേണ്ട കാര്യമില്ലായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.

രാവിലെ നടന്ന പ്രതിമാ അനാച്ഛാദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ടൗണ്‍ ഹാളിന് കരുണാകരന്റെ പേര് നാമകരണവും ചടങ്ങില്‍ നടന്നു. മന്ത്രി സി.എന്‍ ബാലകൃഷ്ണനാണ് നാമകരണ കര്‍മ്മം നിര്‍വഹിച്ചത്. കരുണാകരന് ഏറ്റവും വലിയ സ്മാരകം ജനഹൃദയങ്ങളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ര്ടീയ പ്രവര്‍ത്തനത്തിലും ഭരണത്തിലും കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലൊന്നാകെ നിറഞ്ഞു നിന്ന നേതാവായിരുന്നു കരുണാകരനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 

കരുണാകരന്റെ പ്രതിമ ആറുമാസത്തിനകം തിരുവനന്തപുരത്ത് അനാവരണം ചെയ്യാന്‍ രാഷ്ര്ടപതി സമ്മതിച്ചിട്ടുണെ്ടന്ന് മുഖ്യാതിഥിയായിരുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ലീഡറുടെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിട സമുച്ചയം നിര്‍മിക്കുമെന്നും നിയമസഭാ, ലോക്‌സഭാ പ്രസംഗങ്ങള്‍ കെപിസിസിയുടെ കീഴിലുള്ള പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ ഐ.പി. പോള്‍, കെ.പി. ധനപാലന്‍ എംപി, എംഎല്‍എമാരായ തോമസ് ഉണ്ണിയാടന്‍, പി.എ. മാധവന്‍, എം.പി. വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രഫ. അന്ന ജോണ്‍, ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, മുന്‍ പ്രസിഡന്റ് അഡ്വ. വി. ബാലറാം തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ് സ്വാഗതവും പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍ എസ്. ലതിക നന്ദിയും പറഞ്ഞു. പ്രതിമ നിര്‍മിച്ച ശില്പി കുന്നുവിള മുരളിക്ക് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു. 

കൊച്ചിയില്‍ രാഷ്ര്ടപതി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടതിനാലാണ് രാവിലെ എട്ടിനുതന്നെ അനാവരണ ചടങ്ങ് സംഘടിപ്പിച്ചത്. അര മണിക്കൂറിനകം ചടങ്ങ് അവസാനിപ്പിക്കുയും ചെയ്തു. ചടങ്ങില്‍നിന്ന് ടി.എന്‍. പ്രതാപനും ഇടതുപക്ഷ എംഎല്‍എമാരും വിട്ടുനിന്നു. അസൗകര്യംമൂലം രണ്ടു തവണ അനാച്ഛാദന ചടങ്ങ് മാറ്റിവച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക