Image

അവിശ്വാസവും സ്പര്‍ധയും വര്‍ധിക്കുന്നു: ആന്‍റണി

Published on 02 January, 2013
അവിശ്വാസവും സ്പര്‍ധയും വര്‍ധിക്കുന്നു: ആന്‍റണി

ചങ്ങനാശേരി: സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദത്തില്‍ ഊഷ്മളത കുറയുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. 136ാമത് മന്നം ജയന്തി സമ്മേളനം പെരുന്നയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമുദായിക നീതിയും സാമൂഹികനീതിയും ഉറപ്പുവരുത്തി ഇപ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണം. വടക്കേ ഇന്ത്യയിലെ സാമുദായിക സാഹചര്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് കേരളത്തിലേത്.
 മതസൗഹാര്‍ദമെന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ മാത്രം സൗഹാര്‍ദമുണ്ടാകില്ല. സാമുദായിക സൗഹാര്‍ദത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍, ഇന്ന് അവിശ്വാസവും സ്പര്‍ധയും വര്‍ധിക്കുന്നു. ഇങ്ങനെ പോയാല്‍ വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം വീണ്ടും ഭ്രാന്താലയമാകും. തീകൊണ്ടുള്ള കളി അവസാനിപ്പിക്കണം.   
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമം ഉണ്ടാകണമെന്നാണ് തന്‍െറ അഭിപ്രായം. ജസ്റ്റിസ് വര്‍മ കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയമനിര്‍മാണത്തിന്  സര്‍ക്കാര്‍ നടപടി സ്വീകരിക്കും
. കോടതിയും പൊലീസും മാത്രം വിചാരിച്ചാല്‍ മാറ്റമുണ്ടാകില്ല. നിയമങ്ങള്‍ നടപ്പാക്കുന്നതിന് പല തലങ്ങളുണ്ട്. ഓരോഘട്ടത്തിലും തുരപ്പന്‍പണി നടത്തുന്നതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്.
ഇപ്പോള്‍, ചങ്ങലക്കാണ് ഭ്രാന്ത് പിടിച്ചിരിക്കുന്നത്. സമൂഹത്തെ പിടികൂടിയിരിക്കുന്ന ഭ്രാന്ത് ഇല്ലാതാക്കാനും മൂല്യച്യുതിക്കെതിരെയും കോടതികള്‍ക്കൊപ്പം ജനങ്ങളും ശ്രമിക്കണം.
 ഇക്കാര്യത്തില്‍ സാമുദായിക സംഘടനകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. ദല്‍ഹിയില്‍ മാത്രമല്ല കേരളത്തിലും തലയുയര്‍ത്തി നടക്കാന്‍കഴിയാത്ത അന്തരീക്ഷമാണുള്ളത്. ദല്‍ഹിയിലെ ജനരോഷത്തിലെ പ്രകമ്പനം അടുത്തകാലത്തൊന്നും നിലക്കാന്‍ പോകുന്നില്ല. ഇത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.
ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ മാനഹാനിയുടെയും ജീവഹാനിയുടെയും പശ്ചാത്തലത്തില്‍ കടുത്തനിയമം വേണമെന്ന് എല്ലാവരും വാദിക്കുന്നുണ്ട്.
 എന്നാല്‍, നിയമത്തിനുവേണ്ടി മാത്രം കാത്തിരുന്നിട്ട് കാര്യമില്ല.  പെണ്‍കുട്ടികള്‍ക്ക്  വീട്ടിലും നാട്ടിലും തെരുവിലും സ്കൂളിലും സുരക്ഷിതത്വമില്ല.
 മാറ്റത്തിനായി പോരാട്ടം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ മുന്‍പന്തിയിലാണ് മന്നം. സ്വന്തംസമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെയാണ് ആദ്യംപോരാടിയത്. പട്ടികജാതി-പിന്നാക്ക സമൂഹത്തിനുവേണ്ടി ചെരിപ്പിടാതെ തിരുവനന്തപുരത്തേക്ക് നടത്തിയ സവര്‍ണജാഥയുടെ സൈന്യാധിപനായി മാറിയ മന്നം കാലഘട്ടത്തിനുവേണ്ടിയാണ് പോരാടിയതെന്നും എ.കെ. ആന്‍റണി അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക