Image

സഹോദരിയുടെ സന്യാസ ജീവിതത്തിന്റെ സുവര്‍ണജൂബിലിക്ക് ആന്റണിയെത്തി

Published on 03 January, 2013
സഹോദരിയുടെ സന്യാസ ജീവിതത്തിന്റെ സുവര്‍ണജൂബിലിക്ക് ആന്റണിയെത്തി
ചേര്‍ത്തല: സന്യാസ ജീവിതത്തിന്റെ സുവര്‍ണജൂബിലിയും എണ്‍പതാം പിറന്നാളും ആഘോഷിക്കുന്ന സഹോദരിക്ക് ആശംസകളുമായി ഇന്ത്യയുടെ പ്രതിരോധമന്ത്രി നേരത്തെതന്നെ എത്തി. 

ജനുവരി 14-ന് 80-ാം പിറന്നാളും 19-ന് സന്യാസജീവിതം സ്വീകരിച്ചതിന്റെ 50-ാം വാര്‍ഷികവും ആഘോഷിക്കുന്ന അറയ്ക്കപ്പറമ്പില്‍ സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയെ സന്ദര്‍ശിക്കാനാണു പ്രതിരോധമന്ത്രി എ.കെ.ആന്റണി ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പട്ടണക്കാട് സെന്റ് ജോസഫ്‌സ് കോണ്‍വെന്റില്‍ എത്തിയത്. കോണ്‍വെന്റില്‍ എത്തിയ ആന്റണിക്ക് സ്വീകരണവും ഒരുക്കിയിരുന്നു. സ്വീകരണങ്ങള്‍ക്കുനന്ദിപറഞ്ഞ ആന്റണി സഹോദരിക്ക് ആശംസകള്‍ നേര്‍ന്നു. ഫാ. ജോസഫ് കരിമഠം, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബില്യ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജീനാ ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസാ റോസ്, പിടിഎ പ്രസിഡന്റ് അഡ്വ.സി.വി.തോമസ് എന്നിവര്‍ ചേര്‍ന്ന് ആന്റണിയെ സ്വീകരിച്ചു. അരമണിക്കൂറോളം കോണ്‍വെന്റില്‍ ചെലവഴിച്ചശേഷമാണ് ആന്റണി മടങ്ങിയത്.

ഡല്‍ഹിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി മരണപ്പെട്ട സംഭവം മൃഗീയമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എ.കെ.ആന്റണി പറഞ്ഞു. പ്രതിഷേധം നിലച്ചെങ്കിലും ജനങ്ങള്‍ക്കുള്ളില്‍ രോഷം അണപൊട്ടുകയാണെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആന്റണി പറഞ്ഞു. 

ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണത്തേത്തുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ ആഘോഷപരിപാടികളില്‍ നിന്നു വിട്ടു നില്ക്കുന്നതിനാല്‍ കോണ്‍വെന്റുകാര്‍ തയാറാക്കിയ കേക്ക് മുറിക്കാന്‍ എ.കെ. ആന്റണി തയാറായില്ല. പിന്നീട് ആന്റണിയുടെ സഹോദരി മദര്‍ ഇന്‍ഫന്റ് ട്രീസതന്നെയാണ് കേക്ക് മുറിച്ചു ആന്റണിക്കും മറ്റെല്ലാവര്‍ക്കും നല്കിയത്. 

സഹോദരിയുടെ സന്യാസ ജീവിതത്തിന്റെ സുവര്‍ണജൂബിലിക്ക് ആന്റണിയെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക