Image

വിദേശത്തുനിന്നു കൊണ്ടുവരാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി: പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന്‌ പ്രധാനമന്ത്രി

Published on 05 January, 2013
വിദേശത്തുനിന്നു കൊണ്ടുവരാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി: പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന്‌ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക്‌ വിദേശത്തുനിന്നും നാട്ടിലേക്ക്‌ കൊണ്‌ടുവരാന്‍ കഴിയുന്ന സ്വര്‍ണത്തിനു പരിധി ഏര്‍പ്പെടുത്തിയതു മൂലം പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടു തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണെ്‌ടന്നു ഇതു പരിഹരിക്കാന്‍ ധനമന്ത്രിക്കു നിര്‍ദേശം നല്‍കുമെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും യാത്രക്കാര്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കേണ്‌ട ബാധ്യത എയര്‍ ഇന്ത്യയ്‌ക്കുണെ്‌ടന്നും, ഉത്സവ സീസണുകളില്‍ അമിത യാത്രനിരക്ക്‌ ഈടാക്കുന്ന എയര്‍ ഇന്ത്യാ നടപടി പരിശോധിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഇക്കാര്യങ്ങള്‍ ഉന്നയിച്ചു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച പി.സി. ചാക്കോ എംപി, കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എം.എം. ഹസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒഐസിസി നിവേദക സംഘത്തിനാണ്‌ അദ്ദേഹം ഉറപ്പു നല്‍കിയത്‌.

ഗള്‍ഫ്‌ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ മലയാള ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നകാര്യം പരിഗണിക്കാമെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ നിവേദക സംഘത്തെ അറിയിച്ചു.ജയിലുകളില്‍ തടവില്‍ കഴിയുന്നവര്‍ക്കു നിയമസഹായം ലഭ്യമാക്കണം, പാസ്‌ പോര്‍ട്ട്‌ പുതുക്കുന്നതിന്‌ അമിതമായ ചാര്‍ജ്‌ ഈടാക്കുന്നതു കുറയ്‌ക്കണം തുടങ്ങിയ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക