Image

ദേശീയപതാക സ്‌നേഹം: അമേരിക്കന്‍ ശൈലിയില്‍

വിന്‍സന്റ് ഇമ്മാനുവല്‍ Published on 25 December, 2012
ദേശീയപതാക സ്‌നേഹം:  അമേരിക്കന്‍ ശൈലിയില്‍
ഫിലഡല്‍ഫിയ : ദേശസ്‌നേഹത്തെക്കുറിച്ച് വിവിധ സിനിമകളും, പാട്ടുകളും എഴുതിപ്പാടുന്ന ഇന്ത്യക്കാരന്റെ ദേശ സ്‌നേഹവും, പതാക സ്‌നേഹവും മറ്റുള്ളവര്‍ക്കെല്ലാം മാതൃകയാണ്. ഇന്ത്യയില്‍ എല്ലാ ദിവസവും സ്‌ക്കൂളുകളില്‍ ദേശീയഗാനം ആലപിക്കപ്പെടാറുണ്ട്. പിന്നീട് സിനിമാ തിയേറ്ററുകളില്‍ സിനിമയുടെ അവസാനത്തിലേക്ക് ദേശീയഗാനം ചേക്കേറി. അമേരിക്കയില്‍ നിന്ന് ശശീതരൂര്‍ ഇന്ത്യയില്‍ വന്ന ജനഗണമനയ്ക്കിടയ്ക്ക് നെഞ്ചില്‍ കൈവച്ച് അമേരിക്കന്‍ ശൈലിയില്‍ ദേശസ്‌നേഹം പ്രകടിപ്പിച്ച് പൊല്ലാപ്പില്‍ ചാടിയതും മറക്കുന്നില്ല.

അമേരിക്കന്‍ ദേശീയഗാനം പാടുമ്പോള്‍ പതാക ഉള്ള സ്ഥലമാണെങ്കില്‍ ആ പതാകയുടെ നേരെ തിരിഞ്ഞ് കൈ നെഞ്ചില്‍ വച്ച് ദേശ സ്‌നേഹം പ്രകടിപ്പിയ്ക്കാറാണ് പതിവ്. ഇന്ത്യക്കാരാകട്ടെ ജനഗണമന പാടുന്നതിനിടെ പട്ടാളക്യാമ്പില്‍ പോലെ അറ്റന്‍ഷന്‍ ആയി നില്‍ക്കാറാണ് പതിവ്.

അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും അവരുടെ സഹോദരങ്ങളെ അമേരിക്കയിലെത്തിക്കാന്‍ വേണ്ടി അമേരിക്കന്‍ പൗരന്‍മാരായവരാണ് അവര്‍ക്ക് പ്രത്യേകിച്ച്
അമേരിക്കന്‍ പതാകയോടും, നെഞ്ചില്‍ കൈവച്ചുള്ള ദേശീയഗാനത്തോടും വലിയ പ്രതിപത്തിയൊന്നും ഇല്ല. അതുമാത്രമല്ല കുടുംബം മുഴുവന്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തിട്ടും ഞാന്‍ അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് എടുത്തിട്ടില്ല എന്ന് പറയാനാണ് പലര്‍ക്കും താല്‍പര്യം.

19 ദേവാലയങ്ങള്‍ കൂടി നടത്തുന്ന എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ വേദി. ആദ്യം അമേരിക്കന്‍ ദേശീയഗാനം, വേദിയിലുള്ള സായിപ്പ് കൈ നെഞ്ചില്‍വച്ച് പതാകയുടെ നേരെ തിരിഞ്ഞ് വിധേയത്വം പ്രഖ്യാപിച്ചു. ചില മലയാളികളും ഈ രീതിയാണ് സ്വീകരിച്ചത്. എന്നാല്‍ ഈ രാജ്യത്തെ എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന ഇന്ത്യക്കാരില്‍ പലരും "ഞാന്‍ ഈ നാട്ടുകാരനേ അല്ല"എന്നൊരു സമീപനമാണ് സ്വീകരിച്ചത്. സ്ത്രീകളാകട്ടെ സാരി നേരേയാക്കിയിടാനും മറ്റുമാണ് ദേശീയഗാനത്തിന്റെ സമയം ഉപയോഗിച്ചത്.

അമേരിക്കന്‍ ദേശീയഗാനത്തിനുശേഷം ഇന്ത്യന്‍ ദേശീയഗാനമായിരുന്നു. ജനഗണമന പാടിതുടങ്ങിയ ഉടന്‍ പട്ടാളക്യാമ്പിലേപ്പോലെ സായിപ്പ് ഇന്ത്യന്‍ പതാകയുടെ നേരെ തിരിഞ്ഞ് ആദരവ് പ്രകടിപ്പിച്ചത് ശ്രേദ്ധേയമായിരുന്നു. എന്നാല്‍ ഞാന്‍ ഇന്ത്യമഹാരാജ്യം വിട്ടിട്ട് നാളെത്രയായി എന്ന രീതിയിലാണ് പല ഇന്ത്യക്കാരും ദേശീയഗാനത്തിനിടയ്ക്ക് നിന്നത്. അറ്റന്‍ഷനായ് നിന്ന് പഠിച്ചിരുന്ന നമ്മള്‍ അതു മറന്നിരിക്കുന്നു.

കാനഡയില്‍ ഒരു മന്ത്രി മുന്‍പു പറഞ്ഞതും ചിന്തനീയം. കനേഡിയന്‍ ദേശീയ ഗാനം പാടുമ്പോള്‍ ഇന്ത്യാക്കാര്‍ക്കു മിണ്ടാട്ടമില്ല. ഇന്ത്യന്‍ ദേശീയ ഗാനം പാടുമ്പോള്‍ എല്ലാവരും ഉച്ചത്തില്‍ ഏറ്റു പാടാന്‍ തുടങ്ങും. ഇതു ശരിയോ എന്നവര്‍ ചോദിക്കുകയും ചെയ്തു. ചിന്തിക്കേണ്ട കാര്യം തന്നെ.
ദേശീയപതാക സ്‌നേഹം:  അമേരിക്കന്‍ ശൈലിയില്‍ദേശീയപതാക സ്‌നേഹം:  അമേരിക്കന്‍ ശൈലിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക