Image

പുല്‍ക്കൂടിന്റെ പുണ്യം-മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 24 December, 2012
പുല്‍ക്കൂടിന്റെ പുണ്യം-മണ്ണിക്കരോട്ട്
പുല്‍ക്കൂട്. തൊഴുത്തില്‍ കാലികള്‍ക്ക് പുല്ലിട്ടുകൊടുക്കുന്ന ഭാഗം. അവിടെനിന്ന് കാലികള്‍ തിന്ന് തൃപ്തിയടയുന്നു. അവിടെ മനുഷ്യര്‍ ജനിക്കുന്നില്ല, വളരുന്നില്ല. കാരണം അത് തൊഴുത്തിലെ കാലികള്‍ക്ക് മേയാനൂള്ള സ്ഥലമാണ്.

എന്നാല്‍ ഇന്നേക്ക് രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം. അത്തരം ഒരു പുല്‍ക്കൂട് ഒരു മനുഷ്യജന്മത്തിന്റെ ഈറ്റില്ലമായി. ദൈവം മനുഷ്യനായി ജനിച്ച പുല്‍ക്കൂട്. രാജാധിരാജനായി ഏതെങ്കിലും വലിയ കൊട്ടാരത്തില്‍ ജനിക്കാമായിരുന്ന ദൈവപുത്രന്‍. എന്നാല്‍ അവന്‍ ജനിച്ചതോ? വെറും നിസാരമായ, ആരും പ്രതീക്ഷിക്കാത്ത ഒരു പുല്‍ക്കൂട്ടില്‍. ആ പുല്‍ക്കൂട്ടില്‍ സര്‍വ്വശക്തനായ ദൈവത്തില്‍നിന്ന് പുണ്യം ഇറങ്ങിവരികയായിരുന്നു. പുണ്യംചെയ്ത പുല്‍ക്കൂട്.

കാലികള്‍ക്ക് ആശ്ചര്യം തോന്നിയിട്ടുണ്ടാവും. അവര്‍ അത്ഭുതസ്തബ്ദരായിട്ടുണ്ടാവും. അത്യപൂര്‍വ്വമായ എന്തോ ഒന്ന് തങ്ങളുടെ മുമ്പില്‍ സംഭവിച്ചിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവര്‍ പഞ്ചപുഛമടക്കി കണ്ണുകളും കാതുകളും കൂര്‍പ്പിച്ച് ശ്രദ്ധിച്ചിട്ടുണ്ടാവും. ആ അപൂര്‍വ്വജന്മത്തില്‍ നിന്നും ജ്വലിച്ച പ്രകാശത്തില്‍ അവിടെയുള്ള മൃഗങ്ങളും ആത്മനിര്‍വൃതിയടഞ്ഞിട്ടുണ്ട്.

ആ പുല്‍ക്കൂട് ഇന്നത്തെ പാലസ്തീന്റെ ഭാഗമായ ഇസ്രയെലിലെ ബേത്‌ലഹേം എന്ന നഗരത്തിലാ യിരുന്നു. അവിടെയാണ് ലേകത്തില്‍ ഇന്നോളമുണ്ടാകാത്ത ആ അത്യപൂര്‍വ്വ സംഭവം ഉണ്ടായത്. സ്വര്‍ഗ്ഗത്തി ല്‍നിന്ന് പുണ്യമിറങ്ങി ഭൂമിയിലെ ഒരു പുല്‍ക്കൂട്ടില്‍ അവതരിച്ച സംഭവം. അത് ദാവീദീന്റെ പട്ടണമാണ്. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇസ്ലാമികള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട രാജാവായ ദാവീദിന്റെ പട്ടണം. അവന്റെ വംശത്തില്‍നിന്ന് ഒരു രക്ഷകന്‍, മിശിഹ, ജനിക്കുമെന്ന് പ്രവാചകന്മാരുടെ അരുളപ്പാടുണ്ട്. എന്നാല്‍ അവന്‍ ഒരു പുല്‍ക്കൂട്ടില്‍ ജനിക്കാനോ? യഹൂദന്മാര്‍ക്ക് വിശ്വസിക്കാനായില്ല. ഇസ്ലാമികള്‍ക്ക് ദാവീദ് രാജാവ് പ്രവാചകന്‍ മാത്രം.

പുല്ലിനു തുല്യരായ ജനങ്ങള്‍ക്ക്, അധികാര വര്‍ഗ്ഗത്തിന്റെ അടുച്ചമര്‍ത്തലില്‍ ജീവിതം പൊറുതി മുട്ടിയവര്‍ക്ക് പ്രത്യാശയുടെ കൈത്തിരിയുമായി ദൈവപുത്രന്‍ ജനിച്ചത് പുല്‍ക്കൂട്ടില്‍തന്നെ. അതിന് ആകാശ ത്തുനിന്ന് അമാനുഷികമായ അറിയിപ്പും അടയാളവുമുണ്ടായി. ദൈവത്തിന്റെ അറിയിപ്പുകാരായ ദൂതഗണം ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. അത് എല്ലാവരോടുമായുള്ള ഒരു പരസ്യമായിരുന്നില്ല. പുല്‍ക്കൂട്ടില്‍ ജനിച്ച ദൈവപുത്രന്റെ ജനനം ആദ്യം പുല്‍ക്കൂടുമായി ബന്ധപ്പെട്ട സാധാരണക്കാരെ മാത്രം അറിയിക്കുകയായി. കാരണം അത്തരക്കാരുടെ ഉദ്ധാരണത്തിനായിട്ടാണ് യേശു പിറന്നത്. അവിടെനിന്നും അകലെയല്ലാത്ത വയലില്‍ ആടുകള്‍ക്കുവേണ്ടി കാവലിരുന്ന ആട്ടിടയരുടെ അടുത്ത് ദൂതര്‍ സന്ദേശവുമായി എത്തി.

അപ്പോള്‍ “കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു”. ഏതോ അഭൗമപ്രകാശം അവരില്‍ കടന്നുചെന്നു. അതുവരെയും അനുഭവിച്ചിട്ടില്ലാത്ത തികച്ചും വ്യത്യസ്ഥമായ ഒരനുഭൂതി. “അവര്‍ വളരെ ഭയപ്പെട്ടു”. എങ്കിലും മുമ്പെങ്ങും ഉണ്ടാകത്ത ആനന്ദവും ഉത്സാഹവും. ഒപ്പം ഒരിക്കലും കേട്ടിട്ടില്ലാത്തവിധം ഇമ്പമുള്ള ഏതോ സ്വരമാധുരി അവരുടെ കാതുകളിലെത്തി. ദൂതര്‍ അവരെ സാന്ത്വനപ്പെടുത്തി. “ഭയപ്പെടേണ്ടാ. ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.” ഈ സദ്വാര്‍ത്തയ്‌ക്കൊപ്പം സ്വര്‍ഗ്ഗീയ ദൂതഗണം ഒരുമിച്ചു പാടി. “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപലഭിച്ചവര്‍ക്ക് സമാധാനം.”

ആട്ടിടയരുടെ ഭയം മാറി. ആനന്ദവും സന്തോഷവും അവരില്‍ നിറഞ്ഞു. ബേത്‌ലഹേമില്‍ ചെന്ന് ആ മഹാസന്തോഷം നേരിട്ടു കാണാന്‍തന്നെ അവര്‍ തീരുമാനിച്ചു. അവര്‍ പുറപ്പെട്ട് പുല്‍ക്കൂടു പൂകി. അവിടെ ദൂതന്മാര്‍ പറഞ്ഞതുപോലെതന്നെ, അനന്തചൈതന്യം സ്പുരിക്കുന്ന ഒരു ശിശു പുല്‍തൊട്ടിലില്‍ കിടക്കുന്നു. അവിടമെങ്ങും പ്രകാശപൂരിതമായിട്ടുണ്ട്. ഇത് സാധാരണ ജന്മമല്ല എന്നവര്‍ തീര്‍ച്ചപ്പെടുത്തി. സ്വര്‍ഗ്ഗത്തി ല്‍നിന്ന് ഇറങ്ങിവന്ന പുണ്യമാണ് ആ പുല്‍ക്കൂടും അതില്‍ കിടക്കുന്ന കുഞ്ഞുമെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ അക്കാര്യം മറ്റ് ആട്ടിടയരേയും അറിയിച്ചു. അവരും ആ മഹാസന്തോഷത്തില്‍ പങ്കുചേര്‍ന്നു. അങ്ങനെ പാവങ്ങളില്‍ പാവങ്ങളിലേക്ക് ആ മഹാത്ഭുത പ്രതിഭാസം ഇറങ്ങിച്ചെന്നു.

അതുമാത്രമായിരുന്നില്ല ആ പുണ്യജന്മത്തിന്റെ അടയാളം. അനന്തവിഹായുസിനു കിഴക്ക് അന്നുവരേയും ഉണ്ടാകാത്ത വെട്ടിത്തിളങ്ങുന്ന ഒരു ദിവ്യനക്ഷത്രം പ്രത്യക്ഷമായി. അതു തിളങ്ങി പ്രകാശിച്ചുകൊണ്ടേയിരുന്നു. കിഴക്കുള്ള വിദ്വാന്മാര്‍ അതുകണ്ട് ചിന്താധീനരായി. ഈ ദിവ്യനക്ഷത്രത്തിന്റെ പ്രഭവസ്ഥാനത്ത് ഏതോ അത്ഭുതം നടന്നിട്ടുണ്ട്. അത് ഒരു രാജാധിരാജന്റെ ജനനം വിളിച്ചറിയിക്കുകയാണ്. അവന്‍ യഹൂദരുടെ രക്ഷിതാവായി പിറന്നവനാണ്. ആ രാജാധിരാജനെ നേരില്‍ കാണണം. അവനു മുമ്പില്‍ പ്രണാമം അര്‍പ്പിച്ച് കാഴ്ചകള്‍ സമര്‍പ്പിക്കണം. അവര്‍ ഈ ലോകത്തിന്റെയും സ്വര്‍ലോകത്തിന്റെയും അടയാളമായ പൊന്നും മൂരും കുന്തിരിക്കവും കയ്യിലേന്തി പുറപ്പെട്ടു. അവര്‍ ചെന്നുപെട്ടതൊ ഭരണാധികാരിയായ ഹേറോദേസിന്റെ വസതിയിലും.

അവിടെനിന്ന് അവര്‍പോയി ആ അത്ഭുത ശിശുവിനെ നേരില്‍ കണ്ടു പ്രണാമം അര്‍പ്പിച്ചു. കാഴ്ചകള്‍ സമര്‍പ്പിച്ചു. എന്നാല്‍ ഹേറോദേസിന്റെ തന്ത്രം ഫലിച്ചില്ല. വിദ്വാന്മാര്‍ അതുവഴി തിരികെ മടങ്ങണമെന്ന ആജ്ഞ ദൈവനിയോഗത്താല്‍ നിരസിക്കപ്പെട്ടു. ഹേറോദേസ് കോപാകുലനായി. അവന്റെ കണ്ണുകളില്‍ തീ പാറി. അയാളുടെ പടയാളികള്‍ ഊരിയ വാളുമായി തെരുവിലിറങ്ങി. ബേത്‌ലഹേമിലെന്നല്ല, യെരുശലേമിലെങ്ങും ഒരു കുട്ടിപോലും ജീവനോട് ശേഷിക്കരുത്. രണ്ടുവയസ്സിനു താഴെയുള്ള കുട്ടികളെല്ലാം ആ നരനായാട്ടില്‍ പിടഞ്ഞു മരിച്ചു. അക്കൂട്ടത്തില്‍ ഹേറോദേസിന്റെ ലക്ഷ്യം, യേശു ഉണ്ടായിരുന്നില്ലെന്നു മാത്രം.

അങ്ങനെ അധികാരം അടിച്ചമര്‍ത്തലിന്റെ അടയാളമായി മാറിയ കാലം. അവിടെ സ്വാതന്ത്ര്യം അധികാരികളുടെ ഔദാര്യമായിരുന്നു. നീതി നിഷേധിക്കപ്പെട്ട പാവപ്പെട്ടവര്‍ യാതൊരു പ്രത്യാശയുമില്ലാതെ വലഞ്ഞു. സാധാരണക്കാരന്റെ ജീവന്‍ അധികാരികളുടെ ആജ്ഞയില്‍ അമര്‍ന്ന കാലം. അവിടെയാണ് ആരും പ്രതീക്ഷിക്കാത്ത സ്ഥലത്തും സമയത്തും ഒരു രക്ഷകന്‍ പിറക്കുന്നത്. മാലാഖമാരുടെ സ്തുതിഗീതങ്ങള്‍ ഏറ്റുവാങ്ങിയ രക്ഷകന്റെ പിറവികൊണ്ട് കാലിത്തൊഴുത്തൊഴുത്തിലെ പുല്‍ക്കൂട് പുണ്യമാക്കപ്പെട്ടു. അത്തരം പുല്‍ക്കൂടുകളില്‍ വീണ്ടും വീണ്ടും ജനിക്കാന്‍വേണ്ടി അന്നത്തെ രക്ഷകന്‍ ഇന്നു കാത്തിരിക്കുന്നു. എന്നാല്‍ ഇന്നെവിടെയാണ് അത്തരം പുല്‍ക്കൂടുകള്‍ ?

യേശു കാടും മേടും കാല്‍നടയായി നടന്ന് “അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും” അത്താണിയായി. എന്നാല്‍ പുല്‍ക്കൂട്ടില്‍ ജനിച്ച് ലോകത്തിന് പ്രത്യാശയായ ദൈവപുത്രനു വസിക്കാന്‍ ആഡംഭരത്തിന്റെയും മത്സരത്തിന്റെയും മഹാസൗധങ്ങള്‍ ഉയരുന്ന വിരോധാഭാസമാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സമാധാനവും സന്തോഷവും ഐക്യവും വാഴേണ്ട ദേവാലയങ്ങള്‍ ഇന്ന് സ്ഥാനമാന ങ്ങള്‍ക്കും സമ്പത്തിനുംവേണ്ടിയുള്ള സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. അതു പിടിച്ചടക്കാനുള്ള പിടിവാശി യില്‍ ദേവാലയം യുദ്ധക്കളമായി മാറുന്നു. “എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും ... നിങ്ങളോ അത് കവര്‍ച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു” എന്ന് യേശുക്രിസ്തു രണ്ടായിരം വര്‍ഷം മുമ്പ് പറഞ്ഞത് മറ്റെന്നത്തെക്കാളം ഇന്ന് അന്വര്‍ത്ഥമാകുകയാണ്. ഒരിക്കല്‍ കച്ചവടക്കാരെ തുരത്തിയെറിഞ്ഞ് യേശു ദേവാലയ ശുദ്ധീകരണം നടത്തി ലോകത്തിന് മാതൃക കാണിച്ചുകൊടുത്തു. ആ ശുദ്ധീകരണമാണ് ഇന്ന് ദേവാലയങ്ങളില്‍ നടക്കേണ്ടത്. എന്നാല്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ദൈവത്തിന്റെ അനുയായികളയായി, ദൈവത്തോടെ ഏറ്റവും അടുത്തവരെന്ന് ഊറ്റം കൊള്ളുന്നവരില്‍നിന്നുപോലും ക്രിസ്തു പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഇവിടെ യേശു വീണ്ടും പിഡിപ്പിക്കപ്പെടുന്നു, ക്രൂശിക്കപ്പെടുന്നു. അപ്പോഴും പുല്‍ക്കൂടിനെ പുണ്യമാക്കിയ ജനനം ആഘോഷിക്കുകയാണ്.

ഒരിടത്ത് ആരാധനയുടെ പേരില്‍ അതിക്രമങ്ങളും മത്സരങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ ലോകമെങ്ങും ലാഭംകൊയ്യാനുള്ള ഒരു കച്ചവടസമയമായി മാറുകയാണ് ക്രിസ്മസ് കാലം. അതോടൊപ്പം കൂട്ടുകാര്‍കൂടി മദ്യപിച്ച് മത്താടാനുള്ള കാലവും.

വാസ്തവത്തില്‍ ഇന്ന് പുല്‍ക്കൂട്ടില്‍ പുണ്യംപകര്‍ന്ന് ഭൂജതനായ യേശുവിന്റെ ലാളിത്യമെവിടെ? അവന്റെ സുവിശേഷമെവിടെ? ആദര്‍ശങ്ങളെവിടെ? അങ്ങനെയൊരു ക്രിസ്മസ് എന്നെങ്കിലും പ്രതീക്ഷിക്കാമോ? എങ്കില്‍ മാത്രമെ ക്രിസ്മസ് പുല്‍ക്കൂട്ടില്‍ പിറന്ന ക്രിസ്തുവിന്റെ ക്രിസ്മസ് ആകുകയുള്ളു.
പുല്‍ക്കൂടിന്റെ പുണ്യം-മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക