Image

ദൈവത്തിന്റെയോരോ വികൃതികളേ (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 25 December, 2012
ദൈവത്തിന്റെയോരോ വികൃതികളേ (മീട്ടു റഹ്‌മത്ത്‌ കലാം)
കഴിഞ്ഞ ക്രിസ്‌തുമസ്‌ തൊട്ട്‌ ഒരു കമ്പസാര രഹസ്യം പോലെ കൊണ്ടുനടക്കുന്ന കാര്യമാ ഞാന്‍ പറയാന്‍ പോകുന്നെ. എഴുത്തുകാരിയൊന്നും അല്ലാത്തതുകൊണ്ട്‌ സസ്‌പെന്‍സ്‌ നിലനിര്‍ത്തിക്കൊണ്ടു പോകാനൊന്നും എനിക്കറിയത്തില്ല. വള്ളുവനാടന്‍ ശൈലി വിട്ട്‌ ഞങ്ങള്‌ കോട്ടയംകാര്‌ടെ ഭാഷ ഇപ്പം സിനിമയിലൊക്കെ വന്നിട്ടുള്ളതുകൊണ്ട്‌ ഞാന്‍ പറയുന്നത്‌ നിങ്ങള്‍ക്ക്‌ പിടികിട്ടാതിരിക്കത്തില്ല, അതൊറപ്പ്‌.

ഡിസംബര്‍ 18, 2011. അന്നാണ്‌ ടോണിയെ ഞാന്‍ ആദ്യമായി കാണുന്നെ. ജനിച്ചപ്പം തൊട്ട്‌ അമേരിക്കയിലായിരുന്ന ചെറുക്കനായതുകൊണ്ട്‌ ഞങ്ങളോടൊക്കെ മിണ്ടുവോ, അതോ ജാടയായിരിക്കുവോ എന്നായിരുന്നു ഞങ്ങള്‍ കസിന്‍സിന്റെയൊക്കെ സംശയം. കൂട്ടത്തില്‍ ഇംഗ്ലീഷ്‌ കൊഴപ്പമില്ലാതെ കൈകാര്യം ചെയ്യുന്നത്‌ ഞാനയതുകൊണ്ട്‌ അങ്ങ്‌ കേറി ഹെഡ്‌ ചെയ്‌തു. സംസാരിച്ചുവന്നപ്പം ഒരു കാര്യം മനസ്സിലായി. ഭാഷാസ്‌നേഹിയാ, പ്രവാസി എഴുത്തുകാരിയാ എന്നൊക്കെ അവന്റെ അമ്മ (ആനിയാന്റി)യെ കുറിച്ച്‌ കേക്കുന്നത്‌ ചുമ്മാതെയല്ല. അവന്‌ ഞങ്ങളെ എല്ലാരെക്കാട്ടിലും നന്നായിട്ട്‌ മലയാളം അറിയാം. അതറിഞ്ഞതോടെ ഞാന്‍ ഔട്ട്‌. ജെറിയും ടീനയും റോമിയുമൊക്കെ കേറിയങ്ങ്‌ കൂട്ടായി. പിന്നെ, ഇവിടുത്തെ ക്രിസ്‌തുമസ്‌ ആഘോഷങ്ങളെക്കുറിച്ചുള്ള അവന്റെ ഓരോരോ സംശയങ്ങള്‍.! ഉത്തരം പറഞ്ഞ്‌ പറഞ്ഞ്‌ ഞങ്ങള്‍ മടുത്തു.

യേശുദേവന്‍ കാലിത്തൊഴുത്തീ പിറന്നതുകൊണ്ടാ പുല്‍ക്കൂടുണ്ടാക്കുന്നേന്ന്‌ പോലും പാവത്തിന്‌ അറിയത്തില്ല. ആ അറ്റ്‌മോസ്‌ഫിയര്‍ ക്രിയേറ്റ്‌ ചെയ്യാനാണെങ്കി ഇത്ര റിച്ചായിട്ടെന്നേത്തിനാ എന്നൊരു ചോദ്യം. കാര്യം ശരിയാ, ലളിതമായ ജീവിതം പഠിപ്പിക്കാനൊക്കെയാ ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചേന്നും മറ്റും ബൈബിള്‍ ക്ലാസില്‍ പഠിച്ചിട്ടൊണ്ട്‌. എന്ന്‌ വെച്ച്‌ അലങ്കാരപ്പണികളില്ലാത്ത പുല്‍ക്കൂടുണ്ടാക്കിയാ അപ്പുറത്തെ വീട്ടുകാര്‍ടെ മുന്നി നാണക്കേടല്ലേ?

ക്രിസ്‌മസ്‌ തലേന്ന്‌ കാരളും സാന്റാക്ലോസുമൊക്കെ വരുമെന്ന്‌ പറഞ്ഞ്‌ ടോണി മാത്രം കാത്തിരിക്കുവായിരുന്നു. വല്ല്യവരെല്ലാം പള്ളിയില്‍ പോയി. ഞങ്ങള്‌ പിള്ളേര്‌ സെറ്റ്‌ ടിവിയ്‌ക്കു മുന്നില്‍. മിണ്ടാതേം പറയാതേമുള്ള ആ കാത്തിരിപ്പ്‌ കണ്ടിട്ട്‌ ഞങ്ങള്‍ക്ക്‌ ചിരിയാ വന്നേ. അമേരിക്കയിലെ പോലെ സമ്മാനങ്ങളുമായി സാന്റാക്ലോസ്‌ വരുമെന്ന പ്രതീക്ഷയിലാ കക്ഷി. കണ്ടപ്പോഴല്ലേ ചുവന്ന നൈറ്റിയും, മുഖംമൂടിയും വെച്ച രൂപം. കൂടെ കുറെ പീക്കിരി പിള്ളേരും. ഏതോ ക്ലബ്ബീന്നാ. അവര്‌ കൈനീട്ടിയത്‌ ഷേക്ക്‌ ഹാന്‍ഡിനല്ല, കാശ്‌ ചോദിച്ചാന്ന്‌ പറഞ്ഞ്‌ ഞാന്‍ എറങ്ങിച്ചെന്ന്‌ പത്തുരൂപ കൊടുത്തു. ചമ്മലിനേക്കാള്‍ അവന്റെ മുഖത്ത്‌ അത്ഭുതമായിരുന്നു.

അങ്ങനെ ക്രിസ്‌തുമസ്‌ എത്തി. ആനിയാന്റി രാവിലെ വിളിച്ച്‌ എല്ലാരേം വിഷ്‌ ചെയ്‌തു. പുതിയ ഡ്രെസ്സൊക്കെയിട്ട്‌ പള്ളീല്‍ പോകാന്‍ ഞങ്ങള്‍ റെഡിയായി. പോകുന്നവഴിക്ക്‌ മുഴുവന്‍ എന്റെ മമ്മി ഉണ്ടാക്കുന്ന കേക്കിന്റെ ടേസ്റ്റിനെപ്പറ്റിയായിരുന്നു ചര്‍ച്ച. വല്യമ്മച്ചീടെ കൈപ്പുണ്യം മുഴുവന്‍ എന്റെ മമ്മിക്കാ കിട്ടിയേക്കുന്നെ. അത്‌ ആ തലമുറയോടെ നിന്നെന്നാ പപ്പ കളിയാക്കുന്നെ.

അന്ന്‌ വരെ ടോണി എന്റെ മമ്മിയെ `അനു മമ്മി' എന്നാ വിളിച്ചോണ്ടിരുന്നെ. ഇപ്പം എല്ലാരേയും പോലെ മോളിയാന്റീന്നാക്കി. കുക്കറി ക്ലാസൊക്കെ നടത്തുന്ന ആളാ മമ്മി. ഉഗ്രന്‍ കേക്കിനുവേണ്ടിയൊള്ള കാത്തിരിപ്പിന്റെ എടയിലാ ടോണി ഞങ്ങടപ്പുറത്തെ ബോര്‍ഡ്‌ വായിക്കുന്നെ. "St.Marys Orphanage' പാവങ്ങള്‍ക്കൊപ്പമല്ലേ ദൈവം. നമുക്ക്‌ അവര്‍ക്ക്‌ ഭക്ഷണം കൊടുത്ത്‌ അവരോടൊപ്പം ക്രിസ്‌തുമസ്‌ ആഘോഷിച്ചാലോ എന്ന്‌ ടോണി ചോദിച്ചു. പക്ഷെ, മമ്മി സമ്മതിച്ചില്ല. ഗെസ്റ്റൊക്കെ വരുമ്പം വീട്ടില്‍ ആളുവേണ്ടേ എന്ന്‌ തൊടങ്ങി ഓരോ മുട്ടാപ്പോക്കുകള്‍.

അതുവരെ ഞങ്ങള്‍ ആസ്വദിച്ചോണ്ടിരുന്ന സ്‌ട്രോബറിയുടെ മണം മാറി ഒരു കരിഞ്ഞ മണം മൂക്കിലോട്ടടിച്ചുകേറി. മമ്മി തലയ്‌ക്ക്‌ കൈവെച്ചുകൊണ്ട്‌ `കര്‍ത്താവെ കരിഞ്ഞോ' എന്ന്‌ ചോദിച്ചോടിയതും വായില്‍ ഞങ്ങളോടിച്ച കപ്പല്‍ മുങ്ങിത്താഴ്‌ന്നു. പെട്ടെന്നായിരുന്നു ജെറിയുടെ കമന്റ്‌ 'ക്രിസ്‌മസ്‌ കേക്ക്‌ കരിയുന്നത്‌ എന്തേലും ദോഷം വരാനാകും. ആ പാവം പിള്ളേര്‍ക്ക്‌ ഫുഡ്‌ കൊടുക്കാന്‍ പറഞ്ഞപ്പം കേക്കാത്തതിന്റെയാ'. എല്ലാരും അത്‌ ശരിവെച്ചു. മമ്മിക്ക്‌ അതീ കാര്യവൊണ്ടെന്ന്‌ തോന്നി. 220 ഡിഗ്രിയില്‍ നിന്ന്‌ കുറച്ചിട്ടത്‌ മമ്മിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. ഇത്ര എക്‌സ്‌പേര്‍ട്ടായ ഒരാള്‍ക്ക്‌ അബദ്ധം പറ്റണമെങ്കി അത്‌ ദൈവത്തിന്റെ വികൃതി തന്നെ. എന്നതായാലും മമ്മി ഉച്ചഭക്ഷണമൊണ്ടാക്കിയത്‌ ആ കുട്ടികള്‍ക്കുകൂടി ചേര്‍ത്താ. യഥാര്‍ത്ഥ ക്രിസ്‌തുമസ്‌ ഫീസ്റ്റ്‌ അതായിരുന്നു. ആ കുഞ്ഞുങ്ങള്‍ടെ സന്തോഷം ഇപ്പോഴും മനസില്‍ ഫ്രെഷായി നിക്കുവാ. അത്ര രുചിയോടെ ജീവിതത്തീ ആദ്യവായിട്ടാ ഞാന്‍ കഴിക്കുന്നേന്ന്‌ തോന്നി.

സന്തോഷം തോന്നുമ്പം വചനപ്പെട്ടിയില്‍ നോക്കുന്ന ശീലം വല്യമ്മച്ചീന്ന്‌ കിട്ടിയതാ. `നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക' എന്ന ആ വചനം ദൈവം നേരിട്ട്‌ പറയുന്നപോലെ തോന്നി. പെട്ടെന്നാണ്‌ ഞാനത്‌ ശ്രദ്ധിച്ചെ. ടോണീടെ മൊഖത്ത്‌ ഇതുവരെയില്ലാത്ത ഒരു കള്ളച്ചിരി. 220 ലേക്ക്‌ ടെംപറേച്ചര്‍ വീണ്ടും തിരിച്ചിട്ടത്‌ ദൈവത്തിന്റെ മാത്രം വികൃതി അല്ലെന്ന്‌ അവനെന്നോട്‌ പറയാതെ പറഞ്ഞു. ആ കള്ളത്തരത്തി ഒരു വല്യശരിയൊണ്ട്‌. അല്‍പം കരിഞ്ഞതാണേലും ഞങ്ങളാ കേക്ക്‌ ഒറ്റയിരിപ്പിന്‌ അകത്താക്കി. വീട്ടില്‍ വരുന്നോരോടൊക്കെ ദൈവത്തിന്റെ വികൃതിയെക്കുറിച്ചും, അടുത്തുള്ള ഓര്‍ഫനേജിനെക്കുറിച്ചും, അവിടെ പോയതിന്റെ പിറ്റെ മാസം പപ്പയ്‌ക്ക്‌ പ്രമോഷന്‍ കിട്ടിയതുമൊക്കെ മമ്മി പറയുമ്പം ടോണീടെ ആ കള്ളച്ചിരി ഞാനോര്‍ക്കും. എന്റെ മമ്മിയോട്‌ പറയാത്ത ഒരേയൊരു രഹസ്യം. അതാ ഇപ്പം പറഞ്ഞെ. നിങ്ങളും ഇതാരോടും പറഞ്ഞേക്കല്ല്‌ കേട്ടോ.
ദൈവത്തിന്റെയോരോ വികൃതികളേ (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക