Image

ബസ് പണിമുടക്ക് തുടങ്ങി; സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നാളെ മുതല്‍

Published on 06 January, 2013
ബസ് പണിമുടക്ക് തുടങ്ങി; സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നാളെ മുതല്‍
വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും ചൊവ്വാഴ്ച പണിമുടക്ക് ആരംഭിക്കും. സി.പി.എമ്മിന്‍െറ ഭൂസമരം 14 ജില്ലകളിലും പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ജനജീവിതത്തെ സാരമായി ബാധിക്കുന്ന ബസ്തൊഴിലാളികളുടെയും ജീവനക്കാരുടെയും പണിമുടക്ക്.
 ബസ്തൊഴിലാളികള്‍ക്ക് 2008ലാണ്  ശമ്പള പരിഷ്കരണം നടന്നത്. ശേഷം പലതവണ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും ശമ്പള പരിഷ്കരണം നടത്തിയില്ലെന്ന് നേതാക്കള്‍ പറയുന്നു. യാത്രക്കാരുടെ കൈയേറ്റവും ഉദ്യോഗസ്ഥരുടെയും പൊലീസിന്‍െറയും പീഡനവും അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരുക, ജോലിസമയം ഏകീകരിക്കുക, ക്ഷേമനിധി അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.
പ്രശ്നപരിഹാരത്തിനായി ആദ്യം വകുപ്പു മന്ത്രിയുടെയും തുടര്‍ന്ന് ലേബര്‍ കമീഷണര്‍, ജോയന്‍റ് ലേബര്‍ കമീഷണര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും വിജയിച്ചില്ല. സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാരെ ഗുരുതരമായി ബാധിക്കും. ശബരിമല സീസണായതിനാല്‍  കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ കഴിയില്ല. വടക്കന്‍കേരളത്തിലായിരിക്കും പ്രത്യാഘാതം കൂടുതല്‍.
ചൊവ്വാഴ്ചയാണ് സര്‍ക്കാറിലെ ഒരു വിഭാഗം ജീവനക്കാരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നത്. ഭരണാനുകൂല സംഘടനകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  
പണിമുടക്ക് നോട്ടീസിന്‍െറ വെളിച്ചത്തില്‍ ജനുവരി ഒന്നിന് ജീവനക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ അടക്കം കടുത്ത നടപടി പ്രഖ്യാപിച്ചിട്ടുമുണ്ട്. പണിമുടക്കുന്ന താല്‍ക്കാലികക്കാരെ പിരിച്ചുവിടാനും പ്രബേഷന്‍കാര്‍ക്കെതിരെ നടപടി എടുക്കാനും തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക