Image

രാജ കല (കഥ: നീനാ പനയ്‌ക്കല്‍)

Published on 28 December, 2012
രാജ കല (കഥ: നീനാ പനയ്‌ക്കല്‍)
കുളികഴിഞ്ഞ്‌ ഈറന്‍ മാറി അലമാരയ്‌ക്കുള്ളില്‍ നിന്ന്‌ അലക്കി ശുദ്ധമാക്കി, കൈതപ്പൂവിട്ട്‌ സുഗന്ധം വരുത്തിയ വസ്‌ത്രങ്ങളണിഞ്ഞ്‌ കാര്‍ത്തികാ മേനോന്‍ പൂജാമുറിയില്‍ കയറി, ദീപം കൊളുത്തി. കൈകള്‍ കൂപ്പി പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന തന്റെ ഓമന മകള്‍ക്കായി പ്രാര്‍ത്ഥിച്ചു. അനുരൂപനായ ഒരു പുരുഷനെ വിവാഹം കഴിച്ച്‌ അവള്‍ സുഖമായി, സന്തോഷമായി ജീവിക്കുന്നതു കാണാനുള്ള ഭാഗ്യം
കൂടി തനിക്ക്‌ തരേണം.

അവരുടെ അധരങ്ങള്‍ വിറയാര്‍ന്നു. വിടര്‍ന്ന വലിയ മിഴികള്‍ നിറഞ്ഞു കവിഞ്ഞു. ദീപനാളത്തിന്റെ പ്രഭയില്‍ അവരുടെ നെറുകയിലേക്ക്‌ വീണുകിടന്ന മുടിച്ചുരുളുകള്‍ ചെമ്പിന്റെ നിറമാര്‍ന്നു. `അമ്മേ ഞങ്ങള്‍ക്കിറങ്ങാന്‍ സമയമായി.' സുനീത പൂജാമുറിയുടെ വാതിലില്‍ മുട്ടി. മുറി തുറന്ന്‌ പുറത്തു വന്ന്‌ മകളുടെ നെറുകയില്‍ ചുംബിച്ച്‌ അനുഗ്രഹിച്ചു. `എല്ലാം മംഗളമായി ഭവിക്കട്ടെ. ഈശ്വരനെ ധ്യാനിച്ചേ എന്തും ചെയ്യാവൂ. പോയി വരൂ.'

ഭര്‍ത്താവ്‌ ഡോക്ടര്‍ ചമ്പ്രശേഖര മേനോനും, മകളും കയറിയ കാര്‍ കണ്ണില്‍ നിന്ന്‌ മറയുന്നതു വരെ അവര്‍ നോക്കി നിന്നു. എം. എസ്‌ സി വരെ പഠിച്ചതാണെങ്കിലും കാര്‍ത്തിക ജോലിയ്‌ക്കു പോയിട്ടില്ല. ഭര്‍ത്താവിന്റെ ഇംഗിതമനുസരിച്ച്‌ അദ്ദേഹത്തെയും മക്കളെയും ശുശ്രൂഷിച്ച്‌ പൂജാമുറിയും പൂന്തോട്ടവുമായി കഴിഞ്ഞു.

സുന്ദരിയായ അവരുടെ കണ്ണുകളിലെ വിഷാദഛായ ആ സൗന്‌ഗര്യത്തിനു മാറ്റുകൂട്ടിയതേയുള്ളു. ബാങ്കില്‍ അസിസ്റ്റന്റ്‌ മാനേജരായി ജോലികിട്ടിയശേഷം മുന്‍പിലത്തേതിലുമധികം വിവാഹാലോചനകള്‍ സുനീതയ്‌ക്ക്‌ വരാന്‍ തുടങ്ങിയെങ്കിലും ജോലി കിട്ടിയതല്ലേയുള്ളു ഒരു വര്‍ഷമെങ്കിലും കഴിയട്ടെ , എന്നിട്ടുമതി വിവാഹം എന്ന , സുനീതയുടെ വാശി ജയിച്ചു.

ബാങ്കില്‍ നിന്നു ട്രാന്‍സ്‌ഫര്‍ ആയ ഒരു ബ്രാഞ്ച്‌ മാനേജരുടെ സെന്റോഫ്‌ ദിവസത്തിലെടുത്ത ഫോട്ടോയുമായി ഒരു ദിവസം സുനീത അമ്മയുടെ അടുത്തെത്തി. `ഇതാണമ്മേ ഞങ്ങളുടെ ബിഗ്‌ ബോസ്സ്‌.' അവള്‍ തൊട്ടുകാട്ടി. `എന്നോട്‌ വളരെ സ്‌നേഹമാണദ്ദേഹത്തിന്‌. എനിക്കും വലിയ ബഹുമാനമണദ്ദേഹത്തെ.' കാര്‍ത്തിക സൂക്ഷിച്ചു നോക്കി. അവരുടെ നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നിയതു പോലെ . ഇത്‌ അയാളല്ലെ? അവര്‍ പിന്നെയും നോക്കി. ഉറപ്പുവരുത്താന്‍. അതെ ഇത്‌ അയാള്‍ തന്നെ. കൊമ്പന്‍ മീശക്കാരനായ, ദേവന്റെ മുഖവും അസുരന്റെ സ്വഭാവവുമുള്ള ആ ദുഷ്ടന്‍!!

ചെവിയ്‌ക്കുമുകളില്‍ നരകയറിയെന്നല്ലാതെ ഒരു വ്യത്യാസവുമില്ല അയാള്‍ക്ക്‌. കാര്‍ത്തികയുടെ നെറ്റിയിലും ചുണ്ടുകള്‍ക്ക്‌ മുകളിലും സ്വേദകണങ്ങള്‍ ഊറി.

എന്താണയാളുടെ പേരെന്ന്‌ ചോദിക്കുമ്പോള്‍ കാര്‍ത്തികയുടെ സ്വരമല്‍പ്പം വിറച്ചു.

`മഹേന്ദ്രന്‍ തമ്പി എന്നാ അമ്മേ. രാജകുടുംബത്തിലെയാ' സുനീത ആവേശപൂര്‍വ്വം പറഞ്ഞു. കാര്‍ത്തികയുടെ തൊണ്ടയുണങ്ങി. ഫ്രിഡ്‌ജ്‌ തുറന്ന്‌ തണുത്തവെള്ളമെടുത്ത്‌ കുടിക്കുമ്പോള്‍ മുഖത്തെ ജാള്യവും പരിഭ്രമവും മകള്‍ കാണാതിരിക്കാനവര്‍ തത്രപ്പെട്ടു.

ഭര്‍ത്താവ്‌ ജോലികഴിഞ്ഞ്‌ വന്നപ്പോള്‍ പതിവുള്ള ചായകൊടുക്കാനവര്‍ മറന്നു. `കഴിയുന്നത്ര വേഗം സുനീതയുടെ വിവാഹം നടത്തണം..'

ഊണു മേശയ്‌ക്കരികില്‍ നിന്ന്‌ അവര്‍ പറഞ്ഞു. `മനുഷ്യരുടെ കാര്യമാ'. എപ്പോള്‍ എന്തു സംഭവിക്കും എന്ന്‌ ആര്‍ക്കും പറയാന്‍ സാധിക്കില്ല.' അച്ഛന്‍ ചായചോദിച്ചതിന്റെ പ്രതിക്ഷേധമാണോ? ചെറു ചിരിയോടെ സുനീത അമ്മയുടെ മുഖത്തേക്ക്‌ നോക്കി. വികാര വിക്ഷുബ്ദമായിരുന്നു ആമുഖം.
എന്താ കാര്യം? അവളുടെ കണ്ണുകള്‍ അച്ഛനോടു ചോദിച്ചു. ഒന്നും മനസ്സിലാവുന്നില്ല. മലര്‍ന്ന കൈകള്‍ പറഞ്ഞു.

ഡോക്ടര്‍ ജയചന്ദ്രനുമായുള്ള വിവാഹത്തിന്ന സുനീതയ്‌ക്ക്‌ സമ്മതമായി. സുന്ദരന്‍, സല്‍സ്വഭാവി, ദയാലു. വിവാഹത്തിന്‌ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഒരുക്കങ്ങള്‍ ധൃതിയില്‍ നടക്കുന്നു. വീട്ടു മുറ്റത്ത്‌ കൂറ്റന്‍ പന്തലുയര്‍ ന്നു. ക്ഷണക്കത്തുകള്‍ എല്ലാവര്‍ക്കും അയച്ചുകഴിഞ്ഞു. നേരിട്ടു ചെന്ന്‌ വിളിക്കാനുള്ളവരെയും വിളിച്ചു.

ബാങ്കില്‍ ഒരാളെപ്പോലും വിടാതെ ക്ഷണിച്ചു സുനീത. അന്നു വൈകിട്ട്‌ വീട്ടിലേക്ക്‌ സുനീതയുടെ ഫോണ്‍ വന്നു. ഉല്‍സാഹപൂര്‍വ്വമവള്‍ പറഞ്ഞു: `അമ്മേ നാളെമുതല്‍ അവധിയില്‍ പ്രവേശിച്ചുകൊള്ളാന്‍ തമ്പി സാര്‍ അനുവദിച്ചു. അത്യാവശ്യമായി കുറച്ച്‌ ജോലി കൂടി തീര്‍ക്കണം. അഞ്ചുമണിക്ക്‌ കാറയക്കണ്ട. ഞാന്‍ വിളിച്ച്‌ പറയാം. എന്നിട്ട്‌ മതി.

കാര്‍ത്തികയുടെ നെഞ്ചില്‍ ഒരു കട്ട തീ വീണു. അവര്‍ പറഞ്ഞു `വേണ്ട കുട്ടീ. നാളെ പകല്‍ പോയി അത്യാവശ്യമുള്ള ജോലികള്‍ തീര്‍ത്താല്‍ മതി. നീ ഒറ്റയ്‌ക്ക്‌്‌ അവിടെ നില്‍ക്കണ്ട. `ഒറ്റയ്‌ക്കല്ലമ്മേ. തമ്പിസ്സാറുമുണ്ട്‌്‌ എനിക്ക്‌ കൂട്ടായി.' ഫോണ്‍ ക്ലിക്ക്‌ ചെയ്യുന്ന ശബ്ദം കേട്ട്‌ അവര്‍ സ്‌തംഭിച്ചു നിന്ന ഒരുനിമിഷം. എന്താണിനി ഞാന്‍ ചെയ്യേണ്ടത്‌? ആലോചിക്കാന്‍ ശ്രമിച്ചു. വീടിനകത്ത്‌ നിറയെ ആളുകള്‍. ജോലി ചെയ്യുന്നവര്‍, ചെയ്യിക്കുന്നവര്‍. അവരുടെ ഇടയില്‍ അവര്‍ ഭര്‍ത്താവിനെ
തിരഞ്ഞു, കണ്ടില്ല. വേഗത്തില്‍ വസ്‌ത്രം മാറി, ഡ്രൈവറോട്‌ ബാങ്കിലേക്ക്‌ പോകാന്‍ കാറെടുക്കാനാവശ്യപ്പെട്ടു. അവരുടെ പരിഭ്രമം നിറഞ്ഞ മുഖം കണ്ടു ഡ്രൈവര്‍ അമ്പരന്നു.

കാറിനകത്തിരുന്ന്‌ അവര്‍ ഞെളിപിരികൊണ്ടു. ഒട്ടും വേഗത പോരാ കാറിന്‌ എന്നര്‍ക്ക്‌ തോന്നി. റോഡിലെന്താ ഇന്ന്‌ ഇത്രയധികം വാഹനങ്ങളും ആളുകളും? കാറിനടുത്തു കൂടി പോകുന്നവരെല്ലാം എന്താണ്‌ തന്നെ ഉറ്റു നോക്കുന്നത്‌?

അവരുടെ മുഖമെന്തേവികൃതമായിരിക്കുന്നത്‌?

സാരിത്തലപ്പു തൂവാലയാക്കി വിയര്‍പ്പൂറിയ മുഖവും ഒഴുകുന്ന കണ്ണുകളുമവര്‍ തുടച്ചു. ബാങ്കിന്റെ മുന്നില്‍ പൂര്‍ണ്ണമായും നിര്‍ത്തുന്നതിന്‌ മുന്‍പ്‌ അവര്‍ കാറില്‍ നിന്ന്‌ ചാടിയിറങ്ങി. ഗേറ്റിലെ സെക്യൂരിറ്റിയോട്‌ ധൃതിയില്‍ പറഞ്ഞു.

`ഞാന്‍ സുനീതാമേനൊന്റെ അമ്മയാണ്‌. എന്റെ കുട്ടി അകത്തൂണ്‍ ടു എന്നെ കടത്തിവിടണം.' അയാള്‍ കതക്‌ തുറന്നു. ഒരു ഭ്രാന്തിയെപ്പോലെ കാര്‍ത്തിക ബാങ്കിന്റെ പടികള്‍ ഓടിക്കയറി. ഓടുന്നതിനിടയില്‍ സാരിയില്‍ തട്ടി വീഴാനാഞ്ഞു. ധൃതിയില്‍ വാരിക്കെട്ടിയിരുന്ന മുടി അഴിഞ്ഞ്‌ വീണു. എന്റെ കുട്ടി... ഈശ്വരാ ഏതു മുറിയിലാണവള്‍?

അതാ അസിസ്റ്റന്റ്‌ മാനേജര്‍ എന്നെഴുതിയ മുറി. ഉള്ളിലുയര്‍ന്ന നിലവിളിയുമായി അവര്‍ മുറിയുടെ വാതില്‍ തള്ളിത്തുറന്ന്‌ അകത്തു കയറി.

അതാ അയാളുടെ പിറകുവശം!! മുന്നില്‍ കിടക്കുന്ന മേശമേല്‍ കുനിഞ്ഞ്‌ മുന്നോട്ടാഞ്ഞു നില്‌കുന്നു. എന്താണയാള്‍ ചെയ്യുന്നത്‌? എന്റെ കുട്ടിയുടെ കഴുത്ത്‌ ഞെരിക്കയാണോ?

`ദ്രോഹീ!! ദുഷ്ടാ!! തൊടരുതെന്റെ കുട്ടിയെ.' വാക്കുകള്‍ അലര്‍ച്ചയായി, നിലവിളിയായി പുറത്തു വന്നു. അയാള്‍ തിരിഞ്ഞു അവരെ കണ്ടു ഞെട്ടി.

`ഞാന്‍ മുറിയിലേക്ക്‌ വിളിച്ചു സര്‍. ആരും ഫോണെടുത്തില്ല.' ഗേറ്റ്‌ സെക്യൂരിറ്റിയും പിറകെയെത്തി. പണത്തിന്റെ കണക്കുകള്‍ നോക്കുകയായിരുന്ന സുനീത ചാടിയെണീറ്റു.

`അമ്മേ എന്തായിത്‌? എന്തായിത്‌?' അവള്‍ ഓടിച്ചെന്ന്‌ അമ്മയെ കെട്ടിപ്പിടിച്ചു. മകളുടെ കൈയ്യിലേക്കവര്‍ മൂര്‍ഛിച്ചു വീണു.

കണ്ണു തുറന്നപ്പോള്‍ ആശുപത്രിയിലാണ്‌. `ഒന്നും പേടിക്കാനില്ല.' ഡോക്ടര്‍ പറഞ്ഞു. `ബീ. പീ അല്‌പം കൂടുതലാ'. കല്യാണത്തിരക്കും മറ്റുമാവാം കാരണം. തിരക്കൊക്കെ ഒഴിയുമ്പോള്‍ ഒക്കെ ശരിയാവും. ഇപ്പോള്‍ തന്നെ വീട്ടില്‍ പോകാം.

`നല്ലയാള്‍. മകള്‍ക്ക്‌ കൂട്ടിരിക്കാന്‍ ബാങ്കില്‍ പോയിരിക്കുന്നു, ആരോടും പറയാതെ.' ചന്ദ്രശേഖരമേനോന്‍ പറഞ്ഞു. `ഞാന്‍ വിട്ടില്‍ തന്നെ ഉണ്ടായിരുന്നല്ലൊ.'

അമ്മയെ തനിച്ചുകിട്ടാനൊരു സന്ദര്‍ഭം കാത്തിരിക്കയായിരുന്നു സുനീത. `എന്തിനാണമ്മ ബാങ്കില്‍ വന്നത്‌?' അവള്‍ ചോദിച്ചു. ദ്രോഹിയെന്നും ദുഷ്ടനെന്നും തമ്പി സാറിനെ വിളിച്ചതെന്തിനാ? നിങ്ങള്‍ തമ്മില്‍ നേരത്തേ അറിയുമോ? എന്തൊക്കെയാണ്‌ അമ്മ ഞങ്ങളില്‍ നിന്ന്‌ ഒളിച്ചു വെച്ചിരിക്കുന്നത്‌? പറയാതെ ഞാന്‍ വിടില്ല.' കാര്‍ത്തികയുടെ മുഖത്ത്‌ എന്തോ നിശ്ചയിച്ചുറപ്പിച്ച ഭാവം. അവരൂടെ കണ്ണുകള്‍ ചുവരില്‍ തറച്ചു നിന്നു. `ഈ ലോകത്ത്‌ ആരും ഒരിക്കലും അറിയരുതെന്ന്‌ ആഗ്രഹിച്ച്‌, ഇരുപത്തിമൂന്നു വര്‍ഷം നെഞ്ചിനകത്ത്‌ ഒരു പാറക്കല്ലായി കൊണ്ടുനടന്ന ആ രഹസ്യം നിന്നോടു പറയാന്‍ പോകയാ'.. ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്ത്‌ അവര്‍ തുടര്‍ന്നു. `എം.എസ്‌. സിക്ക്‌ പഠിക്കുമ്പോള്‍ എന്റെ വിവാഹം നിശ്ചയിച്ചു. കോളേജ്‌ അടച്ച്‌ രണ്ടാം ദിവസം കല്യാണം. ഞങ്ങളുടെ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓണററി ആര്‍ട്ടിസ്റ്റായിരുന്നു മഹേന്ദ്രന്‍ തമ്പി.

രാജകുടുബത്തിലെ അംഗം എന്ന അഹങ്കാരം അയാളുടെ ആകാരസൗഷ്ടവത്തിന്‌ അലങ്കാരമായി കരുതി കോളേജിലെ പെണ്‍ കുട്ടികളെല്ലാം അയാളെ ആരാധിച്ചിരുന്നു.

കോളേജടയ്‌ക്കുന്ന ദിവസം. ലാബില്‍ ചിലത്‌ ചെയ്‌തു തീര്‍ക്കാനുണ്ടായിരുന്നു. പ്രൊഫസറും സഹപാഠികളും പോയിക്കഴിഞ്ഞു. വെറും കാല്‍ മണിക്കൂര്‍ കൂടി മാത്രമേ എനിക്ക്‌ വേണമായിരുന്നുള്ളൂ. ഓര്‍ക്കാപ്പുറത്ത്‌ മഹേന്ദ്രന്‍ തമ്പി ലാബിനകത്ത്‌ അതിക്രമിച്ചു കയറി. പിന്നെ നടന്നതെല്ലാം പെട്ടന്നായിരുന്നു. `നാളെ കഴിഞ്ഞ്‌ എന്റെ വിവാഹമാ' എന്നെ അശുദ്ധയാക്കരുത്‌.' ഞാന്‍ കേണപേക്ഷിച്ചു. പല്ലും നഖവും ആയുധമാക്കി. എന്നിട്ടും ഞാന്‍ വീണുപോയി. എനിക്കയാളെ ജയിക്കാനായില്ല, ഹൃദയം നൊന്ത്‌ ശപിക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. അവര്‍ വികാര വിക്ഷോഭത്താല്‍ നിശബ്ദയായി. സ്വയം നിയന്ത്രിച്ച്‌ അവര്‍ തുടര്‍ന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന്‌ പേടിച്ച്‌ ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ലാബില്‍ ആരുമില്ലാതിരിക്കെ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ അവിടെ നിന്ന എനിക്ക്‌ പരാതി പറയാന്‍ അവകാശമില്ലെന്നു തോന്നി.

`സുരലോകത്തു നിന്ന്‌ എനിക്കായി മാത്രം ഭൂമിയില്‍ വന്ന ദേവനാ' ചന്ദ്രേട്ടന്‍. എനിക്കദ്ദേഹം തന്ന സ്‌നേഹത്തിലും സുരക്ഷിത്വത്തിലും എന്റെ ദുരവസ്ഥ ഞാന്‍ മറന്നു . ഏതോ ഒരു കാട്ടുമൃഗം എന്നെ ആക്രമിച്ചു അല്ലാതൊന്നുമില്ല.

ഞാന്‍ അമ്മയായി. ചോരകുഞ്ഞായ നിന്നെ ഡോക്ടറുടെ കൈയില്‍ നിന്ന്‌ വാങ്ങുമ്പോള്‍ ഒരു നിമിഷത്തേക്ക്‌ എന്റെ ഹൃദയസ്‌പമ്പനം നിലച്ചു. മഹേന്ദ്രന്‍ തമ്പിയുടെ തോളിലെ ഗോപിയാകൃതിയിലുള്ള മറുകുപോലൊന്ന്‌ നിന്റെ വയറിലും. അന്നത്തെ പിടിവലിക്കിടയില്‍ ഞാനത്‌ അയാളുടെ തോളില്‍ കണ്ടില്ലായിരുന്നെങ്കില്‍ ഒരിക്കലും അറിയുമായിരുന്നില്ല. കണ്ടവരെല്ലാം പറഞ്ഞു നിനക്ക്‌ രാജകലയാണെന്ന്‌. ചന്ദ്രേട്ടന്‍ അഭിമാനപൂര്‍വം നിന്നെ വാരിയെടുത്തോമനിക്കുമ്പോള്‍ എന്റെ ഹൃദയം തകരുകയായിരുന്നു. ദീര്‍ഘമായ ഇരുപത്തി മൂന്നു വര്‍ഷം അപരാധബോധം മനസ്സിലേറ്റി കുടുംബജീവിത സൗഭാഗ്യം നഷ്ടമാകാതിരിക്കാന്‍ സമൂഹത്തില്‍ നമുക്കുള്ള നിലയും വിലയും പൊയ്‌പ്പോകാതിരിക്കന്‍ ഈ രഹസ്യം ഒരാളും അറിയാതെ ഞാന്‍ ഒളിച്ചുവെച്ചു.. സെന്റോഫിന്റെ ഫോട്ടോയില്‍ നീ അയാളെ കാണിച്ചപ്പോള്‍ എന്നെ ആക്രമിച്ച ആ കാട്ടുമൃഗത്തെ ഞാന്‍ തിരിച്ചറിഞ്ഞു.

`എന്റെ കുട്ടീ, നിന്റെ വിവാഹത്തിന്‌ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍, നീ അയാളോടൊപ്പം ബാങ്കില്‍ ഒറ്റയ്‌ക്കല്ലേയുള്ളുഎന്നോര്‍ത്തപ്പോള്‍ പഴയതെല്ലാം ദുര്‍ഭൂതങ്ങളെപ്പോലെ എന്റെ മനസ്സിലേക്കോടിവന്നു. വിവാഹിതരാകാന്‍ പോകുന്ന കന്യകമാരെ ആസ്വദിക്കുന്നത്‌ അയാളുടെ ക്രൂര വിനോദമാണെങ്കില്‍.......'

സ്‌തബ്ദയായി, പ്രകാശമറ്റ കണ്ണുകള്‍ അകലെയെവിടെയോ നട്ട്‌ പ്രതിമപോലെയിരിക്കുന്ന മകളെ അവര്‍ കുലുക്കി വിളിച്ചു. പെട്ടെന്ന്‌ കാല്‍പ്പെരുമാറ്റം കേട്ട്‌ അവര്‍ ഞെട്ടി. കതകിനരികില്‍ ചന്ദ്രശേഖരമേനോന്‍. അയാളുടെ മുഖത്തിനു തീക്കട്ടയുടെ നിറം. മുഷ്ടികള്‍ തന്റെ മുഖത്തിനു നേര്‍ക്ക്‌ വരുമെന്ന്‌ അവര്‍ ഭയന്നുപോയി. ഒരു വലിയ തേങ്ങലോടെ അവര്‍ ഭര്‍ത്താവിന്റെ കാല്‌ക്കല്‍ വീണു. `മാപ്പ്‌ ചന്ദ്രേട്ടാ. ഭയന്നിട്ടാ ഞാന്‍ എല്ലാമൊളിച്ചു വെച്ചത്‌.'

അവരെ തൊഴിച്ചെറിഞ്ഞ്‌ മേനോന്‍ നടന്നു പോയി.

ഒന്നോ രണ്ടോ വര്‍ഷമല്ല, ഇരുപത്തിമൂന്നു വര്‍ഷങ്ങളാണ്‌ താന്‍ വഞ്ചിക്കപ്പെട്ടത്‌. ആ സ്‌ത്രീയോട്‌ ക്ഷമിക്കണം പോലും. അയാള്‍ പല്ലിറുമ്മി. പുകഞ്ഞ്‌ പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്നിപര്‍വതമാണാ വീടെന്നറിയാതെ, വിവാഹച്ചടങ്ങുകളും സദ്യയും കഴിഞ്ഞ്‌ ആളുകളിറങ്ങി. രണ്ടപരിചിതര്‍ മാത്രം ശേഷിച്ചു. ദീര്‍ഘമായൊന്ന്‌ നിശ്വസിച്ച്‌ ഉറച്ച കാല്‍ വെയ്‌പ്പുകളോടെ മേനോന്‍ കിടക്കമുറിയില്‍ കയറി അലമാരയില്‍ നിന്ന്‌ നിറതോക്കെടുത്തു.

**** ***** *****

`വരാന്‍ പറയൂ.' മെമ്മോയില്‍ നിന്ന്‌ തലയുയര്‍ത്തി പ്യൂണിനോട്‌ ആവശ്യപ്പെട്ടു.

`ഗുഡ്‌മോര്‍ണിംഗ്‌, ഞാന്‍ ഡോക്ടര്‍ ചന്ദ്രശേഖരമേനോന്‍. ഇതെന്റെ മകള്‍ സുനീതാ മേനോന്‍.' ആഗതന്‍ പരിചയപ്പെടുത്തി. `ഗുഡ്‌മോണിംഗ്‌ സര്‍.' കൈകള്‍ കൂപ്പി അഴകിന്റെ അവതാരമായി, സുനീത എന്ന പെണ്‍കുട്ടിയുടെ സാന്ദ്രമധുരമായ ശബ്ദം.

ഒരുനിമിഷം! ഹൃദയമിടിപ്പിന്റെ താളം ഒന്നു തെറ്റി തമ്പിക്ക്‌.

`ഗുഡ്‌മോണിംഗ്‌, ഗുഡ്‌മോണിംഗ്‌. ജോയിന്‍ ചെയ്യാന്‍ വന്നതാണല്ലൊ അല്ലേ?

`അതെ.'
മാനേജരെ വിളിപ്പിച്ച്‌ സുനീതയെ സെക്ഷനിലേക്ക്‌ അയയ്‌ക്കുന്നതുവരെ മേനോന്‍ തമ്പിയോട്‌ സംസാരിച്ച്‌ ഇരുന്നു.

`വൈകിട്ട്‌ സുനീതയെ വിളിക്കാന്‍ കാറയക്കാം. അഞ്ചു മണിവരെയല്ലേ ബാങ്കിന്റെ സമയം?' `അസ്‌ എ മാറ്റര്‍ ഓഫ്‌ ഫാക്‌റ്റ്‌' തമ്പി പറഞ്ഞു. `ഇന്ന്‌ ഉച്ചവരെയേ ഓഫീസുള്ളു. വെയ്‌റ്റ്‌ ചെയ്‌താല്‍ ഒരുമിച്ചു
പോകാം. കുടിക്കാന്‍ കോഫി...ടീ...?'

`നോ, താങ്ക്‌സ്‌. നാഷണല്‍ ബുക്ക്‌ സ്റ്റാളിലൊന്ന്‌ കയറിയിട്ട്‌ കൃത്യ സമയത്ത്‌ എത്തിക്കൊള്ളാം.' മേനോന്‍ എഴുന്നേറ്റ്‌ കൈ കൂപ്പി.

`പേപ്പേഴ്‌സ്‌ എല്ലാം ശരിയായി. ഞാനിനി എന്ത്‌ ചെയ്യണം?'

തമ്പി തലയുയര്‍ത്തി. അയാളുടെ ഹൃദയമിടിപ്പിന്റെ താളം വീണ്ടും തെറ്റിച്ച്‌ സുനീത മുന്നില്‍.
സ്‌ക്രീന്‍ വെച്ച്‌ മറച്ച്‌ നിര്‍മ്മിച്ച താല്‍ ക്കാലിക മുറിയിലേക്ക്‌ അവളെ ആനയിച്ചിട്ട്‌ തമ്പി പറഞ്ഞു: `ഇതാണ്‌ തല്‌ക്കാലം അസിസ്റ്റന്റ ്‌ മാനേജരുടെ മുറി. പുതിയ ഫര്‍ണിഷിങ്ങ്‌സിനു ഓര്‍ഡര്‍ കൊടുത്തു. താമസിയാതെ മുറി ഭംഗിയാക്കിത്തരാം.'

`താങ്ക്‌സ്‌.'

സുനീത തിരിഞ്ഞു നടക്കുന്നതിനു മുന്‍പ്‌ നിറയെ പീലികളുള്ള ആ കണ്ണുകളിലേക്ക്‌ ഒന്നുകൂടി
നോക്കാതിരിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. ആത്മാവിന്റെ ആഴങ്ങള്‍ വരെ കാണാവുന്ന തെളിഞ്ഞ
കണ്ണുകള്‍! സുനീത എന്ന പെണ്‍കുട്ടി. ഇവളെ കണ്ടതു മുതല്‍ എന്റെ ഹൃദയമിങ്ങനെ മിടിക്കുന്നത്‌ എന്തേ? തമ്പി അതിശയിച്ചു. എവിടെ വെച്ചാണ്‌ ഞാനിവളെ കണ്ടുമറന്നത്‌? മുറിയില്‍ കാലുകുത്തിയതുമുതല്‍ മനസ്‌ പരതുകയാണ്‌. എവിടെ, എവിടെവെച്ച്‌? ബംഗ്ലാവിലെ ഭിത്തിയില്‍ തൂങ്ങുന്ന ,അമ്മയുടെ, പൂര്‍ണ്ണകായ ചിത്രം ഒരു മിന്നല്‍ പോലെ മനസ്സിലെത്തി. സുമംഗലിയായിരുന്ന
യൗവ്വനകാലത്ത്‌ പ്രസിദ്ധനായൊരു ചിത്രകാരനാല്‍ രചിക്കപ്പെട്ടത്‌. തമ്പിയുടെ മുഖം വിടര്‍ന്നു. സുനീതയെ കണ്ടത്‌ സ്വന്തം വീട്ടില്‍ തന്നെ. എന്റെ അമ്മയുടെ ഛായയുണ്ട്‌ അവള്‍ക്ക്‌.
അനുപമമായ സ്‌നേഹവും വാല്‍സല്യവും തമ്പിയുടെ മനസ്സില്‍ സുനീതയോട്‌ . ഒന്നു കൂടി അവളെ കാണാന്‍ മോഹവും.

എന്തോ പറഞ്ഞ്‌ ചിരിച്ച്‌ അഛന്റെ കൈയില്‍ കൈകോര്‍ത്ത്‌ നടന്നു പോകുന്ന സുനിതയെ അയാള്‍ കണ്ണിമയ്‌ക്കാതെനോക്കി നിന്നു. പെട്ടന്ന്‌ അവള്‍ തിരിഞ്ഞ്‌ തമ്പിയെ നോക്കി പുഞ്ചിരിച്ചു, ഒരായിരം മുല്ലപ്പൂക്കള്‍ ഒന്നിച്ച്‌ വിടര്‍ന്നതുപോലെ.

`താങ്ക്‌ യൂ സര്‍.'

തമ്പിയുടെ ഹൃദയമിടിപ്പ്‌ ഒന്നുകൂടി തെറ്റി.

ദിവസങ്ങള്‍ കഴിയുന്തോറും സുനീതയോടുള്ള മതിപ്പ്‌ കൂടിക്കൂടി വന്നു. ഈ പെണ്‍ കുട്ടി ഒരു വാക്കിങ്ങ്‌ കമ്പ്യൂട്ടറാ'. തമ്പി മനസ്സില്‍ പറഞ്ഞു.

ഒന്നിടവിട്ട മാസങ്ങളില്‍ ഹെഡോഫീസില്‍ നടക്കുന്ന ഡയറക്ടേഴ്‌സ്‌ മീറ്റിംഗില്‍ വെച്ച്‌ തമ്പി ഒന്നറിഞ്ഞു; വരുന്ന ഞായറാഴ്‌ച്ച സുനീതയുടെ വിവാഹ നിശ്ചയമാണ്‌. ഒരു ഡോക്ടറാണ്‌ വരന്‍.

`ഉവ്വോ? വെരി ഗുഡ്‌.'

ഒരു വര്‍ഷം ഒപ്പം ജോലിചെയ്‌തിട്ടും, ഒരുവാക്ക്‌ തന്നോടു പറഞ്ഞില്ലല്ലോ. മനസ്സു നൊന്തു.
`എന്റെ വിവാഹമാണ്‌ സര്‍. ആദ്യം ക്ഷണിക്കുന്നത്‌ താങ്കളെയാണ്‌. തീര്‍ച്ചയായും വരണം.' കാതില്‍ തേന്മഴ പെയ്യിച്ച്‌ കണ്ണുകള്‍ക്കാനന്ദമേകി നില്‌കുന്ന സുനീതയുടെ കൈയില്‍ നിന്ന്‌ ക്ഷണക്കത്തു വാങ്ങി പൊട്ടിച്ചുവായിച്ച്‌ സന്തോഷപൂര്‍വ്വം അയാള്‍ പറഞ്ഞു: `വരും, ഞാന്‍ തീര്‍ച്ചയായും വരും. പ്രോമിസ്‌.'
എന്താണ്‌ തന്റെ മനസ്സിങ്ങനെ നോവുന്നത്‌? തമ്പിക്ക്‌ മനസ്സിലാവുന്നില്ല. ആരുടെയോ മകള്‍. തന്റെ വെറും ഒരു കീഴ്‌ജീവനക്കാരി.

നിര്‍വചിക്കാനാവാത്ത ദുഖം അയാളുടെ ഹൃദയത്തില്‍, സിരകളില്‍ കടന്നുകൂടി. തിങ്കളാഴ്‌ച്ച. ഇനിയും സുനീത അവധിക്ക്‌ അപേക്ഷിച്ചിട്ടില്ല. വ്യാഴാഴ്‌ച്ചയാണ്‌ വിവാഹം. തമ്പി ചിന്തിച്ചു. ജോലിക്കൂടുതല്‍ കാരണമാവും. നാളെമുതല്‍ അവധിയെടുത്തുകൊള്ളാന്‍ ആ കുട്ടിയോടു പറയണം.
സുനീതയുടെ തെല്ല്‌ അമ്പരപ്പും സംശയവും കലര്‍ന്ന നോട്ടം. അയാള്‍ പുഞ്ചിരിയോടെ ആജ്ഞാപിച്ചു. `ഇറ്റ്‌ ഈസ്‌ ആന്‍ ഓര്‍ഡര്‍.' ആ വിടര്‍ന്ന കണ്ണുകളിലെ നന്ദിസൂചകമായ തിളക്കവും അരുണിമയാര്‍ന്ന മുഖത്തെ ഭാവവും അവളെ അതിസുന്ദരിയാക്കിയതായി അയാള്‍ക്ക്‌ തോന്നി.
എന്നും ഇറങ്ങുന്ന സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക്‌ പോകാതെ ജോലിയില്‍ മുഴുകിയിരിക്കുന്ന സുനീതയെ കണ്ടപ്പോള്‍ അയാള്‍ ചോദ്യരൂപത്തില്‍ നോക്കി. `പ്രധാനപ്പെട്ട കുറച്ചു ജോലികൂടി തീര്‍ക്കണം. താമസിക്കുമെന്ന്‌ വീട്ടില്‍ വിളിച്ച്‌ പറഞ്ഞുകഴിഞ്ഞു.'

അയാള്‍ക്ക്‌ അഭിമാനം തോന്നി. ഉത്തരവാദിത്തമുള്ള കുട്ടി. ഇവള്‍ ഉയര്‍ന്ന സ്ഥാനത്തെത്തുന്ന കാലം വിദൂരമല്ല. അക്കങ്ങളില്‍ മസ്‌തിഷ്‌ക്കവും മിഴികളുമര്‍പ്പിച്ച്‌ അവളിരിക്കുന്നു. അരുതെന്ന്‌ മനസ്‌ വിലക്കിയിട്ടും കണ്ണുകള്‍ അവളുടെ നേര്‍ത്ത സാരിക്കടിയിലെ ആലില വയറിലേക്ക്‌. അവിടെ കറുത്ത്‌ കാണുന്നത്‌ ഒരു മറുകോ? പെട്ടെന്നയാള്‍ കണ്ണുകള്‍ പിന്‍ വലിച്ചു. `മതിയാക്കൂ സുനീതാ, യൂ മസ്റ്റ്‌ ഗോ ഹോം നൗ. ബാക്കിയുള്ള ജോലികള്‍ അവിടെ കിടക്കട്ടെ.'

കണ്ണുകള്‍ അക്കങ്ങളില്‍ നിന്നു മാറ്റാതെ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.`പത്തു മിനിട്ടുകൂടി സര്‍. അത്രയേ ആവശ്യമുള്ളു' അയാള്‍ സുനീതയുടെ മേശക്കരികില്‍ ചെന്നു. `മേ ബി ഐ കാന്‍ ഹെല്‌പ്പ്‌ യു ഫിനിഷ്‌.' അയാള്‍ കുനിഞ്ഞ്‌ ലെഡ്‌ജറിലേക്ക്‌ നോക്കി.

പെട്ടെന്ന്‌ പിന്നില്‍ അലര്‍ച്ച കേട്ടു. `ദ്രോഹി, ദുഷ്ടാ, തൊടരുതെന്റെ കുട്ടിയെ.' അയാള്‍ ഞെട്ടിത്തിരിഞ്ഞു.
ഉടഞ്ഞ വസ്‌ത്രങ്ങളും അഴിഞ്ഞുലഞ്ഞ തലമുടിയുമായി ഒരു ഭ്രാന്തി!! അവളുടെ കണ്ണുകളില്‍ അഗ്നി. സുനീത ചാടിയെണീറ്റ്‌ ഓടിച്ചെന്ന്‌ ആ സ്‌ത്രീയെ കെട്ടിപ്പിടിച്ചു. `അമ്മേ എന്തായിത്‌? എന്തായിത്‌?' ആ
സ്‌ത്രീ അവളുടെ കൈകളില്‍ മൂര്‍ഛിച്ചു. അവരെ താങ്ങി കസേരയില്‍ ഇരുത്തുന്നതിനിടയില്‍ നഗ്നമായിപ്പോയ സുനീതയുടെ വെളുത്ത വയറിലെ മറുകില്‍ അയാളുടെ കണ്ണുകള്‍ കുരുങ്ങി.

തൊട്ടു പിറകില്‍ ബാങ്കിന്റെ സെക്യൂരിറ്റി പോലീസുകാരനുമെത്തി. `സാര്‍....'

`ഞാന്‍ ഡ്രൈവറെ വിളിക്കട്ടെ' സുനീത മുറിക്ക്‌ പുറത്തിറങ്ങി തൊട്ടു പിറകെ സെക്യൂരിറ്റിയും ഇത്‌ ആ കാര്‍ത്തികയല്ലേ? ഒരു നടുക്കത്തോടെ തമ്പി അവരെ സൂക്ഷിച്ചു നോക്കി. അതെ . അവള്‍ തന്നെ.
`ക്ഷമിക്കണം സര്‍. എന്തോ തെറ്റിദ്ധാരണമൂലമാണ്‌ ഇങ്ങനെയൊക്കെ' അമ്മയെ താങ്ങിപ്പിടിച്ച്‌ പുറത്തിറങ്ങുമ്പോള്‍ സുനീത പറഞ്ഞു .`ഐ അപ്പോളൊജൈസ്‌.'

`സാരമില്ല. മറന്നേക്കൂ.'

തമ്പി ജനാലക്കരികിലേക്ക്‌ നടന്നു. സുനീതയുടെ കാര്‍ സാവധാനം നീങ്ങുന്നത്‌ ഇനിയും നടുക്കം മാറിയിട്ടില്ലാത്ത ഹൃദയവുമായി നോക്കിനിന്നു. വിമന്‍സ്‌ കോളേജ്‌, ബയോളൊജി ലാബ്‌ കാര്‍ത്തിക എന്ന അലൗകിക സൗന്ദര്യം..... എന്റെ വിവാഹമാണ്‌ നാളെ, എന്നെ തൊടരുത്‌. അമ്പരപ്പു കലര്‍ന്ന ആജ്ഞാസ്വരം.... അശുദ്ധയായി കതിര്‍മണ്‌ഡപത്തില്‍ കയറാനിടയാക്കരുതേ .... ചിലമ്പിച്ച യാചന. മനസ്സില്‍ വളരെക്കാലം ഒരു ദുരാത്മാവു പോലെ തന്നെ പിന്തുടര്‍ന്ന സിന്ദൂരം പടര്‍ന്ന മുഖം, അര്‍ദ്ധ നഗ്ന ശരീരം, തീ പാറുന്ന മിഴികളിലൂടെ പ്രവഹിച്ച ചുടുകണ്ണീര്‍, ചൂണ്ടിയ വിരല്‍ `എന്റെ പവിത്രതയെ
നശിപ്പിച്ച നിനക്ക്‌ പവിത്രമായതൊന്നും ലഭിക്കാതാവട്ടെ. നീ പവിത്രമെന്ന്‌ കരുതുന്നതെല്ലാം നിനക്ക്‌ നഷ്ടമായി പോകട്ടെ.' കന്യകാത്വം മൃഗീയമായി കവര്‍ന്നെടുക്കപ്പെട്ട പെണ്ണിന്റെ ഹൃദയം നൊന്ത ശാപം. ഫലിക്കതന്നെ ചെയ്‌തു.

ദീര്‍ഘമായി നിശ്വസിച്ച്‌, മുറി പൂട്ടി തമ്പിയിറങ്ങി. ശൂന്യമായ ബംഗ്ലാവിലേക്ക്‌, അഭിലാഷങ്ങള്‍ ഒന്നൊന്നായി കത്തിയെരിയുന്നതിന്‌ സാക്ഷ്യം വഹിച്ച്‌, കുലുക്കമില്ലാതെ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‌കുന്ന മൂന്നുനില കെട്ടിടത്തിലേക്ക്‌.

`തീരെ സുഖം തോന്നുന്നില്ല. ശല്യപ്പെടുത്തരുത്‌.' കാര്യസ്ഥനോടു പറഞ്ഞിട്ട്‌ തമ്പി കിടക്കമുറിലേക്ക്‌ പോയി.`പോകരുത്‌ രാധീ, ഈ ജീവിതത്തില്‍ ഞാന്‍ നിന്നെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളു. മറ്റുള്ളവരാരും എനിക്ക്‌ ഒന്നുമായിരുന്നില്ല.'

`ഇത്‌ എത്ര സ്‌ത്രീകളോട്‌ നിങ്ങള്‍ പറഞ്ഞിട്ടുണ്ട്‌?' താന്‍ പറഞ്ഞ സത്യത്തിനു നേരെ ആദ്യ ഭാര്യയുടെപുശ്ചം നിറഞ്ഞ ചോദ്യം.

പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ഒരു കുറിപ്പുപോലും എഴുതിവെക്കാതെ ആത്മഹത്യ ചെയ്‌ത സുന്ദരിയും സുശീലയുംസത്‌ചരിതയുമായിരുന്ന രണ്ടാം ഭാര്യ.

എനിക്കിന്ന്‌ മദ്യപിക്കണം. തമ്പി കിടക്കയില്‍ നിന്നുമെഴുന്നേറ്റ്‌, വര്‍ഷങ്ങളായി തുറക്കാതിരുന്ന അലമാരയില്‍ നിന്ന്‌ വിദേശമദ്യം പുറത്തെടുത്തു.

`ഇനിയും ഞാന്‍ കുടിക്കില്ലമ്മേ. എല്ലാ ദു:സ്വഭാവങ്ങളും നിര്‍ത്തുകയാണ്‌. അമ്മയ്‌ക്ക്‌ ഇതെല്ലാം അനുഭവിക്കാനിടയാക്കിയതില്‍ എനിക്ക്‌ ദു:ഖമുണ്ട്‌. ഉള്‍മുറിയിലെ മഞ്ചത്തില്‍ നെഞ്ചുരുകി കരഞ്ഞ അമ്മയോടു ചെയ്‌ത പ്രതിജ്ഞ. അതു ലംഘിക്കണോ? അയാള്‍ പിന്നെയും കിടക്കയിലേക്ക്‌ ചാഞ്ഞു.

എന്തായിരിക്കും സുനീതയുടെ ഹൃദയത്തിലിപ്പോള്‍? മധുര മോഹന പ്രതീക്ഷകളുമായി കതിര്‍ മണ്ഡപത്തിലേക്ക്‌ പ്രവേശിക്കാന്‍ കാത്ത്‌ കൊതിച്ചിരിക്കുന്ന ആ കുട്ടിയുടെ മനസ്സിനെ ഇപ്പോള്‍ എന്തൊക്കെ ചിന്തകള്‍ മഥിക്കുന്നുണ്ടാവും! പരമാര്‍ത്ഥം വെളിപ്പെടുമ്പോള്‍ ഒരു നികൃഷ്ട ജീവിയായി അവള്‍ തന്നെ കണക്കാക്കില്ലേ? ഇനി അവളെ എങ്ങനെ അഭിമുഖീകരിക്കും? കഷ്ടം!! ഒരു പുത്രിയെപ്പോലെ താനവളെ സ്‌നേഹിച്ചുപോയല്ലൊ.

തമ്പിയുടെ മസ്‌തിഷ്‌ക്കത്തില്‍ ഒരു കൊള്ളിയാന്‍ മിന്നി. പുത്രിയെപ്പോലെ... അവള്‍ തന്റെ പുത്രിയായിരിക്കുമോ? അവളെ കണ്ട നിമിഷം മുതല്‍ എന്റെ നെഞ്ചകം എരിഞ്ഞുകൊണ്ടിരിക്കുന്നതെന്ത്‌? എന്റെ അമ്മയുടെ ഛായ അവള്‍ക്കെങ്ങനെ കിട്ടി? എനിക്കുള്ളതുപോലെ ഒരു മറുക്‌ അവള്‍ക്കും കിട്ടിയതെങ്ങനെ? അയാളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിച്ചു. പവിത്രമായതൊന്നും ലഭിക്കാതെ പോകട്ടെ എന്ന കാര്‍ത്തികയുടെ ശാപം ഫലിച്ചില്ല. അയാള്‍ക്ക്‌ ഉറക്കെ ചിരിക്കണമെന്നു തോന്നി. പവിത്രമായത്‌ എനിക്കുണ്ടു. എന്റെ മകള്‍. എന്റെ രക്തം. അറിയാതെയെങ്കിലും ഒരുപാടു സ്‌നേഹം അവളില്‍ ചൊരിഞ്ഞിരുന്നു. അതേയളവില്‍ തിരികെ കിട്ടുകയും ചെയ്‌തു.

തമ്പിയുടെ ശ്വാസഗതി ധൃതമായി. എനിക്കെന്റെ മകളെ കാണണം, അവളോട്‌ വിവാഹ ദക്ഷിണ വാങ്ങണം. മൂര്‍ദ്ദാവില്‍ കൈ വെച്ച്‌ അനുഗ്രഹിച്ച്‌ കതിര്‍മണ്ഡപത്തിലേക്ക്‌ ആനയിക്കണം...

എന്തൊരു വിഡ്‌ഢിയാണ്‌ ഞാന്‍. തമ്പി തലകുലുക്കി. യൗവ്വനത്തിലെ ചോരത്തിളപ്പില്‍ കാര്‍ത്തികയോട്‌ ദ്രോഹം ചെയ്‌തു,ഇനി ആ കുട്ടിയെയും ദ്രോഹിക്കയോ? സുനീതയെ ഇനി കാണാന്‍ പാടില്ല. അവള്‍ സത്യമൊന്നും അറിഞ്ഞില്ലെങ്കില്‍ പ്പോലും. തൊട്ടടുത്ത്‌ കൈയ്യെത്താദൂരത്തില്‍ നില്‌കുന്ന സ്വന്തം മകളെ.
രാജ കല (കഥ: നീനാ പനയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക