Image

ഒബാമയുടെ ബജറ്റ് ബില്ലിന് ജനപ്രതിനിധി സഭയിലും അംഗീകാരം

Published on 01 January, 2013
ഒബാമയുടെ ബജറ്റ് ബില്ലിന് ജനപ്രതിനിധി സഭയിലും അംഗീകാരം

വാഷിംഗ്ടണ്‍: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കടക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റ് ബില്ലിന് (ഫിസ്‌കല്‍ ക്ലിഫ് ബില്‍) യു.എസ് ജനപ്രതിനിധി സഭയും അംഗീകാരം നല്‍കി. 167 ന് എതിരെ 257 വോട്ടുകള്‍ക്കാണ് ബില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സഭയില്‍ പാസായത്. സ്പീക്കര്‍ ജോണ്‍ ബോയിനറും മറ്റ് റിപ്പബ്ലിക്കന്‍ നേതാക്കളും നിശബ്ദത പാലിച്ചു. ബില്ലിന് ഇന്നലെ സെനറ്റില്‍ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ സമ്പന്നരില്‍ നിന്ന് അധിക നികുതി ഈടാക്കി പ്രതിസന്ധി മറികടക്കുമെന്ന പ്രസിഡന്റ് ഒബാമയുടെ തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നടപ്പിലാകുമെന്ന് ഉറപ്പായി.

ഇടത്തരക്കാര്‍ക്കുള്ള നികുതിവര്‍ധന ഒഴിവാക്കിയും ചെലവുചുരുക്കലിലൂടെയും 650 കോടിയുടെ അധികവിഭവ സമാഹരണം ലക്ഷ്യമിടുന്നതാണു ബില്‍. നാലുലക്ഷം ഡോളര്‍ വാഷികവരുമാനമുള്ള വ്യക്തികളുടേയും നാലരലക്ഷം ഡോളര്‍ വരുമാനമുള്ള കുടുംബങ്ങളുടേയും നികുതിനിരക്കില്‍ മാറ്റമില്ല. തൊണ്ണൂറ്റിയെട്ടു ശതമാനം അമേരിക്കക്കാരെയും 97 ശതമാനം ചെറുകിട വ്യാപാരികളേയും സംരക്ഷിക്കുന്നതാണു ബില്‍.

എസ്റ്റേറ്റ് നികുതി 35 ശതമാനത്തില്‍നിന്നു 40 ശതമാനമാക്കി. ലാഭവിഹിതത്തിന്‍മേലുള്ള നികുതി, മൂലധന വരുമാനത്തിന്‍മേലുള്ള നികുതി എന്നിവയിലും വര്‍ധനയുണ്ട്. എന്നാല്‍ ചെലവുചുരുക്കല്‍ നടപടി രണ്ടു മാസത്തേക്കു നീട്ടിവയ്ക്കാന്‍ റിപ്പബ്ലിക്കന്‍ഡെമോക്രാറ്റ് ചര്‍ച്ചയില്‍ ധാരണയായി. നികുതി വര്‍ധനയിലൂടെ 536 കോടിയും ചെലവുചുരുക്കലിലൂടെ 110 കോടിയും ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവധ സര്‍ക്കാര്‍ വകുപ്പുകളുടെ മൊത്തം ചെലവിന്റെ എട്ടു ശതമാനത്തോളം ചെലവുകള്‍ വെട്ടിച്ചുരുക്കാനാണു നീക്കം.

ധനക്കമ്മി ഏറിവരുന്ന സാഹചര്യത്തില്‍ രാജ്യം വീണ്ടുമൊരു മാന്ദ്യത്തിലേക്കു വഴുതുമെന്ന സൂചനയെത്തുടര്‍ന്നാണു കടുത്ത സാമ്പത്തിക അച്ചടക്കവും നികുതി നിര്‍ദേശങ്ങളും വ്യവസ്ഥ ചെയ്യുന്ന ബില്‍ അവതരിപ്പിക്കാന്‍ പ്രസിഡന്റ് ഒബാമ നിര്‍ബന്ധിതനായിത്തീര്‍ന്നത്. കൂടുതല്‍ പേരെ നികുതിയുടെ പരിധിയിലേക്കു കൊണ്ടുവരുമെന്നും ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള നികുതി കൂട്ടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു മുദ്രാവാക്യം. ഇന്നലെ സെനറ്റില്‍ അവതരിപ്പിച്ച ബില്ലില്‍ ഇതു സംബന്ധിച്ചു വ്യവസ്ഥകള്‍ ഉണ്ടായിരുന്നെങ്കിലും റിപ്പബ്ലിക്കന്‍മാരുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നു പിന്‍വലിച്ചു.

ആദായനികുതി പരിധി രണ്ടരലക്ഷം ഡോളറാക്കണമെന്നായിരുന്നു ഒബാമയുടെ വാദം. എന്നാല്‍ റിപ്പബ്ലിക്കന്‍പാര്‍ട്ടി ഇതിനോടു വിയോജിച്ചു. 2011ലെ യു.എസ്. കോണ്‍ഗ്രസ് റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് കടുത്ത നടപടിക്കു സര്‍ക്കാര്‍ ഒരുങ്ങുന്നത്. ധനക്കമ്മി രൂക്ഷമാകുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അരശതമാനം കുറവുണ്ടാകുമെന്നും ഇത് രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും മാന്ദ്യത്തിനും വഴിതെളിക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക