Image

എന്തുവിലകൊടുത്തും വൈദ്യുതി വാങ്ങും, നിരക്ക്‌ വര്‍ധന ജനങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കില്ല: ആര്യാടന്‍

Published on 05 January, 2013
എന്തുവിലകൊടുത്തും വൈദ്യുതി വാങ്ങും, നിരക്ക്‌ വര്‍ധന ജനങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കില്ല: ആര്യാടന്‍
കണ്ണൂര്‍: എന്തുവിലകൊടുത്തും എവിടെനിന്നും വൈദ്യുതി വാങ്ങുമെന്നും നിരക്ക്‌ വര്‍ധിപ്പിച്ച്‌ ജനങ്ങള്‍ക്ക്‌ അധികഭാരം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. പുറത്തുനിന്ന്‌ വാങ്ങുന്ന വൈദ്യുതി അധികവില ഈടാക്കാതെതന്നെ ജനങ്ങള്‍ക്ക്‌ നല്‍കും. സംസ്ഥാനം കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്കാണ്‌ നീങ്ങുന്നത്‌. ജൂണ്‍ വരെ ലോഡ്‌ഷെഡിങ്‌ തുടരും. വരള്‍ച്ച തുടങ്ങിയതോടെ ഡാമുകളിലെ ജലസംഭരണം നന്നേ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനമാണ്‌ കുറവ്‌. കൂടാതെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി കൂടുകയാണ്‌. വൈദ്യുതി വാങ്ങാന്‍ പണമില്ലാത്ത സ്ഥിതി പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നുംകണ്ണൂര്‍ പ്രസ്‌ക്‌ളബില്‍ മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ സംസാരിക്കവെ ആര്യാടന്‍ പറഞ്ഞു.

കെ.എസ്‌.ഇ.ബിയുടെ പ്രതിമാസ നഷ്ടം 200 കോടി രൂപയാണ്‌. ഈവര്‍ഷം 2400 കോടിയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. ഊര്‍ജ നിയന്ത്രണത്തിന്‍െറ ഭാഗമായാണ്‌ ലോഡ്‌ഷെഡിങ്ങും 500 യൂനിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ പ്രത്യേക നിരക്കും ഏര്‍പ്പെടുത്തിയത്‌. എല്‍.എന്‍.ജി ഉപയോഗിച്ച്‌ ബ്രഹ്മപുരത്ത്‌ 300 മെഗാവാട്ട്‌ നിലയം സ്ഥാപിക്കും. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കും. മാര്‍ച്ചില്‍ പദ്ധതി കമീഷന്‍ ചെയ്യാനാവുമെന്നാണ്‌ പ്രതീക്ഷ. ഇതിനുപുറമെ കായംകുളം എന്‍.ടി.പി.സിയില്‍ 1950 മെഗാവാട്ട്‌ അധികവൈദ്യുതി ഉല്‍പാദിപ്പിക്കാനും ശ്രമിക്കുന്നുണ്ട്‌. ചീമേനിയിലെ താപനിലയവും സജീവപരിഗണനയിലാണ്‌. എന്നാല്‍, പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്‌. ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ സോളാര്‍ വൈദ്യുതിയുടെ സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്‌. ഇതിന്‍െറ ഭാഗമായി ഒരുവീട്ടില്‍ ഒരുകിലോവാട്ട്‌ സോളാര്‍ വൈദ്യുതി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക