Image

‘ഈ കുടുക്കയാണ് ഈ വീടിന്റെ ഐശ്വര്യം’ -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 21 December, 2012
‘ഈ കുടുക്കയാണ് ഈ വീടിന്റെ ഐശ്വര്യം’ -അനില്‍ പെണ്ണുക്കര
“എന്റെയീ കൈ മുടിഞ്ഞു പോകട്ടെ!”

അടുക്കളയില്‍ നിന്നും സഹധര്‍മ്മിണി സ്വയം ശപിക്കുന്നത് കേട്ടാണ് മണ്ഡലം പ്രസിഡന്റ് അകത്തേക്കു ചെന്നത്.

“എന്താ സൌ, ഈ വിധം ക്രുദ്ധയായി ശാപങ്ങള്‍ ചൊരിയുന്നത്?”

“പൊയ്ക്കൊണം. എന്നെക്കൊണ്ട് പാപം ചെയ്യിച്ചിത് നിങ്ങളൊരുത്തനാണ്! വോട്ടു ചെയ്യാനില്ലെന്ന പറഞ്ഞിരുന്ന എന്നെ കുത്തിയിളക്കി വിട്ടില്ലേ, യമകണ്ഡകാ...”

“അതിനെന്തുപറ്റി.നമ്മള്‍ നമ്മള്‍ക്കു വേണ്ടി വോട്ടു ചെയ്യതു. നമ്മള്‍ ജയിച്ചു.അങ്ങു ഡല്‍ഹിയും ഇങ്ങു അന്തപുരീയും നമ്മള്‍ വോട്ടു കൊണ്ട് ഒരേയൊരു ഇന്ത്യയാക്കിയില്ലേ!”

“അതാ ഇപ്പം കണ്ടോ?” ന്യൂസ്സ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടി സൌദാമിനിയമ്മ ര്‍ത്താവിനെ തുറിച്ചു നോക്കി. 
“അരിയല്ലേ ഗുഢ്, ഇനി ബിപിഎല്ലായ നമുക്കും ഏപിഎല്ലായ അപ്പുറമ്പോക്കിലെ ചെരുപ്പുക്കുത്തി അയ്യപ്പനും അരി കിട്ടും. പാവം മിക്കപ്പോഴും പട്ടിണിയിലായിരുന്നു! സന്തോഷിക്കു സൌ.. സന്തോഷിക്കൂ!”

“എന്തിനാ? അരിവാങ്ങിയിട്ട് എന്തോടുക്കാനാ? ഗ്യാസ്സിനി വര്‍ഷത്തില്‍ നാലേയുള്ളു.കൂടുതല്‍ വേണമെങ്കില്‍ പറമ്പു വില്‍ക്കണം!”

“ഓ സൌ,നമ്മുടെ നാടങ്ങ് പുരോഗമിക്കുകയല്ലേ.പക്ഷേ നമ്മുടെ രാജ്യം എണ്ണയ്ക്കും ഗ്യാസ്സിനും ഒക്കെയായി ധാരാളം പണം ചെലവിടുന്നുണ്ട്.ഖജനാവിലെ പണം എന്തിനു രാജ്യത്തെ ജനങ്ങള്‍ക്കായി വീതം വെയ്ക്കണം.നമ്മള്‍ വയറൊന്നു മുറുക്കി ഉടുത്താന്‍...സര്‍ക്കാരിനെ ഒരു കൈയൊന്നു സഹായിച്ചാല്‍.!”.  
“ഓ ഒത്തിരിക്കൈയ്യകള്‍ക്കു കൈയിട്ടു വരാം!”

“സൌ, നമ്മള്‍ രാജ്യത്തിനു വേണ്ടി കുറെയൊക്കെ സഹിക്കണം. നമ്മുടെ ഗാന്ധിജി സഹിച്ചില്ലേ.?”

“അതു വെള്ളക്കാരെ ഓടിക്കുനായിരുന്നല്ലോ. പക്ഷേ ഇതേതു കൊള്ളാരെയാ.എംപിമാരെയോ മന്ത്രിമാരയോ?”

“സൌ, അങ്ങനെ പറയല്ലേ.മന്ത്രിയും എംപിയും നമ്മളല്ലേ.”

“ദേ നാക്കു ചൊറിയുന്നു. ഇതൊക്കൊ അങ്ങു യൂപിയിലോ യൂപിഏയിലോ പോയി പറ.അല്ലേല്‍ രാഹുല്‍മോനെ ഉറക്കാന്‍ പറഞ്ഞുകൊടുക്ക്. കനി,കല്‍മാഡി,ഒക്കെ നമ്മളാണോ സാരേ..?!”
“അവരിപ്പോള്‍ ജയിലല്ലേ. അതിനെന്താ സൌ?”

“എന്തിനാവര് അവിടെ കെടക്കുന്നത്?”

“രാജ്യത്തിനു വേണ്ടി ജീവിക്കയല്ലേ അവര്!”

“ശരിയാ, ഇവരൊക്കെ അകത്തു കെടന്നാല്‍ രാജ്യം ജീവിക്കും!”

“ദേ, നമ്മുടെ കനിയോട് കോടതി പോലും പറഞ്ഞത് എന്തുവാ? ഇനി ജ്യാമത്തിനു വരുമ്പോള്‍ പെണ്ണെന്ന പരിഗണന നല്‍കാമെന്നാ!” 
“എന്നുവെച്ചാല്‍?” 
“പെണ്ണല്ലേ കൊറച്ചൊക്കെ കണ്ടില്ലെന്നു നടിക്കണമെന്ന്.”

“എന്നാല്‍ എനിക്കുമുടനെ ഒരെമ്പിയാകണം. അല്ലെങ്കില്‍ മന്ത്രി. ഗ്യാസ്സിനുള്ള പൈസാ ഞാനുണ്ടാക്കിക്കൊള്ളാം.”

 “അതിനൊത്തിരി സമയമെടുക്കും സൌ. പിന്നെ നമ്മുടെ നേതാക്ക•ാരെ കോയമ്പത്തൂരില്‍ ചികിത്സിക്കാന്‍ ഹൈക്കമാന്‍ണ്ട് ഇടപ്പെടേണ്ടി വരും!”

“എന്നാല്‍ ഉണ്ണാനും ഇനി സമയം കൊറെ എടുക്കും.”

“ സൌ,പൊന്നിനോടും ഗ്യസ്സിനോടുമുള്ള പെണ്ണുങ്ങളുടെ ‘മം കുറച്ചേ പറ്റു. എണ്ണയും ഗ്യാസ്സും വെളിച്ചമാണ്. വെളിച്ചം ദുഃഖമാണ്! വെളിച്ചം നമ്മള്‍ കോണ്‍ഗ്രസ്സുകാര്‍ക്കല്ലേ വേണ്ടെന്നു വെയ്ക്കാനാവൂ.നമ്മള്‍ സഹിച്ചില്ലെങ്കില്‍ പിന്നാരാ..?

“ദേ, ടുജി കട്ടുവിറ്റ കാശും വിദേശത്തുള്ള കള്ളപ്പണവുമില്ലേ? അതുപിടിച്ചെടുത്താല്‍ നാട്ടിലെല്ലാവര്‍ക്കും എണ്ണയും ഗ്യാസ്സും സൌജന്യമായി നല്‍കാമല്ലോ.”

“അതു, കൈവിട്ടുപോയ മുതലും പെണ്ണും പോക്കാടീ ഊവ്വേ..!”

“പല ജീമാരും വിറ്റ് ടുജിയുടെ കാശു വീതം വെച്ചാല്‍ എനിക്കും നിങ്ങള്‍ക്കു കിട്ടും 50000 രൂപയെന്ന് എവിടെയോ വായിച്ചു.!”

“സൌ, നിനക്കെത്ര ടുജി വേണം? റേഷന്‍ കടയിലൂടെ തന്നാല്‍ വാങ്ങുമോ?”

“എനിക്കൊരു ടുജിയും വേണ്ടെന്റെ ജീ..! ന്യായമായ വിലയ്ക്ക് ഇത്തിരി മണ്ണെണ്ണ,ഇച്ചിരി ഗ്യാസ്സു,കുറച്ചരി പിന്നെ പെട്രോളും. കിട്ടുമോ?”

“പൊന്നൂന്റമ്മേ ഇനി ആ പരിപ്പ് നമ്മുടെ ഗ്യാസ്സില്‍ വേവില്ല.രഹസ്യമാ,റിലയന്‍സ്സണ•ാരും റാറ്റാങ്കിളുമൊന്നും സമ്മതിക്കില്ലത്. അവരല്ലേ, നമ്മുടെ സ്പോണ്‍സറുമാര്‍”

“ അതു ശരിയാ ഇനി നിങ്ങടെ പാര്‍ട്ടിക്കലത്തിലും ഒരു പരിപ്പും വേവുകയില്ല.ഒന്നു ചോദിച്ചോട്ടെ,  നമ്മുടെ എണ്ണക്കമ്പനികള്‍ വലിയ നഷ്ടത്തിലാണെന്ന സര്‍ക്കാരും കമ്പനി മുതലാളിമാരും പറയുന്നല്ലോ. എന്നാല് റിലയസ്സുകാര്‍ക്കില്ലേ നഷ്ടം? അവരുടെ പമ്പില്‍ നമ്മുടെ പമ്പിലെക്കാള്‍ വിലകുറവാണല്ലോ!”

“സൌ,അങ്ങനെ പറയല്ലേ. അവര്‍ക്കു നഷ്ടമാകുന്നതു കൊണ്ടല്ലേ നമ്മടെ ‘ജീ’ അതു നികത്തിയത്.പിന്നെ നമ്മളു കൂട്ടിയാലേ, നമുക്കും കൂട്ടി കിട്ടൂ!”

“എന്തായാലും വീട്ടമ്മമാരോടും ജനങ്ങളോടും വന്‍ ചതിയാ നിങ്ങടെ ജീമാര്‍ കാട്ടിയത്.”

“നന്ദി വേണം സൌ.നന്ദി! വനിതാ സംവരണത്തിനു വേണ്ടി ബദ്ധപ്പെടുന്നതാരാ? ഒരു വനിതയെ രാജ്യത്താദ്യമായി പ്രസിഡന്റാക്കിയതാരാ? സ്പീക്കറാക്കിയതാരാ?”

“ ഓ,അവരൊക്കെ അവിടിരുന്നാല്‍ മതി പൊന്നൂന്റമ്മേടെ അടുപ്പില്‍ തീ കത്തും..നമ്മുടെ പൊന്നൂനെ പണമില്ലാതെ വന്നു ആരു കെട്ടും?ഞാനീ അടുപ്പിലൂതി തലകറങ്ങി കണ്ണും പുകച്ച് ഓഫീസ്സില്‍ പോയാലേ കലത്തില്‍ പരിപ്പു വേവൂ. ജയലളിത വന്നാലും ജയന്തി ചായമിട്ടു ചിരച്ചാലും പെണ്ണുങ്ങള്‍ക്കെന്താ? ഉള്ള ഗ്യസ്സില്‍ മണ്ണിട്ടതാ വനിതാവിപ്ളവം!”

“ഗാന്ധിജി എന്താ പറഞ്ഞത്?”

“എന്തുവാ..?”

“അതങ്ങനെ ഒറ്റ ശ്വസത്തില്‍ പറയാന്‍ പറ്റില്ല. എന്നാലും പറയാം.അദ്ധ്വാനശീലം മറക്കരുത്.”

“എന്നാല്‍ ഞാന്‍ പറയാം. സ്ത്രീയ്ക്കും പുരുഷനും തുല്യനീതിയും അവസരവും ഉണ്ടാകണം! അതിവിടെ ഇനി ഉണ്ടായലേ അരിയും അതിന്റെ ചങ്ങാതിമാരും വേവൂ! ഞാന്‍ പച്ചക്കറി നുറുക്കിത്തരും. നിങ്ങള്‍ അടുപ്പ് കത്തിച്ച് പാകപ്പെടുത്തണം!”

“അതേ, ഇന്ന് ഗാന്ധിജിയെപ്പോലെ ജീവിക്കാന്‍ പറ്റുമോടീ?! കൊച്ചുകുറിയാണ്ടുമുടുത്ത്,കണ്ടവന്റെ ചവിട്ടും വാങ്ങി പല്ലും കളഞ്ഞ്....! അതിലും നല്ലത് ആ വാക്കുകള്‍ ഇടയ്ക്കിടെ ഇങ്ങനെ പറഞ്ഞ്,ആ പേരിന്റെ വാല് പേരിലും ഉടുപ്പും നടപ്പും വേഷത്തിലമൊപ്പിച്ച് അങ്ങനെ നടക്കുക. അതാ സ്റൈല്‍! പിന്നെ ഞാന്‍ സ്ത്രീസ്വാതന്ത്രത്തില്‍ ഇടപെടില്ല. നീ വേവിക്കുകയോ ഊതിപുകയോ എന്തു വേണമെങ്കിലും ചെയ്യൂ.”

“നിങ്ങടെ മാഡജീയ്ക്കും മോഹന്‍ജീയ്ക്കും സാധാരണക്കാരെപറ്റി എന്തറിയാം! അവര്‍ക്കൊക്കൊ അമേരിക്കയെപറ്റിയല്ലേ ചിന്ത. റാറ്റയും ബിര്‍ളയും റിലയന്‍സ്സുമൊക്കെയാ അവര്‍ക്കു ഗാന്ധിയന്‍മാരും ദരിദ്രന്‍മാരും.”

“അമേരിക്ക പാപ്പരായില്ലേ,?ടാറ്റയ്ക്കും ഉണ്ടായില്ലേ നഷ്ടം? അങ്ങു മുംബെയിലെ സ്പോടനത്തില്‍,ബംഗാളിലെ സിഗൂരില്‍-ഒന്നും മറക്കല്ലേ സൌ..”

“സത്യത്തില്‍ നിങ്ങള്‍ക്കുംപാര്‍ട്ടിക്കാര്‍ക്കും അറിയാവുന്നത് ഈ ഗ്യാസ്സടിയാണ്. ഗ്യാസ്സു പോകുന്ന സാധാരണക്കാരുടെയാ.”

“സാധാരണക്കാര്‍ ബുദ്ധിമുട്ടണം.പട്ടിണിക്കാരും ദരിദ്രന്‍മാരും ഇല്ലെങ്കില്‍ സര്‍ക്കാരിനു ക്ഷേമപദ്ധി വല്ലതും പ്രഖ്യാപിക്കുവാനാകുമോ? ദാരിദ്രമില്ലെങ്കില്‍ എങ്ങനാ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം?”

“ഇനി നാലു ഗ്യാസ്സു കൊണ്ടു വേണം ദരിദ്രന്‍ കൊല്ലം മുഴുവന്‍ ഉണ്ണാന്‍! എന്തൊരു ലാ‘ക്കൊതിയാ ഈ കൊള്ളക്കാര്‍ക്ക്! തലക്കെട്ടും വെച്ചിരിക്കുവല്ലേ കുടുംബങ്ങളുടെ അടിത്തറ മാന്താന്‍..!”

“സൌ, കുറ്റപ്പെടുത്തല്ലേ,ഗ്യാസ്സ് നമുക്കു തീപ്പെട്ടിക്കു പകരമായി ഉപയോഗിക്കാം.അടുപ്പ് കത്തിയ്ക്കാനും സന്ധ്യയ്ക്ക് ദീപം കത്തിയ്ക്കാനും മാത്രം കത്തിയ്ക്കൂ-തീപ്പെട്ടിക്കമ്പനിക്കാരുടെ അഹങ്കാരവും ആര്‍ത്തിയും നിര്‍ത്താമല്ലോ. നമ്മുടെ സര്‍ക്കാര്‍ എന്തെല്ലമാ ശ്രദ്ധിക്കുന്നത്- അപ്പോള്‍ നാലേ നാലെണ്ണം ധാരാളമല്ലേ. പ്രയോഗികമായി ചിന്തിക്കൂ. ഗ്യസ്സ് ആവശ്യത്തിനു മാത്രം!”

“അതു ശരിയാ. അരിയും സാമാനങ്ങളും ഉണ്ടെങ്കിലേ അടുപ്പു വേണ്ടു. ഗ്യാസ്സ് വേണ്ടു! എല്ലാത്തിനും തീ വിലയാ. പിന്നെന്തിനാ പ്രത്യേകിച്ചു തീ..!”

“നീയതുമിതും പറഞ്ഞു നേരം കളയാതെ. എന്റെ വയറ്റില്‍ ഗ്യസ്സായി. ഇന്നെന്താ ചപ്പാത്തിയും പരിപ്പുമോ? രാഹുല്‍ജീയ്ക്ക് ഇത് വല്യ ഇഷ്ടമാണെന്നു കഴിഞ്ഞ മണ്ഡലം കമ്മിറ്റിയില്‍ ആരോ പറഞ്ഞു കേട്ടു!”

“എന്നാല്‍ അദ്ദേഹത്തെക്കൂടെ വിളിയ്ക്കൂ. നല്ല കമ്മിറ്റി! ഇങ്ങനെ ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യതാല്‍ മടുക്കില്ലേ?.പക്ഷേ പൊന്നൂന്റമ്മടെ അടുപ്പില്‍ ആവക പരിപ്പൊന്നും ഇനി വേവൂല.വയറ്റില്‍ ഗ്യാസ്സില്ലേ എല്ലാം പച്ചയ്ക്കങ്ങ് വിഴുങ്ങ്! മേമ്പൊടിയായി ,സോണിയാജീ രാഹുല്‍ ജീ ,മോഹന്‍ജീ തുടങ്ങിയ എല്ലാ ഡ്യൂപ്ളിക്കേറ്റ് ഗാന്ധിമാരേയും പുകഴ്ത്തി സിന്ദാബാദ് വിളിയ്ക്കൂ.ഒക്കുമെങ്കില്‍ ഗ്യാസ്സ് സിലിണ്ടറിന്റെ പടം എല്ലാ വീടിന്റേയും വാതിലില്‍ തൂക്കുക. ‘ഈ കുടുക്കയാണ് ഈ വീടിന്റെ ഐശ്വര്യം’എന്ന കുറിയോടെ!”

“സൌ,നീയൊരു കനിയാ,തേന്‍കനി!”


‘ഈ കുടുക്കയാണ് ഈ വീടിന്റെ ഐശ്വര്യം’ -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക