Image

ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ രഹസ്യ വിചാരണ

Published on 07 January, 2013
ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ രഹസ്യ വിചാരണ

ന്യൂഡല്‍ഹി: ബസിനുള്ളില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ രഹസ്യ വിചാരണ. സാകേത് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യ വിചാരണയ്ക്ക് ഉത്തരവിട്ടത്. വിചാരണവേളയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും പ്രതിഭാഗം അഭിഭാഷകര്‍ക്കും മാത്രമായിരിക്കും കോടതിയില്‍ പ്രവേശനമുള്ളത്. വിചാരണ റിപ്പോര്‍ട്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്തകള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ നല്‍കാവൂവെന്നും ഉത്തരവില്‍ പറയുന്നു. വിചാരണ കോടതിയിലെ തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ പരിഗണിച്ചാണ് കോടതി നിര്‍ദേശം.

അതിനിടെ, സാകേത് മെട്രോപോളിറ്റന്‍ കോടതിയില്‍ നാടകീയ രംഗങ്ങളും അരങ്ങേറി. പ്രതികള്‍ക്കു വേണ്ടി ഹാജരാകാന്‍ സന്നദ്ധനായ അഭിഭാഷകനെതിരെ സാകേത് കോടതിയിലെ അഭിഭാഷകര്‍ സംഘടിച്ച് പ്രതിഷേധിച്ചു. അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. രാജ്യമെമ്പാടുമുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരാകില്ലെന്ന് സാകേത് ബാര്‍ അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ കുടുംബാംഗങ്ങള്‍ സമീപിച്ചതിനാലാണ് ഹാജരാകാന്‍ തീരുമാനിച്ചതെന്ന് എംഎല്‍ ശര്‍മ്മ എന്ന അഭിഭാഷകന്‍ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പ്രതികളെ രാവിലെ കോടതിയില്‍ എത്തിച്ചത്.

അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ 12 മണിയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് പ്രതികളെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയത്. കോടതിക്കുള്ളില്‍ അനുഭവപ്പെട്ട തിക്കും തിരക്കും മൂലം പ്രതികളെ ഹാജരാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പോലീസും കോടതിയെ അറിയിച്ചതുകൂടി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.

‘മകളുടെ പേര് ലോകം അറിയണം’

ന്യൂദല്‍ഹി: രാജ്യത്തിന്‍െറ മുഴുവന്‍ നൊമ്പരമായി മരണത്തിന് കീഴടങ്ങിയ ദല്‍ഹി പെണ്‍കുട്ടി നല്ല നാളെകളിലേക്ക് കുടുംബത്തിന്‍െറ പ്രതീക്ഷയായിരുന്നെന്ന് പിതാവ്. താന്‍ പഠിച്ച് വലുതായാല്‍ കുടുംബത്തിന്‍െറ അല്ലലെല്ലാം മാറുമെന്ന്  മാതാപിതാക്കളെ ഇടക്കിടെ ആശ്വസിപ്പിച്ചിരുന്നു അവള്‍. ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച യുവതിയുടെ കുടുംബം ദുരന്തത്തിന്‍െറ ഞെട്ടലില്‍നിന്ന് ഇനിയും മോചിതരായിട്ടില്ല.
സംഭവദിവസം പിതാവ്  ഓര്‍മിക്കുന്നത് ഇങ്ങനെ: ‘ഞാന്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും രാത്രി   10.30 ആയിരുന്നു. സുഹൃത്തിനൊപ്പം സിനിമക്കുപോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഭാര്യ പേടിച്ചിരിക്കുകയായിരുന്നു.
ഞങ്ങള്‍ തുടരെ അവളുടെയും കൂട്ടുകാരന്‍െറയും മൊബൈലിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. രാത്രി 11.15 ആയപ്പോഴാണ് മകള്‍ക്ക്  അപകടത്തില്‍  പരിക്കേറ്റെന്നുപറഞ്ഞ് ആശുപത്രിയില്‍നിന്ന് ഫോണ്‍ വരുന്നത്. ഉടന്‍തന്നെ ഒരു സുഹൃത്ത്  എന്നെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചു. കണ്ണടച്ച് അവള്‍ ആശുപത്രിയില്‍ കിടക്കുന്നതാണ് ഞാന്‍ ആദ്യം കണ്ടത് . നെറ്റിയില്‍ തടവിയപ്പോള്‍ അവള്‍ പതുക്കെ കണ്ണുതുറന്നു. എല്ലാം ശരിയാവുമെന്ന് പറയുമ്പോഴും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കണ്ണീരടക്കാനായില്ല.
 ആ സമയത്ത് കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. പിന്നീട് പൊലീസ് എല്ലാം വിശദീകരിച്ചപ്പോള്‍ മനസ്സിലൂടെ ഒരു മിന്നല്‍പ്പിണറാണ് കടന്നുപോയത്. ഞാന്‍ ഉടന്‍തന്നെ ആശുപത്രിയിലെത്താന്‍ ഭാര്യയോടും മക്കളോടും വിളിച്ചു പറഞ്ഞു. എന്നാല്‍, സംഭവിച്ചതെന്താണെന്ന് മാത്രം പറഞ്ഞില്ല.
പിന്നീടുള്ള പത്തുദിവസം എന്‍െറ മകള്‍ അബോധാവസ്ഥയിലായിരുന്നു. ഡോക്ടര്‍മാര്‍ അവരാലാവുന്നത് ശ്രമിച്ചു. മൂക്കിലൂടെയും വായിലൂടെയും കുഴലിട്ടതിനാല്‍ അവള്‍ ആംഗ്യഭാഷയില്‍ ചിലപ്പോള്‍ ഞങ്ങളോട് സംസാരിച്ചു. ഇടക്ക് അവര്‍ കടലാസില്‍ എഴുതിത്തന്നു. ഞങ്ങളോടൊപ്പം ജീവിക്കാനുള്ള കടുത്ത അഭിലാഷമായിരുന്നു അതിലുണ്ടായിരുന്നത്. ആദ്യദിവസങ്ങളില്‍ മകളെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വിധിച്ചത് മറിച്ചായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതം എല്ലാം മാറ്റിമറിച്ചു.
പൊലീസ് രണ്ടുതവണ കുട്ടിയുടെ മൊഴിയെടുത്തിരുന്നു. അവിടെ ഇരിക്കാനുള്ള മനസ്സാന്നിധ്യമില്ലാത്തതിനാല്‍ അവര്‍ എന്താണ് ചോദിച്ചതെന്ന് കേട്ടില്ല.സുഹൃത്ത് അവളെ രക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. ധീരനാണയാള്‍. അവള്‍ വിവാഹത്തെ കുറിച്ച്  ചിന്തിച്ചിട്ടില്ലായിരുന്നു. പഠിക്കുന്ന കാര്യത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. അവര്‍ രണ്ടു സമുദായക്കാരുമാണ്.’
കുട്ടിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്ന് പിതാവ് അഭ്യര്‍ഥിച്ചതായും ‘സണ്‍ഡേ പീപ്ള്‍’ റിപ്പോര്‍ട്ടുചെയ്തു. പിതാവ് കാണിച്ചുതന്ന ആല്‍ബത്തില്‍ ധാരാളം മുടിയുള്ള പ്രസന്നയായ യുവതിയെയാണ് കാണാനായത്.   സാരിയേക്കാളധികം ആധുനിക വസ്ത്രങ്ങളായിരുന്നു അവള്‍ക്ക് ഇഷ്ടമെന്നും  ബന്ധുക്കള്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബിഹാര്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കിടന്ന യു.പിയിലെ ദരിദ്രഗ്രാമങ്ങളിലൊന്നായ ബലിയയിലെ ചെത്തിത്തേക്കാത്ത ഒരു കൊച്ചുവീട്ടിലാണ് ദല്‍ഹി പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോഴുള്ളത്. കാല്‍ നൂറ്റാണ്ടുമുമ്പ് ഇവിടെനിന്ന് ജോലിതേടി പിതാവ് ദല്‍ഹിയിലേക്ക് കുടിയേറുകയായിരുന്നു.   യുവതി ജനിച്ചതും വളര്‍ന്നതും പൂര്‍ണമായും ദല്‍ഹിയിലാണ്. ദല്‍ഹി വിമാനത്താവളത്തില്‍ പോര്‍ട്ടറായാണ് ഇപ്പോള്‍ ഇദ്ദേഹം ജോലിനോക്കുന്നത്.  
ഡോക്ടറാകാന്‍ കൊതിച്ചിരുന്ന മകളെ ഈ തുച്ഛവരുമാനം മിച്ചംവെച്ചാണ് ഫിസിയോ തെറപ്പി പഠിപ്പിച്ചത്.
നാലുവര്‍ഷത്തെ പഠനം പൂര്‍ത്തിയായത് ഈയിടെയാണ്. കുടുംബത്തിന്‍െറ പ്രതീക്ഷ അവളിലായിരുന്നു. എല്ലാം തകര്‍ന്ന നിലയിലാണ് കുടുംബം ഇപ്പോള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
‘1983ല്‍ ദല്‍ഹിയിലെത്തിയ തനിക്ക് അന്ന് വെറും 150 രൂപയായിരുന്നു മാസവരുമാനം. ഇന്നും കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല. മാസം കഷ്ടിച്ച് 6000 രൂപയാണ് കിട്ടുന്നത്. ഞാന്‍ വലുതാകുമ്പോഴേക്കും ഈ കഷ്ടപ്പാടൊക്കെ മാറുമെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. ഇരുപതും പതിനഞ്ചും വയസ്സുള്ള രണ്ട് സഹോദരന്മാര്‍ പഠനത്തില്‍ മാതൃകയാക്കിയിരുന്നത് യുവതിയെയാണ്. അവരും ദുരന്തത്തിന്‍െറ നടുക്കത്തില്‍നിന്ന് മോചിതരായിട്ടില്ല’- യുവതിയുടെ പിതാവ് പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍  ഐ.പി.സി 228 (എ) വകുപ്പ് പ്രകാരം മാനഭംഗക്കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തുന്നതിന് വിലക്കുണ്ട്.  ദല്‍ഹി കൂട്ടമാനഭംഗത്തിന്‍െറ കുറ്റപത്രത്തില്‍  യുവതിയുടെ പേരില്ല. പകരം  xyz  എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയുടെയും കുടുംബത്തിന്‍െറയും സ്വകാര്യത സംരക്ഷിക്കാന്‍ വിചാരണ അടച്ചിട്ട മുറിയില്‍ രഹസ്യമായി നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക