Image

സത്യപ്രതിജ്ഞ നീട്ടും; ചാവേസ് തന്നെ ഭരിക്കും

Published on 06 January, 2013
സത്യപ്രതിജ്ഞ നീട്ടും; ചാവേസ് തന്നെ ഭരിക്കും
കാരക്കാസ്: ക്യൂബയിലെ ആസ്പത്രിയില്‍ കഴിയുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസിന്റെ സത്യപ്രതിജ്ഞ നീട്ടിവെക്കും. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനാവില്ലെങ്കിലും പ്രസിഡന്റ് പദവിയില്‍ ഹ്യൂഗോ ചാവേസിന്റെ അടുത്ത ആറുവര്‍ഷം അന്നാരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് നിക്കൊളാസ് മദുരോ അറിയിച്ചു. 

അതിനിടെ, ശനിയാഴ്ച ചേര്‍ന്ന ദേശീയ അസംബ്ലി, അതിന്റെ നേതാവായി ഡിയോസ് ഡാഡോ കബെല്ലോയെ വീണ്ടും തിരഞ്ഞെടുത്തു. ചാവേസ് മരിക്കുകയോ, അധികാരത്തിലേറാന്‍ കഴിയാത്തവിധം അവശനാവുകയോ ചെയ്താല്‍, അടുത്ത തിരഞ്ഞെടുപ്പുവരെ ഭരണഘടനാപരമായി വെനസ്വേലയുടെ ഭരണച്ചുമതല വഹിക്കേണ്ടത് കബെല്ലോയാകും.

അര്‍ബുദചികിത്സ കഴിഞ്ഞ് ക്യൂബയില്‍നിന്ന് ചാവേസെത്തിയ ശേഷം സുപ്രീം കോടതി മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞചെയ്യുമെന്ന് മദുരോ പറഞ്ഞു. വ്യാഴാഴ്ച ചാവേസെത്തിയില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹം നിരാകരിച്ചു.

അര്‍ബുദ ശസ്ത്രക്രിയ്ക്കുശേഷം പിടിപെട്ട ശ്വാസകോശ അണുബാധമൂലം പ്രയാസപ്പെടുന്ന ചാവേസിന്റെ ആരോഗ്യനിലയെപ്പറ്റി അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ചാവേസ് സുഖപ്പെട്ടുവരുന്നുവെന്ന് ഭരണകൂടം പറയുമ്പോഴും അദ്ദേഹം ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഡിസംബര്‍ 11ന് ക്യൂബയിലേക്ക് പോകുംമുമ്പാണ് ചാവേസ് ഒടുവില്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്.

തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് നിര്‍ദിഷ്ട ദിവസം സത്യപ്രതിജ്ഞയ്ക്കായില്ലെങ്കില്‍, ദേശീയ അസംബ്ലിതലവന്‍ രാജ്യഭരണം ഏറ്റെടുക്കണമെന്നും ഒരുമാസത്തിനകം പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് വെനസ്വേലന്‍ഭരണഘടന നിര്‍ദേശിക്കുന്നത്. 

എന്നാല്‍, സത്യപ്രതിജ്ഞാചടങ്ങിനായി അന്തിമമായി തീരുമാനിച്ചിട്ടുള്ള ദിനമല്ല ജനവരി പത്തെന്നാണ് മദുരോ പറയുന്നത്. ചാവേസ് ഒരിക്കലും മടങ്ങിവരില്ലെന്ന് പ്രഖ്യാപിക്കാന്‍ കാരണമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. ചാവേസ് നിലവിലെ പ്രസിഡന്റാണ്. അടുത്ത ആറുവര്‍ഷത്തേക്കു കൂടി അധികാരത്തിലിരിക്കാന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നേയുള്ളൂ. ജനത്തെ ആശയക്കുഴപ്പത്തിലാക്കരുത്. ജനാധിപത്യത്തെ ബഹുമാനിക്കണം  മദുരോ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക