Image

യു.എ.ഇയില്‍ കനത്തമഴയും കാറ്റും; ഗതാഗതം താറുമാറായി

Published on 02 September, 2011
യു.എ.ഇയില്‍ കനത്തമഴയും കാറ്റും; ഗതാഗതം താറുമാറായി
അല്‍ഐന്‍: ഓര്‍ക്കാപ്പുറത്തെത്തിയ പെരുമഴയില്‍ യുഎഇയുടെ ഹരിതനഗരം നനഞ്ഞുവിറച്ചു. ശക്‌തമായ കാറ്റോടു കൂടി പെയ്‌ത മഴയില്‍ മരങ്ങള്‍ കടപുഴകി. റോഡുകളില്‍ വെള്ളം നിറഞ്ഞു. പലയിടങ്ങളിലും ഗതാഗതതടസമുണ്ടായി. അബുദാബിയുടെ ചില മേഖലകള്‍ പൊടിക്കാറ്റില്‍ നിശ്‌ചലമായി. അബുദാബിയിലെ അല്‍ഗര്‍ബിയയില്‍ മഴ ശക്‌തമായി പെയ്‌തു. അല്‍ഐനില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും ഉച്ചയോടെ മൂടിക്കെട്ടുകയായിരുന്നു. ഇടിയോടെ തുടങ്ങിയ ചാറ്റല്‍മഴ ശക്‌തമായി.

ആഞ്ഞുവീശിയ കാറ്റില്‍ വലിയ മരങ്ങള്‍ നിലംപൊത്തി. ഹീലിമിസ്‌ബാഹില്‍ ഈന്തപ്പനകളും കടപുഴകി. റോഡിലേക്കു മരം വീണത്‌ പലയിടങ്ങളിലും ഗതാഗതതടസമുണ്ടാക്കി. റോഡുകളിലും നാട്ടുവഴികളിലും വെള്ളക്കെട്ടുണ്ടായി. മഴ ശക്‌തമായതോടെ ചെറിയ വാഹനങ്ങള്‍ ലൈറ്റിട്ട്‌ റോഡരികില്‍ നിര്‍ത്തിയിട്ടു. അവധിയായതിനാല്‍ ഒട്ടേറെ സന്ദര്‍ശകര്‍ എത്തിയിരുന്നു. മറ്റ്‌ എമിറേറ്റുകളില്‍ നിന്നും ഒമാനില്‍ നിന്നും അവധി ആഘോഷിക്കാന്‍ എത്തിയവര്‍ മഴയില്‍ നനഞ്ഞു കുളിച്ചു. കാഴ്‌ചകള്‍ കണ്ടു കറങ്ങി നടക്കാനായില്ലെങ്കിലും നാട്ടിലെ പ്രതീതിയുണര്‍ത്തിയ മഴ ആസ്വദിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ഇവര്‍.

അബുദാബിയില്‍ വൈകിട്ടു തുടങ്ങിയ പൊടിക്കാറ്റ്‌ ശക്‌തമായി. ദൂരക്കാഴ്‌ച ഒരുകിലോമീറ്ററില്‍ താഴെയായിരുന്നു. ഒമാന്റെ അതിര്‍ത്തിമേഖലകളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ബുറൈമി ഭാഗങ്ങളില്‍ മഴചാറിയതായി റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ കാലാവസ്‌ഥയിലെ ഈ മാറ്റം താല്‍ക്കാലിക പ്രതിഭാസമാണെന്ന്‌ കാലാവസ്‌ഥാ നിരീക്ഷകര്‍ അറിയിച്ചു. ഒറ്റപ്പെട്ട മഴയ്‌ക്ക്‌ ഇനിയും സാധ്യതയുണ്ട്‌. യുഎഇയുടെ മറ്റിടങ്ങളില്‍ മഴയുണ്ടായതായി റിപ്പോര്‍ട്ടില്ല.
യു.എ.ഇയില്‍ കനത്തമഴയും കാറ്റും; ഗതാഗതം താറുമാറായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക