Image

ബിഹാറില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്തുക്കള്‍ പരസ്യപ്പെടുത്തി

Published on 02 January, 2013
ബിഹാറില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്തുക്കള്‍ പരസ്യപ്പെടുത്തി
പാറ്റ്‌ന: ബിഹാറില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്തുക്കള്‍ പരസ്യപ്പെടുത്തി. ഇത് മൂന്നാം വര്‍ഷമാണ് ബിഹാറില്‍ മന്ത്രിമാരുടെ സ്വത്തുക്കള്‍ പ്രസിദ്ധപ്പെടുത്തുന്നത്. 2011 ലായിരുന്നു ആദ്യമായി സ്വത്തുക്കള്‍ പരസ്യപ്പെടുത്തിയത്. 

14,475 രൂപയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൈവശമുള്ളത്. കഴിഞ്ഞ വര്‍ഷം 46,974 രൂപയായിരുന്നു മുഖ്യമന്ത്രിയുടെ കൈവശമുണ്ടായിരുന്നത്. ഇതുകൂടാതെ ഡല്‍ഹിയിലെ സന്‍സദ് വിഹാറില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന വീടും 2003 മോഡല്‍ കാറുള്‍പ്പെടെ 6.15 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് സ്വത്തുക്കളും ഉള്ളതായി നിതീഷ് വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് ബാങ്കില്‍ നിന്ന് ഒരു വായ്പയും നിലവിലുണ്ട്. മകന്‍ നിഷാന്തിന്റെ സ്വത്തുക്കളും നിതീഷ് കുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കല്യാണ്‍ബീഗയില്‍ നിഷാന്തിന്റെ പേരിലുള്ള കൃഷിഭൂമിയുള്‍പ്പെടെയുള്ള സ്വത്തുക്കളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കണക്കുകളില്‍ അച്ഛനെക്കാള്‍ പണക്കാരനാണ് മകന്‍. ടൂറിസം മന്ത്രി സുനില്‍ കുമാര്‍ പിന്റുവിന്റെ കൈവശം 8.74 ലക്ഷം രൂപയും പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി ബ്രിഷന്‍ പട്ടേലിന്റെ കൈവശം 4 ലക്ഷം രൂപയുമാണുള്ളത്. ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയുടെ സമ്പാദ്യം 20,000 രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുമാണ്. 

അഭിഭാഷകനായിരുന്ന മന്ത്രി പി.കെ ഷാഹിയാണ് സമ്പന്നരില്‍ ഒന്നാമന്‍. അഞ്ച് കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കളാണ് മന്ത്രിക്കുള്ളത്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സ്വത്തുവിവരം പരസ്യപ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക