Image

കുറ്റവും ശിക്ഷയും, പിന്നെ സാമൂഹികഭൂമിശാസ്‌ത്രവും (ജോണ്‍ മാത്യു)

Published on 04 January, 2013
കുറ്റവും ശിക്ഷയും, പിന്നെ സാമൂഹികഭൂമിശാസ്‌ത്രവും (ജോണ്‍ മാത്യു)
ഇന്ന്‌ ഇന്ത്യയിലെയും അതിനുമപ്പുറം ലോകമെമ്പാടും ഗൗരവമേറിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്‌ ഡല്‍ഹിയിലെ (മാനഭംഗ കൊലപാതക സംഭവം). ഇതൊരു സാധാരണ കുറ്റകൃത്യമായി കണക്കാക്കി, ജനരോഷം കെട്ടടങ്ങുമെന്നു കരുതി പ്രതികരിക്കാതിരുന്ന ദേശീയനേതാക്കള്‍ രംഗം സജീവമാകുന്നത്‌ കണ്ട്‌ എന്തെങ്കിലുമൊക്കെ പറയാന്‍ നിര്‍ബന്‌ധിതരായി. ഇതേ സമയം, ഇതുപോലെയല്ലെങ്കിലും, സമാനമായ പല സംഭവങ്ങളും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ദിനം പ്രതി കേട്ടുകൊണ്ടിരിക്കുന്നത്‌ അവഗണിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളില്‍ എത്രയെത്ര മാനഭംഗ കേസുകളാണ്‌ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്‌. ഇതെല്ലാം പ്രാദേശിക നിയമപാലകര്‍ (മുറപോലെ) ശ്രദ്ധിക്കുന്നുമുണ്ട്‌. ഒന്നിനും അമിത പ്രാധാന്യം സ്വാഭാവികമായി കൊടുക്കുകയുമില്ല. അത്ര വലിയ പരാതിയൊന്നും കേള്‍ക്കുകയുമില്ല.

എന്നാല്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ ദേശത്തിന്റെ കാവല്‍ക്കാരായി അഭിമാനിക്കുന്ന രാഷ്‌ട്രീയക്കാര്‍ തങ്ങള്‍ ഇരിക്കുന്ന മൂടിന്‌ തീപിടിക്കുമ്പോള്‍ ലോകത്ത്‌ എന്തോ ഒന്ന്‌ ആദ്യമായി സംഭവിച്ചതുപോലെയാണ്‌ അവരുടെ പെരുമാറ്റം. രാഷ്‌ട്രപതി മുതല്‍ താഴോട്ടുള്ള എല്ലാവരും പ്രതികരിച്ചു. അതേ സംഭവം ഉത്തര്‍പ്രദേശിലെയോ ബീഹാറിലെയോ ഒരു ആദിവാസിചേരിയിലായിരുന്നെില്‍ ആരോരുമറിയാതെ, ആരും ഒരുതൊള്ളി കണ്ണീര്‍ വീഴ്‌ത്താതെ വാര്‍ത്തയല്ലാതെ അവസാനിക്കുമായിരുന്നു. പത്രഭാഷയില്‍ പറഞ്ഞാല്‍ തേഞ്ഞുമാഞ്ഞുപോകുമായിരുന്നു.

പ്രതിഷേധിക്കാന്‍ പാകത്തിലാണ്‌ ഡല്‍ഹിസംഭവം. ഒരു യുവതി, മെഡിക്കല്‍ കോളജ്‌ വിദ്യാര്‍ത്ഥിനി, ആഢ്യത്വം നിറഞ്ഞ ഡല്‍ഹിനഗരത്തിന്റെ നടുവില്‍, അര്‍ദ്ധരാത്രിയില്‍ പീഡിപ്പിക്കപ്പെട്ട്‌ നടുറോഡിലേക്ക്‌ വലിച്ചെറിയപ്പെടുക. പ്രതികള്‍ക്ക്‌ ഉന്നതരുമായി ബന്‌ധമില്ലെങ്കിലും അങ്ങനെ ഊഹിക്കാനും സങ്കല്‌പിക്കാനും ഇനിയെന്തുവേണം. പിന്നെ പോലീസന്റെ പിടിപ്പുകേടെന്ന പരാതി എവിടെയും ഉപയോഗിക്കുകയും ആവാം.

ഡല്‍ഹി എന്നും ലൈംഗീക വൈകൃതങ്ങളുടെ നഗരമായിരുന്നു. ഒരു പക്ഷേ മറ്റേതു നഗരംപോലെയും എന്നും പറയാമായിരിക്കാം. പക്ഷേ ഡല്‍ഹിക്ക്‌ ചില പ്രത്യേകതകളുണ്ട്‌. ബിസിനസുകാരും രാഷ്‌ട്രീക്കാരും തങ്ങളുടെ ചെറിയ കാര്യസാദ്ധ്യതകള്‍ക്കുപോലും വലിയപണസഞ്ചിയുമായി ഇവിടേക്കാണ്‌ വരുന്നത്‌. പകലത്തെ മാന്യത വെറും പുറംപൂച്ച്‌. വന്നുചേരുന്ന അധികസമ്പത്ത്‌ രാഷ്‌ട്രീയ കുതിരക്കച്ചവടങ്ങള്‍, പ്രതിഫലങ്ങള്‍, പെണ്‍വാണിഭവങ്ങള്‍ എന്നിവയില്‍ ചെന്നെത്തുന്നു. ഇവരുടെ (രാത്രിവണ്ടി)കളെ തടഞ്ഞുനിര്‍ത്താന്‍ ഏതു പോലീസിനാണ്‌ ധൈര്യം. . ഇതിനോട്‌ ചേര്‍ന്നാണ്‌്‌ കുറ്റവാളിത്ത സ്വഭാവമുള്ള ഡ്രൈവറന്മാരുടെ ആധിപത്യവും. മുഗിള പേര്‍ഷ്യന്‍ രീതികളുടെ തുടര്‍ച്ചയായ ലൈംഗീകവാണിഭങ്ങളും നഗരജീവിതത്തിന്റെ ഭാഗമായി നിലനില്‌ക്കുന്നു.

ഇപ്പറഞ്ഞതൊന്നും കുറ്റകൃത്യങ്ങളുടെ ന്യായീകരണമല്ല. ഇപ്പോള്‍ പിടിക്കപ്പെട്ട ഏതാനും കുറ്റവാളികളെ ഒറ്റപ്പെടുത്തി ഇതാ ഒരു നാടിന്റെ മാലിന്യത്തിന്റെ പ്രതീകമാണ്‌ ഇവര്‍ എന്ന്‌ പറയുന്നതിലും അര്‍ത്ഥമില്ല. ഇന്ത്യയുടെ സാമൂഹികവ്യവസ്‌ഥിതിയില്‍ നൂറ്റാണ്ടുകളില്‍ക്കൂടി സംഭവിച്ച കപടസദാചാരത്തിന്റേതായ പുരുഷലൈംഗീകദാരിദ്രത്തിന്റയും വൈകൃതത്തിന്റെയും മറ ഒരിക്കല്‍ക്കൂടി ഇവിടെ നീക്കിയെന്നുമാത്രം. അതേ അവര്‍ പിടിക്കപ്പെട്ടുവെന്ന്‌ മാത്രം.

നിയമംമാറ്റി എഴുതി ലൈംഗീക കുറ്റവാളികളെയെല്ലാം തൂക്കിക്കൊല്ലുകയോ ബന്‌ധപ്പെട്ടഅവയവങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യണമെന്ന്‌ പറയുന്ന്‌ രാഷ്‌ട്രീയക്കാരുടെ ധാര്‍മ്മികരോഷാഭിനയമാണ്‌. പല്ലിന്‌ പല്ല്‌, കണ്ണിന്‌ കണ്ണ്‌ എന്നുള്ള പ്രാകൃത ശിക്ഷാരീതകളിലേക്ക്‌ മടങ്ങിപ്പോകണോ. ആധുനിക ജനാധിപത്യരാജ്യങ്ങള്‍ പലതും വധശിക്ഷയേ നിര്‍ത്തലാക്കിയിരിക്കുന്നു ഇന്ത്യയിലാണെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാറുള്ളു. അത്‌ നടപ്പാക്കുന്നത്‌ ഇനിയും വിരളം. അപ്പോള്‍ ലൈംഗീക പീഡനങ്ങള്‍ക്കെല്ലാം വധശിക്ഷയോ ക്രൂരശിക്ഷയോ നല്‌കുമ്പോള്‍ നിരപരാധികളും കെട്ടിച്ചമച്ച തെളിവുകളുടെ പേരില്‍പ്പോലും ശിക്ഷിക്കപ്പെട്ടേക്കാം.

കൂട്ടമാനഭംഗം പോലെയുള്ള കേസുകളില്‍ കോടതിയില്‍നിന്ന്‌ പ്രതികള്‍ക്ക്‌ ശിക്ഷ സമ്പാദിച്ചുകൊടുക്കുന്നത്‌ പോലീസിന്‌ അത്ര സുഗമമായ പണിയൊന്നുമല്ല. നിയമത്തിന്റെ ഊരാക്കുരുക്കുകളും, പലപ്പോഴും വ്യക്‌തമായ തെളിവുകളുടെ അഭാവവും ഒരുവശത്ത്‌, പ്രതികള്‍ ഉന്നതബന്‌ധവും സമ്പന്നരുമാണെങ്കില്‍ സമര്‍ത്ഥരായ വക്കീലന്മാര്‍ മറുവശത്ത്‌. കുറ്റം ഉന്നതപുത്രനില്‍നിന്ന്‌ ദരിദ്രപുത്രനിലേക്ക്‌ മാറാന്‍ എന്തെളുപ്പം ശിക്ഷിക്കപ്പെടുകയും ചെയ്യാം. ആധിപത്യം പുലര്‍ത്തുന്ന ഒരു ഗുണ്ടാനേതാവിന്റെ വരുതിയില്‍ എങ്ങനെയോ വന്നുപെടുന്ന ദുര്‍ബലമനസുകളായ അനുയായികളുടെ ദുര്‍വിധി ആരും ചര്‍ച്ചാവിഷയമാക്കുന്നതുമില്ല.


ഇടതും വലതുമുള്ള, അതായത്‌ (മതരാഷ്‌ട്രീയകമ്മ്യൂണിസ്‌റ്റ്‌) തീവ്രവാദികള്‍ എന്നും കഠിന ശിക്ഷകള്‍ക്ക്‌ അനുകൂലമാണ്‌. മാതൃകാശിക്ഷയില്‍ക്കൂടി സാമൂഹിക സമാധാനമെന്നാണ്‌ അവര്‍ വിശ്വസിക്കുന്നത്‌. അത്‌ പ്രതികാരത്തിനോ, ശുദ്ധീകരണത്തിനോ, സദാചാരസംരക്ഷണത്തിനോ വര്‍ഗ്‌ഗശത്രുക്കള്‍ക്കെതിരെയോ ഒക്കെയാവാം. പൊതു നിരത്തിലോ നാല്‌ക്കവലയിലോ തിളങ്ങുന്ന വാളുകൊണ്ട്‌ ശിരസുവെട്ടി ശിക്ഷനടപ്പാക്കുന്നതുകണ്ട്‌ സായൂജ്യമടയുന്ന മനസിന്‌ എന്താണ്‌ പേരിടേണ്ടത്‌. സൗദി അറേബ്യയില്‍ തലവെട്ടി ശിക്ഷ നടപ്പാക്കുമ്പോള്‍, താലിബാന്‍ മതനിന്ദയുടെ പേരില്‍ ശിക്ഷ നടപ്പാക്കുമ്പോള്‍, മായംചേര്‍ത്തതിന്‌ ചൈനയിലെ കമ്മൂണിസ്‌റ്റ്‌ ഭരണം പ്രതികളെ വെടിവെച്ചു കൊല്ലുമ്പോള്‍ ടെക്‌സാസില്‍ തുരുതുരാ വധശിക്ഷ നടപ്പാക്കുമ്പോള്‍ നമ്മിലെ സ്വയം നീതീകരണത്വത്തിന്റേതായ (പരീശമനസ്‌) ആനന്ദിച്ചേക്കാം. എന്നിട്ട്‌ പറയും ഈ ദേശങ്ങളിലെല്ലാം കുറ്റവിമുക്‌തമായ സമൂഹം, നാമെന്ന നല്ല മനുഷ്യര്‍ക്ക്‌ ഇനിയും സന്തോഷമായി സൈ്വര്യമായി ജീവിക്കാം.

എന്നാല്‍ ലിബറല്‍ ജനാധിപത്യ വ്യവസ്‌ഥിതിയിലെ നീതി എന്ന സങ്കല്‌പം അവിടെനിന്നും എത്രയോ മുന്നോട്ട്‌ പോയിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ സമുഹത്തിന്റെ രോഗമാണെന്നും കുറ്റവാളി രോഗിയാണെന്നും പുണ്യളന്മാരായി അഭിനയിക്കുന്ന നമുക്കും ചിലപ്പോള്‍ ഈ കുറ്റമനസുണ്ടെന്നും ആദ്യമേ തിരിച്ചറിയാം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടരുതെന്നൊന്നുമല്ല വിവക്ഷ, ആ ശിക്ഷ വെറും പ്രതികാരദാഹമാകാതെ സമൂഹത്തിന്റെ നന്മക്ക്‌ ആയിത്തീരട്ടെ.
കുറ്റവും ശിക്ഷയും, പിന്നെ സാമൂഹികഭൂമിശാസ്‌ത്രവും (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക