Image

ജീവന്റെ സുവിശേഷം, പുല്‍ക്കൂടു നല്‍കുന്ന പാഠം: ഫാ.ഡോ.മാത്യൂ മണക്കാട്ട്

ഫാ.ഡോ.മാത്യൂ മണക്കാട്ട് Published on 21 December, 2012
ജീവന്റെ സുവിശേഷം, പുല്‍ക്കൂടു നല്‍കുന്ന പാഠം: ഫാ.ഡോ.മാത്യൂ മണക്കാട്ട്
(കോട്ടയം അതിരൂപതാംഗമായ ഫാ.ഡോ.മാത്യൂ മണക്കാട്ട് പൗരസ്ത്യവിദ്യാ പീഠം പ്രസിഡന്റായിരുന്നു. മികച്ച പ്രഭാഷകനും ബൈബിള്‍ പണ്ഡിതനുമായ അദ്ദേഹം ഫിലദല്‍ഫിയ-സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടറാണ്.)

"താങ്ക്‌സ്ഗിവിംഗ്" മുതല്‍ ഉത്സവലഹരിയിലാണ് അമേരിക്ക. ക്രൈസ്തവര്‍ക്കു ക്രിസ്തുമസ്, യഹൂദര്‍ക്കു ഹനുക്കാ (Hanukah), ആഫ്രിക്കന്‍ വംശജര്‍ക്ക് ക്വാന്‍സാ (kawanzaa). പതിവുപോലെ ഈ വര്‍ഷവും നവംബര്‍ അവസാനത്തോടെ അമേരിക്ക ആഘോഷങ്ങളുടെ ഒരുക്കത്തിലായി. തിരക്കേറിയ ഷോപ്പിംഗ്, സമ്മാനപ്പൊതികള്‍ തയ്യാറാക്കാനും അയയ്ക്കാനുമുള്ള തിടുക്കം. വീടുകളും കച്ചവടകേന്ദ്രങ്ങളുമെല്ലാം നിയോണ്‍ ബള്‍ബുകളുടെ വര്‍ണ്ണപ്രപഞ്ചത്തില്‍ മുങ്ങി-മനോഹര സന്ധ്യകള്‍ എല്ലാവര്‍ക്കും സമ്മാനിച്ചുകൊണ്ട്.

പക്ഷേ, 2012 ഡിസംബര്‍ 14 വെള്ളിയാഴ്ച പ്രഭാതം! പതിവുപോലെ കണറ്റിക്കട്ട് ന്യൂടൗണിലെ സാന്‍ഡി ഹൂക്ക് എലിമെന്ററി സ്‌ക്കൂളില്‍ കുട്ടികളെത്തി. ക്രിസ്തുമസിനു കിട്ടാനിരിക്കുന്ന സമ്മാനങ്ങളെക്കുറിച്ചും വീട് അലങ്കരിച്ചതിനെക്കുറിച്ചും ഒത്തിരിക്കാര്യങ്ങള്‍ അവര്‍ക്കു പങ്കുവയ്ക്കാനുണ്ടായിരുന്നു. സമയം 9.40 ആഡം ലാന്‍സയെന്ന 20 വയസ്സുക്കാരന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച നിറതോക്കുകളുമായി സ്‌ക്കൂളിലേക്കു കടന്നു ചെന്നു. ആ സ്‌ക്കൂളിലെ അദ്ധ്യാപിക
യായിരുന്നുവത്രേ  അവന്റെ അമ്മ നാന്‍സി ലാന്‍സ. പെട്ടെന്ന് കാതടിപ്പിക്കുന്ന ശബ്ദത്തില്‍ വെടിപൊട്ടി. തുടരെത്തുടരെയുള്ള വെടിയൊച്ച കേട്ട് സ്‌ക്കൂളും പരിസരവും ഞെട്ടി വിറച്ചു. 27 പേരാണ് ആഡം എന്ന 20 വയസ്സുക്കാരന്റെ തോക്കിനിരയായത്. അവരില്‍ 20 പേരും ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന 6 ഉം 7ഉം വയസ്സുള്ള കൊച്ചു കുട്ടികള്‍! കൂട്ടത്തില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പലും. അമ്മയെ വീട്ടില്‍ വച്ചേ കൊന്ന ശേഷമായിരുന്നു ആഡത്തിന്റെ വരവ്‌. അതിദാരുണമായ വാര്‍ത്തകേട്ട് അമേരിക്ക പകച്ചു നിന്നു.

"Today our hearts are broken" ഹൃദയത്തിലെ തേങ്ങ
ല്‍ അടക്കാനാകാതെ ലോകത്തിലെ ഏറ്റവും ശക്തനായ  വ്യക്തി, പ്രസിഡന്റ് ഒബാമ വിങ്ങിപ്പൊട്ടി. ഡിസംബര്‍ 16 ന് ന്യൂടൗണില്‍ നടന്ന സര്‍വ്വമതപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഒബാമ ലോകത്തോടും വിളിച്ചു പറഞ്ഞു: "ഇത് ഇനിയും അനുവദിച്ചുകൂടാ. ഇനി ഇത്തരം ദുരന്തം ഉണ്ടാകാന്‍  പാടില്ല."

കണറ്റിക്കട്ടില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. 1982 മുതല്‍ സമാനമായ 61 ദുരന്തങ്ങളിലായി 3000-ത്തില്‍പ്പരം ജീവനാണ് തോക്കിനിരയായത്. അക്രമികളിലധികവും 19ഉം 20ഉം വയസ്സുള്ള ചെറുപ്പക്കാര്‍. ഓരോ സംഭവവും കഴിയുമ്പോള്‍ ടിവ മാധ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രധാനമായും രണ്ടുകാര്യങ്ങളാണ് ചര്‍ച്ച ചെയ്യാറ്. ഒന്ന് അക്രമിയുടെ മാനസികാവസ്ഥ, രണ്ട് തോക്കു കൈവശം വയ്ക്കുന്നതു സംബന്ധിച്ച നിയമം. ഇത്തവണയും ഇവ ചര്‍ച്ചാ വിഷയമായി. ആഡം ലാന്‍സയുടെ മാനസികാരോഗ്യത്തെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. "He was Crazy" എന്ന് പറഞ്ഞ് ചിലര്‍ ഭീകരമായ സംഭവത്തിന് കാരണം കണ്ടെത്തി.

എന്നാല്‍,
ഇത്തരം  ഭീകരസംഭവങ്ങള്‍ക്കു കാരണം അക്രമിയുടെ മാനസികാവസ്ഥയാണെന്നും അങ്ങനെയുള്ളവരുടെ കയ്യില്‍ മാരകായുധങ്ങള്‍ എത്താത്തവിധം നിയമമുണ്ടാക്കണമെന്നും പറഞ്ഞു ചര്‍ച്ച അവസാനിപ്പിക്കുന്നതു ശരിയാണോ? യാര്‍ത്ഥ കാരണങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ അത്? "അതേ", എന്നാണ് പല മന:ശാസ്ത്രജ്ഞരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും അഭിപ്രായം. എന്തിനും ഏതിനും 'മാനസികരോഗം', 'പ്രത്യേക മാനസികാവസ്ഥ' എന്ന കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നത് അപകടകരമായ പ്രവണതയാണെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്രവിദഗ്ധയായ പൗള ജോവാന്‍ കപ്ലാന്റെ അഭിപ്രായം.

ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ച നമ്മെ നയിക്കേണ്ടത് അമേരിക്കയില്‍ വളര്‍ന്നു വരുന്ന യുവതലമുറയുടെ ശരാശരി മാനസിക ആരോഗ്യത്തിലേക്കും അതില്‍ അവരെ എത്തിക്കുന്ന ഘടകങ്ങളിലേക്കുമാണ്. അങ്ങനെ നടത്തുന്ന പഠനം ഒരു പക്ഷേ നമ്മെകൊണ്ടെത്തിക്കുന്നത് - സ്‌ക്കൂളിലെ സംഭവത്തിലെ യാഥാര്‍ത്ഥ പ്രതി ആഡം ലാന്‍സയല്ല, അയാളെ അങ്ങനെയാക്കിയ കുടുംബം അഥവാ സമൂഹമാണ് എന്ന കണ്ടെത്തലിലായിരിക്കാം. നാന്‍സി ലാന്‍സയുടെ കുടുംബം ബന്ധങ്ങള്‍ വഷളായ ഒരു
കുടുംബം ആയിരുന്നു എന്നു കേള്‍ക്കുന്നു. കൊലയ്ക്കുപയോഗിച്ച തോക്കുകള്‍ അക്രമിയുടെ അമ്മയുടെതായിരുന്നു. അവയില്‍ രണ്ടെണ്ണം സ്വയരക്ഷയ്ക്കുവേണ്ടി സാധാരണ കരുതുന്നവയല്ലെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഏലിമെന്ററി സ്‌ക്കൂള്‍ അദ്ധ്യാപികയായ ഒരു വീട്ടമ്മയ്ക്ക് അവയുടെ ആവശ്യമെന്താണ്? നാന്‍സിയല്ല സമൂഹമാണ് ഉത്തരം പറയേണ്ടത്. ഈ സമൂഹത്തില്‍ ജീവിക്കാന്‍ അവ ആവശ്യമാണെന്നുവച്ചാല്‍ ….!

വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള തന്ത്രപ്പാടില്‍ വ്യക്തി ബന്ധങ്ങളും കുടുംബഭദ്രതയും നാം മറക്കുന്നു. കുടുംബബന്ധങ്ങള്‍ പരിപാവനമായി കരുതുന്ന എത്രയോ പേരുണ്ട് ഈ സമൂഹത്തില്‍! സുഖത്തിന്റെ പിന്നാലെയുള്ള ഈ പോക്കില്‍ മനുഷ്യനും മാനുഷികമൂല്യങ്ങളും വിസ്മരിക്കപ്പെടുന്നു.

മാനസിക ആരോഗ്യമുള്ള ഒരു സമൂഹ സൃഷ്ടിക്ക് പുല്‍ക്കൂടു നല്‍കുന്ന പാഠം ഏറെയാണ്. സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന സര്‍വ്വശക്തനായ ദൈവം ഒരു പുല്‍ത്തൊഴുത്തില്‍ നിസഹായനായ ഒരു കുഞ്ഞിന്റെ രൂപത്തില്‍ നമ്മുടെ കണ്‍മുമ്പില്‍! ഉണ്ണിയേശുവിന്റെ മുഖത്തുനോക്കി എളിമയുടെയും, ലാളിത്യത്തിന്റെയും, ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ നമുക്കു സ്വന്തമാക്കാം അപ്പോള്‍ ക്രിസ്തുമസ് നമുക്കും ജീവന്റെ സുവിശേഷമാകും. സമൂഹം മരണ സംസ്‌ക്കാരത്തില്‍ നിന്ന് ജീവസംസ്‌ക്കാരത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കും.

ജീവന്റെ സുവിശേഷം, പുല്‍ക്കൂടു നല്‍കുന്ന പാഠം: ഫാ.ഡോ.മാത്യൂ മണക്കാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക