Image

ഇതാണോ മനുഷ്യക്കടത്ത്? (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 01 January, 2013
ഇതാണോ മനുഷ്യക്കടത്ത്? (മീട്ടു റഹ്മത്ത് കലാം)
'നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യക്കടത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാര്‍ സസ്‌പെന്‍ഷനില്‍.' പത്രങ്ങളില്‍ നിറഞ്ഞ ഈ വാര്‍ത്തയെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ലേഖനമെഴുതാന്‍ പ്രേരിപ്പിച്ചത്.

സംസ്‌കാരസമ്പന്നമായ കേരളത്തില്‍ മനുഷ്യക്കടത്തോ? ചിന്ത മാത്രമല്ലാ പഴയ ചമ്പല്‍ക്കാടിന്റെ ഒരോര്‍മ്മപ്പെടുത്തലും. മനുഷ്യനെയങ്ങ് റാഞ്ചിയെടുത്ത് ദൂരെ നാടുകളില്‍ കൊണ്ടുപോയി വില്‍ക്കുകയും അവരെ അടിമപ്പണി ചെയ്യിക്കുമെന്നുമാണ് പ്രബുദ്ധ വായനക്കാര്‍പോലും ധരിച്ച് വച്ചിരിക്കുന്നത്.

'പുഷിങ്ങ്' അഥവാ 'ചവിട്ടിക്കയറ്റ്' എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന എമിഗ്രേഷന്‍ ചെയ്തുകൊടുക്കുന്ന ഒത്താശയ്ക്കാണ് മനുഷ്യക്കടത്തെന്ന ഭീകരരൂപം നല്‍കിയിരിക്കുന്നത്. ഇതവസാനിപ്പിക്കാന്‍ നമ്മുടെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി ശ്രമം തുടങ്ങിയെന്ന് അവകാശപ്പെടുന്നു. എന്നിട്ടും അത് നടക്കാത്തതെന്തേ എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. രോഗം അിറയാതെയുള്ള ചികിത്സയായിരുന്നു അവരുടേത്.

എണ്‍പതുകളുടെ തുടക്കത്തില്‍ ജീവിതപ്രാരാബ്ധങ്ങളുമായി മല്ലിട്ടവര്‍ക്ക് പിടിവള്ളിയായി കിട്ടിയതാണ് അക്കരെ കടക്കുക എന്ന സ്വപ്നസാക്ഷാത്കാരം.

വൈറ്റ് കോളര്‍ എന്നൊന്നും നോട്ടമില്ലാതെ അധ്വാനിക്കാനുള്ള മനസ്സ് മാത്രം കൈമുതലാക്കി അറബ് രാജ്യങ്ങളില്‍ അവര്‍ എത്തപ്പെട്ടത് ഇന്നത്തേത് പോലെ വിമാനത്തിലല്ല. മുംബൈ നഗരങ്ങളില്‍ മാസങ്ങളോളം തമ്പടിച്ച്, പത്തേമാരിയും കാത്തുള്ള നില്‍പ്പ് സിനിമകളില്‍ കാണുന്നതിലും ശ്രമകരമായിരുന്നെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ഏജന്റില്‍ നിന്ന് പത്തേമാരി എത്തുന്ന സമയം അറിയുന്നപാടേ അതില്‍ കയറിക്കൂടാനുള്ള തന്ത്രപ്പാടാണ്. പരമാവധി ആളുകളെ കയറ്റി തിരമാലകളെ കീറിമുറിച്ചുള്ള യാത്രയില്‍ കാറ്റിലും കോളിലും ആടി ഉലയുമ്പോഴും മനസ്സ് സ്വപ്നങ്ങള്‍ നെയ്യും. കരയ്ട് അടുക്കുന്നതിന് കുറേ ദൂരെ വച്ച് നീന്തി അക്കരെ എത്താനുള്ള നിര്‍ദ്ദേശം ലഭിക്കും. വലിയ ബദ്ധപ്പാടാണെങ്കിലും തങ്ങളുടെ സ്വപ്നഭൂമിയിലേയ്ക്ക് നീന്തി കയറും. അങ്ങനെ രക്ഷപ്പെട്ടവരാണ് നമ്മുടെ കൊച്ചുകേരളത്തിലെ, പ്രത്യേകിച്ച് കോഴിക്കോട്-കാസര്‍ഗോഡ്-തലശ്ശേരി ഭാഗത്തുള്ളവര്‍ അധികവും. വിദേശത്ത് നിന്ന് എത്തുന്ന അവരുടെ സമ്പാദ്യം നമ്മുടെ നാടിനെ പച്ച പിടിപ്പിച്ചു. നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്വന്തമായി വീട് വയ്ക്കാനും സഹോദരങ്ങളുടെയും മക്കളുടെയും വിവാഹം നടത്താനും മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ട് വേദനിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ചികിത്സ നടത്താനും പ്രവാസ ജീവിതം അവരെ പ്രാപ്തരാക്കി. സമൂഹത്തില്‍ ലഭിച്ച സ്ഥാനമാറ്റവും ചെറുതല്ല. ഇതൊക്കെ കണ്ട് എങ്ങനെയും വിദേശമണ്ണില്‍ കാല് കുത്തണമെന്ന് ആഗ്രഹം കൈത്തൊഴില്‍ അറിയാവുന്ന ഓരോ സാധാരണക്കാരനിലും മുളപൊട്ടി. പക്ഷേ, കാലം കടന്നുപോയതോടെ വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ വരയ്ക്കുകയായി. അതോടെ തുടങ്ങുകയായി അഴിമതിയുടെ വിത്ത് പാകലും എമിഗ്രേഷനിലെ നിയന്ത്രണവും നോര്‍ക്ക പോലുള്ള ഓഫീസുകളുടെ പ്രവര്‍ത്തനവുമാണ് പാവം ജനങ്ങളെ വലയ്ക്കുന്നത്.

ഇന്‍ക്യൂബേറ്ററില്‍ വച്ച് മുട്ട വിരിയിക്കുന്നതുപോലെ പുറത്തിറക്കുന്ന പ്രൊഫഷണല്‍സിനു പോലും നമ്മുടെ രാജ്യത്ത് മതിയായ തൊഴിലവസരങ്ങളോ അര്‍ഹിക്കുന്ന ശബളമോ ഇല്ല. വിദ്യാഭ്യാസമില്ലാത്തവരുടെ അവസ്ഥ ഊഹിക്കാമല്ലോ! എങ്ങനെയും കരകയറാന്‍ ഇക്കൂട്ടര്‍ ഐടിഐ സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടി ഉള്ളതെല്ലാം വിറ്റുപെറുക്കി വിസ തരപ്പെടുത്തുമ്പോള്‍  SSLC പാസാകാത്തത്തിന്റെ പേരില്‍ എമിഗ്രേഷന്‍ ലഭിക്കാതെ അവരുടെ യാത്ര മുടങ്ങുന്നു. വരുത്തിവച്ച ബാധ്യതകളെക്കുറിച്ച ചിന്തിക്കുമ്പോള്‍ എത്തപ്പെടുന്നത് എങ്ങനെയും നാട് കടന്നേ മതിയാകൂ എന്ന തീരുമാനത്തില്‍. രണ്ടായിരം രൂപ കൈക്കൂലി നല്‍കി എയര്‍പോര്‍ട്ട് അധികൃതരുടെ ഒത്താശയോടെ വ്യാജ എമിഗ്രേഷന്‍ നല്‍കി ഒരാളെ വിദേശത്തേയ്ക്ക് അയ് യ്ക്കാവുന്നസാഹചര്യത്തില്‍ നിന്ന്, IBയുടെ ഇടപെടല്‍ വന്നതോടെ ഇന്ന് മുപ്പത്തയ്യായിരം രൂപയോളം ചെലവ് വരുന്നു. നനഞ്ഞാല്‍ കുളിച്ചു കയറുക എന്ന പഴമൊഴി പോലെ ഗതികെട്ടവന്‍ ചെയ്യുന്ന അവസാനശ്രമം. അതിനെയാണ് മനുഷ്യക്കടത്തെന്ന് വിശേഷിപ്പിക്കുന്നത്.

വ്യാജമായി എന്ത് ചെയ്താലും അത് തെറ്റാണ്. എന്നാല്‍ അറബ് രാജ്യങ്ങളും മറ്റും താഴേത്തട്ടിലുള്ള ജോലികള്‍ക്ക് പത്താം ക്‌ളാസ് പാസാകണമെന്ന നിബന്ധന വച്ചിട്ടില്ലാത്ത. സ്ഥിതിയ്ക്ക് അറിയാവുന്ന തൊഴിലിലൂടെ രക്ഷപ്പെടാന്‍ ഒരു വ്യക്തിയെ സ്വന്തം രാജ്യം അനുവദിക്കാതിരിക്കുന്നത് ന്യായമാണോ? ഒരു ഹൗസ്‌മെയ്ഡിന് അറിയേണ്ടത് വീട്ടുജോലി ചെയ്യാനും ഡ്രൈവര്‍ക്ക് ആവശ്യം ലൈസന്‍സുമാണ്. അതുകൊണ്ട് തന്നെ ബ്യൂട്ടീഷ്യനായും ടെക്‌നീഷ്യനായും ഹോം നേഴ്‌സായുമൊക്കെ കുടുംബം പുലര്‍ത്താന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വിദേശത്ത് പോകാന്‍ തയ്യാറായവരെ പത്താം ക്ലാസ്സ് പാസാകാത്തതിന്റെ പേരില്‍ വിസ കിട്ടിയിട്ടും നാട്ടില്‍ പിടിച്ചുവയ്ക്കുന്നത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ ഐടിഐ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക അറ്റസ്റ്റ് ചെയ്യാത്തതും പ്രധാന വെല്ലുവിളി തന്നെ. നിയമ ഭേദഗതി വരുത്താന്‍ അധികൃത തയ്യാറല്ലെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം അല്ലെങ്കില്‍ ഇത്തരം നിയമക്കുരുക്കളൊന്നും അറിയാതെ ഇനിയും ആയിരങ്ങള്‍ ഇതുപോലെ തന്നെ പഠിച്ചിറങ്ങും.

നിലവിലെ നിയമം അനുസരിച്ച് പത്താം ക്‌ളാസ് എന്ന കടമ്പ കടക്കാതെ 'എമിഗ്രേഷന്‍ ക്ലിയറന്‍സ്' ലഭിക്കണമെങ്കില്‍ അന്‍പത് വയസ്സ് പൂര്‍ത്തിയാകുകയോ കുറഞ്ഞത് മൂ
ന്ന് വര്‍ഷത്തെ വിദേശപരിചയമോ നിര്‍ബന്ധമാണ്. അങ്ങനെയെങ്കില്‍ പത്ത് ജയിക്കാതെ എങ്ങനെ വിദേശത്തെത്തി ഒരാള്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി എന്ന ചോദ്യം കൊണ്ടെത്തിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മനുഷ്യക്കടത്തിലേയ്ക്ക് തന്നെ.

യാഥാര്‍ത്ഥ്യം മനസ്സിലാക്കി സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചരിക്കുന്നു. നാമമാത്രമായ ഇന്ത്യന്‍ എംബസികളുടെ പ്രശ്‌നങ്ങളോടുള്ള മുഖം തിരിഞ്ഞു നില്‍പ്പ് ഖേദകരമാണ്. അന്യദേശത്ത് നില്‍ക്കുന്നവര്‍ ഇന്ത്യന്‍ എംബസിയില്‍ ഒരു പരാതി കൊടുത്താല്‍ അര്‍ഹമായ പരിഗണന നല്‍കാത്തതും നാട്ടില്‍നിന്ന് പരാതി ലഭിച്ചാല്‍ മറുപടി പോലും നല്‍കാത്ത അവസ്ഥയുമാണ് ഇന്നുള്ളത്. രേഖാമൂലം ആവലാതികള്‍ ബോധിപ്പിച്ച് മാസങ്ങള്‍ തന്നെ മറുപടി കിട്ടാതെ വരുമ്പോള്‍ നാം സ്വയം ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട് :"ഇങ്ങനെയുള്ള എംബസികള്‍ എന്തിനാണ്."

അപകടത്തില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ പോലും അമാന്തം കാണിച്ച എത്രയോ സംഭവങ്ങള്‍. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും ഇ അഹമ്മദുമൊക്കെ അനുകമ്പയോടെ പ്രത്യേക താല്‍പര്യം എടുക്കുന്നതുകൊണ്ട് മാത്രം ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നുണ്ടെന്നത് വിസ്മരിക്കാനാവുന്നതല്ല. ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക തന്നെയാണ് പ്രവാസികളുടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക പോംവഴി. ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്ന ഏതൊരു വിസയുടെയും വെരിഫിക്കേഷന്‍ നടത്താന്‍ അവര്‍ക്ക് ഒറ്റ ദിവസം മതി. അങ്ങനെ ലഭിക്കുന്ന വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇന്ത്യയിലെ എമിഗ്രേഷന്‍ വിഭാഗത്തിനെ ഇ-മെയില്‍ വഴി ധരിപ്പിക്കുകയും ചെയ്യാം. 'ശരി' എന്നതാണ് റിപ്പോര്‍ട്ടെങ്കില്‍ അവര്‍ക്ക് യാത്രാനുമതി നല്‍കാം.

ജനങ്ങളുടെ (പ്രത്യേകിച്ച് സ്ത്രീകളുടെ) സുരക്ഷയെ കരുതിയാണ് ഇത്ര ശക്തമായ നിയമങ്ങളെന്നാണ് പറയെപ്പെടുന്നത്. അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കും അത് ഒരു പോലെ ബാധകമാകേണ്ടതാണ്. വിദേശപരിചയമുള്ളതുകൊണ്ടോ അമ്പത് വയസ്സ് തികഞ്ഞതുകൊണ്ടോ പത്താം ക്ലാസ് പാസായതുകൊണ്ടോ എന്താണ് വ്യത്യാസം? ഇക്കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം 1661 ബലാത്സംഗക്കേസുകളും, പ്രായപൂര്‍ത്തിയാകാത്ത 199 കുട്ടികള്‍ പീഢനത്തിനിരയായതും, 379 സ്ത്രീകളുടെ കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തരമന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. തലസ്ഥാനത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ആ നിലയ്ക്ക് ആരാണ് സുരക്ഷിതര്‍, എവിടെയാണ് സുരക്ഷിതത്വം?

ഇനിയെങ്കിലും 'മനുഷ്യക്കടത്ത് 'എന്ന് ടിവിയില്‍ ഫ്‌ളാഷ് ന്യൂസ് കാണുമ്പോള്‍ മനസ്സില്‍ തെളിയേണ്ടത് ആരുടെയും പ്രേരണകൊണ്ട് പേടിച്ച് വിറച്ച് അടിമപ്പണി ചെയ്യിക്കാന്‍ കടത്തപ്പെട്ട കുറേ മനുഷ്യരുടെ ചിത്രമല്ല. സ്വന്തം ആഗ്രഹപ്രകാരം കുടുംബം പുലര്‍ത്താന്‍ അക്കരെ കടക്കാനുള്ള അല്പം വളഞ്ഞ് ശ്രമമാണത്. ഇന്നൊരു എയര്‍പ്പോര്‍ട്ടില്‍ നിരോധിച്ചാല്‍ കൂടുതല്‍ മുതല്‍മുടക്കോടെ മറ്റ് സംസ്ഥാനത്ത് നിന്ന് അവര്‍ കയറിപ്പോകുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ഓരോ വ്യക്തിയുടെയും അധ്വാനത്തെ ആശ്രയിച്ചാണ് ആ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി. തൊഴിലില്ലാത്ത ഒരാള്‍ രാജ്യത്തിന് ബാധ്യതയാണ്. പത്താം ക്ലാസ് ജയിക്കാത്തതിന്റെ പേരില്‍ വിദേശത്ത് കൂടുന്നത് രാഷ്ട്രത്തിന്റെ മേലുള്ള ഭാരം തന്നെ. വികസിതരാജ്യങ്ങളിലേത് പോലെ തൊഴില്‍രഹിതര്‍ക്ക് പെന്‍ഷന്‍ കൊടുക്കാനുള്ള ത്രാണിയൊന്നും ഇന്ത്യയ്ക്കില്ല. അതുകൊണ്ട്, അര്‍ത്ഥമില്ലാത്ത ചങ്ങലയുടെ പിരിമ
മുറുക്കത്തില്‍ നിന്ന് സാധാരണക്കാരനെ മോചിപ്പിക്കാനുള്ള ശ്രമം ഉടന്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
ഇതാണോ മനുഷ്യക്കടത്ത്? (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക