Image

വിവാദ നൃത്തം: മൂന്ന് നേതാക്കളെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

Published on 02 January, 2013
വിവാദ നൃത്തം: മൂന്ന് നേതാക്കളെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു
കോല്‍ക്കത്ത: പാര്‍ട്ടിയുടെ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് വിവാദനൃത്തം സംഘടിപ്പിക്കുകയും നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ പണം വാരിയെറിയുകയും ചെയ്തതിന്റെ പേരില്‍ മൂന്ന് പ്രാദേശിക നേതാക്കളെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. കോല്‍ക്കത്തയ്ക്ക് സമീപമുള്ള ഭംഗോറില്‍ ജില്ലാ നേതൃത്വം സംഘടിപ്പിച്ച പരിപാടി വിവാദമായതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. 

അല്‍പവസ്ത്ര ധാരിണികളായി നൃത്തം ചെയ്ത പെണ്‍കുട്ടികള്‍ക്കൊപ്പം പ്രാദേശിക നേതാക്കളും കൂടിയിരുന്നു. ഡാന്‍സ് മുറുകിയതോടെ വേദിയിലെത്തിയ നേതാക്കള്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കിടയിലേക്ക് നോട്ടുകളും വാരിയെറിഞ്ഞു. ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിന്റെ പേരില്‍ പുതുവത്സരാഘോഷങ്ങള്‍ പോലും പല സംഘടനകളും വേണ്‌ടെന്നുവെച്ച സാഹചര്യത്തിലായിരുന്നു തൃണമൂല്‍ നേതാക്കള്‍ ഇത്തരത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പ്രാദേശിക ചാനലുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പരിപാടി സംഘടിപ്പിച്ച നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. 

പ്രാദേശിക പോലീസ് സ്റ്റേഷന് മുന്‍പിലായിരുന്നു പരിപാടി. പോലീസിന്റെ അനുമതി വാങ്ങിയിരുന്നുമില്ല. നൃത്ത ദൃശ്യങ്ങള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ രാത്രി 11.30 ഓടെ പോലീസ് ഇടപെട്ട് പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക