Image

ഒരു ക്രിസ്മസ് കേക്കിന്റെ ഓര്‍മ്മക്കായി -മീനു എലിസബത്ത്

മീനു എലിസബത്ത് Published on 23 December, 2012
ഒരു ക്രിസ്മസ് കേക്കിന്റെ ഓര്‍മ്മക്കായി -മീനു എലിസബത്ത്

Eമലയാളിയുടെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍

ഇന്ന് അമേരിക്കയില്‍ ഏറ്റവും വായിക്കപ്പെടുന്ന ഓണ്‍ലൈന്‍ മാഗസിന്‍ നമ്മുടെ Eമലയാളി തന്നെയാണെന്നുള്ളതിനു ഒരു സംശയവുമില്ല. അമേരിക്കയിലെ, തഴക്കം വന്ന, അനുഭവസമ്പന്നരായ എഴുത്തുകാരൊടൊപ്പം, എഴുത്തിന്റെ മേഖലയില്‍ വളരെ പുതിയവരെ വരെ, ഒരുമിച്ചു നിര്‍ത്തി പ്രോത്സാഹിപ്പിക്കുവാനും നമ്മുടെ സാഹിത്യ സൃഷ്ടികള്‍ ഉടനടി പ്രസിദ്ധീകരിക്കുവാന്‍ അവസരം ഉണ്ടാക്കി തരുകയും ചെയ്യുന്ന Eമലയാളി ചെയ്യുന്ന സേവനം വിലപ്പെട്ടത് തന്നെ. അത് വഴി അമേരിക്കയിലെ വായനാശീലമുള്ള മലയാളികള്‍ വായിക്കുന്നു..

കേട്ടിടത്തോളം Eമലയാളിക്ക് ഇന്ന് ലോകം മുഴുവന്‍ വായനക്കാരുണ്ട്. അത്‌ പോലെ, ലോകത്തില്‍ നടക്കുന്ന പ്രധാന കാര്യങ്ങളും, ഇന്ത്യയില്‍ അപ്പപ്പോള്‍ നടക്കുന്ന കാര്യങ്ങളും, കാമ്പുള്ള ലേഖനകളും, വിശിഷ്യ നമ്മുടെ കൊച്ചു കേരളത്തിന്റെ ഹൃദയസ്പന്ദനവും Eമലയാളി വളരെ വേഗം തന്നെ നമ്മെ അറിയിക്കുന്നു. പണ്ട് മനോരമയുടെ മാതൃഭൂമിയുടെയോ പ്രവാസി പേജുകളില്‍ നോക്കി അമേരിക്കന്‍ മലയാളിയുടെ വാര്‍ത്തകള്‍ അറിഞ്ഞിരുന്ന ഞാന്‍, ഇപ്പോള്‍ അവിടേക്ക് തിരിഞ്ഞു നോക്കാറില്ല, കാരണം അമേരിക്കയുടെ ഏതു കോണിലും ജീവിക്കുന്ന മലയാളിയുടെ നാടിമിടിപ്പുകള്‍ Eമലയാളിയിലൂടെ നാം അിറയുന്നു.
Eമലയാളി പ്രവര്‍ത്തകര്‍ക്ക് നന്ദി. മീനു എലിസബത്ത്
-------------------------------

ലോക ക്രിസ്തീയ ജനത ഒരുമിച്ചാഘോഷിക്കുന്ന ഒരേ ഒരു ദിവസം ക്രിസ്മസ് ആവും.
ഇവിടെ അമേരിക്ക ക്രിസ്മസ് ആഘോഷത്തിനു തയാറെടുക്കുവാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.

എങ്ങും തിരക്കോട് തിരക്ക്. ഷോപ്പിങ്ങിന് ഇനി പത്തു ദിവസം, എട്ടു ദിവസം, എന്ന് ചാനലുകാര്‍ നിരന്തരം നമ്മെ ഓര്‍മപ്പെടുത്തുന്നു. പരസ്യങ്ങളില്‍ ജിങ്കിള്‍ ബെല്‍സും, ഫസ്റ്റ് ഡേ ഓഫ് ക്രിസ്മസും, പാരഡികളായി പൊടിപൊടിക്കുന്നു. ഫെഡെക്‌സും യു പി എസും ചക്രശ്വാസം വലിച്ചു രാപ്പകല്‍ ഓടി നടന്ന് പായ്ക്കറ്റുകള്‍ വിതരണം ചെയ്യുന്നു.

പള്ളിയില്‍ പോകുന്ന മലയാളികളുടെ വീട്ടില്‍ ശനിയും ഞായറും കരോള്‍കാരുടെ കയറ്റിറക്കം. നമ്മള്‍ ഏതു സഭയെന്നതോന്നും പ്രശ്‌നമേ അല്ല. നമ്മുടെ അളിയന്റെയും, അളിയന്റെ അളിയന്റെയും പള്ളിക്കാരെയും നാം സന്തോഷത്തോടെ സ്വീകരിക്കും. മിക്ക ശനി ഞായര്‍ സന്ധ്യകളിലും പാര്‍ട്ടികള്‍, ജോലിയിലെ ബോസിന്റെ പാര്‍ട്ടി...അങ്ങിനെ നിറപ്പകിട്ടാര്‍ന്ന കുറെ ദിവസങ്ങള്‍ ക്രിസ്മസ് സമ്മാനിക്കുന്നു.

സന്ധ്യാ നേരത്ത് നവവധുക്കളെ പോലെ പൊന്നില്‍ കുളിച്ചു നില്ക്കുന്ന വീടുകള്‍. വെള്ളിയും സ്വര്‍ണവും നിറമുള്ള ഐസിക്കിള്‍ ലൈറ്റുകളും മഴവില്‍ വര്‍ണത്തിലുള്ള പല വര്‍ണ അലുക്കുകളും ആണ് കുറെ വര്‍ഷങ്ങളായി അലങ്കാരങ്ങളില്‍ പ്രധാനി. ചിലര്‍ വീടിന് ലൈറ്റുകള്‍കൊണ്ട് ഒരു ഔട്ട്‌ലൈന്‍ തന്നെ കൊടുത്തു കാണാറുണ്ട്. ചിലര്‍ മാലാഖമാരുടെയും ഉണ്ണീശോയുടെയും കട്ട്ഔട്ടുകള്‍ കൊണ്ട് ഫ്രണ്ട് യാര്‍ഡില്‍ പുല്‍ക്കൂടുകള്‍ അലങ്കരിക്കുമ്പോള്‍, മറ്റു ചിലര്‍ സാന്റാ ക്ലോസിനെയും റെയിന്‍ ഡീയറിനെയും, ചുവന്ന മൂക്കുള്ള റുഡോള്‍ഫിനെയും, മഞ്ഞു മനുഷ്യനെയും കൊണ്ട് അലങ്കാരങ്ങള്‍ നടത്തുന്നു.

പൈന്‍ മരച്ചില്ലകള്‍ കൊണ്ടും ഉണങ്ങിയ പുഷ്പങ്ങള്‍ കൊണ്ടും ചില്ലകള്‍കൊണ്ടും ഉണ്ടാക്കുന്ന മനോഹരമായ റീത്തുകള്‍ വീടുകളുടെ വാതിലുകള്‍ മനോഹരമാക്കുന്നു (നമുക്ക് റീത്തെന്നു പറഞ്ഞാല്‍ വേറെ ആണ് അര്‍ഥം.) മിക്കപേരും ഈ തരത്തില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ കൊണ്ട് ആറാട്ട് നടത്തുമ്പോള്‍ ഒരു കുഞ്ഞു ലൈറ്റു പോലും ഇടാതെ തന്നെ ക്രിസ്മസ് ആഘോഷിക്കുന്നവരും ധാരാളം. എന്നിരുന്നാലും കുട്ടികള്‍ ഉള്ളവര്‍ ലൈറ്റുകള്‍ ഇടാന്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കുന്നു. കുഞ്ഞുങ്ങളല്ലേ എല്ലാം?!!

അമേരിക്കയില്‍ വന്ന ആദ്യകാലങ്ങളിലെല്ലാം എനിക്ക് ഇവിടുത്തെ ക്രിസ്മസ് ആചാരങ്ങളും അലങ്കാരങ്ങളും വലിയ കൗതുകം ഉണ്ടാക്കിയിരുന്നു. കൃത്രിമമായി നിര്‍മിച്ച ക്രിസ്മസ് ട്രീ, കടകളിലെയും വീടുകളിലെയും ഡെക്കറേഷനുകള്‍, സമ്മാനങ്ങള്‍ വാങ്ങുവാന്‍ ഓടി നടക്കുന്ന ആള്‍ക്കാരുടെ തിരക്കുകള്‍. തണുപ്പിലും മഞ്ഞിലും നിന്ന് മെറി ക്രിസ്മസ് പറയുന്ന സാല്‍വേഷന്‍ ആര്‍മിക്കാരന്‍, എല്ലാം എല്ലാം എന്നെ അത്ഭുതപ്പെടുത്തി.

നാട്ടിലേക്കാള്‍ ആഘോഷങ്ങളും പാര്‍ട്ടികളും കൂട്ടായ്മകളും എല്ലാം അമേരിക്കയില്‍ തന്നെ. ഡാലസിലെ ഡൗണ്‍ടൗണില്‍ ക്രിസ്മസ് വിളക്കുകള്‍ കാണാന്‍ പോകുന്നതും പള്ളിക്കാരുടെ കൂടെ കരോള്‍ പാടാന്‍ പോകുന്നതും എകുമെനിക്കല്‍ ക്രിസ്മസ് ആഘോഷത്തിനു പാട്ടു പാടാന്‍ കൂട്ടുകാരുമായി പോകുന്നതും എല്ലാം ഇഷ്ട്ടമായിരുന്നു.

എങ്കിലും ഇടയ്‌ക്കെല്ലാം പള്ളം എന്ന എന്റെ കൊച്ചുഗ്രാമവും, ഞാന്‍ ഇട്ടിട്ടു പോന്ന എന്റെ പ്രിയപ്പെട്ടവരും, എന്റെ ഇടവകപ്പള്ളിയും മനസിലേക്ക് ഒരു ചെറുനൊമ്പരത്തോടെ എത്തി നോക്കിയിരുന്നു .

ഇന്നും ക്രിസ്മസ് ആഴ്ചകളില്‍ എന്റെ മനസ് അവിടേയ്‌ക്കെല്ലാം ഓടി മറയുന്നു. ഡിസംബറിലെ ചെറുകുളിരുള്ള തണുപ്പില്‍ വെളുപ്പിനെ പള്ളിയില്‍ ക്രിസ്മസ് കുര്‍ബാനയ്ക്ക് പോകുന്നതും കുരുത്തോല കത്തിക്കുന്നതും അന്നുണ്ടായിരുന്ന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകാര്‍ കാരോള്‍ പാടാന്‍ വരുന്നതും, തലേദിവസം അപ്പം കുഴയ്ക്കാന്‍ കൊണ്ടു വരുന്ന മധുരക്കള്ളില്‍ നിന്നും ഒരല്പം കട്ട് കുടിക്കുന്നതും, എല്ലാവരുമൊന്നിച്ച് കമ്പിത്തിരിയും മത്താപ്പും കത്തിക്കുന്നതും, എല്ലാം ഓര്‍മയില്‍ മെല്ലെ മെല്ലെ തെളിഞ്ഞു വരുന്നു. വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയിരിക്കുന്നു.

എന്റെ ചെറുപ്പകാലത്ത് ക്രിസ്മസിനു ഒന്നോ രണ്ടോ ആഴ്ച മുന്‍പ് അപ്പന്‍ തിണ്ണയില്‍ ഒരു സ്റ്റാര്‍ ഇടും, ഞങ്ങള്‍ കുട്ടികള്‍ ക്രിസ്മസ് കാര്‍ഡുകള്‍ ദൂരെയുള്ള ബന്ധുക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും അയയ്ക്കും. അന്ന് അമേരിക്കയിലുള്ള അമ്മയുടെ സഹോദരിമാരുടെ ഫോറിന്‍ മണമുള്ള ക്രിസ്മസ് കാര്‍ഡുകള്‍ വരുമ്പോള്‍ അയല്‍പക്കത്തെ കൂട്ടുകാരെയെല്ലാം വലിയ ഗമയോടെ അത് കാണിക്കും.

ക്രിസ്മസിനു തലേദിവസം ആണ് ട്രീ കൊണ്ട് വരുന്നത്. ഞങ്ങളുടെ അകന്ന ബന്ധുക്കളായ വടക്കേ പറമ്പിക്കാരുടെ ബംഗ്ലാവില്‍ അന്ന് ധാരാളം ചൂളമരങ്ങളും കോണിഫറസ്, പൈന്‍, ഫിര്‍ എന്നീ മരങ്ങളും ഉണ്ട്. അപ്പന്‍ എന്നെയും സഹോദരനെയും കൂട്ടി പോയി ചൂളമരമോ, ഫിര്‍ മരത്തിന്റെ വലിയ ശാഖകളോ വെട്ടിക്കൊണ്ടു വരും. വരുന്ന വഴി കടക്കാരന്‍ തങ്കച്ചന്റെ കടയില്‍ നിന്നും കുറച്ചു ബലൂണുകളും, അലുക്കല് പോലത്തെ തോരണങ്ങളും, കുറെ പടക്കങ്ങളും വാങ്ങും. ഇവ കൂടാതെ പഴയതും ആ വര്‍ഷം കിട്ടിയതുമായ ക്രിസ്മസ് കാര്‍ഡുകള്‍ എല്ലാം നൂലില്‍ കെട്ടി, ക്രിസ്മസ് ട്രീ അലങ്കരിക്കും. ട്രീ മുറ്റത്തിന്റെ നടുക്കാണ് നാട്ടുന്നത്...

ക്രിസ്മസിനു എന്ന് പറഞ്ഞ് ആരും സമ്മാനങ്ങള്‍ തന്നതായോ പുതുവസ്ത്രങ്ങളോ ഒന്നും വാങ്ങിയതായോ എനിക്കോര്‍മയില്ല. വലിയപ്പച്ചന്‍ ആരുടെ എങ്കിലും കൈയില്‍ രണ്ടു താറാവിനെയോ, പഴുക്കാറായ ഒരു ഏത്തക്കുലയോ, ആട്ടിയ വെളിച്ചെണ്ണയോ കൊടുത്തു വിടും.

ആട്ടിറച്ചി, പന്നിയിറച്ചി, ഇവ അപ്പന്‍ തലേ ദിവസം ആളെ വിട്ടു വാങ്ങിപ്പിക്കും. പതിവ് പോലെ ഗോപിച്ചേട്ടന്‍ കള്ളുകുടവും, ഒന്നോ രണ്ടോ കുപ്പി മധുരക്കള്ളുമായി വരും.

പലഹാരങ്ങള്‍ ഉണ്ടാക്കാനുള്ള പച്ചരി ആഴ്ചകള്‍ക്ക് മുന്‍പ് വറത്തു പൊടിച്ചു വെച്ചിരിക്കും. വട്ടേപ്പം, ചുരുട്ട്, അച്ചപ്പം, കൊഴലപ്പം തുടങ്ങി സുറിയാനി ക്രിസ്ത്യാനികളുടെ തനതായ പലഹാരങ്ങള്‍ എല്ലാം ക്രിസ്മസ് സമയത്ത് കാണും. വിരുന്നുകാരുടെയും വീട്ടുകാരുടെയും ഒരു ബഹളമാണ്
ആ സമയങ്ങള്‍.

അന്ന് ഓര്‍ത്തഡോക്‌സുകാര്‍ക്ക് വെളുപ്പിനെ രണ്ടു മണിക്കും മറ്റുമാണ് പള്ളിയില്‍ ക്രിസ്മസ് ശുശ്രൂഷ. തലേവര്‍ഷം ഓശാനക്ക് കിട്ടിയ കുരുത്തോലയുമായാണ് പള്ളിയില്‍ പോകേണ്ടത്. പള്ളിമുറ്റത്തു കരിയില കൂട്ടി, കത്തിച്ചിട്ടിരിക്കുന്നതിലേക്ക് ഈ പഴയ കുരുത്തോലകള്‍ നാം വലിച്ചെറിയും. ഉറക്കം തൂങ്ങിയാണ് കുട്ടികള്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. അഞ്ചു മണിയോടെ വലിയ കതിനാവെടി മുഴങ്ങുമ്പോള്‍ എല്ലാവരും ഉറക്കമുണരും.

ക്രിസ്മസിന് ഒരാഴ്ച മുമ്പായി, അമ്മയ്ക്ക് ചില ഷോപ്പിംഗുകള്‍ ഉണ്ട്. അത് കളരിക്കല്‍ ബസാറില്‍ നിന്നോ ബെസ്റ്റ് ബേക്കറിയില്‍ നിന്നോ മറ്റോ ആവും. അന്ന് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍ കേരളത്തിലില്ലല്ലോ! കേക്ക് ഉണ്ടാക്കാനുള്ള ഉണക്ക മുന്തിരിങ്ങ, ഈന്തപ്പഴം , കശുവണ്ടിപ്പരിപ്പ്, പഞ്ചസാരപ്പാനിയില്‍ വിളയിച്ച ചെറിപ്പഴം, വാനില എസന്‍സ് സാമഗ്രികളാണ് ബേക്കറിയില്‍ നിന്നും വാങ്ങുക. ഉണക്കപ്പഴങ്ങള്‍ കുതിര്‍ക്കുന്നതിനു ബ്രാണ്ടിയാണ് ഉത്തമം, ആ പേരില്‍ ഒരു പുത്തന്‍ ബ്രാണ്ടിക്കുപ്പി അമ്മ പറഞ്ഞു എന്ന പേരില്‍ അപ്പന്‍ വാങ്ങുകയും ചെയ്യാം.

ഉണക്കപഴങ്ങള്‍ അരിഞ്ഞു കൊടുക്കുന്നത് എന്റെ ജോലിയാണ്. ഞാന്‍ അത് ഭംഗിയായി നിര്‍വഹിക്കും. പക്ഷെ അരിയുന്നു എന്ന പേരില്‍ പകുതി പഴങ്ങളും എന്റെ വായിലേക്ക് പോകുന്നത് കാണുമ്പോള്‍ അമ്മ ചാടിക്കും. ബ്രാണ്ടിയില്‍ കുതിര്‍ത്തു വെയ്ക്കുന്ന പഴങ്ങള്‍ ഒരുവിധം ഫെര്‍മെന്റ് ചെയ്ത് ഒരാഴ്ച ആകുമ്പോഴാണ് കേയ്ക്കുണ്ടാകാന്‍ പാകമാകുക. അതിനിടയില്‍ മൂടി തുറന്നു നോക്കാന്‍ പോലും ആരെയും അനുവദിക്കില്ല.

അമ്മയ്ക്ക് അവധിയുള്ള ശനിയാഴ്ചകളിലാണ് കേയ്ക്കുണ്ടാക്കുന്ന ആ മഹാദിവസം. പ്രഭാതഭക്ഷണത്തിനു ശേഷം, അമ്മയുടെ പ്രധാന കാര്‍മികത്വത്തില്‍ ഞാനും വീട്ടില്‍ നില്ക്കുന്ന ജോലിക്കാരി ബേബിയും അമ്മയുടെ സഹായികളായി കൂടും. അന്ന്, മിക്‌സിയോ ഫുഡ് പ്രോസസുറുകളോ ഒന്നും വീടുകളിലില്ല.

ഉരുളിയും തടി കൊണ്ടുള്ള മത്തും ആണ് പ്രധാന ഉപകരണങ്ങള്‍. മുട്ട പൊട്ടിച്ചു കൈ വെള്ളയില്‍ ഒഴിച്ച് വെള്ളയും ഉണ്ണിയും തിരിക്കുക, വെള്ള അടിച്ചു പതപ്പിക്കുക. കശുവണ്ടി ഞുറുക്കുക, ഓറഞ്ച് തൊലി അരയുക, ഗ്രാമ്പൂ, കറുവാപ്പട്ട ഇവ പൊടിക്കുക എല്ലാം ഞങ്ങളുടെ പണികളിള്‍ പെടും. പഞ്ചസാര കരിച്ചു ചേര്‍ക്കുന്നത് അമ്മ തന്നെ ചെയ്യും, അതിന്റെ പാവ്, നിറം ഇവയെല്ലാം ആണ് ഫ്രൂട്ട് കേയ്ക്കിന് അതിന്റെ നിറം കൊടുക്കുന്നത്.

പ്രധാന സംഗതികളെല്ലാം അടുപ്പിച്ചു കഴിയുമ്പോള്‍ അമ്മ നാഴിയില്‍ അളന്നു കുറിച്ച് കണക്കു കൂട്ടി മൈദാമാവ് ഉരുളിയിലേക്ക് പകരും. പിന്നെ മുട്ടയുടെ ഉണ്ണിയും, വെണ്ണയും, പൊടിപ്പഞ്ചസാരയും ചേര്‍ത്ത് ഞാനും ബേബിചേച്ചിയും മാറി മാറി തേരോട് തേര്. എത്രയും കൂടതല്‍ ഈ കൂട്ട് തേയ്ക്കുന്നോ അത്രയും കേമം ആവും കെയ്ക്ക് എന്നാണ് അമ്മയുടെ അഭിപ്രായം. കേയ്ക്കിന് മയവും കൂടും. ഇടയ്ക്കു വന്നു അമ്മ അതില്‍ വാനില എസെന്‍സു ചേര്‍ക്കും. അങ്ങനെ തേച്ചു വെച്ചിരിക്കുന്ന ഈ കൂട്ടിലേക്ക് ...സമാസമത്തില്‍ അമ്മ ബാക്കി ചേരുവകളും വേണ്ടുംപടി ചേര്‍ക്കും.

എല്ലാം യോജിപ്പിച്ച് കഴിഞ്ഞ്‌ബേക്കിംഗ് പൗഡര്‍ ചേര്‍ക്കുന്നതിന് മുന്‍പേ ഒരു കുഞ്ഞു സ്പൂണില്‍ കൂട്ട് എടുത്തു എനിക്ക് നീട്ടും. ഞാന്‍ അതില്‍ പകുതി തോണ്ടിയെടുത്തു ആര്‍ത്തി പിടിച്ചു വായിലിട്ട്, ഒരല്പം ബേബിക്കും കൊടുക്കും . അമ്മ ആകാംക്ഷയോടെ എന്നെ നോക്കും.

കേയ്ക്കിനും കൂട്ടിനും എന്തൊക്കെ പോരായ്മ ഉണ്ട്, ഇനി എന്തൊക്കെ വേണം എന്നെല്ലാം തീരുമാനിക്കേണ്ട, പ്രധാന ആള് ഞാന്‍ ആണെന്നാണ് ആ നോട്ടത്തിന്റെ അര്‍ഥം . എന്നും അമ്മയുടെ രുചി നോട്ടക്കാരി ഞാന്‍ തന്നെയായിരുന്നു. ആദ്യം തരുന്ന സ്പൂണിനു ഞാന്‍ അഭിപ്രായം പറയാതെ മിണ്ടാതെ ഇരിക്കും, എന്നിട്ട് കുറച്ചു കൂടി അതില്‍ നിന്നും വടിച്ചു കോരി വായിലാക്കുമ്പോഴേക്കും അമ്മ ഇടപെടും..
'കൊച്ചെ പറഞ്ഞെ, ഗ്രാമ്പൂന്റേം കറുവയുടെം രുചിയൊക്കെ ഒണ്ടോ?..മധുരം ഒണ്ടോ?...'
അമ്മ ഒറ്റ ശ്വാസത്തില്‍ കുറെ ചോദ്യങ്ങള്‍ ചോദിക്കും.

ഞാന്‍ ഒരു കള്ളച്ചിരിയോടെ അമ്മയെ കെട്ടിപ്പിടിക്കും. 'എല്ലാം പാകത്തിനോണ്ടമ്മേ. പിന്നെ, സാറാമ്മ സാറിന്റെ കേയ്ക്ക് എന്നേലും മോശമാവുമോ? (അമ്മേടെ ഓഫിസില്‍ എല്ലാരും വിളിക്കുന്നത് സാറാമ്മ സാറെന്നാണ്)

ഞാന്‍ വീണ്ടും ആ കെയ്ക്കും കൂട്ട് ഒരു സ്പൂണ്‍ കൂടി എടുക്കാന്‍ പോകുമ്പോള്‍ അമ്മ ഓടിക്കും. എന്നാലും അവസാനം ആ ഉരുളി വടിച്ചു നക്കാന്‍ തരുന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഞാന്‍ അമ്മയോട് പിണങ്ങാതെ അവിടെ ചുറ്റിപറ്റി നില്ക്കും. കെയ്ക്കു മൂന്നാം തവണയും ഉണ്ടാക്കി, ഉരുളി കിട്ടി വരുമ്പോള്‍ നാല് മണിയോളം ആകും. അതെ, ഇന്നും ഫ്രൂട്ട് കേക്കുണ്ടാക്കാന്‍ സമയം എടുക്കും

അമ്മ അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന ആ വര്‍ഷം 99 ലെ ക്രിസ്മസ് ഞങ്ങളുടെ കൂടെയായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു പോയി, കെയ്ക്കുണ്ടാകാനുള്ള സാധനങ്ങള്‍ വാങ്ങി. അമ്മയുടെ മേല്‍നോട്ടത്തില്‍ ഞാന്‍ തനിയെ ആദ്യമായി ക്രിസ്മസ് കേ യ്ക്കു ഉണ്ടാക്കിയപ്പോള്‍ ആ മുഖത്തെ സന്തോഷം എന്തായിരുന്നു?!.

ഞാനുണ്ടാക്കിയ കേക്ക് അപ്പന് രുചിക്കാന്‍ കൊടുത്ത് അപ്പന്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി നിക്കുന്ന അമ്മ.

'എടീ...അതെ, അവളെന്റെ മോളാ,..നീയെന്നാ എന്റെ കൊച്ചിനെ കുറിച്ച് വിചാരിച്ചെ.......!!!! '
അപ്പന്‍ അമ്മയെ ചൊടിപ്പിക്കനായി ഡയലോഗ് അടിക്കും സ്വതവേ മിതഭാഷിയായ അമ്മയും അന്നെന്നെ വളരെ പ്രശംസിച്ചു.

ഇന്ന് ഞാന്‍ ക്രിസ്മസു കേയ്ക്കുണ്ടാക്കുമ്പോള്‍ എന്റെ ഇരട്ട സഹായികള്‍ കൂടെ കൂടും. അന്ന് ഞാന്‍ ചെയ്തതു പോലെ, കണ്ണ് തെറ്റിയാല്‍ കേക്കിന്റെ കൂട്ട് വായിലിടാന്‍ അവരും മത്സരിക്കും. കൂട്ടുകള്‍ മിക്‌സ് ചെയ്യുന്ന ഫുഡ് പ്രോസസര്‍ വടിച്ച് നക്കാന്‍ അവരും കാത്തിരിക്കും. അപ്പോള്‍ ഷാജി അവരെ 'സാല്‍മനിവ പോയിസന്‍ എന്ന് പറഞ്ഞു വിരട്ടും. കേക്ക് ഓവനില്‍ നിന്നും ഇറക്കുമ്പോള്‍ രുചി നോട്ടക്കാരുടെ അഭിപ്പ്രായങ്ങള്‍ക്കായി ഞാനും നോക്കിയിരിക്കും. 'ഓ. ഈ മീനാക്ഷിഅമ്മേടെ കേക്ക് അടിപൊളിയാ കേട്ടോ എന്ന് പറഞ്ഞ് അവന്മാര് എന്നെ കളിയാക്കും.

അപ്പനും അമ്മയും ഇതെല്ലം കണ്ട് എവിടയോ ഇരുന്നു പുഞ്ചിരിക്കുന്നുണ്ടാകും അല്ലെ?.....എന്റെ കെയ്ക്ക് എങ്ങനെയുണ്ടെന്ന് ഒന്ന് പറഞ്ഞെ അമ്മേ? പഞ്ചാര കരിച്ച് ചേര്‍ത്തത് ഒത്തോ ആവോ?!! ഇതിനു അമ്മയെനിക്കെത്ര മാര്‍ക്ക് തരുമോ എന്തോ.

(കടപ്പാട്: മലയാളം പത്രം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക