Image

ആര്യാകൊലക്കേസ്‌: പ്രതി രാജേഷ്‌ കുമാറിന്‌ വധശിക്ഷ

Published on 03 January, 2013
ആര്യാകൊലക്കേസ്‌: പ്രതി രാജേഷ്‌ കുമാറിന്‌ വധശിക്ഷ

തിരുവനന്തപുരം: പത്താം ക്‌ളാസ്സ്‌ വിദ്യാര്‍ത്ഥിനി ആര്യ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി രാജേഷ്‌ കുമാറിന്‌ വധശിക്ഷ. കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ഈ കേസില്‍ സംശയത്തിന്റെ ആനുകൂല്യമൊന്നും നല്‍കാതെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന്‌ കോടതി വിലയിരുത്തിയ കേസ്‌ ബലാല്‍സംഗക്കേസുകളില്‍ വധശിക്ഷ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തേതായി.

കഴിഞ്ഞ മാര്‍ച്ച്‌ 2012 മാര്‍ച്ച്‌ ആറിനായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറും സമീപ വാസിയുമായ രാജേഷിന്റെ ഓട്ടോ സംഭവ ദിവസം ആര്യയുടെ വീടിനടുത്തുള്ള ഓടയില്‍ അകപ്പെടുകയും വീടിന്റെ തിണ്ണയില്‍ പഠിച്ചുകൊണ്ടിരുന്ന പത്താം ക്ലാസുകാരി ആര്യ ഇയാളെ സഹായിക്കാനായി എത്തുകയുമായിരുന്നു. ഇയാളെ സഹായിച്ച ശേഷം വീടിനുള്ളിലേയ്‌ക്ക് കയറിപ്പോയ ആര്യയുടെ പിന്നാലെ കയറിച്ചെന്ന രാജേഷ്‌ ആര്യയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും അതിനു ശേഷം കൊല്ലുകയുമായിരുന്നു. മരണം ഉറപ്പിക്കുന്നതിനായി തോര്‍ത്ത്‌ ഉപയോഗിച്ച്‌ കഴുത്തു ഞെരിക്കുകയും ചെയ്യുകയായിരുന്നു.

പ്രതിക്ക്‌ 30 വയസ്സ്‌ മാത്രമേയുള്ളൂ മാനസാന്തരത്തിന്‌ ഇനിയും സമയമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍ കോടതി അംഗീകരിച്ചില്ല. 2012 മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ ബലാത്സംഗം, കൊലപാതകം, വഞ്ചന, കവര്‍ച്ച തുടങ്ങിയ നീചകൃത്യം സംശയത്തിനിട നല്‍കാത്ത വിധത്തില്‍ തെളിയിക്കപ്പെട്ടതായി കോടതി വിലയിരുത്തി. കേസ്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്‌ഥരെ കോടതി പ്രശംസിച്ചു.

അതേസമയം സംഭവം നടന്നതിന്‌ 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തില്‍ പറഞ്ഞിരുന്ന തെളിവ്‌ നശിപ്പിക്കല്‍ മാത്രം തെളിയിക്കാനായില്ല. ശാസ്‌ത്രീയ, സാഹചര്യ തെളിവുകളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പരമാവധി ശിക്ഷ പ്രതിക്ക്‌ ലഭിക്കണമെന്ന്‌ പ്രോസിക്യൂഷന്‍ വാദിച്ചത്‌. വിധി കേള്‍ക്കാനായി ആര്യയുടെ ബന്ധുക്കളും നാട്ടുകാരുമായി അനേകര്‍ കോടതിയില്‍ എത്തിയിരുന്നു. രണ്ട്‌ മാസം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവിലായിരുന്നു വിധി.

ആര്യാകൊലക്കേസ്‌: പ്രതി രാജേഷ്‌ കുമാറിന്‌ വധശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക