Image

ഹൃദയം ഒരു ദേവാലയം (ഒരു ക്രിസ്‌തുമസ്സ്‌ സന്ദേശക്കുറിപ്പ്‌: സുധീര്‍പണിക്കവീട്ടില്‍)

Published on 22 December, 2012
ഹൃദയം ഒരു ദേവാലയം (ഒരു ക്രിസ്‌തുമസ്സ്‌ സന്ദേശക്കുറിപ്പ്‌: സുധീര്‍പണിക്കവീട്ടില്‍)
പഴയ നിയമത്തിലെമുന്നൂറോളം പ്രവചനങ്ങളെ സാക്ഷത്‌കരിച്ചുകൊണ്ട്‌ മനുഷ്യരാശിക്ക്‌ നോക്കികാണാന്‍ ബെതലഹേമിലെ പുല്‍ക്കൂട്ടില്‍ ദൈവം ഒരു അടയാളം വച്ചു `കന്യക ഗര്‍ഭിണിയായി ഒരു മകനെപ്രസവിച്ചു. അവനു ഇമ്മാനുവേല്‍ എന്നുപേരുവിളിച്ചു. അത്‌ എന്നായിരുന്നുവെന്ന്‌ കൃത്യമായ രേഖകളില്ലെങ്കിലും എ.ഡി. മുന്നൂറ്റിയന്‍പതില്‍ റോമന്‍ ബിഷപ്പായ ജൂലിയസ്സ്‌ ഒന്നാമന്‍ ഡിസംബര്‍ ഇരുപത്തിയഞ്ച്‌ ക്രിസ്‌തുവിന്റെ ജന്മദിനമായി നിശ്‌ചയിച്ചു. മെസ്സൊപ്പോട്ടൊമിയന്‍ സംസകാരത്തിന്റെ ഭാഗമായി ഇന്നത്തെ ക്രിസ്‌തുമസ്സ്‌ ആഘോഷം പോലെ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍ അന്നും ആഘോഷിച്ചിരുന്നതായി കാണുന്നു. ശിശിരമാസത്തിലെ തണുപ്പില്‍ സൂര്യന്‍മറഞ്ഞു പോകുന്നത്‌ ദുഷ്‌ടാത്മക്കള്‍ സൂര്യപ്രകാശത്തെ തടയുന്നത്‌കൊണ്ടാണെന്ന്‌ ധരിച്ച അന്നത്തെ ജനത അതില്‍നിന്നും രക്ഷനേടാനായി ഈശ്വരനാമം ഉറക്കെപാടി വീടുവീടാന്തരം കയറിയിറങ്ങി തെരുവീഥികളിലൂടെ നടന്നിരുന്നു.

ക്രിസ്‌തുമസ്സ്‌ കരോള്‍ എന്ന്‌ ഇന്നറിയപ്പെടുന്ന സമ്പ്രദായം ഇതിനെ ആസ്‌പദമാക്കിയായിരിക്കാം. ചരിത്രത്തിന്റെ താളുകളില്‍ ക്രിസ്‌തുമസ്സ്‌ ആഘോഷങ്ങള്‍ നിറഞ്ഞ്‌നില്‍ക്കുന്നതായി കാണുന്നുവെങ്കിലും അന്നത്തെ ജനങ്ങള്‍ ഇന്നത്തെ ജനങ്ങളെ അപേക്ഷിച്ച്‌ ഈശ്വരചൈതന്യവും അത്‌ നല്‍കുന്ന ആത്മീയാനന്ദവും അതോടൊപ്പം അനുഭവിച്ചിരുന്നതായി മനസ്സിലാക്കാവുന്നതാണ്‌.

എല്ലാ ആഘോഷങ്ങളിലും നമ്മള്‍ കാണുന്ന ആചാരങ്ങളും വിശ്വാസങ്ങളും കഴിഞ്ഞുപോയ കാലവുമായി ബന്ധപ്പെട്ടു കിടക്കുന്നത്‌ ആശ്‌ചര്യകരമായിതോന്നാം. ഏദന്‍ തോട്ടത്തില്‍ ആദാമിനോടും ഹവ്വയോടും ഈശ്വരന്‍ അരുതെന്ന്‌ വിലക്കിയ കനിവിളഞ്ഞ മരത്തിന്റെ ഓര്‍മ്മക്കായിട്ടായിരിക്കാം ഇന്നു മനുഷ്യര്‍ ആഡംബരത്തോടെ വീട്ടുമുറിയില്‍ അലങ്കരിച്ചുവെയ്‌ക്കുന്ന ക്രിസ്‌തുമസ്സ്‌ ട്രീ. സാത്താനാല്‍ വഞ്ചിക്കപ്പെട്ട്‌ മരത്തില്‍നിന്നും വിലക്കപ്പെട്ട കനിതിന്നു ആദാമും ഹവ്വയും പറുദീസ നഷ്‌ടപ്പെത്തിയെന്ന ദു:ഖ സ്‌മൃതിയുടേയും എന്നാല്‍ അതു വീണ്ടെടുക്കാന്‍ ദൈവം അവന്റെ ഏകജാതനായ പുത്രനെഭൂമിയിലേക്കയച്ചു എന്ന്‌ ആഹ്ലാദത്തിന്റേയും ചിഹ്നമായി ക്രിസ്‌തുമസ്സ്‌ ട്രീയും അതില്‍ മിന്നുന്ന ദീപമാലകളും മനുഷ്യനു സാന്ത്വനം നല്‍കുന്നു. പൂര്‍വ്വദിക്കില്‍നിന്നും വിദ്വാന്മാര്‍ വന്നുസ്വര്‍ണ്ണവും, മൂറും, കുന്തിരിക്കവും ഭൂമിയിലെ മനുഷ്യരുടെ പാപങ്ങള്‍ കഴുകി കളയാന്‍ വേണ്ടിപിറന്ന ഉണ്ണിയേശുവിനു കാണിക്കവച്ചു. ആശിശുശ്രേഷ്‌ഠനായ ഒരുമനുഷ്യനായി ശ്രേഷ്‌ഠനായ ഗുരുനാഥനായി, ശ്രേഷ്‌ഠനായ പ്രവാചകനായി. എല്ലാറ്റിനുമുപരി അവന്‍ ദൈവപുത്രനാണെന്ന്‌ മനുഷ്യര്‍ തിരിച്ചറിഞ്ഞു.

റോമന്‍ കുരിശ്ശില്‍ വേദനാജനകമായ മരണം കൈവരിക്കുകയും മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്‌തയേശുദേവന്‍ അനവധി അത്ഭുതങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളും കൊണ്ട്‌ അന്നത്തെ മനുഷ്യരെവിസ്‌മയിപ്പിച്ചു. നിത്യജീവിതത്തില്‍ പ്രായോഗികമാക്കാവുന്ന വാസ്‌തവമുള്‍കൊള്ളുന്ന ഇരുനൂറോളം പാഠങ്ങള്‍ ശ്രീയേശുദേവന്‍ പറഞ്ഞതായി ബൈബിളില്‍ കാണുന്നു. ഈ പാഠങ്ങള്‍ മനസ്സിലാക്കാനും അവ ജീവിതത്തില്‍ സ്വീകരിക്കുവാനും മാമോദ്ദീസ മുങ്ങണ്ട, കൊന്ത അണിയേണ്ട അല്ലെങ്കില്‍ സ്വര്‍ണ്ണം ധരിക്കാതിരിക്കണ്ടെന്ന്‌ ചിന്തിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നില്ല. മതങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ മത സംഹിതകള്‍ വില്‍പ്പനചരക്കായി തരം താഴുന്നത്‌ പരിതാപകരമാണ്‌.

പ്രക്രൃതിയെ കീഴടക്കിയ, രോഗികള്‍ക്ക്‌ സൗഖ്യം കൊടുത്ത, മരിച്ചവരെ ജീവിപ്പിച്ച ഈ ദൈവപുത്രന്റെ ജന്മദിനം കൊണ്ടാടുവാന്‍ വേണ്ടി ഇന്ന്‌ നമ്മള്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സുകളില്‍ സ്‌നേഹിതര്‍ക്കും, വീട്ടുക്കാര്‍ക്കും, ബന്ധുക്കള്‍ക്കും സമ്മാനം തേടി അലയുകയാണ്‌. മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ ദര്‍ശനം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുത്ത ദൈവപുത്രന്റെ പിറന്നാളുപഹാരമായി അവന്റെ വചനങ്ങള്‍ പാലിക്കുന്നതിനേക്കാള്‍ പിറന്നാളുകാരനെ സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. യേശുദേവന്‍ പറഞ്ഞു എന്റെ വാക്ക്‌ ശ്രവിക്കുന്നനിങ്ങളൊട്‌ ഞാന്‍ പറയുന്നു ശത്രുക്കളെ സ്‌നേഹിക്കുവിന്‍, നിങ്ങളെ ദ്വേഷിക്ക്‌ന്നവര്‍ക്ക്‌ നന്മചെയ്യുവിന്‍ ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍, അധിക്ഷേപിക്കുന്നവര്‍ക്ക്‌ വേണ്ടിപ്രാര്‍ഥിക്കുവിന്‍, ഒരു ചെകിട്ടത്തടിക്കുന്നവനുമറ്റേ ചെകിട്‌ കാണിച്ചു കൊടുക്കുവിന്‍.

ഈശ്വരന്റെ പ്രതിച്‌ഛായയില്‍ സൃഷ്‌ടിക്കപ്പെട്ട മനുഷ്യന്‍ പാപത്തിന്റെ കോസ്‌മെറ്റിക്ക്‌ ഉപയോഗിച്ച്‌ അവന്റെ ഛായ മാറ്റികളഞ്ഞു. കുഷ്‌ഠരോഗം പോലെ അത്‌ഭൂമിയില്‍ പടര്‍ന്നുപിടിക്കുന്നു. അതില്‍നിന്നും രക്ഷ്‌നേടാന്‍ കാരുണ്യവാനായ ദൈവം സ്വന്തം മകനെ മനുഷ്യരുടെ അടുത്തേക്കയച്ചു.

എന്റെ ഭവനം എല്ലാജനതക്കുമുള്ള പ്രാര്‍ഥനാലയം എന്നു എഴുതിവച്ചിട്ടുള്ളത്‌ വായിക്കാന്‍ കഴിയാതെ അല്ലെങ്കില്‍ അതുമനസിലാക്കാതെ മതത്തിന്റെ മതിലുകള്‍ അതിനു ചുറ്റും കെട്ടി ഞങ്ങളുടെ ദൈവം നിങ്ങളുടെ ദൈവം എന്നൊക്കെതെറ്റിദ്ധരിച്ച്‌ മനുഷ്യര്‍ തമ്മില്‍തമ്മില്‍ അജ്‌ഞത മൂലം അകലുന്നു. നന്മനിറഞ്ഞ ജീവിതം നയിക്കാന്‍ മതപരിവര്‍ത്തനം ആവശ്യമണെന്ന്‌ അരി കാശിനുവേണ്ടി കുറെപേര്‍ അവരുടെ പട്ടിണിയുടെ അശാന്തി ഭൂമിയില്‍പരത്തുമ്പോള്‍ അരിയില്‍ ആദ്യാക്ഷരം എഴുതി വിദ്യനേടിയവര്‍ പോലും അവരുടെ വലയില്‍ (ശിഷ്യന്മാര്‍ക്ക്‌ മനുഷ്യരെ പിടിക്കാന്‍ യേശുദേവന്‍ കൊടുത്തവയല്ല) വീണുപോകുന്നത്‌ കണ്ട്‌ സാത്താന്‍ എത്രയോ കാലമായി ചിരിക്കുന്നു. മതങ്ങളും മതവചനങ്ങള്‍ വളച്ചൊടിച്ച്‌ മനുഷ്യരെ വളച്ചൊടിക്കുന്നവരും ഭിന്നിപ്പിക്കുന്നവരും ഇല്ലാത്ത പുതിയഭൂമിയും പുതിയ ആകാശവും വരാന്‍ വേണ്ടി എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാം. ക്രുസ്‌തുമസ്സ്‌ ദിനങ്ങള്‍ ഓരോ വര്‍ഷവും ഇതൊക്കെ ഓര്‍മ്മിക്കാന്‍, ഇതേക്കുറിച്ച്‌്‌ ചിന്തിക്കാന്‍ മനുഷ്യനു അവസരം തരുന്നു.

ഇവിടെ അമേരിക്കയില്‍ ഇത്‌ മഞ്ഞു കാലം. തൂമഞ്ഞ്‌തൂവി പ്രക്രുതിമന്ദഹസിക്കയാണ്‌ ശുഭ്രവസ്ര്‌തങ്ങള്‍ ധരിച്ചുനില്‍ക്കുന്ന ഒരു യോഗിനിയെ പോലെ. വെള്ള ചിറകുള്ള മാലാഖമാരെ പൊലെമഞ്ഞു ശകലങ്ങള്‍ വളരെ മൃദുവായി ഭൂമിയെ തൊട്ടുവിളിക്കുന്നു. ശാന്തിയുടേയും സമാധാനത്തിന്റേയും മൗനസാന്ദ്രനിമിഷങ്ങള്‍ നമുക്ക്‌ചുറ്റും ദൈവിക സാന്നിദ്ധ്യത്തിന്റെ ചൈതന്യം പകരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി സമ്മാനങ്ങള്‍ വാങ്ങാന്‍ കടകളില്‍പോയി ക്യുവില്‍ നില്‍ക്കുമ്പോള്‍ കടയില്‍ കിട്ടാത്ത ഒരു സമ്മാനം ഈശ്വരനു വേണ്ടി മനസ്സില്‍ കരുതുക. നിങ്ങളുടെ ഹൃദയത്തില്‍ ഈശ്വരനെ പ്രതിഷ്‌ഠിക്കുക. പരസ്‌പരം സ്‌നേഹിക്കുക, അപ്പോള്‍ ഭൂമിയില്‍ സമാധാനം ഉണ്ടാകും. മാലാഖമാര്‍ സങ്കീര്‍ത്തനങ്ങള്‍ പാടാന്‍ ഭൂമിയിലേക്ക്‌ ഇറങ്ങിവരും. ഈശ്വരന്‍ പ്രസാദിക്കും. ശ്രീയേശുദേവന്‍ സന്തോഷിക്കും. സമാധാനത്തിന്റേയും പ്രത്യാശയുടേയും നക്ഷത്രവിളക്കുകള്‍ നമുക്ക്‌ ചുറ്റും തെളിഞ്ഞ്‌ കത്തും. ഇതിനേക്കാള്‍ വലിയ ജന്മദിന സമ്മാനം എവിടെയുണ്ട്‌. പ്രൊഫ.മധുസൂദനന്‍നായരുടെ ഒരു കവിതയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഇതു ഉപസംഹരിക്കട്ടെ.

അതിനുള്ളില്‍ ഒരു കല്‍പതപമാര്‍ന്ന ചൂടില്‍നിന്ന്‌
ഒരു പുതിയ മാനവന്‍ ഉയര്‍ക്കും
അവനില്‍നിന്നാദ്യമായ്‌
വിശ്വസ്വയം പ്രഭാപടലം
ഈ മണ്ണില്‍പരക്കും.....


ഇ-മലയാളിയുടെ വായനക്കര്‍ക്കും, എഴുത്തുക്കാര്‍ക്കും, അഭ്യുദ്യയകാംക്ഷികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്മനിറഞ്ഞ ക്രിസ്‌തുമസ്സും ഐശ്വര്യപൂര്‍ണ്ണമായ പുതുവര്‍ഷവും നേരുന്നു.

ആമേന്‍ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക