Image

അടയ്ക്ക വിറ്റു ലോട്ടറിയെടുത്തു; പുതുവര്‍ഷത്തില്‍ കുമാരനു ഭാഗ്യദേവതയുടെ കടാക്ഷം

Published on 02 January, 2013
അടയ്ക്ക വിറ്റു ലോട്ടറിയെടുത്തു; പുതുവര്‍ഷത്തില്‍ കുമാരനു ഭാഗ്യദേവതയുടെ കടാക്ഷം
പൂച്ചാക്കല്‍: പുതുവര്‍ഷപ്പുലരിയില്‍ ഉറക്കമുണര്‍ന്ന കുമാരന്റെ മുന്നില്‍ ഭാഗ്യദേവത അവതരിച്ചതു വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ രൂപത്തില്‍. അരൂക്കുറ്റി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പി.കെ. കുമാരെനെയാണ് അടയ്ക്ക വിറ്റു കിട്ടിയ പണംകൊണെ്ടടുത്ത ലോട്ടറിയിലൂടെ 50 ലക്ഷത്തിന്റെ ഭാഗ്യം കൈവന്നത്. വിന്‍വിന്‍ ലോട്ടറിയുടെ ഡബ്യു ഇ-109870 എന്ന ടിക്കറ്റിനാണു ഒന്നാം സമ്മാനം ലഭിച്ചത്.

50 വര്‍ഷമായി സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശീലമുണ്ടായിരുന്നു എഴുപത്തഞ്ചുകാരനായ കുമാരന്. കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനം ഉപയോഗിച്ചാണു ലോട്ടറിയെടുത്തിരുന്നത്. ജോലിക്കു പോകാന്‍ വയ്യാതെ ആയപ്പോഴും ലോട്ടറിയെടുക്കുന്ന ശീലം തുടര്‍ന്നു.

കഴിഞ്ഞദിവസം ലോട്ടറിയെടുക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ വീട്ടുമുറ്റത്തെ അടയ്ക്കപറിച്ചു കഴുകി ഉണക്കി പൂച്ചാക്കല്‍ കൊണ്ടുവന്ന് 660 രൂപക്കു വിറ്റു. തിരിച്ചുപോരുന്നവഴി ബ്രദേഴ്‌സ് ലക്കീസ് സെന്ററില്‍ നിന്നു 20 രൂപയുടെ 10 ടിക്കറ്റുകള്‍ എടുത്തു. 

ഇന്നലെ രാവിലെ പത്രത്തില്‍വന്ന റിസല്‍ട്ട് മകനെ കൊണ്ടു നോക്കിച്ചപ്പോഴാണ് ഒന്നാം സമ്മാനം കിട്ടിയകാര്യം അറിയുന്നത്. 

തുടര്‍ന്ന് അരൂര്‍ എസ്ബിടിയില്‍ ലോട്ടറി നല്‍കി. സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്ന കുമാരന് ഇടിഞ്ഞുവീഴാറായ വീട് പുതുക്കി പണിയണമെന്നതാണ് ആദ്യത്തെ ആഗ്രഹം. ഭാര്യ: ഭാനു, മകന്‍ : ഷാജി, മരുകള്‍ : സ്മിത 

അടയ്ക്ക വിറ്റു ലോട്ടറിയെടുത്തു; പുതുവര്‍ഷത്തില്‍ കുമാരനു ഭാഗ്യദേവതയുടെ കടാക്ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക