Image

കായലില്‍ കാര്‍ മറിഞ്ഞ് നാലു യുവാക്കള്‍ മരിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍

Published on 08 January, 2013
കായലില്‍ കാര്‍ മറിഞ്ഞ് നാലു യുവാക്കള്‍ മരിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍
കൊടുങ്ങല്ലൂര്‍: കഴിഞ്ഞ നവംബര്‍ ഒന്നിന് അഴീക്കോട് കായലില്‍ കാര്‍ മറിഞ്ഞ് നാലു യുവാക്കള്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും മരിച്ച യുവാക്കളുടെ രക്ഷിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അഴീക്കോട് കായലില്‍ കാര്‍ വീണ് ഇരിങ്ങാലക്കുട പൊറത്തിശേരി ചേറ്റേടിത്തറ രാജേന്ദ്രബാബുവിന്‍െറ മകന്‍ അഖില്‍, തേറാട്ടില്‍ ദാസന്‍െറ മകന്‍ വിഷ്ണു, ചേര്‍പ്പ്കാനാടി വീട്ടില്‍ ശശിയുടെ മകന്‍ വൈശാഖ്, പാഴായി കിഴക്കേപാട്ടില്‍ സതിചന്ദ്രന്‍െറ മകന്‍ സതീഷ് എന്നിവരാണ് മരിച്ചത്.
സംഭവം സംബന്ധിച്ച് ദുരൂഹതകളും പൊരുത്തക്കേടുകളും വെളിവായ സാഹചര്യത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എല്‍.എമാര്‍, കലക്ടര്‍, പൊലീസ് അധികാരികള്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടിയുമുണ്ടായില്ല. പൊലീസിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. പൊലീസ് നിലപാടും സംശയകരമാണ്. ഇതെല്ലാം ദുരന്തം കൊലപാതകമാണെന്ന സംശയങ്ങള്‍ക്ക് ബലമേകുന്നു.
 ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന്  സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
മരണത്തോടെ നാല് കുടുംബങ്ങളാണ് അനാഥമായത്. എട്ടുപേര്‍ സഞ്ചരിച്ച കാര്‍ പുഴയിലേക്ക് വീണപ്പോള്‍ നാലുപേര്‍ മരിക്കുകയും മറ്റു നാലുപേര്‍ രക്ഷപ്പെട്ടുവെന്നതും വിശ്വസിക്കാനാകുന്നില്ല. രക്ഷപ്പെട്ട നാലുപേര്‍ ഇപ്പോഴും സത്യം തുറന്നുപറയാന്‍ തയാറാകുന്നില്ല. ചോദിക്കുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയാണ്.
അടുത്ത് താമസക്കാരനായിട്ടും രക്ഷപ്പെട്ടവരില്‍ ഒരാള്‍  ദുരന്തത്തില്‍ മരിച്ച സുഹൃത്തിന്‍െറ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല.
കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രകോപിതനാവുകയാണ്. കാര്‍ പുഴയില്‍ വീണ ശബ്ദം കേട്ട് ആളുകള്‍ എത്തുമ്പോള്‍ നാലുപേര്‍ രക്ഷപ്പെട്ട് നില്‍ക്കുന്നതായാണ് കാണുന്നത്.  
ഇവര്‍ അഴീക്കോട് ബീച്ചില്‍വെച്ച് മറ്റുള്ളവരെ മര്‍ദിച്ച് അവശരാക്കി കൊണ്ടുവന്ന് കാര്‍ സഹിതം പുഴയിലേക്ക് തള്ളുകയായിരുന്നൂവെന്നാണ് സംശയം.
ഹൃദയത്തില്‍ വെള്ളം കയറി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാല്‍, മൃതദേഹത്തിലെ മുറിവുകളൊന്നും പറയുന്നില്ല. ദുരന്തം കൊലപാതകമാണെന്നാണ്  നാട്ടുകാരുടെയും സംശയം. മരിച്ച സതീഷാണ് കാര്‍ ഓടിച്ചിരുന്നത് എന്നാണ് ആദ്യ മൊഴി. പിന്നീട് അത് അരുണ്‍ എന്നാക്കിമാറ്റിയെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
മരിച്ച അഖിലിന്‍െറ പിതാവ് രാജേന്ദ്രബാബു, സഹോദരങ്ങളായ കൃഷ്ണക്കുറുപ്പ്, സുരേഷ്കുറുപ്പ്, മരിച്ച വൈശാഖിന്‍െറ പിതാവ് ശശി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക