Image

മലയാള സിനിമ: തീയേറ്ററുകള്‍ക്ക്‌ ഉത്സവമായി ഓണച്ചിത്രങ്ങള്‍...

Published on 04 September, 2011
മലയാള സിനിമ: തീയേറ്ററുകള്‍ക്ക്‌ ഉത്സവമായി ഓണച്ചിത്രങ്ങള്‍...
മലയാള സിനിമക്ക്‌ വീണ്ടും ആവേശം പകര്‍ന്ന്‌ ഓണച്ചിത്രങ്ങളെത്തി. ഇടക്കാലത്ത്‌ നിര്‍ജ്ജീവമായിരുന്ന തീയേറ്ററുകള്‍ ഓണച്ചിത്രങ്ങളെത്തിയതോടു കൂടി വീണ്ടും ആവേശത്തിലേക്ക്‌ കടക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പ്രമുഖ ചിത്രങ്ങളെല്ലാം ഓണക്കാലത്ത്‌ തീയേറ്ററുകളില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ ഇത്തവണ തീയേറ്ററുകള്‍ക്ക്‌ ഉത്സവമായി ആറ്‌ ചിത്രങ്ങളാണ്‌ ഓണക്കാലത്ത്‌ എത്തിയിരിക്കുന്നത്‌

ബ്ലസി സംവിധാനം ചെയ്‌തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ പ്രണയം, പൃഥ്വിരാജ്‌ ചിത്രമായ തേജാഭായ്‌ ആന്‍ഡ്‌ ഫാമിലി എന്നിവയാണ്‌ റിലീസ്‌ ചെയ്‌ത ഓണചിത്രങ്ങള്‍. ജോഷിയുടെ യുവതാരചിത്രമായ സെവന്‍സ്‌, കുഞ്ചാക്കോ ബോബന്റെ ഡോക്‌ടര്‍ ലൗ, ജയറാം ചിത്രമായ ഉലകം ചുറ്റുംവാലിബന്‍, ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്നിവയാണ്‌ വരും ദിവസങ്ങളില്‍ തീയേറ്ററുകളിലേക്കെത്തുന്ന ഓണ ചിത്രങ്ങള്‍.

മലയാള സിനിമയിലെ മുന്‍നിര സംവിധായകനായ ബ്ലസി സംവിധാനം ചെയ്‌തിരിക്കുന്ന പ്രണയം തന്നെയാണ്‌ ഓണചിത്രങ്ങളില്‍ പ്രധാന ആകര്‍ഷണം. പതിവ്‌ കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ബ്ലസിയുടെ പരീക്ഷണം തീയേറ്ററുകളില്‍ പ്രേക്ഷകരെയും ആകര്‍ഷിക്കുന്നുണ്ടെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അനുപംഖേറും, ജയപ്രദയും പ്രധാന വേഷങ്ങളിലെത്തുന്നു. ജയപ്രദ അവതരിപ്പിക്കുന്ന ഗ്രേസ്‌ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന രണ്ടു വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ്‌ പ്രണയത്തിന്റെ കഥ വികസിക്കുന്നത്‌. മോഹന്‍ലാലിന്റെ മാത്യൂസ്‌ എന്ന കഥാപാത്രം ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു. അനൂപ്‌ മേനോന്‍, ധന്യാ മേരി വര്‍ഗീസ്‌, അപൂര്‍വ്വ, നിവേദിത തുടങ്ങിയ താരങ്ങളും പ്രണയത്തില്‍ അഭിനയിക്കുന്നു.

പൃഥ്വിരാജ്‌ ചിത്രമായ തേജാ ഭായി ആന്‍ഡ്‌ ഫാമിലി കോമഡി ചിത്രമെന്ന നിലയിലാണ്‌ തീയേറ്ററുകളിലെത്തിയത്‌. എന്നാല്‍ കാര്യമായ പ്രതികരണം സൃഷ്‌ടിക്കാന്‍ ചിത്രത്തിന്‌ കഴിഞ്ഞിട്ടില്ല. കോമഡി എന്റര്‍ടെയിനര്‍ എന്ന നിലയില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയാതെ പോയതാണ്‌ ചിത്രത്തിന്റെ പരാജയം. ദീപു കരുണാകരന്‍ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രത്തില്‍ അഖിലയാണ്‌ നായിക. സുരാജ്‌ വെഞ്ഞാറമൂട്‌, സലിംകുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. പൃഥ്വിരാജ്‌ ആദ്യമായി ഒരു മൂഴുനീള ഹാസ്യ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ്‌ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌. എന്നാല്‍ പതിവ്‌ കോമഡി മസാലകള്‍ക്കപ്പുറം ചിത്രത്തില്‍ കാര്യമായി ഒന്നുമില്ലെന്നത്‌ ചിത്രത്തെ ഒരു വിജയത്തിലേക്ക്‌ എത്തിക്കുന്നതിന്‌ തടസമായിരിക്കുന്നു.

റിലീസ്‌ ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ ജോഷി സംവിധാനം ചെയ്‌തിരിക്കുന്ന സെവന്‍സ്‌ തന്നെയാണ്‌ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രോജക്‌ട്‌. ഈ വര്‍ഷം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രോജക്‌ടുകളിലൊന്നു കൂടിയാണ്‌ സെവന്‍സ്‌. മലയാളത്തിലെ മുതിര്‍ന്ന സംവിധായകനായ ജോഷി യുവതാരങ്ങള്‍ക്കൊപ്പം ചേരുന്നു എന്ന പ്രത്യേകതയും സെവന്‍സിനുണ്ട്‌. ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്‌ നഗരത്തിലെ ഏഴുപേരടങ്ങുന്ന ഒരൂ ഫുട്‌ബോള്‍ ടീമിന്റെ കഥയാണ്‌ ചിത്രത്തില്‍ പറയുന്നത്‌. പുതിയ കാലഘട്ടത്തിലെ യുവത്വത്തിന്റെ കഥ പറയുന്നു എന്നതുകൊണ്ടും ചിത്രം ഏറെ പ്രധാന്യമര്‍ഹിക്കുന്നു. സംഗീതത്തിനും ഹ്യൂമറിനും ഏറെ പ്രധാനമുള്ള ഈ ചിത്രം ആക്ഷന്റെ പശ്ചാത്തലം കൂടിയുള്ളതാണ്‌. കുഞ്ചാക്കോ ബോബനാണ്‌ ചിതത്തിലെ നായകന്‍. ചാക്കോച്ചനൊപ്പം ആസിഫ്‌ അലി, നിവിന്‍പോളി, രജിത്‌ മേനോന്‍, വിജീഷ്‌, അജു വര്‍ഗീസ്‌, വിനീത്‌ കുമാര്‍, മിഥുന്‍, എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന താരങ്ങള്‍. നായികമാരായ റീമകലുങ്കലും, ഭാമയുമെത്തുന്നു. ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ ആദ്യകാല നായിക നദിയാ മൊയ്‌തു ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്‌. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌ ഇക്‌ബാല്‍ കുറ്റിപ്പുറമാണ്‌. അജയന്‍വിന്‍സെന്റാണ്‌ ചിത്രത്തിന്റെ കാമറമാന്‍. ബിജിബാല്‍ ചിത്രത്തിന്‌ സംഗീതം പകരുന്നു.

കുഞ്ചാക്കോ ബോബന്റെ തന്നെ ഡോക്‌ടര്‍ ലൗ എന്ന ചിത്രവും ഓണചിത്രങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്‌. വിദ്യാര്‍ഥിയല്ലെങ്കിലും കോളജ്‌ ക്യാംപസിലേക്ക്‌ എത്തിപ്പെടുന്ന വിനയ ചന്ദ്രന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ്‌ കുഞ്ചാക്കോ ബോബന്‍ ഡോക്‌ടര്‍ ലൗവില്‍ അവതരിപ്പിക്കുന്നത്‌. ചാക്കോച്ചന്റെ ഇന്നും സജീവമായ ക്യാംപസ്‌ ഇമേജ്‌ ഏറെ ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രമാണ്‌ ഡോക്‌ടര്‍ ലൗ. പ്രണയിക്കുന്നവരെയും, പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരെയും സഹായിക്കുന്ന യുവകവിയുടെ വേഷമാണ്‌ കുഞ്ചാക്കോ ബോബന്‌ ഈ ചിത്രത്തില്‍. നവാഗതനായ കെ.ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഭാവന നായികയായി എത്തുന്നു. മണിക്കുട്ടന്‍, രജിത്‌ മേനോന്‍, ഭഗത്‌ മാനുവല്‍, ഹേമന്ത്‌ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്‌.

ജയറാം നായകനാകുന്ന ഉലകം ചുറ്റും വാലിബനാണ്‌ ഓണച്ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രധാന ചിത്രം. ജയറാം വീണ്ടും ക്ലീന്‍ കോമഡി വേഷത്തില്‍ എത്തുന്ന ഉലകം ചുറ്റും വാലിബന്‍ എന്ന ചിത്രം കോമഡി തിരക്കഥകളിലൂടെ ശ്രദ്ധേയനായ കൃഷ്‌ണപൂജപ്പുരയുടെ രചനകളിലൊന്നാണ്‌. ജയറാമിനൊപ്പം ബിജുമേനോന്‍ ഒരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മിത്രാകുര്യനും വന്ദനയുമാണ്‌ ചിത്രത്തില്‍ നായികമാര്‍. നാട്ടില്‍ നിന്നും കടബാധ്യതകളില്‍ നഗരത്തിലേക്ക്‌ രക്ഷപെടുന്ന ജയശങ്കര്‍ എന്ന കഥാപാത്രത്തെയാണ്‌ ജയറാം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.സി.ഐ സാജന്‍ ജോസഫ്‌ എന്ന കഥാപാത്രമായി ബിജുമേനോനും അഭിനയിക്കുന്നു. സുരാജ്‌ വെഞ്ഞാറമൂട്‌, സലിംകുമാര്‍, കോട്ടയം നസീര്‍, സുരേഷ്‌കൃഷ്‌ണ, ജനാര്‍ദ്ദനന്‍, മാമുക്കോയ, ബിജുക്കുട്ടന്‍ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.

ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഏറെ മാറ്റങ്ങളോടെ ഓണത്തിന്‌ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയിട്ടുണ്ട്‌. നവോദയ അപ്പന്‍ നിര്‍മ്മിച്ച്‌ ജിജോ സംവിധാനം ചെയ്‌ത ഈ ചിത്രം 1984ല്‍ റിലീസ്‌ ചെയ്‌തതാണ്‌. അന്ന്‌ മലയാളത്തില്‍ ഒരു തരംഗം തന്നെ സൃഷ്‌ടിച്ചിരുന്ന മൈഡിയര്‍ കുട്ടിച്ചാത്തന്‍. പുതിയ അവതരണഭംഗിയോടെ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്‌ എത്തുന്നു എന്ന പ്രത്യേകതയാണ്‌ ഇപ്പോഴുള്ളത്‌. ബിച്ചു തിരുമലയുടെ വരികള്‍ക്ക്‌ ഇളയരാജ ഈണം പകരുന്നു. കേരളത്തില്‍ നാല്‌പതോളം തീയേറ്ററുകളില്‍ റിലീസിനെത്തിയിരിക്കുന്ന മൈഡിയര്‍ കുട്ടിച്ചാത്തന്‍ മികച്ച പ്രതികരണമാണ്‌ നേടുന്നത്‌.
മലയാള സിനിമ: തീയേറ്ററുകള്‍ക്ക്‌ ഉത്സവമായി ഓണച്ചിത്രങ്ങള്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക