Image

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം

Published on 02 January, 2013
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം

തിരുവനന്തപുരം: വാരാണസിയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ അംഗീകാരം നേടി. രാജ്യമെമ്പാടുംനിന്നു പങ്കെടുത്ത വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രോജക്ടുകളില്‍ തെരഞ്ഞെടുക്കപ്പെട്ട 25 ല്‍ മികച്ചവയെന്നു കേരളത്തിന്റെ കുട്ടികളുടെ പദ്ധതികളെ വിലയിരുത്തി.

കാസര്‍ഗോഡ് ചീമേനി ജിഎച്ച്എസ്എസിലെ പി.വി. ശ്രുതി അവതരിപ്പിച്ച ചീമേനിയിലെ നിര്‍ദിഷ്ട താപനിലയത്തിന്റെ പരിസ്ഥിതി ആഘാത പഠനം, മലപ്പുറം വള്ളിക്കുന്ന് സിബിഎച്ച്എസിലെ കെ. യദുനാഥ് അവതരിപ്പിച്ച ഊര്‍ജ ഉപയോഗവും ജീവിത ശൈലിയും, വയനാട് മീനങ്ങാടി ജി.എച്ച്.എസ്.എസിലെ ഏഞ്ചല്‍ ഏബ്രഹാമിന്റെ റബര്‍ പാല്‍ വരുംകാലത്തിന്റെ ഇന്ധനം എന്നിവയാണു മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടത്.

1993 ല്‍ ആരംഭിച്ച ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ദേശീയതലത്തില്‍ കുട്ടികള്‍ക്കിടയില്‍ ശാസ്ത്ര വിജ്ഞാനവും കൗതുകവും വളര്‍ത്തുന്നതിനുള്ള വേദിയാണ്. ഊര്‍ജ ഉല്‍പാദനവും സംരക്ഷണവുമായിരുന്നു ഇത്തവണ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രമേയം.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെലോഷിപ്പിനും എതെങ്കിലും നാഷണല്‍ ലാബറട്ടറിയില്‍ ഒരു മാസം പരിശീലനത്തിനും ഈ ബാലസാസ്ത്രജ്ഞര്‍ക്ക് അവസരം ലഭിക്കും. സംസ്ഥാനത്തു ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ മത്സരങ്ങളെത്തുടര്‍ന്നാണ് ഇവര്‍ക്ക് ദേശീയതലത്തില്‍ മത്സരത്തിന് അവസരം ലഭിച്ചത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനതലത്തിലെ സംഘാടകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക