Image

ഇനി ഇറ്റലിയെ കണ്ടെങ്കിലും പഠിക്കട്ടെ! (ഷോളി കുമ്പിളുവേലി)

Published on 22 December, 2012
ഇനി ഇറ്റലിയെ കണ്ടെങ്കിലും പഠിക്കട്ടെ! (ഷോളി കുമ്പിളുവേലി)
കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെ, ഇറ്റാലിയന്‍ നാവികര്‍ക്ക്‌ ഹൈക്കോടി രണ്ടാഴ്‌ചത്തെ ജാമ്യം അനുവദിച്ചു. കേരളതീരത്ത്‌ രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍, കഴിഞ്ഞ പത്തുമാസത്തിലേറെയായി ജയിലില്‍ കഴിഞ്ഞിരുന്ന രണ്ട്‌ ഇറ്റാലിയന്‍ മറീന്‍ കമാന്‍ഡോകള്‍ക്ക്‌, മാസങ്ങള്‍ നീണ്ടുനിന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നയതന്ത്ര പ്രയത്‌നങ്ങളുടെ ഫലമായി നാട്ടില്‍ പോയി ക്രിസ്‌തുമസ്‌ ആഘോഷിക്കാന്‍ സാധിച്ചു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രി ഇതിനായി പല പ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ചു. അവരുടെ ഇന്ത്യന്‍ അംബാസിഡര്‍, കോണ്‍സല്‍ ജനറല്‍ തുടങ്ങി എല്ലാവരും ഇതേ ആവശ്യത്തിനായി ഡല്‍ഹിയിലും കേരളത്തിലും കോടതികള്‍ കയറിയിറങ്ങി ഓടിനടന്നത്‌ നമ്മള്‍ മറന്നിട്ടുണ്ടാകിലും അതിന്റെയൊക്കെ ഫലമായാണ്‌ ഈ കൊലയാളികള്‍ക്ക്‌ ജാമ്യം അനുവദിച്ചുകിട്ടിയതും, ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തില്‍ സമയം അല്‍പം പോലും കളയാതെ നാട്ടില്‍ അവരുടെ കുടുംബത്ത്‌ എത്തിച്ചതും.

ആറുകോടിയിലധികം ജനങ്ങളുള്ള ഇറ്റലിയില്‍, അവരില്‍ രണ്ടുപേര്‍ ഇന്ത്യന്‍ ജയിലില്‍ കുറച്ചുനാള്‍ കിടന്നതുകൊണ്ട്‌ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ അത്‌ അവരുടെ സര്‍ക്കാരിന്‌ നാണക്കേടാണ്‌. ഓരോ പൗരനോടും ഇറ്റലി കാണിക്കുന്ന സ്‌നേഹവും പരിഗണനയും കാണുമ്പോള്‍ നമുക്ക്‌ അസൂയ തോന്നും.

നമുക്കും ഇല്ലോ ഒരു സര്‍ക്കാര്‍? നമ്മെ ഭരിക്കുവാനും പ്രധാനമന്ത്രിയും ആവശ്യത്തിലേറെ മന്ത്രിമാരും ഒക്കെ.... ഇല്ലഞ്ഞിട്ടാണോ, ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിസാരമായ കുറ്റങ്ങള്‍ക്കുപോലും ശിക്ഷിക്കപ്പെട്ട്‌ ആയിരക്കണക്കിന്‌ ഇന്ത്യക്കാര്‍ അനന്തമായി ജയില്‍വാസം അനുഭവിക്കുന്നത്‌? കൂടാതെ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ തടങ്കലിലുമുണ്ട്‌ നമ്മുടെ സഹോദരങ്ങള്‍. എന്തെങ്കിലും തരത്തിലുള്ള ഒരു ചെറിയ നീക്കമെങ്കിലും ഇവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ 'ഇന്ത്യാ മഹാരാജ്യം' ചെയ്യുന്നുണ്ടോ? പ്രവാസികളുടെ കാര്യം മാത്രം നോക്കാന്‍ മാത്രമായി ഒരു വകുപ്പും, അതിനൊരു മന്ത്രിയും നമുക്കുണ്ട്‌. പക്ഷെ കാര്യമായി എന്തെങ്കിലും പ്രയോജനം ഒരു സാധാരണ പ്രവാസിക്ക്‌ ഈ വകുപ്പുകൊണ്ട്‌ ഉണ്ടായിട്ടുണ്ടോ? ഇറ്റലിയില്‍ പോലും നൂറില്‍പ്പരം ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നുണ്ട്‌!!! മന്‍മോഹന്‍ സിംഗ്‌ അവരെ ഒന്ന്‌ ഇറക്കിക്കൊണ്ടുവരട്ടെ!! ഈ അവസരത്തിലെങ്കിലും ഞങ്ങളുടെ പൗരന്മാരെകൂടി വിട്ടയയ്‌ക്കണമെന്നു പറയാമായിരുന്നു. അതുപോലും നമ്മുടെ സര്‍ക്കാര്‍ ചെയ്‌തില്ല.

ഇതിന്റെ അര്‍ത്ഥം നമ്മുടെ മന്ത്രിമാര്‍ക്ക്‌ പ്രവാസികളായ നമ്മോട്‌ സ്‌നേഹം ഇല്ലെന്നല്ല. അവര്‍ക്ക്‌ ഭയങ്കര സ്‌നേഹമാണ്‌. സ്‌നേഹം കൂടുമ്പോള്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം നമ്മെ കാണാന്‍ വരും. അങ്ങനെ ലോകം മുഴുവന്‍ ചുറ്റി സഞ്ചിരിച്ച്‌ മുഴുവന്‍ പ്രവാസികളേയും കാണും. വിനയാന്വിതരായി, തലകുനിച്ച്‌, നമ്മള്‍ ഇടുന്ന പൂമാലയും, നല്‍കുന്ന ബൊക്കെയും ഏറ്റുവാങ്ങി കുശലം ചോദിച്ച്‌ സ്ഥലംവിടും. നമ്മളില്‍ കുറച്ചുപേരെങ്കിലും അവരോടൊപ്പം നിന്ന്‌ ഫോട്ടോയെടുത്ത്‌ ജീവിതസായൂജ്യമടയും. ഇതല്ലാതെ, പ്രവാസികളുടെ എന്തെങ്കിലും ബുദ്ധിമുട്ടോ, പ്രയാസമോ പറഞ്ഞാല്‍ ഈ മന്ത്രിമാരുടെയൊക്കെ മുഖഭാവം മാറും. അവര്‍ക്കു ദേഷ്യംവരും പോലും!

ഗള്‍ഫ്‌ രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും നിസാര കുറ്റങ്ങള്‍ ചെയ്‌തവരാണ്‌. ആയിരത്തിഇരുനറിലധികം ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്‌. നല്ലൊരു ശതമാനം മലയാളികള്‍ തന്നെ. മലേഷ്യയിലും ജപ്പാനിലും, ഇംഗ്ലണ്ടിലും, അമേരിക്കയിലും എല്ലാം ഇന്ത്യക്കാര്‍ ജയിലുകളിലുണ്ട്‌. നമ്മുടെ തൊട്ടടുത്ത്‌ കിടക്കുന്ന ശ്രീലങ്കയില്‍ പോലും 35 ഇന്ത്യക്കാര്‍ ജയിലിലുണ്ട്‌. അതില്‍ ഏഴു മലയാളികള്‍. ഭൂരിപക്ഷവും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍. വഴിതെറ്റി ശ്രീലങ്കയില്‍ ചെന്നുപെട്ടതാണ്‌. ഏതെങ്കിലും മന്ത്രി ഒന്നു വിളിച്ചുപറഞ്ഞാലോ, ഒരു കത്ത്‌ അയച്ചാലോ അവരെ വിടും. പക്ഷെ ആര്‌ അത്‌ ചെയ്യും? ഇവിടെയാണ്‌ നമ്മള്‍ ഇറ്റാലിയന്‍ സര്‍ക്കാരിനേയും ഇന്ത്യന്‍ സര്‍ക്കാരിനേയും താരതമ്യം ചേയ്യേണ്ടത്‌.

ഇറ്റാലിയന്‍ നാവികര്‍ നാട്ടില്‍ പോയി ക്രിസ്‌തുമസ്‌ ആഘോഷിച്ച്‌ തിരിച്ചുവരട്ടെ! പക്ഷെ അതുപോലെതന്നെ, നമ്മുടെ സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിച്ച്‌ വിവിധ രാജ്യങ്ങളില്‍ ജയിലില്‍ കഴയുന്ന ഇന്ത്യക്കാരുണ്ട്‌. അവര്‍ക്കും ക്രിസ്‌തുമസും, ദീപാവലിയും, ബക്രീദും, ഓണവും കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന്‌ അതിയായ ആഗ്രഹവുമുണ്ട്‌. അതിനുവേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നതാണ്‌ ജനങ്ങള്‍ ഒറ്റുനോക്കുന്നത്‌.ഒന്നുമല്ലെങ്കില്‍, നമ്മുടെ മന്ത്രിമാര്‍ ഇറ്റലിയെ കണ്ടെങ്കിലും പഠിക്കട്ടെ!
ഇനി ഇറ്റലിയെ കണ്ടെങ്കിലും പഠിക്കട്ടെ! (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക