Image

തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-3-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 20 December, 2012
 തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-3-ജോസഫ് നമ്പിമഠം
മുതുവിപ്രന്മാര്‍ പണമെന്നോര്‍ത്താന്‍
പുതുവിപ്രന്‍ താനെന്നൊരുഭാവം
കാശിക്കപ്പുറമെങ്കിലുമിന്നൊരു
കാശിനുവകയുണ്ടൊന്നാല്‍ മണ്ടും
എഴുപത്തെട്ടു വയസ്സു തികഞ്ഞൊരു
കിഴവ ബ്രാഹ്മണനിത പോകുന്നു
കൊടുവെയില്‍തട്ടിച്ചുട്ടകഷണ്ടിയി-
ലൊരുപിടി നെല്ലാല്‍ മലരുപൊരിക്കാം
കുഞ്ചന്‍ നമ്പ്യാര്‍ -തുള്ളല്‍ )

വിരല്‍പോലെ പുരികം, വിലാസിജഘനം
തേര്‍ത്തട്ടുപോലേമനം
കല്‍പോലെകനകോജ്വലം നിറമെടോ,
പൂന്തൊത്തുപോലേ മുല,
വേല്‍പോലെ നയനങ്ങള്‍ , വെണ്‍മുറുവലോ
മുല്ലപ്രസൂനോപമം,
പാല്‍പോലെപടവാര്‍ത്ത, പങ്ങുനിമല-
ച്ചാരെത്തൊരേണീദൃശ: (ശൃംഗാരശ്ലോകം)

വെള്ളം, തണ്ണീര്‍, വൃക്ഷം, വെണ്മഴു, വരകരിതോ-
ലാര്യവിത്താധിപന്‍ തൊ-
ട്ടുള്ളൊരീനല്‍കൃഷിക്കോപ്പുകളരികിലധീ-
നത്തിലുണ്ടായിരിക്കേ,
പള്ളിപ്പിച്ചയ്‌ക്കെഴുന്നള്ളതുപുരരിപോ!
കാടുവെട്ടിത്തെളിച്ചാ
വെള്ളിക്കുന്നില്‍ കൃഷിചെയ്യുക; പണിവതിനും
ഭൂത വൃന്ദം സമൃദ്ധം(ഫലിത ശ്ലോകം)

ചഞ്ചല്‍ച്ചില്ലീലതയ്ക്കും പെരിയ മണമെഴും
പൂമുടിക്കും തൊഴുന്നേന്‍,
അഞ്ചിക്കൊഞ്ചിക്കുഴഞ്ഞിട്ടമൃതു പൊഴിയുമ-
പ്പുഞ്ചിരിക്കും തൊഴുന്നോന്‍;
അഞ്ചമ്പന്‍ചേര്‍ന്നയൂനാ മനസി ഘനമുലയ്ക്കും
മുലയ്ക്കും തൊഴുന്നേന്‍
നെഞ്ചില്‍ കിഞ്ചില്‍ക്കിടക്കും കൊടിയകുടിലത-
യ്‌ക്കൊന്നു വേറെ തൊഴുന്നേന്‍!
(ചേലപ്പറമ്പു നമ്പൂതിരി-മനോരമ തമ്പുരാട്ടിയോട്)

ഓമല്‍പ്പിച്ചിച്ചെടി ലത മരുല്ലോളിതാ വര്‍ഷബിന്ദു-
സ്‌തോമക്ലിന്നാ പുതുമലര്‍ പതുക്കെസ്ഫുടിപ്പിച്ചിടുമ്പോള്‍,
പ്രേമക്രോധക്ഷുഭിത ഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിത സുമുഖിയാകുന്നതോര്‍മ്മിച്ചിടുന്നേന്‍
(മയൂരസന്ദേശം- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ )

പച്ചപ്പുല്ലണിപൂണ്ടേറ്റം-മെച്ചമായിടുമസ്ഥലം
പച്ചപ്പട്ടുവിരിച്ചൊരു-മച്ചകംപോലെ മഞ്ജുളം
ഇടതൂര്‍ന്നധികംകാന്തി-തടവും പത്രപംക്തിയാല്‍
ഇടമൊക്കെ മറയ്ക്കുന്നു- വിടപിക്കൂട്ടമായതില്‍
(ശ്രീയേശു വിജയം മഹാകാവ്യം- കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള)

കോടക്കാര്‍ വര്‍ണ്ണനോടക്കുഴലൊടുകളിവിട്ടോടി വന്നമ്മ തന്റെ
മാടൊക്കും പോര്‍മുലപ്പാലമിതരുചിഭുജിച്ചാശ്വസിക്കും ദശായാം
ഓടിക്രീഡിച്ചു വാടീടിന വദനകലാനാഥഘര്‍മ്മാമൃതത്തെ-
കൂടെക്കൂടെത്തുടയ്ക്കും
സുകൃതനിധിയശോദാകരം കൈതൊഴുന്നേന്‍ !
(വെണ്‍മണി പ്രസ്ഥാനം, അച്ഛന്‍ നമ്പൂതിരി)

ചാരം തേച്ചുപിരിച്ച ചെഞ്ചിടകളില്‍ച്ചേരുന്ന രുദ്രാക്ഷവും
പാരം കോപരസംകലര്‍ന്നമിഴിയും മാന്തോല്‍ മരഞ്ചാടിയും
ക്രൂരം ചേര്‍ന്നകഠാരമല്ലകുടിലും കൈകൊണ്ടു മങ്ങാതെയ-
പ്പൂരത്തിങ്കല്‍ നടന്നിടുന്നൊരുവരെക്കൂസാതെ ഗോസായിമാര്‍.
(വെണ്‍മണി മഹന്‍ നമ്പൂതിരി-പൂരപ്രബന്ധം)

ഇല്ലാത്ത തുണ്ടാവില്ലുള്ളതില്ലാതാവില്ലൊരിക്കലും
ഇതുരണ്ടിനുമുള്ളന്തം തത്വദര്‍ശികള്‍ കണ്ടതാം
(കേരളവ്യാസന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ -ഭാഷാഭാരതം)

അക്കാടാകെമെതിച്ചുമേഞ്ഞുവിരവോ-
ടര്‍ക്കന്‍മറഞ്ഞെന്നുക-
ണ്ടക്കാലം വയല്‍വിട്ടുപായുമൊരജ-
ക്കൂട്ടത്തെ വാട്ടംവിനാ
ചിക്കെന്നൊക്കെയടിച്ചൊതുക്കിയിടയ-
ന്മാരൊത്തുചാരത്തുചോ-
രക്കൂട്ടത്തെ നിനച്ചു നിദ്രയെവെടി
ഞ്ഞത്രൈവ പാര്‍ത്തീടിനാര്‍
(മനോരമയുടെ കണ്ടത്തില്‍ വറുഗീസ് മാപ്പിള)

ഒരു ജാതി ഒരു മതം-ഒരു ദൈവം മനുഷ്യന്
ഒരു യോനിഒരാകാരം-ഒരു ഭേദമവുമില്ലിതിന്‍
………
ജാതിഭേദം മതദ്വേഷം-ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന-മാതൃകാസ്ഥാനമാണിത്
(ശ്രീനാരായണഗുരു, ജാതി നിര്‍ണ്ണയം)

നാദാന്ത ബ്രഹ്മനിഷ്ഠാവഴിയിലകമുറ-
ച്ചേവമോര്‍ത്താലുമിന്നെന്‍
വേദാന്തക്കണ്‍വെളിച്ചം വിരഹമഷിപിടി-
ച്ചൊന്നുമങ്ങുന്നുവെങ്കില്‍
വാദാര്‍ത്ഥം ദണ്ഡമേന്തും യതികളുടെ വെറും
കാവിമുണ്ടുഗ്രസംഗ-
ത്തീദാഹം കൊണ്ടുനീട്ടും രസനകളെ മുറ-
യ്‌ക്കെത്രനാള്‍ മൂടിവെയ്ക്കും?
(വി.സി. ബാലകൃഷ്ണപണിക്കര്‍- ഒരു വിലാപം)

ഹാ പുഷ്പമേ അധികതുംഗ പദത്തിലെത്ര-
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേനീ,
ശ്രീഭൂവിലസ്ഥിരയസംശയമിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങുകിടപ്പിതോര്‍ത്താല്‍?
(വീണപൂവ്, കുമാരനാശാന്‍)

ചര്‍മ്മണ്വതിയും യമുനയും ഗംഗയും
ചമ്പാപുരിവരെ മാറിമാറി
ടവണ്‍നുരവൈരക്കല്‍ക്കാപ്പണിഞ്ഞീടിന
തന്നലക്കൈകളാല്‍ താങ്ങിതാങ്ങി
എന്നിളംപൈതലിന്‍ മെയ്യൊളിമേല്‍ക്കുമേല്‍
പൊന്നിറം പൂശുമപ്പേടകത്തെ
കൊണ്ടുചെന്നപ്പുറം രാധയില്‍ചേര്‍പ്പതു
കണ്ടേന്‍ ഞാന്‍ ദൂരസ്ഥനന്യതന്ത്രന്‍
(കര്‍ണ്ണഭൂഷണം, ഉള്ളൂര്‍ )

പൊയ്‌ക്കൊള്‍ക പെണ്‍കുഞ്ഞേ, ദുഃഖം വെടിഞ്ഞുനി-
യുള്‍ക്കൊണ്ട വിശ്വാസം കാത്തുനിന്നെ
അപ്പപ്പോള്‍ പാതകം ചെയ്തതിനൊക്കെയും
ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം(മഗ്ദലനമറിയം, വള്ളത്തോള്‍)
അനന്തമജ്ഞാതവര്‍ണ്ണനീയ-
മീലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിലങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്ത്യന്‍ കഥയെന്തു കണ്ടു?
(കണ്ണുനീര്‍ത്തുള്ളി- നാലപ്പാട്ട് നാരായണമേനോന്‍ )

ഓമല്‍ കോകിലമേ ക്ഷണത്തിലതിനാല്‍ നമ്മള്‍ക്കുരണ്ടാള്‍ക്കുമീ
ധാമത്തില്‍ നികടം വെടിഞ്ഞൊരു വനപ്പൂന്തോപ്പിനെപ്പൂകിടാം
ഗ്രാമചന്തയിലെതിരക്കിനിടയില്‍ കാണാവതാമല്ലലിന്‍
സ്‌തോമത്തില്‍ കലരാതെ കാട്ടിനകമേ നമ്മള്‍ക്കു ജീവിച്ചിടാം
(ചിന്താമാധുരി-ജോസഫ് മുണ്ടശ്ശേരി)

അടുക്കളയ്ക്കുള്ളിലടച്ചു പൂട്ടുവാന്‍
കുടയ്ക്കുള്ളിലാക്കിക്കുടുക്കി നിര്‍ത്തുവാന്‍
അധിവേദനത്തിന്‍ പിശാചിന്നു ജീവ-
രുധിരധാരയാല്‍ക്കരുതിതീര്‍പ്പാന്‍
അനുവദിക്കില്ലിനിമേല്‍ നമ്മളും
(കറുകമാല- വന്നേരി സാവിത്രി അന്തര്‍ജനം എന്ന തൂലികാനാമത്തില്‍ കുട്ടികൃഷ്ണമാരാര്‍ എഴുതിയത്)
(തുടരും..)
 തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-3-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക