Image

ഇന്ത്യന്‍ പുരുഷത്വം: സ്‌ത്രീകള്‍ക്ക്‌ കുരിശോ? (ജോര്‍ജ്‌ മുകളേല്‍)

Published on 24 December, 2012
ഇന്ത്യന്‍ പുരുഷത്വം: സ്‌ത്രീകള്‍ക്ക്‌ കുരിശോ? (ജോര്‍ജ്‌ മുകളേല്‍)
ലിംഗവിദഗ്‌ദ്ധന്മാരുടെയും മിശ്രസംസ്‌കാരവിദഗ്‌ദ്ധന്മാരുടെയും അഭിപ്രായത്തില്‍ ഇന്ത്യ ആകെ മാറുകയാണ്‌. പുതിയ ഒരു ലൈംഗിക സംസ്‌കാരം ഇന്ത്യയില്‍ ഉടലെടുത്തു കൊണ്ടിരിക്കുകയുമാണ്‌. ഈ പുതിയ ഇന്ത്യയില്‍ പുത്തന്‍ സാമൂഹിക നിയതികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സ്‌ത്രീ പുരുഷന്മാര്‍ക്കിടയില്‍ വളരെക്കുറഞ്ഞ ഇടപെടലുകള്‍ മാത്രമെയുള്ളു. അതിനാല്‍ പുരുഷന്‌ സ്‌ത്രീയെ ശരിക്കും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അവളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ അറിഞ്ഞുകൂട. സ്‌ത്രീ സ്വതന്ത്രയായി ഇടപെട്ടാല്‍ പുരുഷന്റെ തലയിലേക്ക്‌ കയറുന്നത്‌ മറ്റെന്തോ ആയിരിക്കും. അവളുമായി എങ്ങനെ ലൈംഗീകബന്ധം ഉണ്ടാക്കിയെടുക്കണമെന്നാണ്‌ പിന്നത്തെ ചിന്ത. സ്‌ത്രീ പുരുഷ ബന്ധത്തിന്റെ മാനുഷികവശം പരിഗണിക്കപ്പെടുന്നേയില്ല.

ധാരാളം പശ്ചാത്യ വനിതകള്‍ ഇക്കാലത്ത്‌ ഇന്ത്യയിലെ വന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും താവളമടിച്ചിക്കുന്നു. കാരണങ്ങള്‍ പലതുണ്ട്‌. ഒന്നുകില്‍ പാശ്ചാത്യ രാജ്യങ്ങളിലെ വിരക്തി നിറഞ്ഞ ജീവിതം. അതല്ലെങ്കില്‍ ആഗോള വല്‍ക്കരണത്തിന്റെ ഇക്കാലത്തുള്ള ഔദ്യോഗിക നിര്‍വഹണം. വേറൊരു സംസ്‌കാരം അനുഭവിച്ചറിയാന്‍ താല്‍പ്പര്യമുള്ള വിദേശികളില്‍ അധികവും യൂറോപ്പിയന്‍സായിരിക്കും. അല്ലെങ്കില്‍ ആസ്‌ട്രേലിയായില്‍ നിന്നുള്ളവര്‍.

പലര്‍ക്കും ഇന്ത്യയുടെ പൊലിമ നിറഞ്ഞ ജീവിതം ഇഷ്ടമാണ്‌. ഇന്ത്യയിലെ ആഹാരം, ആളുകള്‍,വിവിധ രീതികള്‍. പലതും അവരെ ആകര്‍ഷിക്കുന്നു. മഹാനഗരങ്ങളിലോ ഗ്രാമങ്ങളിലോ എത്തി മുറികളൊ വീടുകളൊ വാടകക്കെടുക്കുന്നു. കുറെനാള്‍ കറങ്ങി നടക്കുന്നു. പിന്നെ തിരിച്ചു പോകുന്നു.

ചിലപ്പോള്‍ തിരിച്ചു പോയില്ലെന്നും വരാം. അതിനു കാരണങ്ങള്‍ പലതുമുണ്ട്‌. ഒരു കാരണം,ഇവിടെ കണ്ടുമുട്ടുന്ന തദ്ദേശവാസികളായ ഇണകളെയാണ്‌. ഇണയുടെ താല്‍പ്പര്യത്തിനനുസൃതമായി പലപ്പോഴും സഞ്ചരിക്കേണ്ടി വരുന്നു. ചിലര്‍ ഇന്ത്യ വിട്ടുപോകാന്‍ കൂട്ടാക്കാറില്ല. ഇന്ത്യയിലെ ജീവിത രീതിയും കുടുംബ ജീവിതവുമൊക്കെയാണ്‌ അവര്‍ക്കിഷ്ടം. ഭൂരിപക്ഷവും ഇണകളോടൊത്ത്‌ ഇന്ത്യ വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവരാണ്‌. അവര്‍ക്ക്‌ പാശ്ചാത്യ സംസ്‌കാരത്തില്‍ ജീവിക്കുന്നതും ജീവിതം ചിട്ടപ്പെടുത്തുന്നതുമാണിഷ്ടം.

അങ്ങനെ ഇറ്റലിയില്‍നിന്നും വന്നെത്തിയ സുന്ദരിയായ ഒരു പെണ്‍കുട്ടിയാണ്‌ ക്രിസ്റ്റിയാന പെറുഡൊ. കുറച്ചു നാളത്തെ ജീവിതത്തിനായി അവര്‍ ഇന്ത്യയില്‍ എത്തിയതാണ്‌.?ഇന്ത്യയെ ആസ്വദിക്കുക? അതായിരുന്നു ക്രിസ്റ്റിയാനയുടെ ഉദ്ദേശ്യം. വന്നെത്തിയ ശേഷം മുംബയില്‍ ഒരു ഫ്‌ലാറ്റില്‍ താമസ്സമാക്കി. ഒറ്റക്കു കറങ്ങുന്നതിനു പകരം ആരെയെങ്കിലും കൂടു പിടിക്കാനായി ചില തദ്ദേശിയ സോഷ്യല്‍ നെറ്റ്വര്‍ക്‌ ഗ്രൂപ്പില്‍ ചേരുകയും ചെയ്‌തു.

അധികം താമസിയാതെതന്നെ നൂറുകണക്കിന്‌ പുരുഷന്മാരുടെ സന്ദേശങ്ങള്‍ ക്രിസ്റ്റിയാനക്ക്‌ ലഭിച്ചു തുടങ്ങി. പുരുഷന്മാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ക്രിസ്റ്റിയാന വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. അവര്‍ക്കിഷ്ടപ്പെട്ട ചില പുരുഷന്മാരെ തിരഞ്ഞെടുത്ത്‌ അവരുമായി നേരിട്ട്‌ സംസാരിക്കുവാന്‍ ക്രിസ്റ്റിയാന തീരുമാനിച്ചു. രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഏകദേശം 20 പുരുഷന്മാരെ അവര്‍ നേരിട്ടു കണ്ട്‌ സംസാരിച്ചു. ചിലരെ ഡേറ്റ്‌ ചെയ്‌തു. ചിലരെ ഇഷ്ടപ്പെട്ടില്ല. അവസാനം ഒരാളെ മാത്രം കണ്ടെത്തി.

ഇവിടംകൊണ്ട്‌ പ്രശ്‌നം തീരുന്നില്ല. കണ്ട്‌ പരിചയപ്പെട്ട പുരുഷന്മാര്‍ പലരും പിന്‍വാങ്ങാന്‍ തയ്യാറല്ലായിരുന്നു. എപ്പോഴും മെസ്സേജ്‌ അയച്ചുകൊണ്ടിരിക്കുക. രാത്രിയിലും പകലും പല പ്രാവശ്യം ഫോണ്‍ വിളിക്കുക. പലര്‍ക്കും വേണ്ടത്‌ ഒരു താല്‍ക്കാലിക ബന്ധം സൃഷ്ടിച്ചെടുക്കുക എന്നതു മാത്രമായിരുന്നു. ക്രിസ്റ്റിയാനയുടെ താല്‍പ്പര്യം നല്ലൊരു കൂട്ടുകാരനെ കണ്ടെത്തുകയായിരുന്നു. `ഇന്ത്യയിലെ പുരുഷന്മാര്‍ ആദ്യം നോക്കുന്നത്‌ ലൈംഗീക ബന്ധം സ്ഥാപിച്ചെടുക്കുക എന്നുള്ള കാര്യം മാത്രമാണ്‌.' ക്രിസ്റ്റിയാന പറയുന്നു. ഇതില്‍ താല്‍പ്പര്യമില്ലെന്നു പലരെ അറിയിച്ചിട്ടുപോലും പുരുഷന്മാര്‍ പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല.. `അവര്‍ നിരന്തരം ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.' ക്രിസ്റ്റിയാന പറഞ്ഞു.

ഇതുപോലുള്ള അവസ്ഥയില്‍ ക്രിസ്റ്റിയാനയെപ്പോലെ ഒരു പെണ്‍കുട്ടി മാത്രമല്ല ഉള്ളത്‌. ഇതേ അനുഭവമുള്ള മറ്റനേകം പാശ്ചാത്യ വനിതകളും ഇന്ത്യയില്‍ ഉണ്ട്‌. ഇന്ത്യന്‍ പുരുഷന്‍ സ്‌ത്രീകളെ നോക്കുന്നത്‌ കാമാര്‍ത്തിയോടെയാണ്‌. സ്‌ത്രീകളുമായി ഇടപെടാന്‍ ഇന്ത്യന്‍ പുരുഷന്മാര്‍ക്കറിയില്ലെന്ന്‌ ഇന്ത്യയില്‍ വന്നുപോയിട്ടുള്ള പല പാശ്ചാത്യ വനിതകളും അഭിപ്രായപ്പെടുന്നു.

സ്‌ത്രീകള്‍, ഇന്ത്യന്‍ പുരുഷന്റെ കണ്ണിലേക്ക്‌ ഒന്നു നോക്കിയാല്‍ മതി. അവന്റെ വിചാരം അവള്‍ക്കവനോട്‌ പ്രേമമാണെന്നായിരിക്കും. പിന്നെ അവളെ വെറുതെ വിടുകയില്ല. നിരന്തരം ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കും. റ്റെക്‌സ്റ്റ്‌ മെസ്സേജ്‌ അയച്ചു കൊണ്ടിരിക്കും. ഫോണ്‍ നമ്പര്‍ കൊടുത്താലോ? ചുരുങ്ങിയത്‌ ദിവസം പത്തു തവണയെങ്കിലും വിളിക്കും.

ഇതൊന്നും പാശ്ചാത്യ വനിതകള്‍ക്ക്‌ അത്ര രുചിക്കുന്ന കാര്യമല്ല. ഇന്ത്യന്‍ പുരുഷന്മാര്‍ക്ക്‌ സ്‌ത്രീകളുമായി ഇടപെടാന്‍ അറിയില്ലെന്നാണ്‌ അവരുടെ പക്ഷം. പുരുഷന്റെ ഇടപെടലുകള്‍ മുഴുവന്‍ കാമക്കണ്ണോടെ ആയിരിക്കും.

ക്രിസ്റ്റിയാനക്ക്‌ ലഭിച്ച ഒരു റ്റെക്‌സ്റ്റ്‌ മെസ്സേജ്‌ ഇങ്ങനെ: `ഞാന്‍ ഉറങ്ങാന്‍ പോവുകയാണ്‌... തനിച്ച്‌... നിനക്കിപ്പോള്‍ ഇങ്ങോട്ട്‌ വരാന്‍ പറ്റുമൊ?' ഒരു ഷിപ്പിങ്ങ്‌ കമ്പനി എക്‌സിക്യുട്ടീവ്‌ അയച്ച സ്‌ന്ദേശമായിരുന്നു അത്‌. രണ്ടു കുട്ടികളും ഭാര്യയുമുള്ള വേറൊരു ബിസിനസ്സുകാരന്‍ ക്രിസ്റ്റിയാനക്ക്‌ അയച്ച മറ്റൊരു സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു: `ഹിന്ദിയില്‍ എന്റെ പേരിന്റെ അര്‍ത്ഥം മൂര്‍ഖന്‍ പാമ്പ്‌ എന്നാണ്‌. എന്റെ പാമ്പ്‌ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവന്‍. നീ കുഴലൂതുമ്പോള്‍ അവന്‍ നൃത്തമാടും. നിന്റെ താളത്തിനനുസരിച്ച്‌ അവന്‍ തുള്ളും. എത്രമാത്രം സമയം വേണമെങ്കിലും അതിനെ നീ നൃത്തമാടിച്ചു കൊള്ളൂ. അവനെ നൃത്തമാടിക്കാന്‍ നീ വരാമോ?'

ഇതുപോലുള്ള അനേകം മെസ്സേജുകളാണ്‌ ക്രിസ്റ്റിയാനക്ക്‌ ലഭിച്ചുകൊണ്ടിരുന്നത്‌. `ഇതെന്തുകൊണ്ടാണെന്നെനിക്കു മനസ്സിലാകുന്നില്ല. ഞാന്‍ വെറും ഒരു സുഹൃത്തിനുവേണ്ടി തിരയുമ്പോള്‍ ഇന്ത്യയിലെ പുരുഷന്മാര്‍ മനസ്സിലാക്കുന്നത്‌ സെക്‌സിനുവേണ്ടിയെന്നാണ്‌.' ക്രിസ്റ്റിയാന പറയുന്നു.

ലിംഗവിദഗ്‌ദ്ധന്മാരുടേയും മിശ്രസംസ്‌കാരവിദഗ്‌ദ്ധന്മാരുടേയും അഭിപ്രായത്തില്‍ ഇന്ത്യ ആകെ മാറുകയാണ്‌. പുതിയ ഒരു ലൈംഗീക സംസ്‌കാരം ഇന്ത്യയില്‍ ഉടലെടുത്തുകൊണ്ടിരിക്കുകയുമാണ്‌. ഈ പുതിയ ഇന്ത്യയില്‍ പുത്തന്‍ സാമൂഹിക നിയതികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സ്‌ത്രീ പുരുഷന്മാര്‍ക്കിടയില്‍ വളരെക്കുറഞ്ഞ ഇടപെടലുകള്‍ മാത്രമെയുള്ളു. അതിനാല്‍ പുരുഷന്‌ സ്‌ത്രീയെ ശരിക്കും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അവളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ അറിഞ്ഞുകൂട. സ്‌ത്രീ സ്വതന്ത്രയായി ഇടപെട്ടാല്‍ പുരുഷന്റെ തലയിലേക്ക്‌ കയറുന്നത്‌ മറ്റെന്തോ ആയിരിക്കും. അവളുമായി എങ്ങനെ ലൈംഗീകബന്ധം ഉണ്ടാക്കിയെടുക്കണമെന്നാണ്‌ പിന്നത്തെ ചിന്ത. സ്‌ത്രീ പുരുഷ ബന്ധത്തിന്റെ മാനുഷിക വശം പരിഗണിക്കപ്പെടുന്നേയില്ല.

ഇന്ത്യന്‍ പുരുഷന്റെ അധാര്‍മിക പെരുമാറ്റം, കറുത്ത സ്‌ത്രീകളോടെന്നതിനേക്കാള്‍ കൂടുതലും,വെളുത്ത പാശ്ചാത്യ സ്‌ത്രീകളോടാണ്‌. പാശ്ചാത്യ രാജ്യങ്ങളില്‍ സ്‌ത്രീകള്‍ ഒറ്റക്ക്‌ രാത്രിയിലും പകലുമൊക്കെ സഞ്ചരിക്കാറുണ്ട്‌. ഇത്‌ അവിടെ അസാധാരണ സംഭവമല്ല. പക്ഷേ ഇന്ത്യയില്‍ സ്‌ത്രീകള്‍ ഒറ്റക്ക്‌ പകലോ രാത്രിയോ സഞ്ചരിക്കുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നു. പുരുഷന്മാര്‍ അവളെ തടഞ്ഞു നിര്‍ത്തി `കൂടെപ്പോരുന്നോ?' എന്നു ചോദിക്കുക മാത്രമല്ല; അശ്ലീല വാക്കുകള്‍ ഉപയോഗിക്കുകയും, വേണ്ടി വന്നാല്‍ ബലാല്‌ക്കാരത്തിന്‌ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം ധാരാളം സഭവങ്ങള്‍ അനുദിനം നാം കേള്‍ക്കുന്നുണ്ട്‌.

ഒറ്റക്കു നടക്കുന്ന ഒരു സ്‌ത്രീയെക്കണ്ടാല്‍ പുരുഷന്റെ ധാരണ അവള്‍ ഒരു വേശ്യയെന്നാണ്‌. പ്രത്യേകിച്ചും, സ്‌ത്രീകള്‍ രാത്രിയില്‍ ഒറ്റക്കു സഞ്ചരിക്കുമ്പോള്‍. ഇതു മനസ്സിലാക്കാത്ത വിദേശവനിതകള്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നു. ഒരു സ്‌ത്രീയെക്കാണുമ്പോള്‍ ഇന്ത്യന്‍ പുരുഷന്റെ മനസ്സിലേക്ക്‌ ആദ്യം കടന്നു വരുന്നത്‌ അവളുമായി കിടക്ക പങ്കു വയ്‌ക്കുക എന്നതു മാത്രമാണ്‌. അതിനുമപ്പുറം ഒന്നായി ഒരു സ്‌ത്രീയെ സങ്കല്‍പ്പിക്കാന്‍ ഇന്ത്യന്‍ പുരുഷന്‌ സാധിക്കുന്നില്ല്‌ല.

ഇന്ത്യന്‍ പുരുഷന്റെ മനസ്സില്‍ വെളുത്ത പെണ്ണുങ്ങളോടുള്ള ആരാധനയാണ്‌ കൂടുതലുള്ളത്‌. വെളുത്ത നിറമുള്ള പെണ്‍കുട്ടിയെക്കണ്ടാല്‍ അവളെ എങ്ങനെയെങ്കിലും കുറച്ചു നേരത്തേക്ക്‌ സ്വന്തമാക്കാനാണ്‌ ശ്രമം. ഇത്രയും കാമവെറി, നിറം കുറഞ്ഞ സ്‌ത്രീകളോടു കാണുകയില്ല. ഇതിനു തെളിവു വേണമെങ്കില്‍ വിവാഹപ്പരസ്യങ്ങള്‍ നോക്കുക. മിക്കവാറും എല്ലാ പെണ്‍കുട്ടികളും അവരുടെ നിറം നല്ല നിറമാണെന്ന്‌ പരസ്യത്തില്‍ പ്രത്യേകം എടുത്തു പറയാറുണ്ട്‌. വെളുത്ത വിദേശ വനിതകളോടുള്ള ഈ കമ്പത്തിനെ വേറൊരു കാരണം, ഇന്ത്യന്‍ പുരുഷന്മാര്‍ക്ക്‌ വേറൊരു ലൈംഗീക നിര്‍ഗ്ഗമ മാര്‍ഗങ്ങളും ഇല്ലത്തതിനാലാണ്‌. ജനിച്ചു വീഴുമ്പോഴേ പെണ്‍കുട്ടികളീല്‍നിന്നും അകന്നു നില്‍ക്കാന്‍ ആവശ്യപ്പെടുന്ന ഒരു സംസ്‌കാരത്തില്‍ ഇന്ത്യന്‍ പുരുഷന്‌ വാര്‍ദ്ധക്യമായാലും സ്‌ത്രീ ഒരു കൗതുകവസ്‌തു തന്നെ. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങളും മറ്റു നിയന്ത്രണങ്ങളുമുള്ളപ്പോള്‍ ആണ്‍കുട്ടികള്‍ക്ക്‌ എങ്ങനെ പെണ്‍കുട്ടികളോട്‌ ഇടപെടണമെന്ന്‌ അറിഞ്ഞുകൂട. അണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള മിശ്രണം ഇല്ലാത്തതിനാല്‍ പ്രത്യേക മാനസികാവസ്ഥ ചെറുപ്പം മുതല്‍ ആണ്‍കുട്ടികളില്‍ ഉടലെടുക്കുന്നു. സ്‌ത്രീ നിത്യവും ഒരു കൗതുകവും ലൈംഗികോപകരണവുമായി മാറുന്നു.

പാശ്ചാത്യ സ്‌ത്രീകള്‍ കൂടുതലും അപകടത്തില്‍ പെടുന്നതിനുള്ള മറ്റൊരു കാരണം അവരുടെ നിഷ്‌കാപട്യം അവസരോചിതമായി ഇന്ത്യന്‍ പുരുഷന്മാര്‍ മുതലെടുക്കുന്നതാണ്‌. വേറൊരു സംസ്‌കാരത്തില്‍ സഞ്ചരിക്കുന്ന വിദേശ വനിതകള്‍ ഇന്ത്യയിലെത്തുമ്പോഴും ഇടപെടുമ്പോഴും വളരെ വിനയത്തോടെ സൗഹൃദമായി പെരുമാറുന്നു. ഇങ്ങനെ സൗഹൃദത്തോടെ പെരുമാറുമ്പോള്‍ ഇന്ത്യന്‍ പുരുഷന്‍ അതിനെ മറ്റൊന്നായി തെറ്റിദ്ധരിക്കുന്നു. അവള്‍ക്ക്‌ തന്നോട്‌ വളരെ ഇഷ്ടമാണെന്നും ലൈംഗീക ബന്ധത്തിന്‌ താല്‌പ്പര്യമുണ്ടെന്നുമുള്ള ചിന്ത പുരുഷന്റെ തലയില്‍ ഒരു ലഹരിയായി പടരുന്നു

1970 നു ശേഷം ജനിച്ച ഇന്ത്യന്‍ പുരുഷന്മാര്‍ കൂടുതലും ആകസ്‌മിക ലൈംഗികതക്ക്‌ (രമൗെമഹ ലെഃ) മുന്‍തൂക്കം നല്‍കുന്നവരാണ്‌. അനേകം പുരുഷന്മാര്‍ തൊഴില്‍ തേടി നഗരങ്ങളിലേക്ക്‌ കുടിയേറുമ്പോള്‍ ബന്ധുക്കളില്‍നിന്നും നാട്ടുകാരില്‍നിന്നും അകന്നു നില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിന്റെ ഫലമായി സംഭവിക്കുന്ന ഏകാന്തത, നിരാശ, അന്യതാബോധംതുടങ്ങിയവ ആകസ്‌മിക ലൈംഗികതക്ക്‌ വഴി തെളിക്കുന്നു. ഇതിന്റെ ഫലമായി വേശ്യകളെ ശരണം പ്രാപിക്കുന്നു. നഗരങ്ങളില്‍ പെട്ടെന്ന്‌ ജോലി കണ്ടെത്തുന്നതോടെ സാമ്പത്തികമായി ജീവിതം മെച്ചപ്പെടുന്നുണ്ടെങ്കിലും സമ്മര്‍ദ്ദം നിറഞ്ഞ ജീവിതക്രമം പലരിലും ശൂന്യതയാണ്‌ ഉളവാക്കുന്നത്‌. ഈ ശൂന്യതയില്‍നിന്നുമുള്ള താല്‍ക്കാലിക മോചനത്തിനായി അല്‌പ നേരത്തേക്ക്‌ സ്‌ത്രീകളെ ശരണം പ്രാപിക്കാറുണ്ട്‌. നിരാശ അനുഭവപ്പെടുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുപോലെതന്നെ കാമം അത്യാസക്തിയായി മാറിയേക്കാമെന്ന്‌ മന:ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌ ഇക്കാരണത്താലത്രെ.

ഇപ്പോള്‍ പുറത്തിറങ്ങുന്ന പല സിനിമകളും പ്രസിദ്ധീകരണങ്ങളും ആകസ്‌മിക ലൈംഗികതക്ക്‌ നിദാനമാകുന്നുവെന്നും മന:ശാസ്‌ത്രജ്ഞര്‍ കരുതുന്നു. ആകസ്‌മിക ലൈംഗികതയിലൂടെ പുരുഷന്‍ കാമനിര്‍വൃതി കൈവരിക്കാമെന്ന്‌ പല പുരുഷന്മാരും അവകാശപ്പെടുന്നുണ്ട്‌. ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായി ഇവര്‍ വേഴ്‌ചയില്‍ ഏര്‍പ്പെടുന്നു. ഇക്കാലത്ത്‌ ഒന്നില്‍ കൂടുതല്‍ സ്‌ത്രീകളുമായി വേഴ്‌ചയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരെ ഒരു ആഭാസനായി ചിത്രീകരിക്കുന്നുമില്ല. പുതിയ ലൈംഗിക മൂല്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇന്ത്യന്‍ പുരുഷന്മാര്‍ക്ക്‌ പെണ്‍കുട്ടികളെ തുറിച്ചു നോക്കിക്കൊണ്ടുതന്നെ നില്‍ക്കാനും, അവരുടെ ശരീര ഭംഗി വേണ്ടുവോളം ആസ്വദിക്കാനും,വേണ്ടി വന്നാല്‍ അവരെ വേട്ടയാടാനും ധൈര്യം കാണിക്കുന്നു.

ധാരാളം ഇന്ത്യന്‍ സ്‌ത്രീകള്‍ ആകസ്‌മിക ലൈംഗികതയെ എതിര്‍ക്കുന്നവരാണെങ്കിലും ഇതിനെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്‌. ഗര്‍ഭം ധരിക്കാതിരിക്കാനുള്ള ഗുളികകള്‍, പെട്ടെന്നു ലഭിക്കുന്ന ഗര്‍ഭഛിദ്രങ്ങള്‍, ഗുണനിലവാരമുള്ള പുരുഷ ഉറകള്‍, നഗര ജീവിതത്തിലെ ഏകാന്തത, നൈരാശ്യം എന്നിവയും ഇതിനു കാരണമായി കരുതുന്നു. യുവജനങ്ങള്‍ക്ക്‌ മൈഥുനം ഒറ്റമൂലിയാണ്‌. പ്രസിദ്ധ നടിയും ടി വി അവതാരകയുമായ പൂജ ബേഡി പറയുന്നത്‌ ശ്രദ്ധിക്കുക.`സ്‌നേഹിക്കാത്ത പുരുഷനുമായി കിടക്കറ പങ്കിടുന്നത്‌ വലിയ തെറ്റൊന്നുമല്ല. ഇതിലെ ഏറ്റവും നല്ല വശം സ്‌ത്രീലൈംഗികത ഇന്നത്തെ സമൂഹം അംഗീകരിക്കാന്‍ തുടങ്ങി എന്നുള്ളതാണ്‌. മനുഷ്യ മനസ്സിന്‌ ഉണര്‍വ്വ്‌ പകരാന്‍ പല കാര്യങ്ങളും നാം ചെയ്യുന്നു. ഇത്‌ അതിലൊന്നാണ്‌. അതങ്ങനെതന്നെ ആയിരിക്കട്ടെ. തൊട്ടറിയാനുള്ള ദാഹം മാനുഷികമാണ്‌. പുരുഷനെപ്പോലെതന്നെ സ്‌ത്രീകള്‍ക്കും അവരുടെ ശരീരം ആസ്വദിക്കാനുള്ള അവകാശമുണ്ട്‌. അതുകൊണ്ട്‌ ആകസ്‌മികമായി സംഭവിക്കുന്ന കാമലോലുപത്വം അപരാധമൊന്നുമല്ല. പക്ഷേ എവിടെ, എപ്പോള്‍, എങ്ങനെ, എന്തുമാത്രം എന്ന്‌ ശരിയായ ധാരണ ഉണ്ടായിരിക്കണം.'

സ്‌ത്രീലൈംഗികതയെപ്പറ്റി നല്ല അവബോധമുള്ള പാശ്ചാത്യ വനിതകള്‍ക്ക്‌ ഒരു പുരുഷന്റെ കണ്ണിലേക്ക്‌ തന്റേടപൂര്‍വം നോക്കുന്നതിനൊ അതുമല്ലെങ്കില്‍ ലൈംഗികതയെപ്പറ്റി സംസാരിക്കുകയൊ ചെയ്യുന്നതൊക്കെ ഒരു അപരാധമായി തോന്നാറില്ല. പക്ഷേ ഇന്ത്യന്‍ പുരുഷനുമായി വനിതകള്‍ ഈ രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുമ്പോള്‍ അവന്റെ വിചാരം ഇവള്‍ ഒരു വേശ്യയെന്നായിരിക്കാം. പുരുഷന്റെ ധാരണ പാശ്ചാത്യ വനിതകളെല്ലാം കാഷ്വല്‍ സെക്‌സില്‍ താല്‍പ്പര്യമുള്ളവരും അതിന്‌ മടി കാണിക്കാത്തവരുമാണെന്നാണ്‌. അവര്‍ വിവാഹത്തിലും കുടുംബ ജീവിതത്തിലും താല്‍പ്പര്യമില്ലാത്തവരും വിവാഹിതരായാല്‍ത്തന്നെ ഭര്‍ത്താവിനെ വഞ്ചിക്കുന്നവരുമാണെന്ന ധാരണയുമുണ്ട്‌. ഇതെല്ലാം ഇന്ത്യന്‍ പുരുഷന്റെ അബദ്ധജടിലമായ ധാരണ മാത്രം.

പാശ്ചാത്യ വനിതകളെ വിവാഹം കഴിച്ച അനേകം ഇന്ത്യന്‍ പുരുഷന്മാരുണ്ട്‌. ഇന്ത്യയില്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വളരെയാണ്‌. ഇവര്‍ ഒന്നിച്ച്‌ പോകുമ്പോഴും വരുമ്പോഴും സംശയത്തിന്റെ കൂര്‍ത്ത ദൃഷ്ടികള്‍ അവരെ വേട്ടയാടുന്നു. ഹോട്ടലുകളില്‍ ഒന്നിച്ചു താമസിച്ചാല്‍ പോലീസിന്‌ റിപ്പോര്‍ട്‌ ചെയ്യുകയും അവരെ പ്രത്യേകം ചോദ്യം ചെയ്‌തതുമായ എത്രയോ അനുഭവങ്ങള്‍ ഇന്ന്‌ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌.

ഇന്ത്യന്‍ പുരുഷന്റെ അടങ്ങാത്ത കാമാര്‍ത്തിയും പാശ്ചാത്യവനിതകളേപ്പറ്റിയുള്ള മുന്‍വിധികളും മൂലം എത്രയോ സ്‌ത്രീകള്‍ ബലാല്‍സംഗത്തിന്‌ ഇരയായിരിക്കുന്നു. ബോംബയിലും, പഞ്ചാബിലും,കര്‍ണാടകത്തിലും, ഗോവയിലും, കേരളത്തിലും സ്‌ത്രീകളോടും , പ്രത്യേകിച്ച്‌ വിദേശ വനിതകളോടും, കാണിക്കുന്ന ക്രൂരതയും കൂട്ട ബലാല്‍സംഗക്കഥകളും ആര്‍ക്കും പെട്ടെന്ന്‌ മറക്കാന്‍ കഴിയുന്നതല്ല.

സ്‌ത്രീകളോട്‌ എങ്ങനെ ഇടപെടണമെന്നും അവരോട്‌ മാനുഷികമായി എങ്ങനെ പെരുമാറണമെന്നും ചെറുപ്പത്തില്‍തന്നെ ആണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതാണ്‌. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വന്മതിലുകള്‍ സൃഷ്ടിക്കാതെ അവര്‍ തമ്മില്‍ പരസ്‌പരം അടുത്തറിയുവാനും ഇടപഴകാനും അവസരങ്ങള്‍ ഉണ്ടാകണം. സ്‌ത്രീകളെ അന്യഗ്രഹത്തിലെ ജീവികളായി കാണാതെ മനുഷ്യ ജീവികളായി കാണാന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. നല്ല സമീപനങ്ങള്‍ വളര്‍ത്തിയെടുത്ത്‌ വിദേശികളും തദ്ദേശികളുമായ വനിതകളോടുള്ള അപലപനീയമായ പെരുമാറ്റങ്ങളും അക്രമങ്ങളും ഇല്ലാതാക്കണം.

ഇന്ത്യയില്‍നിന്നു ലഭിക്കുന്ന അനുഭവങ്ങളും നീച പെരുമാറ്റങ്ങളും എത്രമാത്രമുണ്ടെന്ന്‌ അറിയാന്‍ ഇന്റര്‍നെറ്റ്‌ പരതിയാല്‍ മതി. എല്ലാം ബ്‌ളോഗുകളില്‍ സ്ഥലം പിടിക്കുന്നു. ഇതുമൂലം ഇന്ത്യയിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നവര്‍ കുറയുകയാണ്‌. ഇന്ത്യന്‍ ടൂറിസത്തെ ഇതു ബാധിക്കുന്നതു കൂടാതെ വിദേശ ഇന്ത്യക്കാര്‍ക്കും ഇതൊരു പ്രശ്‌നമായിതീരുന്നു. സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നതല്ലാതെ കുറഞ്ഞതായി കാണുന്നില്ല. കുറ്റക്കാരെ കണ്ടെത്തുകയും അവര്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ സ്വീകരിക്കാന്‍ സംഘടനകളും ഗവണ്മേന്റും മുന്‍പോട്ടിറങ്ങുകയും വേണം.

(മാതൃഭൂമിയോട്‌ കടപ്പാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക